💐💐💐♥️
By: Akesh Cheruvathery & Haritha N Haridas
ഓരോ യാത്ര കഴിയുമ്പോഴും അമ്മക്ക് യാത്രയോടുള്ള ഹരം കൂടിവരുന്നു എന്ന് മനസ്സിൽ പൂർണമായും ഉറപ്പിച്ച ഒരു യാത്ര ആയിരുന്നു ഇത്തവണ.
രാവിലെ ചായ കുടിച്ചു സ്വപ്നം കണ്ടുകൊണ്ട് ഇരിക്കുമ്പോഴായിരുന്നു അമ്മയുടെ ആ ചോദ്യം “ഡാ ഇന്ന് അവധി അല്ലേ നമ്മൾക്ക് എങ്ങോട്ടെങ്കിലും ഒക്കെ ഒന്ന് പോയാലോ? ” പെട്ടന്ന് പ്രതീക്ഷിക്കാതെ അങ്ങനെ ഒരു ചോദ്യം കേട്ടത് കൊണ്ടോ എന്തോ ” എന്നാൽ പിന്നെ അമ്മക്ക് ഇത് ഒന്ന് നേരത്തെ പറഞ്ഞൂടായിരുന്നോ ഇനി ഇപ്പൊ നമ്മൾ എവിടേക്ക് പോവും? “എന്ന് ചിന്തിക്കുമ്പോളാണ് അതിനുള്ള ഉത്തരവും കൊണ്ട് അമ്മ എത്തി ” മ്മക്ക് അതിരപ്പിള്ളി പോവാ ഡാ?? “. പിന്നെ വീണ്ടും ഒരു ആലോചനക്ക് സമയം കൊടുക്കാതെ ചായ കുടിച്ചവസാനിപ്പിച്ച് പെട്ടന്ന് യാത്രക്ക് ഉള്ള പണി നോക്കി.
മഴക്ക് മുമ്പേ എപ്പോഴോ പോയതാണ് അങ്ങോട്ട്. അല്ലെങ്കിലും നമ്മൾ തൃശ്ശൂർകാർക്ക് അതിരപ്പിള്ളി ഒരു വികാരം തന്നെ ആണ്. അങ്ങനെ അതിരപ്പിള്ളിയുടെ മനോഹാരിത ഒരിക്കൽ കൂടി ആസ്വദിക്കാൻ ഞങ്ങൾ പുറപ്പെട്ടു. ഇടക്ക് എപ്പോഴൊക്കെ ഒന്ന് തൊട്ടു തലോടി കുഞ്ഞു മഴ ഞങ്ങളെ തേടി വന്നു. അതെല്ലാം ആസ്വദിച്ചു അതിരപ്പിള്ളി എത്തിയപ്പോൾ വെള്ളച്ചാട്ടം പ്രതീക്ഷിച്ചു പോയ ഞങ്ങൾക്ക് ലഭിച്ചത് ഒട്ടും വെള്ളമില്ലതെ ക്ഷീണിച്ചു അവശയായ ഒരു അതിരപ്പിള്ളി ആയിരുന്നു. തീർത്തും നിരാശരായ ഞങ്ങൾ ഇനി എങ്ങോട്ട് അടുത്തതായി പോകും എന്ന് ചിന്തിക്കുമ്പോളായിരുന്നു, ഒരിക്കൽ വാൽപ്പാറ പോയി വന്ന ശേഷം അവിടുത്തെ വിശേഷങ്ങൾ പറയുമ്പോൾ അമ്മയുടെ കണ്ണിലെ തിളക്കം ഓർമ വന്നത്. പിന്നെ മറ്റൊരു ആലോചനക്കു സമയം കൊടുക്കുന്നതിന് മുന്നേ വാൽപ്പാറയിയിലെക്കു ഞങ്ങൾ യാത്ര തിരിച്ചു.. തീർത്തും അതിമനോഹരമായ പച്ച വിരിച്ച ആ കാടിനു നടുവിലൂടെയുള്ള റോഡ്,
മേഘാവൃതമായ ആകാശം, പെയ്യാനായി ആരുടെയോ അനുമതിക്കുവേണ്ടി കാത്തു നിൽക്കുന്ന മഴ… ഒപ്പം അമ്മയോടൊപ്പം ഒരു യാത്രയും.. മറ്റെന്തു വേണം ഇനി.. “”എന്റെ സ്വർഗം.. “”അതായിരുന്നു വാൽപ്പാറയിലേക്കുള്ള ഞങ്ങളുടെ യാത്ര.
ഒരുപാട് ആസ്വദിച്, ചാറ്റൽ മഴയെ സ്നേഹിച്, ഞങ്ങൾ യാത്ര തുടർന്നു. അതിരപ്പിള്ളി നിരാശപെടുത്തിയപ്പോൾ വാൽപ്പാറ എന്ന ആ പ്രദേശം ഞങ്ങളെ ഇരട്ടിയിലധികം പ്രീതിപ്പെടുത്തുകയാണ് ചെയ്യ്തത്.. അൽപ്പ സമയം അവിടെ ചിലവഴിച്ച ശേഷം പൊള്ളാച്ചി വഴി വീട്ടിലേക്കു തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.. ഇടക്കെപ്പോഴൊക്കെയോ മഴ യാത്ര തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അതിലും ഞങ്ങൾ തന്നെ വിജയം കൈ വരിച്ചു. പൊള്ളാച്ചിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കണ്ണാടിയിൽ കൂടി അമ്മയെ നോക്കിയപ്പോൾ അമ്മയുടെ ചിന്ത അടുത്ത യാത്ര എങ്ങോട്ട് വേണമെന്നായിരുന്നു.. അമ്മ ചിന്തിക്കട്ടെ !! അമ്മയുടെ ആഗ്രഹങ്ങൾക്ക് ചിറകുകൾ കൊടുക്കാൻ ഞാൻ ഉള്ളിടത്തോളം കാലം അമ്മയുടെ ആഗ്രഹങ്ങളൊന്നും വെറും ആഗ്രഹങ്ങൾ മാത്രമായി പോവില്ല….
❤
#Love_To_Travel #Love_To_Nature