ഇന്ന് കണ്ട ചില കാഴ്ചകൾ

രചന : മുറു…

ഇന്നത്തെ യാത്രയിൽ കണ്ട ഒന്നാണ് തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും, ബീച്ചിലും, മാളിലും, പാർക്കിലും കാമുകന്റെ കൂടെ നടക്കുന്ന പെണ്കുട്ടികൾ. സ്ഥിരമായി കാണുന്നതാണ് ഈ ഒരു കാഴ്ച. എങ്കിലും ഇന്ന് എന്തോ അതിനെ കുറിച്ച് എഴുതാൻ തോന്നി.

അങ്ങിനെ കറങ്ങി നടക്കുന്നവരോടുള്ള കുറച്ചു ചോദ്യങ്ങൾ ആണ് ഈ എഴുത്ത്.

സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്, മുഖം മറച്ച് ആരും എന്നെ അറിയുന്നില്ല എന്ന ധാരണയിൽ കാമുകനൊപ്പം പോകുമ്പോൾ നീ വഞ്ചിക്കുന്നത് ആരെയൊക്കെയാണെന്ന് നീ ഓർക്കാറുണ്ടോ.

കാമുകനൊപ്പം കറങ്ങാൻ പോകാൻ വേണ്ടി ട്യൂഷനെന്നും സ്‌പെഷ്യൽ ക്ലാസ്സെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ, അതിരാവിലെ എഴുന്നേറ്റ് നിനക്ക് കഴിക്കാനും കൊണ്ടുപോകാനുമുള്ള ഭക്ഷണം ഉണ്ടാക്കി നിന്നെ ഒരുക്കി വിട്ട ശേഷം നീ ക്ലാസ്സിൽ ഉണ്ടാകും എന്ന് വിശ്വസിച്ച് വീട്ടിൽ ഇരിക്കുന്ന മാതാവിനെയാണ് നീ ആദ്യം വഞ്ചിക്കുന്നതെന്ന് എന്നെങ്കിലും നീ ആലോചിച്ചിട്ടുണ്ടോ.

കൂട്ടുകാരുടെ മുന്നിൽ നീ ചെറുതാകാതിരിക്കാൻ നിനക്ക് പുസ്തകവും ബാക്കി സൗകര്യങ്ങളും ഒരുക്കാനായി വെയിലിനെയും മഴയെയും മഞ്ഞിനെയും വക വെക്കാതെ പണി എടുക്കുന്ന പിതാവിനെയാണ് വഞ്ചിക്കുന്നതെന്ന് നീ ഓർക്കാറുണ്ടോ.

കാമുകനൊപ്പം പോകുന്ന നിന്നെ നേരിൽ കാണേണ്ട സാഹചര്യം ഉണ്ടായാൽ നിന്റെ പിതാവോ, മാതാവോ അപ്പോൾ അനുഭവിക്കുന്ന മനോവേദനയെ കുറിച്ച് അറിഞ്ഞിട്ടുണ്ടോ…

നീ കാമുകനുമൊത്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കൊണ്ട് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ നിന്റെ സഹോദരങ്ങൾ ആയി എന്ന ഒറ്റ കാരണം കൊണ്ട് തലതാഴ്ത്തി നിൽക്കേണ്ടി വരുന്നവരെ കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ.

ഇപ്പോൾ സ്നേഹത്തോടെ കൊണ്ടുനടക്കുന്ന നിന്റെ കാമുകൻ നാളെ നിന്നെ ചതിച്ചാൽ നിനക്ക് ഉണ്ടാകുന്ന മാനഹാനി, അതിനെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ.

നാളെ ഈ കാമുകൻ നിന്നെ ഉപേക്ഷിച്ചാൽ പവിത്രമായ മനസ്സും ശരീരവും ആഗ്രഹിച്ച് നിന്നെ വിവാഹം ചെയ്യാൻ പോകുന്ന വരനെ കുറിച്ച് നീ ഓർക്കാറുണ്ടോ.

മുഖം മറച്ചിരിക്കുന്ന എന്നെ ആർക്കും മനസ്സിലാകില്ല എന്ന് കരുതുന്ന കാമുകി ഒന്നോർക്കുക, സ്വന്തം മകളെയോ സഹോദരിയെയോ തിരിച്ചറിയാൻ ഒരു മാതാവിനും പിതാവിനും സഹോദരങ്ങൾക്കും നിന്റെ മുഖം കാണേണ്ട ആവശ്യം ഇല്ല എന്ന സത്യം.

പ്രണയം എന്നത് ശരീരത്തോട് അല്ല, മനസ്സിനോടാണ് വേണ്ടത്. മനസ്സിനോട് പ്രണയമുള്ളവർ ആരും, ഒളിച്ചും പാത്തും മുഖവും മറച്ച് നിന്നെയും കൊണ്ട് ബീച്ചിലും പാർക്കിലും മാളിലും ചുറ്റാൻ പോകില്ല.

എന്നും കാണുന്നതും സംസാരിക്കുന്നതും അല്ല പ്രണയം, കാണാതിരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സ്വപ്നങ്ങളാണ് പ്രണയം. പരസപരം കാണാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതാണ് പ്രണയം. കണ്ണകന്നാലും മനസ്സകലാത്തതാണ് പ്രണയം. അകലങ്ങളിൽ നിന്നും പരസ്‌പരം ഓർക്കുന്നതാണ് പ്രണയം. ആ പ്രണയത്തിന് മുഖം മറക്കലുകൾ ഇല്ല, കള്ളത്തരങ്ങൾ ഇല്ല. ശരീരസുഖങ്ങൾ ഇല്ല. കാമം ഉണ്ടാകില്ല.

ശരീരത്തെ പ്രണയിക്കാതെ ഹൃദയത്തെ പ്രണയിക്കൂ….

രചന : മുറു…

Leave a Reply

Your email address will not be published. Required fields are marked *