By Sabari varkala
കൊടൈക്കനാലിലെ മന്നവന്നുരിൽ നിന്നും മനോഹരമായ മലനരകൾക്കു നടുവിലൂടെ ഉള്ള പോലുർ യാത്ര നൽകുന്ന സുഖം ഒന്ന് അനുഭവിച്ചു അറിയേണ്ടത് തന്നെയാണ് .മഴ വീഴുന്നപോലെ മഞ്ഞു വീഴുന്നത് കണ്ടാൽ ആരുടേയും മനസ് നിറഞ്ഞു തുളുമ്പും .പുതു മഴ നനയാൻ നീ കൂടെ ഉണ്ടെങ്കിൽ ഓരോ തുള്ളിയെയും നിന്റെ പേരിട്ടു വിളിക്കുമെന്ന് പറഞ്ഞ വിനയൻ മാഷിനെ നേരിട്ട് കണ്ടിരുന്നേൽ ചോദിക്കാമായിരുന്നു , മഞ്ഞു മഴ പെയ്യുന്ന ഈ അവസരത്തിൽ അതിനെ എങ്ങനെ വർണിക്കുമായിരുന്നു എന്ന് . അവിടത്തെ കാറ്റിന് നിറയെ തണുപ്പിന്റെ സൂചി മുനകളായിരുന്നു . ഇട്ടിരുന്ന രോമക്കുപ്പായത്തിനുള്ളിലേയ്ക്ക് ശരീരത്തെ തിരുകി കയറ്റിയെങ്കിലും മനസ് തണുത്തു വിറച്ചിരുന്നു . വീശുന്ന കാറ്റിൽ അടിയ്ക്കുന്ന മഞ്ഞു തുള്ളികൾ ക്യാമറയെയും ലെൻസിനെയും നനച്ചു കൊണ്ടേയിരുന്നെങ്കിലും ഉത്സാഹിച്ചുള്ള ഫോട്ടോഗ്രാഫിക് ഒരു കുറവും വരുത്തിയില്ല, അഞ്ചു മണിയോടെ തന്നെ സൂര്യൻ തൻ്റെ കാര്യങ്ങൾ നീട്ടി നീല ജ്വാലകൾ നേർപ്പിക്കാൻ തുടങ്ങിയിരിക്കുന്നു ..ഇരുട്ട് കനക്കുന്നു ഒപ്പം മഞ്ഞും . നാട്ടിൽ കത്തി ജ്വലിക്കുന്ന സൂര്യന് ഇവിടെ പകലിൽ തന്നെ രക്ഷിക്കാൻ കഴിഞ്ഞില്ല പിന്നെ എനിക്ക് എന്ത് സാധിക്കാനാ എന്നും പറഞ്ഞു നിലാവും കൈ വിട്ടു. ഒടുവിൽ ഭൂമിയിലേക്ക് പിറവി എടുക്കുന്നതിനു തൊട്ടു മുന്നേ എങ്ങനെ ആയിരുന്നോ അങ്ങനെ ഒരു ഗർഭപാത്രത്തിലെന്നപ്പോലെ ചുരുണ്ടു കൂടി ….