ഇടുക്കിയുടെ സ്വന്തം റെയിൻബോ വാട്ടർഫാളിലേക്കുള്ള ട്രെക്കിങ്ങിന്റെ വിളി.

By akhil sasidaran

” ചേട്ടാ അട്ടയുടെ കടിയും, കുറച്ചു കട്ടിയായായ ട്രെക്കിങ്ങിനും റെഡി ആണേൽ ഒരു കിടിലൻ വെള്ളച്ചാട്ടത്തിൽ പോകാം നമുക്ക്. ”

ജസ്റ്റിൻ ബ്രോയുടെ ഈ ചോദ്യത്തിന് എനിക്ക് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു ഇന്ന് പോകണോ അതോ നാളെയോ എന്ന്. 😃

മനസ്സിനും ശരീരത്തിനും ഒരേ സമയം സംതൃപ്തി നൽകുന്ന ഒരു ട്രാവൽ ആക്ടിവിറ്റി ഏതാണ് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രം ഫോറെസ്റ് ട്രെക്കിങ്ങ്. മഴക്കാടുകളിലെ ശുദ്ധമായ വായുവും , ഈർപ്പം നിറഞ്ഞ മണ്ണും , മഞ്ഞിന്റെ ആവരണത്തോടെയുള്ള പച്ചപ്പും, കിളികളുടെ കൊഞ്ചലും മറ്റു മൃഗങ്ങളുടെ ശബ്ദവും നമുക്ക് വല്ലാത്തൊരു എനർജി നൽകും. കലർപ്പില്ലാത്ത പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള യാത്രകൾ ആണ് ഓരോ ട്രെക്കിങ്ങും. മണിക്കൂറുകൾ നീളുന്ന ആയാസകരമായ സാഹസികത നിറഞ്ഞ ആ ട്രെക്കിങ്ങിന്റെ അവസാനം നുരഞ്ഞു പതഞ്ഞു ഉയരങ്ങളിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന വലിയൊരു വെള്ളച്ചാട്ടത്തിനടുത്തേക്കു എത്തിയാലോ, അതുവരെയുള്ള ട്രെക്കിങ്ങിന്റെ ക്ഷീണം മാറി നാം വീണ്ടും ഉഷാർ ആകും. കേരളത്തിലെ അധികം അറിയപ്പെടാത്ത എന്നാൽ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നിലേക്കാണ് നമ്മുടെ ഈ ട്രെക്കിങ്ങ്. ‘ ഇടുക്കിയിലെ റെയിൻബോ വാട്ടർഫാൾ ‘ എന്നറിയപ്പെടുന്ന കീഴാർകുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള സാഹിസികത നിറഞ്ഞ ഈ ട്രെക്കിങ്ങ് ആരംഭിക്കുന്നത് ഉടുമ്പന്നൂർ എന്ന ഇടുക്കിയിലെ ഒരു ചെറിയ ടൗണിൽ നിന്നാണ്. വിവിധ ഇനം വിഷപാമ്പുകളാൽ നിറഞ്ഞ പ്രദേശമാണ് ഇത് എന്ന കാര്യത്തെ ഒന്നോർമിപ്പിക്കാൻ ആയിട്ടാണെന്നു തോന്നുന്നു ട്രെക്കിങ്ങിന്റെ തുടക്കം തന്നെ ഒരു ഉഗ്രൻ പാമ്പത്താൻ ആണ് നമ്മളെ സ്വാഗതം ചെയ്യാൻ എത്തിയത്.

കൈതപ്പാറ എന്ന വനഗ്രാമത്തിലേക്ക്…

ഉടുമ്പന്നൂർ ടൗണിൽ നിന്നും 14 കിലോമീറ്റർ ആണ് കീഴാർകുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങ് പാത ആരംഭിക്കുന്ന കൈതപ്പാറയിലേക്കുള്ള ദൂരം.

