‘എല്ലാം എന്റെ ഭാഗ്യം, നെറ്റിയില്‍ സിന്ദൂരം തൊടാന്‍ പോലും അവര്‍ നിര്‍ബന്ധിക്കുന്നില്ല’

ഗ്ലാമര്‍രംഗങ്ങളിലൂടെയും ത്രസിപ്പിക്കുന്ന നൃത്തരംഗങ്ങളിലൂടെയും പ്രേക്ഷകരെ ഹരം കൊള്ളിച്ച തെന്നിന്ത്യന്‍ താരസുന്ദരി നമിത വിവാഹിതയായത് കഴിഞ്ഞ മാസമായിരുന്നു. നടനും മോഡലും നിര്‍മാതാവുമായ ചെന്നൈ സ്വദേശി വീരേന്ദര്‍ ചൗധരിയെയാണ് നമിത ജീവിത പങ്കാളിയാക്കിയത്.

വിവാഹത്തിന് ശേഷം സിനിമയുടെ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. വിവാഹം തന്റെ ജീവിതരീതികളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത വ്യക്തമാക്കുന്നു. വീരേന്ദറിന്റെ മാതാപിതാക്കളെ തനിക്ക് ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും നമിത പറഞ്ഞു.

വിവാഹം വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇപ്പോള്‍ എന്റെ കഴുത്തില്‍ താലിയും കാല്‍ വിരലില്‍ മിഞ്ചിയുമുണ്ട്. അതു മാത്രമേ ഉള്ളൂ. വീരേന്ദറിന്റെ മാതാപിതാക്കള്‍ ഒന്നിനും എന്നെ നിര്‍ബന്ധിക്കാറില്ല. സാധാരണ വിവാഹിതരായ സ്ത്രീകള്‍ ചെയ്യുന്ന പോലെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തണമെന്നോ സാരി ചുറ്റി നടക്കണമെന്നോ അവര്‍ പറഞ്ഞിട്ടില്ല. അവരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.

എന്റെ മൂന്ന് പ്രണയങ്ങള്‍ തകര്‍ന്നതാണ്. അതുകൊണ്ട് നമുക്കൊപ്പം ജീവിക്കാന്‍ സാധിക്കുന്ന ഒരാളെ തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ട്. വീറിനെ കണ്ടപ്പോള്‍ തന്നെ വിവാഹം മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്, ഞങ്ങള്‍ക്ക് ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണുള്ളത്. മാത്രമല്ല, ആത്മീയമായി ഔന്നത്യമുള്ളവരാണ്. ഇക്കാരണങ്ങള്‍ തന്നെയാണ് അന്ന് വീറിനോട് സമ്മതംമൂളാന്‍ എന്നെ പ്രേരിപ്പിച്ചത്-നമിത കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *