മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം

വിവരണം : അഖിൻ നെയ്യാറ്റിൻകര

യാത്രകളോരോന്നും ചരിത്രത്തിലേക്കുള്ള സഞ്ചാരങ്ങളാണ്. ഓരോ ദേശത്തിനും കാലത്തിനും നമ്മോടു സംവദിക്കുവാൻ ഒരുപാടുണ്ടാവും, കേൾക്കാൻ നാം ചെവി കൂർപ്പിക്കുമെങ്കിൽ “ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതാണ് അഗസ്ത്യാർകൂടം.” കേരളത്തിലെ ട്രെക്കിങ് പാതകളിൽ ഏറ്റവും കഠിനമായ പാത എന്ന വിശേഷണമുള്ള അഗസ്ത്യാർകൂടം ട്രെക്കിങ് ഈ വർഷം ജനുവരി 14 മുതൽ ഫെബ്രുവരി 18 വരെയാണ് ട്രെക്കിങ്ങിന് അനുവദിച്ചിരിക്കുന്ന സമയ പരിധി അങ്ങനെ ജനുവരി 8ന് ഞാൻ എന്റെ ഊഴവും കാത്ത് നിന്ന് കൃത്യം 11മണിക്ക് തന്നെ ഓൺലൈൻ വഴി പാസുകൾ പബ്ലിഷ് ചെയ്യും ഒരു ദിവസം 100 പേർക്ക് മാത്രമേ അഗസ്ത്യാർകൂടത്തിലേക്ക് പ്രവേശനമുള്ളൂ അങ്ങനെ 36 ദിവസം നീണ്ട് നിൽക്കുന്ന ട്രെക്കിങ്ങ് കാലയളവിൽ ഏകദേശം 3600 പേർക്ക് ഇവിടം സന്ദർശിക്കാൻ ആകും ഒരാൾക്ക് 1100രൂപ നിരക്കിൽ ആണ് പാസ്സിന് ചാർജ് വരുന്നത് ഒടുവിൽ കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം എനിക്കും കിട്ടി പാസ്സ് ജനുവരി 15ന് ബുക്കിങ് തുടങ്ങി മിനുട്ടുകൾ കൊണ്ട് തന്നെ ടിക്കറ്റുകൾ എല്ലാം തന്നെ ഫിൽ ആയി അപ്പോഴാണ് കേരളത്തിലെ ഹിമാലയം എന്നറിയപ്പെടുന്ന അഗസ്ത്യർമല യാത്രക്ക് വേണ്ടി എത്ര പേർ ശ്രമിക്കുന്നുവെന്ന് മനസിലായത് എന്തായാലും ആ സുദിനത്തിന് വേണ്ടി ഞാൻ കാത്തിരുന്നു അങ്ങനെ രാവിലെ 5 മണിക്ക് എഴുന്നേറ്റു ഫ്രഷ് ആയി ശകടവും എടുത്തു നേരെ ബോണക്കാട് ഫോറെസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി വെച്ച് പിടിച്ചു 7 മണിക്ക് തന്നെ ബോണക്കാട് ആദ്യത്തെ ക്യാമ്പിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതുണ്ട് മാത്രമല്ല ഈ പ്രാവശ്യത്തെ യാത്ര ഒറ്റക്കായിരുന്നു വേറെ ആരും ഇല്ലാത്തതു കൊണ്ടല്ല എനിക്ക് മാത്രം എന്തോ ഭാഗ്യത്തിന് പാസ്സ് ലഭിച്ചു. ഫോറെസ്റ്റ് ഓഫീസ് അടുക്കുംതോറും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന സഹ്യ പർവ്വത മലനിരകളും തേയില ഫാക്ടറിയും കണ്ണിന് കുളിർമയേകി തുടങ്ങി ഒരു കാലത്ത് സർവ പ്രൗഡിയോടെ നിലനിന്നിരുന്ന ബോണക്കാടുണ്ടായിരുന്ന