തെന്മല : കാഴ്ചകളുടെ തേനൊഴുക്കുന്ന മലയിലേക്ക് ഒരു യാത്ര

കൊല്ലം ജില്ല ______

തെന്മല : കാഴ്ചകളുടെ തേനൊഴുക്കുന്ന മലയിലേക്ക് ഒരു യാത്ര

കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് പച്ച പുതപ്പ് പുതച്ച മലയോരഗ്രാമമാണ് തെന്മല.

അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ടൂറിസം കേന്ദ്രം കൂടിയാണ് തെന്മല ഇക്കോടൂറിസം . കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരകളിലാണ് തെൻമല ഡാം അഥവാ പരപ്പാർ ഡാം സ്ഥിതിചെയ്യുന്നത്.

മലനിരകളും ,പുഴകളും , അരുവികളും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയാണിവിടം.

യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ തെന്മല പ്രകൃതി സൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരു പോലെ അവസരം നൽക്കുന്ന ഒരു സർക്കാര്‍ നിയന്ത്രണ മേഖല കൂടിയാണിവിടം.

കല്ലടയാറിലാണ് കല്ലട ജലസേചനപദ്ധതിയുടെ ഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 1961-ലാണ് പരപ്പാർ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും , വൈദ്യുതി നിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്.

കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. പല്ലം വെട്ടി സാഡിൽ ഡാം ഈ സംഭരണിയിലെ ഒരു പാർശ്വ അണക്കെട്ടാണ്. 92,800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്.

എല്ലാ തരത്തിലുമുള്ള അവധിക്കാലം ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഒരിടമാണിവിടം .

ഇവിടത്തെ പ്രധാന ആകർഷണം മനോഹരമായ പച്ച പുൽമേടുകളും, ബട്ടർഫ്ലൈ സഫാരികളുമാണ്. സംഗീത-നൃത്തങ്ങളും, സാഹസിക വിനോദങ്ങളും കൂടാതെ ട്രക്കിങ്, ഹൈക്കിങ്, രാത്രി ക്യാമ്പിംഗ് എന്നിവ ചെയ്യാനുള്ള സൗകര്യമുണ്ട്.

ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെത്തന്നെയാണെന്നതും തെന്‍മലയ്ക്ക് മാറ്റ് കൂട്ടുന്നു.

സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു മനോഹര കാഴ്ചയാണ് തെന്മല ഡാം വ്യൂ പോയിൻ്റ്.

തെന്മല ഡാം സന്ദർശനം സഞ്ചാരികൾക്ക് ടിക്കറ്റ് മുഖേന ലഭ്യമാണ് .

എന്റെ മനസ്സും , ശരീരവും പതുക്കെ തണുത്ത കാറ്റിനോടും , കാഴ്ചകളുടെ തേനൊഴുക്കുന്ന തെന്മലയിലെ പ്രകൃതി സൗന്ദര്യത്തിനോടും ഇണങ്ങി യാത്ര ചെയ്യാൻ തുടങ്ങി

യാത്ര തുടരും

തെന്മല ഇക്കോ ടൂറിസത്തിൽ എത്തിച്ചേരാൻ ______________

കൊല്ലത്ത് നിന്ന് തമിഴ്‌നാട്ടിലെ തിരുമംഗലത്തേക്ക് പോകുന്ന ദേശീയ പാതയ്ക്ക് സമീപത്തായാണ് തെന്മല സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് ഇവിടേക്ക് കെ.എസ്സ്.ആർ.ടി.സി ബസ്സ് സർവീസുകൾ ഉണ്ട് . കൊല്ലത്ത് നിന്നും തെന്മലയിലേക്ക് ബസ്സ് ഉണ്ട് , പുനലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തെന്മലയില്‍ എത്തിച്ചേരാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *