By : Muhammed unais p
പെരിയാര്‍ നദിക്ക് കുറുകെ അയ്യപ്പൻ കോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ തൂക്കുപാലം. വേകുന്നരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് ഈ അയ്യപ്പന് കോവില്‍ തൂക്കുപാലവും പരിസരവും. കട്ടപ്പന കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയിൽ നിന്ന് 2 കി.മി യാത്ര ചെയ്താൽ അയ്യപ്പൻ കോവിൽ തൂക്കു പാലത്തിൽ എത്താം. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ സ്ഥലമാണ് അയ്യപ്പൻ കോവിൽ. ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലവും കൂടിയാണ് ഇത്. പെരിയാർ നദിയുടെ തീരത്തുള്ള പുരാതന ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രം അയ്യപ്പൻകോവിലിലെ മറ്റൊരു ആകര്‍ഷണമാണ്. കനത്ത മഴയുള്ള സമയങ്ങളിൽ ഇടുക്കി റിസർവോയറിലെ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രവും പരിസരവും പലപ്പോഴും വെള്ളത്തിൽ മുങ്ങാറുണ്ട്. പിന്നെ വേനല്‍ കാലമായി ഡാമിലെ വെള്ളം കുറയുന്നത് വരെ മാസങ്ങളോളം അമ്പലും പരിസരവും വെള്ളത്തിനടിയിലായിരിക്കും. ഈ സമയത്തും ചങ്ങാടങ്ങളിലും വഞ്ചികളിലുമായി തീര്‍ത്ഥാടകര്‍ എത്താറുണ്ട് ക്ഷേത്രത്തിലേക്ക്.
3000 വർഷത്തെ ചരിത്ര പ്രാധാനമുള്ള ഒരു സ്ഥലം കൂടിയാണ് അയ്യപ്പന്‍കോവില്‍. ഇന്ത്യയിലെ മുഴുവൻ മന്നാൻ ഗോത്രത്തിന്റെ രാജാവിന്റെ കേന്ദ്രമായിരുന്നു അയ്യപ്പന് കോവിലിനടുത്തുള്ള കോവിൽമല. പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമാണ് ഈ ഗ്രാമവും പരിസരവും. വൈകുന്നേരം ആയതിനാല്‍ കൂടുതല്‍ നേരം ഇവിടെ ചിലവഴിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അല്ലായിരുന്നേല്‍ വെള്ളത്തിലൂടെ ഒരു വഞ്ചി സവാരി ചെയ്യാമായിരുന്നു. അയ്യപ്പന്കോവലിലെ കാഴ്ച്ചകള്‍ കണ്ട് ഞങ്ങള്‍ കട്ടപ്പനയിലേക്ക് തിരിച്ചു. ഇന്ന് അവിടെയാണ് താമസം. ഈ യാത്രയുടെ അവസാന രാത്രികൂടിയാണിന്ന്.
#Love_To_Nature
#Love_To_Travel