കോടമഞ്ഞിൽ കുളിച്ച് കാളിമലയിലേക്ക് ഒരു യാത്ര

രചന :അഖിൻ നെയ്യാറ്റിൻകര

ഇതൊരു യാത്രയാണ്…പാതിവിരിഞ്ഞ പ്രഭാതത്തിന്റെയും പാതികൊഴിഞ്ഞ സന്ധ്യയെയും സാക്ഷിയാക്കിയുള്ള യാത്ര. ദ്രാവിഡ കാൽ സ്പർശനമേറ്റ തെക്കൻ കേരളത്തിലെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വെള്ളറടക്കടുത്തുള്ള സഹ്യമല നിരയിൽ സ്ഥിതി ചെയ്യുന്ന കാളിമലയിലേക്കാണ് യാത്ര. യാത്രകള്‍ എപ്പോഴും നമ്മെ പുതിയ അറിവുകൾ പഠിപ്പിച്ചുക്കൊണ്ടേയിരിക്കുന്നു. കൂടുതല്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ഇത്തരം അനുഭവങ്ങളിലൂടെയാണെല്ലോ ജീവിത യാത്ര മുന്നേറുന്നത്..

തിരുവന്തപുരത്ത് നിന്നും ഏകദേശം 45 km യാത്ര ചെയ്താൽ കാളിമലയുടെ താഴ് വാരമായ പത്തുകാണി എന്ന ഗ്രാമത്തിൽ എത്തി ചേരാം അവിടെ നിന്നും കാളിമലയുടെ മുകളിലേക്ക് ഉള്ള വഴി വളരെ ദുർഗടം പിടിച്ച പാതയാണ് അവിടെ നിന്നും 2 km നടന്നോ നിങ്ങൾ ഒരു ഓഫ് റോഡ് ഇഷ്ട്ടപെടുന്ന യാത്രികൻ ആണെകിൽ ശെരിക്കും ഒരു ഓഫ് റോഡ് റൈഡും നടത്താം ശരിക്കും അപകടം പിടിച്ച പണിയാണ് വലിയ തകർന്നു വീണു കിടക്കുന്ന പാറ കല്ലുകളിൽ കൂടി വാഹനം മുകളിൽ എത്തിക്കുക എന്നത് ഏറെ അപകടം പിടിച്ച പണിയാണ് അങ്ങനെ ഒരു വിധത്തിൽ പൈൻ മരങ്ങളെ തഴുകി ഉണർത്തുന്ന കാറ്റിന്റെ തലോടൽ യാത്രയുടെ ആക്കം കുറച്ചു പണിപ്പെട്ട് ശകടം മുകളിൽ എത്തിച്ചു

സഹ്യപർവ്വത മലനിരകളാൽ പച്ച പട്ട് വിരിച്ചത് പോലെയുള്ള അഗസ്ത്യ മുനിയുടെ പാദരാ ബിംബങ്ങൾ സ്പർശിച്ച ജന്മ ശൈലത്തിന്റെ കൊടുമുടിയായ കാളിമലയിൽ നമ്മൾ ഒടുവിൽ എത്തി ചേർന്നു അഗസ്തിയമുനി ഇവിടെ തപസ്സ് അനുഷ്ഠിചാതയും പറയപ്പെടുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലമുകളിൽ സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്ന ഏക ദേവീസ്ഥാനമാണ് കാളിമല. സഹ്യപർവത മല നിരകളിൽ സ്ഥിതിചെയ്യുന്ന കാളിമല ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. കാളിമലയിൽ നിന്നും തെക്ക് വശത്ത് നൂൽപ്പാലം പോലെ ചുറ്റും കാറ്റടി മരങ്ങൾ തണൽ വിരിച്ച് നിന്ന ഒരു ചെറിയൊരു കാട്ട് പാത കണ്ടു ഒരു ശാസ്താ ക്ഷേത്രവും, ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത് . എന്നാൽ വർഷത്തിൽ ഒരിക്കൽ “ചിത്രപൗർണമി” നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൗർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും.

വനത്തിന്റെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ദേവീ സങ്കൽപ്പം അതാണ് കാളിമല .ഇവിടെ സ്ഥിതിചെയ്യുന്ന ദേവീ ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്. എന്നാൽ പുരാതന ഐതിഹ്യങ്ങളിൽ കാളിമലയെ കുറിച്ച് എഴുതിയിരിക്കുന്നത് വരമ്പതിമലയിൽ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യമുനിയുടെ തപസ്സിൽ സന്തുഷ്ടനായ ശ്രീധർമ്മശാസ്താവ് അഗസ്ത്യമുനിക്ക് നേരിട്ട് ദർശനമേകിയെന്നും. മുനിയുടെ തപഃശക്തിയിൽ മലമുകളിൽ രൂപംകൊണ്ട ഉറവയിൽനിന്നും ഔഷധഗുണമുള്ള ജലം പ്രവഹിച്ചു തുടങ്ങിയെന്നും. കൊടുംവേനലിൽ വറ്റാത്ത ഉറവയായി കാളിതീർത്ഥം എന്ന പേരിൽ ഇത് അറിയപെടുന്നു .

രോഗശാന്തിക്കായി ഗംഗാതീർത്ഥം പോലെ കാളീതീർത്ഥവും വീടുകളിൽ കൊണ്ടുപോയി പവിത്രമായി ഭക്തർ സൂക്ഷിക്കുന്നു. ചിത്രാപൗർണമി നാളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുന്നത് ഈ കാളിതീർത്ഥത്തിലെ ജലം കൊണ്ടാണ്. അങ്ങനെ അവിടത്തെ കാഴ്ച്ചകൾ വാക്കുകൾ കൊണ്ട് വർണിക്കുന്നതിനും അപ്പുറമാണ് അവിടെ നിന്നും തെക്ക് ഭാഗത്തോട്ട് ഒരു പത്തു മിനിറ്റ് നടന്നാൽ കുരിശുമലയുടെ കൊടുമുടിയിൽ എത്താം കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോൾ തന്നെ പാറ കല്ലുകൾ കൊണ്ട് തീർത്ത പഴയൊരു ചുറ്റു മതിൽ പോലെ കണ്ടു ആദിവാസി വിഭാഗമായ കാണികൾ പൂജ ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണെന്ന് അറിയാൻ കഴിഞ്ഞു .. കല്ലുകൾ അടുക്കി നിർമ്മിച്ച മനോഹരമായ ഒരു സ്ഥലം… അതിനുള്ളിൽ കുറേ നാട്ടിയ ശൂലങ്ങൾക്കിടയിൽ ഒരു വാൾ പീഠത്തിൽ വച്ചിരിക്കുന്നുണ്ട്… ഒരു പക്ഷെ അതാകും പൂജിക്കപ്പെടുന്നത്..

ചോദിച്ചു അറിയാൻ ആരെയും അടുത്ത് കണ്ടില്ല… നോക്കെത്താ ദൂരത്തോളം നൂൽപ്പാലം പോലെ പടർന്നു കിടക്കുന്ന നെയ്യാറും പേച്ചിപ്പാറ ഡാമും സഹ്യ പർവ്വത മല നിരകളും കണ്ണിനു കൂടുതൽ കുളിർമയേകി ആ സുന്ദര നിമിഷങ്ങൾ ക്യാമെറയിലും കണ്ണിലും ഞാൻ ഒപ്പിയെടുത്തു ദൂരെ മലകൾക്കും മരങ്ങൾക്കും ഇടയിലൂടെ സൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നു അങ്ങനെ കേരത്തിന്റെ തെക്കൻ കുരിശുമല എന്നറിയപ്പെടുന്ന കുരിശുമലയുടെ കൊട്മുടിയിൽ ഞങ്ങൾ ചെന്നെത്തി പ്രകൃതിയൊരുക്കുന്ന വന്യ സൗന്ദര്യവും,പ്രശാന്തമായ ചുറ്റുപാടുകളും.തിരക്കുകളില്ലാതെ സന്ദർശകർക്ക് മണിക്കൂറുകളോളം ചെലവഴിക്കാൻ പറ്റിയ അപൂർവ്വ ഇടങ്ങളിലൊന്നാണ് കാളിമലയും കുരിശുമലയും തമിഴ്‌നാട്ടിലെ ഭൂഭാഗങ്ങളിൽ വ്യാപിച്ച് കിടക്കുന്ന തെങ്ങിൻതോപ്പുകളും, പച്ചക്കറി തോട്ടങ്ങളും ഉൾപ്പെടുന്ന വിശാലമായ കൃഷിയിടങ്ങളും, കൊച്ചുപട്ടണങ്ങളും ജനവാസ മേഖലകളും,പശ്ചിമ ഘട്ട മലനിരകളിലെ ഹരിതാഭയുമെല്ലാം ഈ മലമേട്ടിൽ നിന്നാൽ നമുക്ക് ആസ്വദിക്കാം. അതിർത്തി കടന്നെത്തുന്ന തണുത്ത കാറ്റ് നട്ടുച്ചയ്ക്ക് പോലും കുളിർമ പകരും. ഇരു സംസ്ഥാനങ്ങളുടെയും കാർഷിക മേഖലയെ പകുത്തുകൊണ്ട് കടന്നു പോകുന്ന നിബിഢ വനം കാട്ടാനയും പുലിയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ആവാസ കേന്ദ്രമാണു.സാഹസികത ഇഷ്ടപ്പെടുന്നവർ കാടിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് കടന്നു ചെല്ലാറുണ്ടെങ്കിലും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി എത്തുന്നവർ ഈ പ്രശാന്തതയിലിരുന്ന് കാഴ്ച്ചകൾ കാണുന്നതാണ് ഉചിതം പകലിന്റെ അവസാന വെളിച്ചവും വാരിയെടുത്ത് കടലില്‍ സൂര്യന്‍ താഴുന്ന കാഴ്ച അത്ഭുതപ്പെടുത്താത്തവരായി ആരും കാണില്ല.