തേയിലത്തോട്ടവും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമായിരുന്നു ഈ തേയില ഫാക്ടറി രണ്ടായിരത്തി രണ്ടോട് കൂടി എന്നേക്കുമായി മഹാവീർ പ്ലാന്റേഷൻ എന്ന ഈ തേയില ഫാക്ടറി കടുത്ത സാമ്പത്തിക പ്രതി സന്ധിമൂലം എന്നേക്കുമായി താഴു വീണു ഒരുകാലത്തു പകലന്തിയോളം പണിയെടുത്ത മെഷീനുകൾ മഴയും വെയിലുമേറ്റ് ഇന്ന് അന്ത്യം കൈവരിച്ചിരിക്കുന്നു മാത്രമല്ല ഒരു കാലത്ത് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയ GB-25 പ്രേത ബംഗ്‌ളാവ് പൈൻ മര കാടുകൾക്കിടയിലൂടെ സൂര്യ കിരണമേറ്റ് പ്രതിഭലിക്കുന്നത് കാണാം പിന്നെ ഒരു കാര്യം ആരും പ്രേത ബംഗ്‌ളാവും ചോദിച്ച് ആ വഴിക്ക് കണ്ടേക്കല്ല് നാട്ടുകാർ മടൽ എടുത്തു ഓടിക്കും വർഷങ്ങളായി താമസിക്കുന്ന നാട്ടുകാർക്ക് പോലും അറിയില്ല അങ്ങനെ ഒരു പ്രേത ബംഗ്‌ളാവിനെ കുറിച്ച് അത്‌ സോഷ്യൽ മീഡിയയിലൂടെ കെട്ടി ചമച്ച വെറുമൊരു കെട്ടു കഥ മാത്രമാണ്. അങ്ങനെ തേയില തോട്ടങ്ങൾക്കിടയിലൂടെ ട്രെക്കിങ്ങ് തുടങ്ങുന്ന ബോണക്കാടുള്ള ഫോറെസ്റ്റ് ഓഫീസിൽ എത്തി ഫോറെസ്റ്റ് ഓഫീസർ പാസുകൾ വെരിഫിക്കേഷൻ ചെയ്യുന്ന തിരക്കിലാണ് എന്റെയും പാസുകൾ വെരിഫി ചെയ്തു തുടർന്ന് നമ്മുടെ ബാഗ് പരിശോദനയാണ്. പ്ലാസ്റ്റിക് ബാഗുകൾ അനുവദനീയമല്ല. പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ 100 രൂപ അടയ്ക്കണം. തിരികെ വരുമ്പോൾ ആ കുപ്പി തിരികെ കൊണ്ടുവന്നാൽ പണം തിരികെ നൽകും.20 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിൽ ഒരു ഗൈഡ് എന്ന നിലയിൽ തിരിച്ചു. അതിനു ശേഷം ഫോറെസ്റ്റ് ഓഫീസർ യാത്രയിൽ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് ഒരു ലഘുവായ ക്ലാസ്സ്‌ തന്നു 8:30 ആയപോഴേക്കും അഗസ്ത്യമലയെ കീഴ്അടക്കുവാൻ ഉള്ള യാത്ര ആരംഭിച്ചു നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ഈറ്റക്കൂട്ടങ്ങളും പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് അതിരുമലയും പൊങ്കാലപ്പാറയും കടന്ന് വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ കാൽനടയായി വേണം അഗസ്ത്യന്റെ ഗിരിമകുടത്തിലെത്താൻ. അഗസ്ത്യമലയുടെ പവിത്രതയും പ്രകൃതിസൗന്ദര്യവും വനസമ്പത്തും പരിപാലിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെ സന്ദർശകനിയന്ത്രണമുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ പൊക്കത്തില്‍ അതായത് ഏകദേശം 6129 അടി ഉയരത്തില്‍ അഗസ്ത്യമല സ്ഥിതി ചെയ്യുന്നു യാത്ര തുടങ്ങാം, സാഹസികമായി ഒന്നര അടിയോളം വീതിയുണ്ട് നടപ്പാതക്ക്. ഇരുവശത്തും വന്‍ വൃക്ഷങ്ങള്‍. പാതയുടെ ഒരു വശത്ത് കുന്നും പ്രദേശവും മറുവശത്ത് താഴ്ചയുമാണ്. കാട്ടാനകളും കരടി, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളും യഥേഷ്ടമുള്ള വനത്തില്‍ മുന്നോട്ടു പോകുന്തോറും വഴി ദുര്‍ഘടമാണ്. മരങ്ങള്‍ കടപുഴകി വീണു പലസ്ഥലങ്ങളിലും മാര്‍ഗ്ഗതടസം സൃഷ്ടിച്ചിട്ടുണ്ട്. പലതരത്തിലുള്ള വൃക്ഷങ്ങള്‍ ഇവിടെ കാണാം. ഇറക്കവും കയറ്റവും നിറഞ്ഞ പാതയിലൂടെയുള്ള നടത്തത്തില്‍ ശ്രദ്ധ തെറ്റിയാല്‍ കരിങ്കല്ലുകളില്‍ തട്ടി വീഴുക ഉറപ്പ്. പാതയുടെ ഇടതുവശം കുന്നുപ്രദേശം ആയതിനാല്‍ ചിലയിടങ്ങളില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ചെറുതും വലുതുമായ ഒട്ടനവധി നീര്‍ച്ചാലുകള്‍ കാണാം.ഈ മലനിരകളില്‍ നിന്നാണ് നെയ്യാര്‍, കരമനയാര്‍, വാമനപുരം നദി, കുഴിത്തുറയാര്‍, താമ്രപര്‍ണി എന്നീ നദികളുടെ ഉത്ഭവം. 2001 നവംബര്‍ 12ന് രൂപവല്‍ക്കരിച്ച അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്വില്‍ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, നെയ്യാര്‍ എന്നീ വന്യജീവി സങ്കേതങ്ങളും ശെന്തരുണി, അച്ചന്‍കോവില്‍, തെന്‍മല, കോന്നി, പുനലൂര്‍ തുടങ്ങിയ വനഡിവിഷനുകളും കൂടാതെ കന്യാകുമാരി, തിരുനല്‍വേലി ജില്ലകളിലെ വനപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. പിന്നീടങ്ങോട്ടു ഘോരവനമാണ്.നഗരങ്ങളുടെ ഒച്ചയില്ലാതെ ശുദ്ധ വായു ശ്വസിച്ചു കാടിനെ തൊട്ടറിഞ്ഞു യാത്ര ചെയ്യാം ഏകദേശം 2 മണിക്കൂര്‍ യാത്ര ചെയ്തു കഴിയുമ്പോള്‍ അട്ടയാര്‍ വെള്ളചാട്ടം കാണാം.