ഏതാണ്ട് 3 കിലോമീറ്റർ ജനവാസ മേഖലയിലൂടെയും ബാക്കി വനമേഖലയിലൂടെയുമുള്ള ഒരു കിടിലൻ ഓഫ് റോഡ് ആണ് ഇങ്ങോട്ടേക്ക്. മൂന്ന് ബൈക്കുകളിൽ ആയി കൈതപ്പാറക്കു ഓഫ് റോഡ് റൈഡ് ആരംഭിച്ച ഞങ്ങളുടെ ബൈക്കുകളിൽ ഒന്നിന്റെ വൈസറിൽ നിന്നും ഒരു പാമ്പു എത്തിനോക്കിയതോടെ ആണ് സാഹസിക സഞ്ചാരത്തിന് തുടക്കം കുറിക്കുന്നത്. ഫ്രീ ആയിട്ട് സഞ്ചരിക്കാൻ എത്തിയ ആ വിദ്വാനെ എടുത്ത് തൂക്കിയെടുത്തു കാട്ടിലേക്ക് തന്നെ വിട്ടു മുന്നിലേക്ക് നോക്കുമ്പോൾ കൈതപ്പാറ എന്ന വനഗ്രാമത്തിലേക്ക് പുറംലോകത്തിനു എത്തിപെടാനായിട്ടുള്ള ഒരേ ഒരു പാലം ആണ് മുന്നിൽ. പാലം എന്നാൽ ഒരു പാട് വലുതൊന്നും അല്ല ഒരു ചെറിയ ചപ്പാത്ത്. ഉൾവനത്തിൽ നിന്നും വരുന്ന പുഴയുടെ കുറുകെ അത്ര ഉയരത്തിലൊന്നുമല്ലാതെ നിർമ്മിച്ചിരിക്കുന്ന ഒരു കോൺക്രീറ്റ് പാലമാണിത്. മിക്കവാറും മഴക്കാലങ്ങളിൽ ആഴ്ചകളോളം വെള്ളം മൂടി കിടക്കുന്ന ഈ പാലം കൈതപ്പാറയെ പുറംലോകത്തു നിന്നും ഒറ്റപെടുത്താറുമുണ്ട്. ഏതു നിമിഷവും മലവെള്ളം പെട്ടന്ന് തന്നെ എത്തുന്ന ഈ ചപ്പാത്ത് അൽപ്പം അപകടം പിടിച്ചതുമാണ്. ചപ്പാത്ത് കടന്നു കഴിഞ്ഞാൽ പിന്നെ നല്ല അസൽ കാട്ടുവഴി ആണ്. ഇരുവശവും തിങ്ങി നിറഞ്ഞു നിൽക്കുന്ന നിശബ്ദമായ വനപാതയിൽ വല്ലപ്പോഴും കടന്നു പോകുന്ന ജീപ്പിന്റെ ശബ്ദവും, ഞങ്ങളുടെ ബൈക്കുകളുടെ ശബ്ദവും മാത്രം. ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേക്കു എന്ന രീതിയിലാണ് ബൈക്ക് മിക്കയിടത്തും പോയിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ വഴിയുടെ കുറുകെ ചെറു വെള്ളച്ചാട്ടങ്ങളിൽ നിന്നും വരുന്ന അരുവികൾ തീർക്കുന്ന ചപ്പാത്തുകൾ. റോഡിനു കുറുകെയുള്ള ഇത്തരം ചെറു അരുവികൾ പലതും മഴക്കാലങ്ങളിൽ രൗദ്ര ഭാവം പൂണ്ടു വാഹനങ്ങൾക്കു സഞ്ചരിക്കാൻ സാധിക്കാതെ അവസ്ഥ സൃഷ്ടിക്കാറുണ്ട്. Kerala Forest Department – ന്റെ ഒരു ചെക്ക്പോസ്റ്റും കൈതപ്പാറയിലേക്കു സ്വാഗതം എന്ന ആർച്ചും കടന്നു മുൻപോട്ടു നീങ്ങുമ്പോൾ നാം കൈതപ്പാറ എന്ന സുന്ദരമായ കാർഷിക ഗ്രാമത്തിലേക്ക് എത്തിയിരിക്കുന്നു. സ്‌കൂൾ ബസ്സിൽ നാട്ടുകാർ സഞ്ചരിക്കുന്ന ഒരേയൊരു ഗ്രാമം.

