അജന്താ – എല്ലോറ ശിലാ ക്ഷേത്രങ്ങളും തുഗ്ലക്കിന്റെ കോട്ടയും

ഒരു മഹാരാഷ്ട്രിയൻ മഴക്കാലം….. പൂനെ യിലെ റൂമിൽ കുത്തിയിരുന്ന് പുറത്തേക്കും നോക്കി മഴ ആസ്വദിക്കുമ്പോൾ എങ്ങോട്ടേലും ഓടിപ്പോയാലോ എന്നായി ചിന്ത മുഴുവൻ… മഴക്കാല യാത്രകൾ ഒരുപാട് പോയിട്ടുണ്ടെങ്കിലും ലോണാവാല പൂനെ ഭാഗങ്ങളിൽ പെയ്യുന്ന മഴയോടും അവിടുത്തെ റോഡുകളോടും ഒരു പ്രത്യേക ഇഷ്ട്ടമാണ്.. കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത യാത്രകൾ.. ❣️….

എന്നാൽ പിന്നെ ഒട്ടും വൈകിക്കണ്ട….പണിയൊന്നും ചെയ്യാതെ ഞാൻ ഇവിടെ മടിപിടിച്ചു ഇരിക്കുന്നുണ്ടെങ്കിലും എന്റെ ബാക്കി രണ്ടു റൂം മേറ്റ്സ് അങ്ങനല്ല… 😁 ടെട്രാ പാക്കിന്റെ മെയിന്റനൻസ് വിഭാഗം തന്നെ താങ്ങി നിർത്തുന്ന… എന്റെ ചങ്ക് ശ്രീകാന്തിനെ അപ്പൊ തന്നെ വിളിച്ചായി തുടക്കം…. കൂട്ടത്തിൽ ഞങ്ങൾക്ക് വഴികാട്ടിയായി ഞങ്ങടെ സ്വന്തം മറാഠിയൻ ചങ്ക് ഗുരുവും….. അങ്ങനെ എങ്ങോട്ട് പോകുമെന്നുള്ള ചർച്ചകൾ മാറി മറഞ്ഞു അവസാനം….എല്ലോറ – അജന്താ കേവ്സിൽ എത്തിനിന്നു….. തലേഗാവിൽ നിന്നും 300 കിലോമീറ്റർ മാറി ഔറഗാബാദിലാണ് ഇത്…. അങ്ങനെ ഒറ്റ രാത്രി കൊണ്ട് പ്ലാൻസ് എല്ലാം സെറ്റ് ആയി….കാറും ബൈക്കും ഒന്നുമില്ലാത്ത ഞങ്ങളെപോലത്തെ പാവങ്ങൾക്ക് എന്നും ആശ്രയിക്കാൻ പതിവ് പോലെ നമ്മടെ രഞ്ജിത്തേട്ടൻ തന്നെ.. 😄 മൂപ്പരുടെ കാറും രാത്രി തന്നെ എടുത്ത് കൊണ്ട് വന്നു., പുലർച്ചെ തന്നെ യാത്ര പുറപ്പെടാൻ ആയിരുന്നു തീരുമാനം…. 🚗 നൈറ്റ്‌ ഷിഫ്റ്റ്‌ ആയതു കാരണം പുലർച്ചെ ഉറക്കം തൂങ്ങി നിൽക്കുന്ന ശ്രീകാന്തിനെ കമ്പനിയിൽ നിന്നും പോയി പൊക്കി വണ്ടിയിലെടുത്തിട്ടായി യാത്ര….., ഇവിടെ നിന്നും ഏകദേശം അഞ്ചര മണിക്കൂറോളം യാത്രയുണ്ട് നല്ല മഴയും… ഡ്രൈവർ ജോലി പതിവ് പോലെ എനിക്ക് തന്നെ….. ചെറുപ്പത്തിലേ വല്ല്യ ഹിന്ദിക്കാരുടെ ലോറി ഓടിച്ചു നടക്കുന്നത് സ്വപനം കണ്ട നമ്മക്കിതൊക്കെ ചെറുത് അല്ല പിന്നെ… 🤭🙊…

അങ്ങനെ ഏകദേശം നേരം പുലരുമ്പോഴേക്കും ഞങ്ങൾ അഹമ്മദ് നഗർ – പൂനെ ഹൈവേ എത്തിയിരുന്നു… നല്ല മഴയത്തുള്ള മനോഹരമായ ഈ ഹൈവേ യാത്ര തന്നെ മതി മനസ്സിനെ തണുപ്പിക്കാൻ…. ❣️

അങ്ങനെ മഴയൊക്കെ ആസ്വദിച്ചു അവസാനം ഞങ്ങൾ അവിടെ എത്തിച്ചേർന്നു… എല്ലോറ കേവ്സ്….. ലോകത്തിലെ ഏറ്റവും വലിയ ശിലാ ക്ഷേത്രങ്ങളിൽ ഒന്ന്… പുരാതന വാസ്തു കലയുടെയും ശിൽപകലയുടെയും അത്ഭുതകാഴ്ചകളാണ് എല്ലോറ…. നടന്നടുക്കുമ്പോൾ തന്നെ നമ്മെ ആകർഷിക്കുന്ന തരത്തിൽ തലയുയർത്തി നിൽക്കുകയാണ് ആ ശില്പസ്മാരകങ്ങൾ…..എഡി 5 ആം നൂറ്റാണ്ടിനും എഡി 15 ആം നൂറ്റാണ്ടിനുമിടയിൽ പണി കഴിപ്പിച്ചതാണ് ഈ ഗുഹാ ക്ഷേത്രങ്ങൾ എന്നാണ് വിശ്വാസം.. ബുദ്ധ ജൈന ക്ഷേത്രങ്ങളും… ഹിന്ദു ആചാര പ്രകാരമുള്ള ക്ഷേത്രങ്ങളും അങ്ങനെ ചെറുതും വലുതുമായി മൂന്ന് തരം വിശ്വാസങ്ങളും ആചാരങ്ങളും പങ്കിട്ടുകൊണ്ടുള്ള നൂറോളം ക്ഷേത്രങ്ങളാണ് ഇവിടുള്ളത്.. അതിൽ തന്നെ 34 ക്ഷേത്രങ്ങളാണ് ഇന്ന് സന്ദർഷകർക്കായി അനുവദിച്ചിട്ടുള്ളത്…… 1 മുതൽ 12 വരെയുള്ള ക്ഷേത്രങ്ങൾ ബുദ്ധമതാചാരങ്ങൾ പ്രകാരമുള്ളതും സന്യാസിമഠങ്ങളുമാണ്.. 13 മുതൽ 29 വരെയുള്ള ക്ഷേത്രങ്ങൾ ഹിന്ദുവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയും…. 30 മുതൽ 34 വരെയുള്ള ക്ഷേത്രങ്ങൾ ജൈനമത വിശ്വാസ പ്രകാരമുള്ളവയുമാണ്….

ഇതിൽ തന്നെ ഏറ്റവും പ്രധാനമായ ക്ഷേത്രങ്ങളായി കാണുന്നത് 16 ആം ഗുഹകളിലായി കാണുന്ന കൈലാസ ക്ഷേത്രങ്ങളാണ്… ഹിന്ദു ആചാരങ്ങൾ പ്രകാരമുള്ള ശിവ ക്ഷേത്രങ്ങളാണിത്…

സഞ്ചരികൾക്കായുള്ള പ്രധാന കവാടം നേരെ ചെന്നെത്തുന്നത് 16 ആം ഗുഹകളിലുള്ള ശിവ ക്ഷേത്രങ്ങളിലേക്കാണ്…. രണ്ടു നിലകളായുള്ള അതിമനോഹര ക്ഷേത്രങ്ങൾ…. പുരാതന എഞ്ചിനീയറിംഗ് ടെക്‌നിക്കുകൾ ഇന്നത്തേക്കാൾ എത്ര മികച്ചതായിരുന്നുവെന്നു അടിവരയിട്ട് ഉറപ്പിക്കുന്ന തലത്തിലുള്ള നിർമിതികൾ…., അതിമനോഹരമായ കൊത്തുപണികൾ…. എത്ര സൂക്ഷ്മമായാണ് ഓരോന്നും ചെയ്തിരിക്കുന്നത്….. എത്രയോ വർഷങ്ങളുടെ അധ്വാനവും….. ഓരോ തരിയിലുമുള്ള സൂക്ഷ്മതയും പ്രകടമായിരിക്കുന്നു….. ആനയും സിംഹവും ദേവതകളും….. കണ്ണുകൾ ഒരിമപോലും വെട്ടാതെ കണ്ടിരിക്കുന്ന തരത്തിലുള്ള മായാജാലമായിരുന്നു അവിടെ മുഴുവൻ……ക്ഷേത്രത്തിന്റെ മൂന്ന് വശത്തുമുള്ള പാറകെട്ടുകൾ തുറന്നു നിർമിച്ചിരിക്കുന്ന ആശ്രമങ്ങൾ…. വിശ്രമ കേന്ദ്രങ്ങൾ…. തലമുറകളായുള്ള അധികാര കൈമാറ്റത്തിലൂടെയും… മറ്റും ഒരു വലിയ ഭാഗം തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്…. എന്തിരുന്നാലും ഇപ്പോഴുള്ള ഭാഗങ്ങൾ അതിന്റെ പരിപൂർണതയിൽ തന്നെ സംരക്ഷിക്കപ്പെട്ടു വരുന്നു…


ശിവക്ഷേത്രത്തിൽ നിന്നുമിറങ്ങി അടുത്ത ക്ഷേത്രങ്ങളിലേക്ക് നടന്നു നീങ്ങി… മനോഹരമായ ബുദ്ധ ശില്പങ്ങളും…. അതിന്റെ തേജ്വസും മനസ്സിനെ അൽപനേരത്തേക്കെങ്കിലും…മറ്റൊന്നും ചിന്തിക്കാതെ എല്ലാത്തിൽ നിന്നും മാറി… ഏകാന്തതയിൽ ഇരിക്കാൻ പോന്നതായിരുന്നു….. ജലസംഭരണികളും…. ഓരോ ആശ്രമങ്ങളിലേക്കുമുള്ള ജലപാതകളും…. ഇന്നത്തെ സാങ്കേതിക വിദ്യയെ വെല്ലുന്നതായിരുന്നു….. അഭിമാനിക്കാം ഒരു മഹത്തായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ് ഒരു ഭാരതീയൻ എന്ന നിലയിൽ നമ്മളെന്നു… ❣️

പറഞ്ഞറിയിക്കാൻ പറ്റാത്തത്ര കാഴ്ചകളാൽ സമ്പന്നമായിരുന്നു എല്ലോറ ക്ഷേത്രങ്ങൾ ഒരിക്കലും കണ്ടും പഠിച്ചും മനസ്സിലാക്കിയും തീരാത്തത്ര കാര്യങ്ങൾ…. വീണ്ടും വരണമെന്ന കാര്യം മനസ്സിൽ ഊട്ടിയുറപ്പിച്ചു കൊണ്ട് പതുക്കെ ഞങ്ങൾ അവിടെ നിന്നുമിറങ്ങി…..

മഴയൊക്കെ പോയി തുടങ്ങിയിരുന്നു… എന്നിരുന്നാലും നട്ടുച്ചക്കും ഇരുണ്ടു തുടങ്ങിയ ഒരു കാലാവസ്ഥ…… രാവിലെ ഒരു മീസൽ പാവും കഴിച്ചു ഇറങ്ങിയതിനാൽ നല്ല വിശപ്പുണ്ട്… അടുത്ത് വല്ലതും കണ്ടെത്തണം…. ഒരു വലിയ പ്ലേറ്റ് ചോറും ചട്ടി നിറച്ചു മീൻ കറിയും കഴിക്കാനുള്ള വിശപ്പുണ്ട് .. 😄….ഇനിയും വരുമെന്ന് മനസ്സിലുറപ്പിച്ചു കൊണ്ട് ഞങ്ങൾ പതുക്കെ… എല്ലോറ ക്ഷേത്രങ്ങളോട് വിട ചൊല്ലി…..

ഭക്ഷണമൊക്കെ കഴിച്ചു… നമ്മടെ മറാഠി ചങ്കായ ചെങ്ങായിനോട്… ആ സ്ഥലങ്ങളുടെ കഥകളും ഇനിയുള്ള കാഴ്ചകളുമൊക്കെ അന്വേഷിച്ചിരുന്നപ്പോഴാണ്…. ഡൗല്ലാത്തബാദ് കോട്ടകളെ കുറിച്ച് കേൾക്കുന്നത്…. എന്നാൽ അധികം വൈകാതെ യാത്ര അങ്ങോട്ടേകാക്കാം എന്നായി….