ഇവിടെ അട്ട ശല്യം രൂക്ഷമായതു കൊണ്ടാണ് അട്ടയാർ എന്ന പേര് വരാൻ കാരണം അട്ടയാറും കഴിയുന്നതോടെ വനത്തിന്റെ ഭാവം മാറി. പുല്ലു വളര്‍ന്നു നില്‍കുന്ന പ്രദേശത്തേക്കാണ് ചെന്നു കയറുക. ഇടയ്ക്കിടക്ക് ഓരോ മരങ്ങള്‍, അവിടവിടെ തലയെടുപ്പോടെ നില്‍കുന്ന പാറകള്‍ എന്നിവ ഈ ഭാഗത്തെ സവിശേഷതയാണ്. കയറുംതോറും അവിടവിടെയായി കാണപ്പെട്ടിരുന്ന മരങ്ങളും ഇല്ലാതായി. വെറും പുല്ലുമാത്രം നിറഞ്ഞ പ്രദേശം. പരന്ന ഭാഗത്തു കൂടെയുള്ള യാത്ര അവസാനിച്ച് ദുഷ്‌കരം പിടിച്ച മലകയറ്റത്തിന്റെ തുടക്കം പുല്‍മേടു കഴിയുന്നതോടെ ആരംഭിക്കുകയായി. ചെറിയ പാറക്കല്ലുകളില്‍ ചവിട്ടിവേണം മുകളിലേക്ക് കയറാന്‍. ഈ പ്രദേശമെല്ലാം വൃക്ഷനിബിഡമാണ്. പല തരത്തിലും പല വ്യാസത്തിലും പല പൊക്കത്തിലുമുള്ള അപൂര്‍വ്വ വൃക്ഷങ്ങള്‍ ഇവിടെ കാണാം. ഏകദേശം 18 കിലോമീറ്റര്‍ കാല്‍നടയായി ലാത്തിമൊട്ട കരമനയാര്‍ , അട്ടയാര്‍ , കുട്ടിയാര്‍ എന്നിവയുടെ കൈവഴികള്‍ പിന്നിട്ട് ഏഴുമടക്കന്‍ മലയും മുട്ടിടിച്ചാന്‍മലയും കടന്നു അഗസ്ത്യമലയുടെ താഴ്ഭാഗമായ അതിരുമലയിലെ വിശ്രമകേന്ദ്രത്തില്‍ എത്താറായി അവിടെന്ന് ഇടത്തോട്ടു തിരിഞ്ഞു നടന്നാല്‍ അഗസ്ത്യാര്‍ കൂടത്തിലേക്ക് ആറ് കിലോമീറ്റര്‍ മാത്രം. നേരെ നടന്നാല്‍ അതിരുമല വിശ്രമകേന്ദ്രമെത്താം.

വിശ്രമകേന്ദ്രത്തിലേക്ക്

അഗസ്ത്യാര്‍കൂടം യാത്രക്ക് വരുന്നവരെല്ലാം നിര്‍ബന്ധമായും രാത്രി ഇവിടെ തങ്ങി പിറ്റേന്നു കാലത്തു മാത്രമേ അഗസ്ത്യാര്‍കൂടം മല കയറാന്‍ അനുവാദമുള്ളൂ.കാരണം ഇവിടെ എത്തുബോൾ തന്നെ സമയം ഏതാണ്ട് 2 മണി കഴിയും പിന്നീട് അവിടെന്ന് അഗസ്ത്യ മലയിലേക്ക് ഉള്ള യാത്ര ദുഷ്കരമാകും മാത്രമല്ല ഒരു സമയം കഴിഞ്ഞാൽ വന്യ മൃഗജീവികളുടെ വിഹാര കേന്ദ്രമാകും അങ്ങനെ അപകടങ്ങൾ സംഭവിച്ചതിനു ശേഷം ഫോറെസ്സ് കർശന നിയന്ത്രണം ഏർപ്പെടുത്തി അതിനാൽ അന്ന് അവിടെ ടെൻറ്റിൽ തങ്ങിയതിനു ശേഷം പിറ്റെ ദിവസം മാത്രമേ യാത്ര തുടങ്ങാൻ സാധിക്കത്തുള്ളൂ വിശ്രമ കേന്ദ്രത്തിനു മുന്നിലായി ചെറിയൊരു ഫോറെസ്റ്റ് ഓഫീസ് ഉണ്ട് അവിടെ പോയി റിപ്പോര്‍ട്ട് ചെയ്യണം. എല്ലാവരും സുരക്ഷിതമായി എത്തി ചേർന്നോ എന്നറിയുന്നതിന് വേണ്ടിയാണ് അവിടെ റിപ്പോർട്ട്‌ നൽകിയതിന് ശേഷം അവര്‍ നമുക്ക് കിടക്കുന്നതിനുള്ള പായ അനുവദിച്ചു തരും. രണ്ടു പേര്‍ക്ക് ഒരു പായ എന്ന തോതിലാണിത് നല്‍കുക. കല്ലിൽ കെട്ടി റൂഫിങ് ഷീറ്റുകൾ കൊണ്ട് തീർത്ത കെട്ടിടങ്ങളാണ് മലകയറ്റക്കാര്‍ക്ക് താമസിക്കാനുള്ള ഇടങ്ങള്‍. സ്ത്രീകൾക്ക് വേണ്ടി പ്രതേക സൗകര്യം ചെയ്തിട്ടുണ്ട് അഗസ്ത്യകൂടത്തിന്റെ അതിമനോഹരദൃശ്യം കാണണമെങ്കിൽ അതിന്റെ അടിവാരത്തിലുള്ള പുല്‍മേട്ടില്‍ പോകണം പുല്‍മേടാണെങ്കിലും ഒരു ഭാഗത്ത് തിങ്ങിനിറഞ്ഞമരങ്ങള്‍, വേറെ ഒരു ഭാഗത്ത് അഗസ്ത്യകൂടം ഉള്‍പ്പടെയുള്ള വിശാലമായ മലനിര. കറുത്ത വലിയ ഒറ്റപ്പാറയായി അഗസ്ത്യാര്‍കൂടം ആനയുടെ മസ്തകം പോലെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിന് അപ്പുറവും ഇപ്പുറവുമുള്ള മലനിരകള്‍ വൃക്ഷ നിബിഡമാണ് , ഒരു ചെറു അരുവി ആ താഴ് വാരത്തിലൂടെ ഒഴുകുന്നുണ്ട്. വൈകുന്നേരങ്ങളിലെ കുളി അവിടുന്നാണ്.വെള്ളത്തിലേക്ക് ഇറങ്ങിയാൽ ഊട്ടിയിലെയും കൊടൈക്കനാലിലെയും തണുപ്പ് ഒന്നുമല്ല കുളികഴിഞ്ഞ് തളത്തിലിരിക്കുമ്പോള്‍ ഇരുട്ടിനോടൊപ്പം എത്തുന്ന നനുത്തകാറ്റ് ആദ്യമാദ്യം ആവേശമായും ക്രമേണ കുളിരിന്റെ മൂര്‍ദ്ധന്യത്തിലേയ്ക്കും ആനയിക്കുന്നു. അതിനുശമനമായി ഒരിത്തിരി ചൂടുകഞ്ഞി. ഇനി ഉറങ്ങാം. തണുപ്പ് എല്ലാവര്‍ക്കും പരിചിതമായതുപോലെ, ഗൈഡുകള്‍ നല്‍കിയ പുല്‍പായയില്‍ ചുരുണ്ടുകൂടി ഉള്ള സൗകര്യത്തില്‍ ഉറങ്ങാന്‍കിടക്കുന്നു. റയിഞ്ചില്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഒരിക്കല്‍പോലും ശല്യം ഉണ്ടാക്കിയില്ല. അപ്പോഴന്നല്ല മലയിറങ്ങും വരെ.

രണ്ടാം ദിവസം

വീണ്ടുമൊരു മലകയറ്റം, ഒപ്പം ആനപ്പേടിയും രണ്ടാം ഘട്ടപ്രയാണവും കൊടും കാട്ടിലൂടെത്തന്നെ. പ്രഭാതത്തിന്റെ കുളിര്‍മയും കാടിന്റെ ശാന്തതയും യാത്രയില്‍ പുതിയ ഒരു ഉണര്‍വേകുമെങ്കിലും ഈ പാത കുറച്ചുകൂടി ബുദ്ധിമുട്ടേറിയതാണ്. വളഞ്ഞും പുളഞ്ഞുമുള്ള വഴി. യാത്രക്ക് ദുര്‍ഘടം തീര്‍ക്കാന്‍ വഴിയില്‍ നിറയെ പാറക്കല്ലുകളും. അവയെ മറികടന്നു പോകാന്‍ വഴിയറിയാതെയുള്ള പ്രയാസം. ഇതിനിടയില്‍ ചൂരു മാറാത്ത ആനപ്പിണ്ഡങ്ങളും. ഈ യാത്ര കൂടുതല്‍ ഭയാനകമാകുന്നത് ഈറ്റക്കാട്ടിലേക്ക് കയറുമ്പോഴാണ്. സഞ്ചാരവഴിയിലേക്ക് മറിഞ്ഞു നില്‍കുന്ന ഈറ്റ മരങ്ങള്‍ വകഞ്ഞുമാറ്റി വേണം മുന്നോട്ടു പോകാന്‍. ആനയ്ക്ക് ഏറെ ഇഷ്ടമാണ് ഈറ്റ. ആന എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ എന്ന ഭീതി ഈ വഴിയിലൂടെ കടന്നുപോകുന്നവരെ ബാധിക്കും. കണ്ടുപരിചിതമില്ലാത്ത വൃക്ഷങ്ങളും പൂക്കളും ഈ പ്രദേശത്ത് കാണാം. അതിന്റെ സൗന്ദര്യം ഒന്നു വേറെ തന്നെ.

