ചീയപ്പാറ വെള്ളച്ചാട്ടവും തലിമാലി വെള്ളച്ചാട്ടവും കണ്ട് മൂന്നാറിലേക്ക്

Idukki Explore 1/10

By Muhammed unais p

ആദ്യമായി ഞാന്‍ ഇടുക്കിയിലെത്തുന്നത് 2010ല്‍ ആണ്. അന്ന് കണ്ട സ്ഥലങ്ങളില്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട് മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷ്ണല്‍ പാര്‍ക്കും, പിന്നെ കുമളി റൂട്ടിലെ കുറച്ച് തേയിലത്തോട്ടങ്ങളും. വീണ്ടും ഒന്ന് മൂന്നാര്‍ പോവാന്‍ ആഗ്രഹം തുടങ്ങിയിട്ട് കുറച്ച് കാലമായി. മുമ്പ് നീല കുറിഞ്ഞ പൂത്ത സമയത്ത് മൂന്നാറിലെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് തൊണ്ടി മലയില്‍ കുറിഞ്ഞി പുത്തിരിക്കുന്നു എന്ന വാര്‍ത്ത. അങ്ങനെ കുറിഞ്ഞിപൂക്കള്‍ ഒന്ന് കാണാനുള്ള മോഹമുമായി നേരെ ഇടുക്കിയിലേക്ക്.

തിരുവോണ ദിനത്തിലാണ് യാത്ര തുടങ്ങുന്നത്. അത് കൊണ്ട് തന്നെ വഴിയില്‍ വാഹനങ്ങള്‍ കുറവാണ്. മലപ്പുറത്തെ മഞ്ചേരിയില്‍ നിന്ന് തുടങ്ങി തൃശൂര്‍-അങ്കമാലി വഴി പെരുമ്പാവൂരിലെത്തി. പെരുമ്പാവൂര്‍ പിന്നിടുന്നതോടെ വഴിയിലെ കാഴ്ച്ചകള്‍ മാറിത്തുടങ്ങി. ചെറിയ മലകളും കുന്നുകളും പാറക്കൂട്ടങ്ങളും കണ്ട് തുടങ്ങിയിരിക്കുന്നു. പെരിയാറിനു കുറകെയുള്ള നേര്യമംഗലം പാലം കടക്കുന്നതോടെ ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും. ഇവിടെ നിന്നു തന്നെ ഇടുക്കിയിലെ മല നിരകള്‍ കാണാം. ഹൈറോഞ്ചിലേക്കുള്ള കവാടം എന്നാണ് ഈ പാലം അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ബ്രിഡ്ജ് കൂടിയാണിത്. കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കുള്ള ആദ്യ പാത പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു. ഹൈ റേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങൾ ഈ റോഡ് വഴിയായിരുന്നു കൊച്ചിയിലേക്ക് കൊണ്ടുവന്നിരുന്നത്. 1924 ലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈ റോഡ് തകർന്നു. ഇത് കൊച്ചിയും മുന്നാറും തമ്മിലുള്ള വ്യാപാര ബന്ധം നഷ്ടപ്പെടാനിടയാക്കി. അന്നത്തെ തിരുവിതാംകൂർ രാജ്ഞിയായ സേതു ലക്ഷ്മി ഭായ് ആലുവ മുതൽ മുന്നാർ വരെ ഒരു പുതിയ റോഡ് നിർമ്മിക്കാനും നെരിയ മംഗലത്ത് പെരിയാർ നദിക്ക് കുറുകെ പാലം നിർമ്മിക്കാനും ഉത്തരവിട്ടു. 10 വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കിയ ഈ പാലം 1935 മാര്‍ച്ച് 2ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ രാമ വര്‍മ്മ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. നേര്യംമഗലം പാലം ഇന്ന് കൊച്ചിയെയും ധനുഷ്കോടിയെയും ബന്ധിപ്പിക്കുന്ന NH85 ന്റെ ഭാഗമാണ്.

നേര്യമംഗലം വഴി ഇടുക്കിയിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികളെ സ്വഗാതം ചെയ്യുന്നത് ചീയ്യപ്പാറ വെള്ളച്ചാട്ടമാണ്. ഏഴ് തട്ടുകളിലൂടെ താഴോട്ടൊലിക്കുന്ന ഈ വെള്ളച്ചാട്ടം ഏതൊരു യാത്രികന്റെയും മനം കവരും. ഈ വെള്ളച്ചാട്ടത്തിനു തോട്ടടുത്താണ് മനോഹരമായ വാളറ വെള്ളച്ചാട്ടം. വാളറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തൊട്ടി ആറിലാണ്. ചീയപ്പാറ വെള്ളച്ചാട്ടവും ഒഴുകിയെത്തുന്നത് തൊട്ടിയാറിലേക്ക് തന്നെയാണ്. ശേഷം തൊട്ടിയാര്‍ കാഞ്ഞിരവേലിക്കടുത്ത് വെച്ച് പെരിയാറിലേക്ക് ലയിക്കുന്നു.

വൈകുന്നേരം നാലു മണിയോടെ ഞങ്ങള്‍ അടിമാലിയില്‍ എത്തി. ഇന്ന് ഇവിടെ താമസിക്കണം. നാളെ രാവിലെ മുതല്‍ മൂന്നാറിലെ കാഴ്ച്ചകളിലേക്ക്. അടിമാലി ടൗണ്‍ ആകെ ഒന്ന് കറങ്ങി. കുറച്ച് ഹോട്ടലുകള്‍ മാത്രമേ തുറന്നിട്ടുള്ളു. അവസാനം ബസ് സ്റ്റാന്റിനു തൊട്ടു ചാരിയുള്ള പുതിയത്ത് ലോഡ്ജില്‍ റൂം കിട്ടി. 400 രൂപ രണ്ട് പേര്‍ക്ക്. റൂമില്‍ ബാഗ് വെച്ച് പുറത്തിറങ്ങി. സൂര്യന്‍ അസ്തമിക്കാന്‍ കുറച്ച് നേരം കൂടി ബാക്കിയുണ്ട്.

അടിമാലി ടൗണ്‍ കാണാനിറങ്ങിയ ഞങ്ങള്‍ തലിമാലി വെള്ളച്ചാട്ടത്തിനടുത്താണ് എത്തിയത്. ടൗണില്‍ നിന്ന് മാങ്കുളം പോകുന്ന റൂട്ടിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. മൂന്നാറിലേക്ക് പോകുമ്പോള്‍ ടൗണില്‍ നിന്ന് ഇടതു ഭാഗത്തായി കാണപ്പടുന്ന ഈ വെള്ളച്ചാട്ടത്തെ ഗൂഗിള്‍ മാപ്പില്‍ നൂല്‍പാറ വെള്ളച്ചാട്ടം എന്നാണ് അടായാളപ്പെടുത്തിയിട്ടുള്ളത്. ഈ വെള്ളച്ചാട്ടത്തിന്റെ രണ്ട് കരകളിലും വീടുകളുണ്ട്. വെള്ളച്ചാട്ടത്തെ മുറിച്ചു കടക്കുന്നതിനായി പലയിടത്തായി ചെറിയ കോണ്‍ങ്ക്രീറ്റ് പാലങ്ങലും നിര്‍മ്മിച്ചിട്ടുണ്ട്. ഈ പാലത്തില്‍ നിന്ന് സൂര്യന്‍ അടിമാലിയെ വിട്ട് അകലുന്നതും കണ്ട് ഞങ്ങള്‍ അവിടെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *