തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍, തന്മാത്രയിലെ അഭിനയംകണ്ട് തകര്‍ന്ന് പോയി: മോഹന്‍ലാലിനെ കുറിച്ച്‌ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആണെന്ന് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി. പത്തൊന്‍പതാമത് ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ് ദാന ചടങ്ങില്‍ ആണ് വിജയ് സേതുപതി മലയാളത്തിന്റെ അഭിനയ കുലപതികളെകുറിച്ച്‌ വാചാലനായത്.

ചടങ്ങിനിടയില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു വിജയ്. ഒട്ടും ആലോചിക്കാതെ മോഹന്‍ലാല്‍ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി.

മോഹന്‍ലാല്‍ സാറിന്റെ തന്മാത്രയിലെ അഭിനയംകണ്ട് തകര്‍ന്ന് പോയെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് പറഞ്ഞു. തന്മാത്രയിലെ ഒരു രംഗത്തെ കുറിച്ചും വിജയ് സേതുപതി വാചാലനായി. മോഹന്‍ലാലിന്റെ കഥാപാത്രം വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച്‌ നടക്കുന്ന സീന്‍ അവിശ്വസനീയവും അസാധ്യവുമായ പ്രകടനത്തിന് ദൃഷ്ടാന്തമാണെന്നു വിജയ് പറഞ്ഞു.

രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയവും പകരംവെയ്ക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തൊണ്ടിമുതല്‍ ഒരുപാടിഷ്ടപ്പെട്ടെന്നും ഫഹദും ദുല്‍ക്കറും മാന്യന്മാരാണെന്നും വിജയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *