മറയൂരിലെ കാഴ്ചകൾ ആസ്വദിച്ചൊരു ബുള്ളറ്റ് യാത്ര

By: Jubin Kuttiyani

നാലുവശവും മലകളാൽ ചുറ്റപ്പെട്ട മറയൂരിലെ ശര്‍ക്കരനിര്‍മ്മാണവും കൃഷിയിടങ്ങളും മുനിയറകളും ചന്ദനമരങ്ങളുടെ കാഴ്ചകളും ആസ്വദിച്ചൊരു ബുള്ളറ്റ് യാത്ര. ഒറ്റയ്ക്കുള്ള യാത്രയിൽ കിട്ടുന്ന അനുഭവങ്ങൾ മറ്റൊരിടത്തു നിന്നും ഒരിക്കലും കിട്ടില്ല. സാഹസികവും രസകരവുമാണ് ഏകാന്ത യാത്രകൾ. അതുപോലെ തന്നെ അപകടകരവും വെല്ലുവിളി നിറഞ്ഞതും..

മൂന്നാറിൽ നിന്നും ഉദുമല്‍പേട്ട പോകുന്ന (ഉടുമലൈ എന്നാണ് തമിഴില്‍) വഴി 41 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂർ എന്ന സുന്ദര ഗ്രാമത്തിലെത്താം . മൂന്നാറിലെ കാഴ്ചകള്‍ക്കൊപ്പം കാന്തല്ലൂരും മറയൂരും ചേര്‍ക്കുകയാണ് നല്ലത്. മറയൂര് നിന്നും 17 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കാന്തല്ലൂര്‍ എന്ന സ്ഥലത്ത് എത്താം. ആപ്പിള്‍ മാത്രമല്ല ഓറഞ്ച്, പ്ലം, സ്‌ട്രോബെറി, ബ്ലാക്ക് ബെറി, മുസംബി, ലിച്ചി, റാസ്‌ബെറി, പീച്ച് തുടങ്ങി പലതരത്തിലുള്ള പഴവര്‍ഗങ്ങളും പച്ചകറികളും ധാരാളം കൃഷിചെയ്യുന്ന മനോഹരമായ സ്ഥലമാണ് കാന്തല്ലൂർ. പ്രശസ്തമായ മറയൂര്‍ ശര്‍ക്കരയുടെ നാടാണ് കാന്തല്ലൂർ. അതു കൊണ്ട് തന്നെ നേരെ പോയത് ശർക്ക നിർമ്മാണ പണിപ്പുര തേടിയാണ്. പലതും അടഞ്ഞുകിടക്കുന്നു. നോക്കി നോക്കി അവസാനം ഒരെണ്ണം കണ്ടെത്തി.ഭാഗ്യം എന്ന് പറയട്ടെ അവിടെ ശർക്കര ഉണ്ടാക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.വാർപ്പിൽ നിന്ന് ശർക്കരപ്പാനി പാത്തിയിലേക്ക് ഒഴിക്കുന്ന പണി നടക്കുന്ന സമയത്താണ് കൃത്യം അവിടെയെത്തിയത്. വെട്ടിയെടുത്ത കരിമ്പ് ഇലകൾ നീക്കി ഒരു ചക്കിൽ ചതച്ച് നീരെടുക്കുന്നു. (കാളകൾ വലിക്കുന്ന ചക്കാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് ഇപ്പോൾ ഇലക്ട്രിക്ക് മോട്ടോർ ആണ് ). ഇങ്ങനെ ലഭിക്കുന്ന കരിമ്പ്നീര് വലിയ സംഭരണികളിലാക്കി തിളപ്പിക്കുന്നു. തിളക്കുമ്പോൾ പരലുകൾ അടങ്ങിയ കുഴമ്പ് മുകളിലെത്തുന്നു. ഇത്‌ വേർതിരിച്ചെടുത്ത് അച്ചുകളിൽ ഒഴിച്ച് ശർക്കരയാക്കി ഉരുട്ടിയെടുക്കുന്നു . ഈ വിവരങ്ങളൊക്കെ ശർക്ക നിർമ്മിക്കുന്ന ഇവർ പറഞ്ഞു തന്നതാണ്.

പഴയകാലങ്ങളിൽ നമ്മുടെ നാട്ടിൽ സാധാരണക്കാർ ശർക്കരയായിരുന്നു ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ശർക്കരയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പഞ്ചസാര സമ്പന്നർക്കേ മേടിക്കുവാൻ സാധിച്ചിരുന്നൊള്ളൂ. സത്യം പറയട്ടെ നല്ല പണിപ്പെട്ടാണ് ഇവർ ശർക്കര നിർമ്മിക്കുന്നത്. കിട്ടുന്ന വിലയോ വളരെ കുറവ്.തന്നെയുമല്ല തമിഴ്നാട്ടിൽ നിന്നും മറയൂർ ശർക്കര എന്ന പേരിൽ വ്യാജൻ കേരളത്തിലെ വിപണിയിലെത്തിക്കുന്നത് ഈ കഷ്ടപ്പെടുന്ന പാവങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്. ഇവിടെ നിന്നും ഫ്രഷ് ശര്‍ക്കരയും ശര്‍ക്കരപാനിയും വാങ്ങുവാൻ കിട്ടും. പലതരത്തിലുള്ള പഴവര്‍ഗങ്ങളും പച്ചകറികളും ധാരാളം കൃഷിചെയ്യുന്ന സ്ഥലത്തേയ്ക്കാണ് അതു കഴിഞ്ഞ് പോയത്.

അപ്പോഴാണ് Thoppan’s Orchard Farm – നെക്കുറിച്ച് കേൾക്കുന്നത് .ധാരാളം പച്ചക്കറികളും ആപ്പിളും ഒക്കെയുള്ള കൃഷിത്തോട്ടം. പ്ലം, സ്‌ട്രോബെറി, ബ്ലാക്ക് ബെറി, ഓറഞ്ച് ഒക്കെയുള്ള ഒരു സ്വർഗ്ഗം. നല്ല കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യുവാൻ പറ്റിയ സ്ഥലമാണ് കാന്തല്ലൂർ . മൂവായിരം വർഷം പഴക്കമുള്ള മുനിയറ കാണുവാനാണ് ഇനിയുള്ള യാത്ര.

ശിലായുഗ സ്മാരകങ്ങളായ മുനിയറകൾ വീടു പണിയുന്നതിനും മതില് പണിയുന്നതിനും കല്ലിനു വേണ്ടി ആളുകൾ പൊളിച്ചു കൊണ്ട് പോകുകയാണ് എന്താല്ലേ …എട്ടു വർഷം മുമ്പ് ഇവിടെ വന്നപ്പോൾ ധാരാളം മുനിയറകളുണ്ടായിരുന്നു ഇപ്പോൾ വിരലിലെണ്ണാവുന്നതു മാത്രം … കഷ്ടം! മനുഷ്യന്റെ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി ചരിത്ര സ്മാരകങ്ങൾ നശിപ്പിക്കുന്നു. സഹ്യപർവ്വതത്തിന്റെ താഴ്‌വരയിൽ തപസ്സ് ചെയ്യുവാനായി സ്ഥാപിച്ചതാണ് മുനിയറകളെന്നാണ് ഐതീഹ്യം. എന്നാൽ വിദേശ രാജ്യങ്ങളിലുള്ള പോലെ ഡോൾമൻ അഥവാ ശവക്കല്ലറ ആയിരുന്നു മുനിയറ എന്നും ഒരു വിഭാഗം കരുതുന്നു. ‌ കോടമഞ്ഞ് പൊതിഞ്ഞ കോവിൽ കടവ് അതിമനോഹരമായ ഗ്രാമമാണ് .

വെളുത്തുള്ളി കൂടുതലായും കൃഷി ചെയ്തിരിക്കുന്ന ഇവിടെ ഒരു പ്രത്യേക കാലാവസ്ഥയാണ്. കോളീഫ്ളവര്‍, കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ടൊക്കെയാണ് മറ്റു കൃഷികൾ. ബൈക്ക് ആയതു കൊണ്ട് കൊച്ചുവഴിയിലൂടെ സഞ്ചരിച്ച് ക്യാരറ്റും , സൂര്യകാന്തിയും കൃഷി ചെയ്തിരിക്കുന്ന തോട്ടത്തിനടുത്തെത്തി. ചാലക്കുടിയിൽ നിന്നും ടെമ്പോ ട്രാവലറിനു വന്ന വിനോദ സഞ്ചാരികൾക്കു ഫ്രഷ് കാരറ്റ് പറിച്ചു കൊടുക്കുന്ന സമയത്താണ് കൃത്യം അവിടെയെത്തിയത്. കാന്തല്ലൂരിന് അടുത്തുള്ള പെരുമല, മന്നവന്‍ചോല, മുതുവാന്‍കുടി, പുത്തൂര്‍ എന്നീ സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും അതിമനോഹരമാണ് . ഇവിടെയൊക്കെ കൂടുതൽ ആളുകളും തമിഴാണ് സംസാരിക്കുന്നത് .മൂന്നാറിൽ നിന്നും അധികം അകലെയല്ല കാന്തല്ലൂർ. എന്നിട്ടും മൂന്നാറിൽ എത്തുന്നവർ കാന്തല്ലൂരിലേയ്ക്ക് പോകാറില്ല. മഞ്ഞും തണുപ്പും ആസ്വദിച്ച് നല്ല കാഴ്ചകൾ കണ്ട് മറയൂരിലേയ്ക്കുള്ള യാത്ര മനസ്സിന് കുളിര് പകരുന്ന അനുഭവമാണ് .താമസത്തിന് മറയൂരിനെ ആശ്രയിക്കുന്നതായിരിക്കും നല്ലത്. ദൂരം:- മൂന്നാറിൽ നിന്നും മറയൂർ 41 കിലോമീറ്റർ . മറയൂര് നിന്നും 17 കിലോമീറ്റർ കാന്തല്ലൂർ. ഓർക്കുക…യാത്രക്ക് മനസ്സാണ് പ്രധാനം <3

Leave a Reply

Your email address will not be published. Required fields are marked *