അങ്ങനെ കയറിക്കയറി ഏകദേശം ഒരു സമതല പ്രദേശത്തെത്തും. നൂറുമീറ്റര്‍ കൂടി കയറിയാല്‍ കുന്നിനു മുകളിലൂടെയുള്ള നടത്തം. 500 അടിയോളം താഴ്ച്ചയിലുള്ള കൊക്ക ഒരു ഭാഗത്ത്. മറുഭാഗത്ത് തല ഉയരത്തില്‍ നില്‍കുന്ന അഗസ്ത്യാര്‍ മല. തെളിഞ്ഞ വെള്ളം ഒഴുകിവരുന്ന ഒരു സമതല പ്രദേശം. പാറയാണ് പ്രതലം. ഇവിടെയാണ് കരമനയാറിന്റെ ഉല്‍ഭവം. ഇവിടെ നിന്ന് അഗസ്ത്യമലയുടെ മകുടം കാണുമ്പോള്‍ തുടര്‍ന്ന് ഏറെയാത്ര ചെയ്യേണ്ടതുണ്ടെന്ന് തോന്നും. പാറയിലൂടെ പതുക്കെപ്പതുക്കെ മുകളിലേക്ക് കയറാം. മറുവശത്തെ കാഴ്ച്ചയും മനോഹരം തന്നെ. ചുറ്റുപാടും കണ്ണെത്താദൂരത്ത് കുന്നുകളും മലകളും പച്ചപരവതാനിവിരിച്ചിരിക്കുന്നു. പൊങ്കാലപ്പാറ കഴിഞ്ഞാൽ വെള്ളം കിട്ടുക ബുദ്ധിമുട്ടാണ്. ചിലയിടങ്ങളിൽ പാറയോടു ചേർന്ന് വെള്ളം ഒഴുകി വരുന്നുണ്ടാവും. പൊങ്കാലപ്പാറയ്ക്ക് താഴെ കരടികൾ ആണെങ്കിൽ, ഇടതുവശത്തെ പുൽമേട്ടിൽ ധാരാളം കാട്ടുപോത്തുകളെ കാണാൻ സാധിക്കുമത്രേ. അധികം സാഹസത്തിന് മുതിർന്ന്, പോത്തുകൾക് കളിപ്പാട്ടമാവാൻ നിൽക്കാതെ അവിടെ നിന്നും വീണ്ടും നടത്തം തുടർന്നു.

അങ്ങനെ കാടും മലകളും താണ്ടി അഗസ്ത്യമല കയറ്റത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നു. ഇനിയാണ് യഥാര്‍ത്ഥ സാഹസിക യാത്ര തുടങ്ങുന്നത്. മുകളിലോട്ടു നോക്കിയാലോ ചെറിയ ഒരു ചെരിവു മാത്രമുള്ള ചെങ്കുത്തായ പാറ. കൈയ്യും കാലും ഉപയോഗിച്ച് പിടിച്ചുപിടിച്ചാണ് മുകളിലേക്ക് കയറുക. വളരെ സൂക്ഷിച്ചുവേണം ഈ മല കയറാന്‍. കുറച്ചു മുകളിലേക്ക് കയറിയാല്‍ പിടിച്ചു കയറാന്‍ കയർ കൊണ്ടുള്ള ഒരു വടം കെട്ടിയിട്ടുണ്ട്. ഇനിയുള്ള കയറ്റങ്ങൾ കഠിനമാണ്. കുത്തനെയുള്ള മലഞ്ചെരിവുകൾ. അതു കയറാൻ പലയിടത്തും താഴേയ്ക്ക് കയറുകൾ ഇട്ടിട്ടുണ്ട്. പലയിടത്തും നല്ല വഴുകലുമുണ്ട്. കയറിൽ പിടിച്ചു കഷ്ടപ്പെട്ടു കയറുമ്പോൾ, ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ k.K ജോസ്സ് എന്ന പോലെ ചിലർ. അവർക്ക് കയറൊന്നും ആവശ്യമേ ഇല്ലായിരുന്നു.