ഒരു ചെറിയ പലചരക്ക് കട , ഒരു പള്ളി , പിന്നെ വനംവകുപ്പിന്റെ ഒരു ചെറിയ ഓഫീസ് ഇവയൊക്കെ ആണ് കൈതപ്പാറ എന്ന വനഗ്രാമത്തിലെ ആഡംബരങ്ങൾ. മൂവാറ്റുപുഴ ,തൊടുപുഴ പ്രദേശങ്ങളിലുള്ളവർക്ക് ഇടുക്കിയിൽ എത്തിച്ചേരാനുള്ള എളുപ്പമുള്ള വഴിയാണ് ഇത്. കൈതപ്പാറയിൽ നിന്നും ഇടുക്കി മണിയാറൻകുടിയിലേക്കു വളരെ കുറച്ചു ദൂരമേയുള്ളൂ. എന്നാൽ തകർന്നുകിടക്കുന്ന വനപാത യാത്രാ സമയത്തെ ഇരട്ടിയാക്കും.

പൂർണ്ണമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് കൈതപ്പാറ നിവാസികൾ. കുരുമുളക്, കൊക്കോ, റബ്ബർ, പിന്നെ പുൽമേടുകളിൽ മേയുന്ന ആടുകളുടെ കൂട്ടങ്ങൾ ഇവയൊക്കെ ആണ് ഇവിടെ എത്തിയപ്പോൾ ഞങ്ങളെ സ്വാഗതം ചെയ്തത്. കൈതപ്പാറയിൽ അമ്പതോളം വീടുകളുണ്ടെങ്കിലും നിരവധി വീടുകളിൽ ജനവാസമില്ല. വർഷത്തിലെ നാലുമാസത്തോളം പ്രതികൂല കാലാവസ്ഥയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഗതാഗത പ്രശ്നങ്ങളും കാരണം നിരവധി ആളുകൾ കൈതപ്പാറ വിട്ടു പോയിരിക്കുന്നു. കൈതപ്പാറയെ വന്യ മൃഗങ്ങൾ നിറഞ്ഞ നിബിഡ വനഭൂമിയിൽ നിന്നും ഫലഭൂയിഷ്ഠമായ കൃഷിസ്ഥലമാക്കി മാറ്റിയ കുടിയേറ്റ കർഷകന്റെ പിൻഗാമികളിൽ കുറച്ചുപേർ മാത്രമേ ഇപ്പോഴും ഇവിടം വിട്ടുപോകാതെ തുടരുന്നുള്ളു ജീപ്പുകളാണ് പ്രധാന ഗതാഗത മാർഗ്ഗം. ഒരു മിനിബസ് ദിവസം രണ്ടുതവണ തൊട്ടടുത്ത ടൗൺ ആയ ഉടമ്പന്നൂരിൽ നിന്നും ഇങ്ങോട്ടേക്കു സർവീസ് നടത്തുന്നു. പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള ഈ ബസ് അടുത്തുള്ള പട്ടണങ്ങളായ ഉടുമ്പന്നൂർ, കരിമണ്ണൂർ എന്നിവിടങ്ങളിൽ പഠിക്കുന്ന കൈതപ്പാറയിലെ കുട്ടികൾക്കുള്ള ആകെയുള്ള സഞ്ചാര മാർഗം ആണ്. മറ്റ് പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക അനുമതിയോടെ നാട്ടുകാരും ഇതേ ബസ് തന്നെ യാത്രകൾക്കായി ഉപയോഗിക്കുന്നു.

ആനപിണ്ഡവും, വിഷപാമ്പുകളെയും കണ്ടു വിരണ്ട ട്രെക്കിങ്ങ്. കൈതപ്പാറയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് കീഴാർകുത്ത് വെള്ളച്ചാട്ടം. ധാരാളം വന്യജീവികളുള്ള വനമേഖലയാണ് ഇത്. ആന , കരടി, കുറുക്കൻ , പുലി പിന്നെ രാജവെമ്പാലയും, മലമ്പാമ്പും ഉൾപ്പടെ വിവിധയിനം പാമ്പുകളും ഉള്ള വനം. വഴിതെറ്റി കാട്ടിൽ അകപ്പെടാൻ ഉള്ള സാധ്യതയും വളരെ കൂടുതൽ ആണ്. പരിചയസമ്പന്നരുടെ സഹായമില്ലാതെ ഇവിടെയെത്താൻ കഴിയില്ല. കൈതപ്പാറയിൽ നിന്നുള്ള ആദ്യകാല കുടിയേറ്റ കർഷകനായ ചാക്കോ ചേട്ടൻ ആയിരുന്നു ഞങ്ങളുടെ വഴികാട്ടി. ബൈക്ക് ചാക്കോ ചേട്ടന്റെ വീട്ടിൽ വെച്ചിട്ട് ട്രെക്കിംഗ് ആരംഭിച്ചു. നടത്തം ആരംഭിച്ചു അൽപ്പം സമയം കഴിഞ്ഞപ്പോൾ തന്നെ കൃഷിയിടങ്ങളിൽ നിന്നും അന്തരീക്ഷം ഒരു തികഞ്ഞ വനത്തിന്റെ സ്വഭാവത്തിലേക്ക് മാറി. ഭീമാകാരൻമാരായ മരങ്ങളാൽ ചുറ്റപ്പെട്ട ഇരുണ്ട പ്രദേശങ്ങളിലൂടെയാണ് പോകുന്നത്. പോകാനുള്ള വഴി എന്ന് പറയാവുന്ന ഒറ്റയടി പാതയുടെ ഇരുവശത്തുമുള്ള കുറ്റിച്ചെടികളും മറ്റ് ചെടികളും ചാക്കോ ചേട്ടൻ ഇടുക്കികാരന്റെ കയ്യിൽ എപ്പോളും കാണുന്ന ആ ടിപ്പിക്കൽ അരിവാൾ ഉപയോഗിച്ച് വെട്ടിമാറ്റി വഴി ഉണ്ടാക്കി ആണ് നടക്കുന്നത്.

കുത്തനെ ഇറങ്ങുകയും പിന്നീട് മുകളിലേക്ക് കയറുകയും ചെയ്തു കുറച്ചു ദൂരം ട്രെക്ക് ചെയ്തപ്പോൾ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം അകലെ നിന്നും കേൾക്കാം. കാട്ടുവള്ളികളാൽ മൂടിയ നടപ്പാത പെട്ടെന്ന് അങ്ങ് അപ്രത്യക്ഷമാകും പിന്നെ ചുറ്റിലും സമാനമെന്ന് തോന്നിപ്പിക്കുന്ന വനമേഖലയാണ് അതുകൊണ്ടു തന്നെ വഴി ഉണ്ടാക്കിയാണ് പോയിക്കൊണ്ടിരിക്കുന്നത്. ട്രെക്കിങ്ങ് ഷൂ ഇട്ട ഞാൻ ഒരു ഒന്ന് രണ്ടു തവണയും , വള്ളിച്ചെരുപ്പിട്ട ട്രെക്കിങ്ങ് മേറ്റ്സ് വീഴലോട് വീഴലുകളും നടത്തിക്കൊണ്ടിരിക്കുന്ന ഈ ട്രെക്കിങ്ങിൽ ചാക്കോ ചേട്ടൻ ചെറിയൊരു തെന്നൽ പോലും ഇല്ലാതെ അജയ്യനായി മുൻപിൽ നടക്കുന്നുണ്ടായിരുന്നു. ഇടുക്കിയുടെ മിക്കവാറും എല്ലാ വനങ്ങളിലും കാണുന്ന രക്തദാഹികളായ അട്ടകൾ ഇവിടെയും ഉണ്ടായിരുന്നു. ചാക്കോ ചേട്ടന്റെ കയ്യിലുള്ള മരുന്ന് പുരട്ടിയ കിഴിയുടെ മണം അടിച്ചു ആ ഡ്രാക്കുളകൾ പക്ഷെ രാജ്യം വിട്ടു പോകുന്നുണ്ടായിരുന്നു എന്നതാണ് ആശ്വാസം.

ട്രെക്കിംഗ് അതിന്റെ യഥാർത്ഥ സ്വഭാവത്തിലേക്ക് എത്തി. മരങ്ങളിലും കാട്ടുവള്ളികളിലും പിടിച്ചാണ് കയറ്റം. ചെങ്കുത്തായ ചെരുവുകളിൽ നിന്നും താഴേക്ക് വീണാൽ നല്ല രീതിയിൽ പരുക്ക് പറ്റുമെന്ന് ഉറപ്പാണ്, എന്നാൽ അതല്ല യഥാർത്ഥ അപകടം. വീഴാതെ കയറി പിടിക്കുന്ന മരത്തിന്റെയോ കുറ്റിച്ചെടിയിലോ നേരത്തെ തന്നെ ഇടം പിടിച്ചിരിക്കുന്ന ചില അന്തേവാസികൾ ഉണ്ട്. അണലി വിഭാഗത്തിൽ പെട്ട പാമ്പുകൾ , തേൾ മുതലായവയാണ്‌. നോക്കീം കണ്ടും മരത്തിൽ കയറി പിടിച്ചില്ലേൽ കടി ഉറപ്പാണ്. Russell’s Viper വിഭാഗത്തിൽ പെട്ടവയുടെ കടി കിട്ടിയാൽ കഷ്ട്ടിച്ചു ഇരുപതു മിനിട്ടു കഴിയുമ്പോൾ നമ്മുടെ വിസ തീരും. അതുകൊണ്ടു വളരെ സൂക്ഷിച്ചാണ് ഞങ്ങൾ ട്രെക്ക് ചെയ്തു കൊണ്ടിരുന്നത്. നിരവധി വിഷപാമ്പുകളാൽ നിറഞ്ഞ വന പ്രദേശം ആണിത്. ട്രെക്കിങ്ങിനിടയിൽ പല സ്ഥലങ്ങളിലും അത്തരം ചങ്ങാതിമാരെ കാണാൻ സാധിച്ചു.

തൊമ്മൻകുത്ത് ഉൾപ്പട്ട ഇടുക്കിയിലെ വളരെ ഡീപ്പ് ആയ ഒരു വനമേഖല ആണിത്. മഴ പെയ്തതിനാൽ ഞങ്ങളുടെ ട്രെക്കിങ്ങ് കൂടുതൽ ദുഷ്ക്കരം ആവുകയും ചെയ്തു.ഏകദേശം ഒരു മണിക്കൂറോളം തെന്നി വീണും , എണീറ്റും, നടന്നും നിരങ്ങിയുമൊക്കെ നിറയെ കുറ്റിച്ചെടികളാൽ മൂടിയ ഒരു പ്രദേശത്തെത്തിയപ്പോൾ ശക്തമായ കാറ്റും ആ ഭയപ്പെടുത്തുന്ന ശബ്ദവും ഞങ്ങളുടെ തൊട്ടടുത്ത് ആയിരിക്കുന്നു. അങ്ങനെ അവസാനം ഇടുക്കിയിലെ റെയിൻബോ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന കീഴാർകുത്ത് വെള്ളച്ചാട്ടം ഇതാ ഞങ്ങളുടെ തൊട്ടു മുന്നിൽ. ഇടുക്കിയുടെ സ്വന്തം റെയിൻബോ വാട്ടർഫാൾ.

1500 മീറ്ററോളം ഉയരത്തിൽ നിന്നും അത്യാവശ്യം നല്ല വീതിയിൽ ഭൂമിയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് കീഴാർകുത്ത്. ഇതൊരു വമ്പൻ വെള്ളച്ചാട്ടം തന്നെ ആണ്. വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ചെല്ലുന്നതും പോലും അസാധ്യമായ കാര്യം ആണ്. അടുത്തേക്ക് ചെല്ലും തോറും താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ ശക്തിയിൽ അതി ശക്തമായ കാറ്റ് നമ്മെ പുറകോട്ടു തള്ളും. കാട്ടിലെ മഴയെ ആശ്രയിച്ച്, ഏത് നിമിഷവും ജലനിരപ്പ് ഉയരുന്ന ഈ വെള്ളച്ചാട്ടത്തിൽ വേനലിൽ അല്ലാതെ കുളിക്കുന്നതും, ഇറങ്ങുന്നതുമൊക്കെ സ്വപനങ്ങളിൽ മാത്രം. ഉൾ വനത്തിൽ നിന്നും വരുന്ന വെള്ളച്ചാട്ടത്തിലെ ശുദ്ധമായ തണുത്ത വെള്ളത്തിലെ കുളി അതുകൊണ്ടു ഞങ്ങൾക്ക് സാധ്യമായില്ല. എന്തുകൊണ്ടാണ് കീഴാർകുത്ത് വെള്ളച്ചാട്ടത്തെ റെയിൻബോ ഫാൾ എന്ന് വിളിക്കുന്നത് എന്ന് അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മനസിലായി. നീലാകാശത്തിൽ നിന്ന് എന്ന രീതിയിൽ താഴേക്ക് പതിക്കുന്ന വെളുത്ത നുരഞ്ഞു പതഞ്ഞ വെള്ളച്ചാട്ടത്തിൽ സൂര്യ രശ്മികൾ തീർക്കുന്ന മഴവില്ലിന്റെ കാഴ്ച എത്ര സമയം കണ്ടു നിന്നുവെന്നു ഓർമ്മയില്ല, അത്രക്കും മനോഹരമായ ദൃശ്യമാണത്. ഇടയ്ക്കിടെ ഈ മഴവില്ലിന്റെ ഭംഗി വന്നും പോയുമിരുന്നു.