പകലിന്റെ വെളിച്ചം തീര്‍ന്ന് രാത്രിയുടെ ഇരുട്ട് വരുന്ന സമയം എന്നത് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ് ആകാശത്ത് നിറക്കൂട്ടുകൾ വാരിയെറിഞ്ഞു സൂര്യൻ സായം സന്ധ്യയിൽ ചിത്രങ്ങൾ കോറിയിട്ടു പക്ഷികൾ കൂടണയാൻ ഉള്ള തിരക്കിൽ കള കളാരവം മുഴക്കി അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് പറക്കുന്നു സൂര്യസ്തമയത്തിന് എവിടെ നിന്നു നോക്കിയാലും ഭംഗി ആണെങ്കിലും ചില സ്ഥലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ചക്രവാളത്തില്‍ മറയുന്ന സൂര്യനെ കണ്ട് ആസ്വദിക്കാനായി മാത്രം സഞ്ചരിക്കുന്നവരുള്ള നമ്മുടെ നാട്ടിലുള്ള സഞ്ചാരികളും വിരളമല്ല ഏറ്റവും മനോഹരമായി സൂര്യാസ്തമയം ആസ്വദിക്കാന്‍ പറ്റുന്നത് ഒരു പക്ഷെ കന്യാകുമാരി കഴിഞ്ഞാൽ തെക്കൻ കേരളവുമായി അതിർത്തി പങ്കിടുന്ന കുരിശുമലയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല പടിഞ്ഞാറാൻ ചക്രവാളത്തിൽ നിന്നും ദിനകരൻ എങ്ങോ പോയി മറഞ്ഞു പൈൻ മരങ്ങൾക്കിടയിലൂടെ അപ്പോഴും തണുത്ത കാറ്റ് ശൂളം വിളിയോടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു അകലെയെവിടയോ അമ്പലത്തിൽ ദാസേട്ടന്റെ ഹരിവരാസനം കീർത്തനം കാറ്റിൽ എങ്ങോ അലയടിച്ചു നടന്നു ആ പാട്ടിനു മുമ്പ് എങ്ങും കേട്ട്ട്ടില്ലാത്ത അനുഭൂതി ആയിരുന്നു അപ്പോൾ കാതങ്ങൾ ഇനിയും നടക്കാൻ ഉണ്ട് ഒടുവിൽ മനസ്സില്ലാതെ മനസ്സോടെ അവിടെ നിന്നും പടിയിറങ്ങി

NB: ️ തിരുവനന്തപുരത്ത് നിന്നും വരുന്നവർ തിരുവനന്തപുരം -> നെയ്യാറ്റിൻകര -> കാരക്കോണം -> ചൂണ്ടിക്കൽ ->ആറാട്ട്കുഴി ->കുരിശുമല റോഡ് ->പത്തുകാണി ->കാളിമല

️തിരുവനന്തപുരം നിന്ന് ബസ്സിൽ വരുന്നവർ അവിടെ നിന്നും വെള്ളറട ബസ്സിൽ വന്നു വെള്ളറട ഡിപ്പോയിൽ നിന്നും പത്തുകാണി ഭാഗത്തേക്കുള്ള തമിഴ്നാട് സർക്കാരിന്റെ ബസ്സ് ലഭിക്കുന്നതാണ്

️പോകുന്നവർ കുടിവെള്ളവും സ്‌നേക്‌സും കയ്യിൽ കരുതുക

Leave a Reply

Your email address will not be published. Required fields are marked *