മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയാണെന്ന് നടി പാര്‍വ്വതി നായര്‍

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നടി പാര്‍വ്വതി നായര്‍. നവാഗത ഡയറക്ടര്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വ്വതി മോഹന്‍ലാലിനൊപ്പം സ്ക്രീനിലെത്തുന്നത്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ നല്ല പേടിയുണ്ടെന്നാണ് പാര്‍വ്വതി പറയുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പാര്‍വ്വതിയുടെ പേടി.

‘അദ്ദേഹം എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്ബോള്‍ ആ പ്രകടനമികവിനൊത്ത് എനിക്ക് ഉയരാന്‍ കഴിയുമോയെന്ന പേടിയുണ്ട്. അതാണ് ശരിക്കും എന്നെ ടെന്‍ഷനാക്കുന്നത്.’ എന്നാണ് പാര്‍വ്വതി പറഞ്ഞത്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിലാണ് പാര്‍വ്വതി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതിലെ നാടന്‍ ടച്ചുളള കഥാപാത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് പാര്‍വ്വതി പറയുന്നത്.

‘ ആഴ്ചകള്‍ക്കുമുമ്ബ് അജോയിയെ കണ്ടിരുന്നു. ഇത്രയും വലിയ ബജറ്റിലൊരുക്കുന്ന വമ്ബന്‍ ടീമുകള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ എന്നെയുള്‍പ്പെടുത്തുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. മുംബൈയില്‍ വ്യാഴാഴ്ച ആദ്യത്തെ ഷോട്ടിന്റെ ആദ്യ ടേക്ക് എടുക്കുംവരെ ഈ ചിത്രത്തില്‍ ഞാനുണ്ടാവുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു.’ അവര്‍ പറയുന്നു.

പാര്‍വ്വതി, സുരാജ് വെഞ്ഞാറമ്മൂട്, സായി കുമാര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാനുള്ള ഒരു നടിയെ അന്വേഷിക്കുകയാണ് തങ്ങളെന്നാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന സന്തോഷ് ടി കുരുവിള പറയുന്നത് .

മുംബൈ, പൂനെ, തുടങ്ങിയ മഹാരാഷ്ട്രയിലെ പ്രദേശങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത്. ഇതിനു പുറമേ മംഗോളിയ, തായിലാന്റ് തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്റെ ലോക്കേഷനാണ്.

Leave a Reply

Your email address will not be published. Required fields are marked *