ഇടുക്കിയിലെ റെയിൻബോ വെള്ളച്ചാട്ടത്തിന്റെ സുന്ദരമായ കാഴ്ച സാധാരണ സഞ്ചാരികൾക്ക് കാണുക എന്നത് കുറച്ചു ബുദ്ധിമുട്ടു തന്നെ ആണ്. കാരണം ഉൾവനത്തിലൂടെയുള്ള സാഹസിക ട്രെക്കിംഗ് നടത്താൻ കഴിയുന്നവർക്ക് മാത്രമേ ഈ ദർശനം ലഭ്യമാകൂ. അതുകൊണ്ടു തന്നെ ഒരുപാട് സഞ്ചാരികൾ ഒന്നും ഇവിടേയ്ക്ക് എത്തുന്നുമില്ല. ചുരുക്കം ചില സാഹസിക പ്രിയരായ സഞ്ചാരികളും , വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്‌സും മാത്രം എത്തുന്നതിനാൽ ഇപ്പോൾ ഇവിടം മാലിന്യരഹിതമാണ്. ജസ്റ്റിൻ ബ്രോയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന കപ്പപ്പുഴുക്കും ബീഫുകറിയും ഇടുക്കിയുടെ സ്വന്തം റെയിൻബോ വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ ഇരുന്നു അകത്താക്കി വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു കാട്ടാനകൾ കുളിക്കുന്ന കാട്ടരുവിയിൽ ഒരു ചെറു നീരാട്ടും കഴിഞ്ഞാണ് ഞങ്ങൾ കാടിറങ്ങിയത്.

ഇടയ്ക്കിടെ തെന്നി വീണും, അപകടകാരികളായ പാമ്പുകൾക്ക് മുന്നിൽ പെട്ടതും , ഫ്രഷ് ആനപ്പിണ്ടം കണ്ട ഞെട്ടലും, രക്തദാഹിയായ അട്ട കടിച്ചതും എല്ലാം ഈ സാഹസിക ‌ ട്രെക്കിങ്ങിലെ മറക്കാനാവാത്ത അനുഭവങ്ങൾ ആയിരുന്നു. ഒരു മഴക്കാടുകളിലൂടെയുള്ള ട്രെക്കിംഗ്, വന്യവും മനോഹരവുമായ വെള്ളച്ചാട്ടങ്ങളുടെ ദർശനം , വന്യമൃഗങ്ങളുടെ സാമിപ്യം, കാടിന്റെ ചില സ്പർശനം ഇവയെല്ലാം ഓരോ തിരിച്ചറിവുകൾ ആണ്. യഥാർത്ഥ പ്രകൃതിയിലേക്കുള്ള നമ്മുടെ ചില മടക്കങ്ങൾ ആണ് ഇത്തരം ഓരോ വനയാത്രയും. എത്ര അപകട സാഹചര്യങ്ങൾ വഴി മുടക്കികൾ ആയാലും കാട് നമ്മെ വീണ്ടും മോഹിപ്പിക്കുകയും, മാടി വിളിക്കുകയും ചെയ്യും. മടക്കയാത്രയിൽ കേട്ട കീഴാർകുത്ത് വെള്ളച്ചാട്ടത്തിന്റെ അകലങ്ങളിൽ നിന്നുള്ള മൂളലിൽ ആ വിളി എനിക്ക് കേൾക്കാമായിരുന്നു. കീഴാർകുത്ത് വെള്ളച്ചാട്ടത്തിന്റെ കൂടുതൽ വിവരങ്ങളും ഫോട്ടോസും എന്റെ ബ്ലോഗിലും, വിശദമായ ട്രെക്കിങ്ങ് വീഡിയോ യൂട്യൂബ് ചാനലിലും ഉണ്ട്.

Hope to see you somewhere on the road…😊

keep traveling…!!! ✌

Leave a Reply

Your email address will not be published. Required fields are marked *