ഒരുവിധത്തില്‍ തൂങ്ങികയറി മുകളിലെത്തിയപ്പോള്‍ കള്ളിച്ചെടികളും ചെറുസസ്യങ്ങളും പൂത്ത് നിറഞ്ഞ ഒരടിവാരം. . മഞ്ഞു് തലമുടികളിലും ശരീരത്തിലും പറ്റിപിടിച്ചു. മേഘത്തിനോട് തൊട്ടുരുമി പാറകയറി മുകളിലെത്തി… അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയില്‍. ഒരിക്കലും കൈവെള്ളകൊണ്ട് മേഘത്തിനെ തൊടാനാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇത് ‍യാഥാര്‍ത്യമാണോ എന്ന് ‍ഞാനെന്നോട് ചോദിച്ചു.ഒടുവിൽ ഞാൻ ആ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ എത്തി ചേർന്നു ഇതിനെല്ലാം അത്ഭുതമായി കൂടത്തിന്റെ ഒരുകോണില്‍ അഗസ്ത്യരുടെ ഒരു പൂര്‍ണ്ണകായ പ്രതിമ. നിമിഷനേരംകൊണ്ട് വന്നണഞ്ഞ് പരസ്പരം കാണാനാകാത്ത രീതിയിലാക്കിയശേഷം മാഞ്ഞുപോകുന്ന മൂടല്‍മഞ്ഞും അനന്തവിഹായസ്സിന്റെ നേര്‍ക്കാഴ്ചയും തരുന്നത് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍ തന്നെയാണ്. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ 2 വർഷമായി അഗസ്ത്യമുനിക്ക് പൂജ ദ്രവ്യങ്ങളും വിളക്കുകളും കത്തിക്കുന്നത് പൂർണമായി നിരോധിച്ചിരിക്കുന്നു അതിനാൽ അതിനു ചുറ്റും ആരും കടന്നു കയറാതിരിക്കാൻ കയറു കൊണ്ട് ചുറ്റിലും വേലി തീർത്തിരിക്കുന്നു അങ് ദൂരെ മേഘങ്ങൾ ക്കിടയിലൂടെ നൂൽ വരമ്പുകൾ തീർത്തത് പോലെ പേപ്പാറ ഡാമും നമുക്ക് ഒരത്ഭുതമായി തന്നെ തോന്നും.അഗസ്ത്യമലയുടെ തൊട്ടടുത്ത് തന്നെയാണ് സപ്തര്‍ഷി മല. സ്പതര്‍ഷിമലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എപ്പോഴും തണുത്ത് കാറ്റ് വീശിക്കൊണ്ടിരിക്കുന്നിടമാണ് അവിടം. കണ്ണിനുമിഴിവേകുന്ന ദൃശ്യങ്ങള്‍ അഗസ്ത്യമലയില്‍ നമ്മെ പിടിച്ചിരുത്തുമെങ്കിലും കുറച്ചുസമയത്തിനുശേഷം മലയറിങ്ങുന്നതാണ് ബുദ്ധി. നേരം ഇരുട്ടുവീഴുന്നതിന് മുമ്പ്് ബോണക്കാട് എത്തണമെങ്കില്‍ ഉച്ചക്ക് 1 മണിക്ക് എങ്കിലും അതലിരുമലയിലെത്തണം. തിരിച്ചിറങ്ങുന്നവര്‍ കയ്യില്‍ ഒരു വടികൂടി കരുതും. കയറ്റത്തേക്കാള്‍ എളുപ്പമാണ് ഇറക്കമെങ്കിലും ഒരോ ചുവടും സൂക്ഷിച്ചുമാത്രമേ വയ്ക്കാന്‍ പാടുള്ളു. അങ്ങനെ മാത്രമേ നമ്മള്‍ ചെയ്യൂ. കാരണം തിരിച്ചിറങ്ങുമ്പോഴുള്ള ആ അഗാധമായ ഗര്‍ത്തം നമ്മുടെ കണ്ണിനു മുന്നില്‍ നില്‍ക്കുകയല്ലേ.