യാദവ രാജാവായ ബിലാമയാൽ 1187 ഇൽ സ്ഥാപിക്കപ്പെട്ടതാണ് ഈ കോട്ട… അന്ന് ഈ കോട്ടയുടെ പേര് ദേവഗിരി കോട്ട എന്നായിരുന്നു 94 ഏക്കറോളം നീണ്ടു കിടക്കുന്ന ഒരു പഴയ സാമ്രാജ്യത്തിന്റെ ഓർമ കൂടിയാണ് ഈ കോട്ട… ഒരു പക്ഷേ പണ്ട് നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ചു മറന്ന വളരെ പ്രശസ്തിയാർജിച്ച ഒരു കോട്ട കൂടിയാണിത്… ” തുഗ്ലക്കിന്റെ കോട്ട ” നമുക്ക് പരിചിതമായത് ഒരുപക്ഷേ ആ പേരിലായിരിക്കാം… പ്രശസ്തമായ സിൽക്ക് റൂട്ടിന്റെ ഭാഗമായുള്ള അതിന്റെ ഏകദേശം മധ്യഭാഗത്തായുള്ള ഈ കോട്ട കയ്യടക്കാൻ അന്നത്തെ പ്രധാന രാജവംശജർ എല്ലാവരും ശ്രമിച്ചിരിന്നു… 8 വ്യത്യസ്ത രാജവശങ്ങളാണ് അങ്ങനെ മാറി മാറി ഈ കോട്ട കൈവശം വെച്ചിരുന്നത്…. എന്നിരുന്നാലും നമ്മളൊക്കെ ഈ കോട്ടയെ പറ്റി അറിഞ്ഞിരുന്നത് ” ഡൽഹി സുൽത്താനെറ്റ് രാജവംശത്തിന്റെ രാജാവായ തുഗ്ലക്കിന്റെ ഭരണ മാറ്റങ്ങളിലൂടെയാണ്….. അന്നത്തെ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ഏവരെയും അതിശയിപ്പിച്ചു കൊണ്ട് മൈലുകൾ അപ്പുറത്തുള്ള ദേവഗിരി കോട്ടകളിലേക്ക് അദ്ദേഹം മാറ്റുകയുണ്ടായി… വളരെ കഷ്ട്ടപെട്ടു ഡൽഹിയിൽ നിന്നും ഇങ്ങോട്ട് കാൽനടയായി കുടിയേറിയവർക്ക് ഒരുപാടു നഷ്ട്ടങ്ങളുടെ കണക്കുകൾ മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്….അത് മനസ്സിലാക്കിയ തുഗ്ലക്ക് 15 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ തലസ്ഥാനം വീണ്ടും ഡൽഹിയിലേക്ക് മാറ്റുകയുണ്ടായി.. പക്ഷേ അപ്പോഴത്തേക്കും ഡൽഹി ഒരു ഒറ്റപെട്ട പ്രദേശമായി മാറിയിരുന്നു… അദ്ദേഹത്തിന്റെ രാജ്യവംശത്തിന് തന്നെ ആ മാറ്റം ഒരു തിരിച്ചടിയുണ്ടാക്കി…. ഭരണ കേന്ദ്രങ്ങളിലും മറ്റുമുള്ള ഇത്തരം മണ്ടൻ മാറ്റങ്ങളെ നമ്മൾ ഇന്നും ” തുഗ്ലക്കിന്റെ പരിഷ്ക്കാരങ്ങൾ ” എന്ന പേരിൽ പരിഹസിക്കുന്നു…..

ഔറഗാസാബിന്റെ ഭരണ കാലത്തു … ഭരണ സിരാകേന്ദ്രം ഔറഗാബാദിലേക്ക് മാറ്റിയപ്പോൾ തുടങ്ങിയതാണ് 94 ഏക്കറോളം പരന്നു കിടക്കുന്ന ഈ സാമ്രാജ്യത്തിന്റെ പതനം…..

കോട്ടയുടെ പ്രവേശന കവാടത്തിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമ്മെ വരവേൽക്കുന്നത്… ഡൽഹിയിലെ കുത്തബ്മിനറിന്റെ മാതൃകയിലുള്ള ” ചാന്ത് മിനാർ ” ആണ് 64 മീറ്റർ ആണ് ഇതിന്റെ ഉയരം… ” ദി ടവർ ഓഫ് മൂൺ “… അവിടെ നിന്നും മുന്നോട്ട് പോകുമ്പോൾ കോട്ടക്കകത്തു നിന്നും ഉള്ളോട്ടുള്ള വഴികളിലൂടെ നമുക്ക് മുകളിലേക്ക് നടന്നു നീങ്ങാം… പണ്ട് മുഗൾ ഭരണ കാലത്തു യുദ്ധത്തിൽ തടവ്കാരാകുന്ന രാജാക്കന്മാരെ പാർപ്പിച്ചിരുന്ന ചീനി മഹർ ഉം ബാക്കിയുള്ള നിർമിതകളും കാണാം… മറാഠ രാജവംശത്തിലെ രാജാവായ സാമ്പാജി ഒക്കെ മരിക്കുന്നതിന് മുൻപ് ഇവിടെയായിരുന്നു തടവിൽ പാർത്തിരുന്നത്… മറാഠ വംശജരുടെ തങ്ങളുടെ നാടിനോടും രാജാക്കന്മാരോടുള്ള സ്നേഹം ഒന്ന് വേറെ തന്നെയാണ്… കൂട്ടത്തിൽ ഒരു മറാട്ടി സുഹൃത്ത് ഉള്ളത് കൊണ്ട് അവരെ പറ്റി കൂടുതൽ അറിയാനും അവരുടെ നാടിനോടുള്ള സ്നേഹം അനുഭവിച്ചറിയാനും എനിക്ക് സാധിച്ചിരുന്നു….. 200 മീറ്റർ മുകളിലേക്കുള്ള രാജധാനിയിലേക്ക് പടിക്കെട്ടുകൾ കയറി വേണം പോകാൻ…. മുൻപ് അങ്ങോട്ടൊരു തുരങ്ക പാത കൂടിയുണ്ടായിരുന്നതായി കേട്ടറിഞ്ഞു…. ശത്രുക്കളുടെ ആക്രമണം തടുക്കാൻ പോന്നതായിരുന്നു ആ തുരങ്ക പാത….. മുകളിലേക്ക് കയറിയെത്തുമ്പോഴേക്കും ഔറംഗാബാദ് നഗരത്തിന്റെ മുഴുവൻ ദൃശ്യങ്ങളും നമുക്ക് കാണാൻ സാധിക്കുമായിരുന്നു…. മഴക്കാലത്തു പച്ചപ്പ്‌ നിറഞ്ഞിരിക്കുന്ന മനോഹരമായ സാമ്രാജ്യം….. നോക്കെത്താദൂരത്തോളം.. പഴയ രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും അവരുടെ സാമ്രാജ്യങ്ങളുടെയും കഥകൾ അയവിറക്കികൊണ്ട് മനോഹരമായ ഒരു പ്രദേശം…… കുറച്ചു നേരം അവിടുത്തെ കാഴ്ചകൾ കണ്ടുകൊണ്ടു ഞങ്ങൾ പതുക്കെ താഴോട്ടിറങ്ങാൻ തുടങ്ങി…. നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു….

ചെറുപ്പം മുതലേ കഥകളിലും പുസ്തകങ്ങളിലും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ പ്രദേശങ്ങൾ … ചരിത്രത്തോട് ചേർന്ന് നിന്നൊരു യാത്ര.. ഭാരതത്തിനെയും നമ്മുടെ പൈതൃകത്തെയും തൊട്ടറിഞ്ഞ ഒരു യാത്ര…. മനസ്സിൽ ഒരിക്കലും മായാതെ എന്നുമുണ്ടാകും ഈ കാഴ്ച്ചകൾ…. എല്ലാ യാത്രകളിലെന്നുപോലെ ഒരുപാടു ഓർമകളുമായി ഇനിയുമൊരിക്കൽ കൂടി തീർച്ചയായും വരുമെന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ പതുക്കെ അവിടെ നിന്നും വിടപറഞ്ഞു….. “ഓർമകളിൽ എന്നുമുണ്ടാകുന്ന മറ്റൊരു മഴക്കാല യാത്ര 💓 ”

 

Leave a Reply

Your email address will not be published. Required fields are marked *