അതിരുമലയെത്തിക്കഴിഞ്ഞാല്‍ ഉച്ചയ്ക്കുള്ള ആഹാരവും കഴിച്ചു വീണ്ടും മലയറിങ്ങണം അങ്ങനെ കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം അന്നേ ദിവസം തന്നെ ബോണക്കാട് ലഷ്യമാക്കി യാത്ര തിരിച്ചു അന്നേ ദിവസം യാത്ര തിരിക്കുന്നത് വളരെ വിരളമാണ് കാരണം ഇനിയും 19 കിലോമീറ്റർ നടന്നാൽ മാത്രമേ താഴെ എത്താൻ പറ്റു അങ്ങനെ അഗസ്ത്യർ മലയുടെ സൗന്ദര്യം മനസ്സിൽ ഒപ്പിയെടുത്തു കൊണ്ട് തിരിച്ചു മല ഇറങ്ങി മുട്ടിടിച്ചാൻ പാറയും ഏഴ്മടക്കും പുൽമേടും അട്ടയാറും കടന്ന് 5മണിയോട് അടുത്തപ്പോഴേക്കും ലാത്തിമൊട്ടയിൽ എത്തി സമയം കഴിയും തോറും മലകളും മരങ്ങളും ഇരുട്ടിലേക്ക് മൂടപ്പെട്ടിരിക്കുന്നു പെട്ടന്ന് തന്നെ 3 ഫോറെസ്റ്റ് ഗാർഡ് ഓടിവരുന്നത് കണ്ടു ഇടയിൽ കാട്ടുപോത്തു ഇറങ്ങിയിട്ട് ഉണ്ടെന്നും അതിനാൽ ഇനി ഒറ്റക്ക് യാത്രചെയ്യാൻ പാടില്ലെന്നും പറഞ്ഞു അങ്ങനെ മറ്റുള്ളവർ കൂടി എത്തിയതിനു ശേഷം ഫോറെസ്റ്റ് ഗാർഡിന്റ നിർദേശ പ്രകാരം യാത്ര തുടർന്നു അപ്പോഴേക്കും സമയം വളരെ അധികം അതിക്രമിച്ചിരുന്നു ബോണക്കാട് എത്തിയപൊഴേക്കും 8 മണി കഴിഞ്ഞിരുന്നു ബൈക്ക് ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി പാഞ്ഞു അപ്പോഴേക്കും എങ്ങും ഇരുട്ട് വ്യാപിച്ചിരുന്നു ഒടുവിൽ മനസ്സിൽ കോറിയിട്ട ഒരുപാട് ഓർമകളുമായി അവിടെന്ന് യാത്ര തിരിച്ചു ഒരിക്കല്‍പോയവരോട് ഒരിക്കല്‍കൂടി അഗസ്ത്യാർ കൂടത്തിലേക്കുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലാ എന്നുള്ള മറുപടി എന്തായാലും കേള്‍ക്കില്ല. കാരണം പ്രകൃതിയും മനുഷ്യനും തമ്മില്‍ ഒന്നിക്കാന്‍ കഴിയുന്ന ചുരുക്കം ചില മുഹൂര്‍ത്തങ്ങളിലൊന്നാണ് ഈ യാത്ര….
#Love_To_Travel
#Love_To_Nature

Leave a Reply

Your email address will not be published. Required fields are marked *