പഠിത്തം കഴിഞ്ഞ് ജോലിക്കുള്ള ടെസ്റ്റുകൾ എഴുതിയിരിക്കുന്ന സമയത്താണ് അച്ഛനെന്റെ വിവാഹം നടത്താനുറച്ചത്..

എ കെ സി അലി

എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി എന്നത് ഞാനേറെ സ്വപ്നം കണ്ടതാണത് അതു കൊണ്ടാണ് ജോലി കിട്ടിയിട്ട് മതി കല്യാണമെന്ന് അമ്മയുടെ സാരി തുമ്പിൽ തൂങ്ങി ഞാൻ പറഞ്ഞത് അതൊന്നും അമ്മയും അച്ഛനും മുഖവിലക്കെടുത്തില്ല..

പട്ടിണി കിടന്നു നോക്കി അതിനു കിട്ടിയത് അവഗണനയായിരുന്നു..

ആരോടും ഒരക്ഷരം മിണ്ടാതെ ഇരുന്നുനോക്കി അതൊന്നും അച്ഛനും അമ്മയും കണ്ടതേയില്ല..

ഏറെ കെഞ്ചി പറഞ്ഞു നോക്കി അതും അച്ഛനും അമ്മയും കേട്ടില്ലെന്ന് നടിച്ചു..

പിന്നെ എന്റെ ഉണർവ്വില്ലാത്ത ഇരിപ്പു കണ്ടാണമ്മ അച്ഛനോട് ചോദിച്ചത് അവൾക്കൊരു ജോലി കിട്ടിയിട്ട് കെട്ടിച്ചു വിടുന്നതല്ലേ നല്ലതെന്ന്.. അതിനു അന്ന് അമ്മക്കും കേട്ടത് വഴക്കായിരുന്നു..

അച്ഛൻ വാക്കുകൾ കടുപ്പിച്ച് ” അടങ്ങി ഒതുങ്ങി ഞാൻ പറഞ്ഞത് അനുസരിച്ചാ മതി ഉയർന്ന കുടുംബത്തിൽ നിന്ന് ഇങ്ങനെ ഒരു ആലോചന വന്നത് നിന്റെ ഭാഗ്യമാണെന്ന് കൂട്ടിയാൽ മതി എന്ന് പറഞ്ഞപ്പോൾ പിന്നെ എതിർക്കാനൊന്നും എന്റെ നാവ് പൊങ്ങിയില്ല..

എന്റെ ഭാവി സുരക്ഷിതമെന്നോർത്താവണം അച്ഛൻ എന്നെ കെട്ടാൻ പോകുന്നവന്റെ ജോലിയോ വിദ്യാഭ്യാസമോ നോക്കാതിരുന്നതെന്ന് മനസ്സിലായപ്പോൾ ഞാൻ പിന്നെ അനുസരണയുള്ള മകളായി മാറി..

എങ്കിലും വിവാഹത്തിന് സമ്മതിക്കുമ്പോൾ എന്നോട് തന്നെ എനിക്കൊരു വാശി തോന്നിയിരുന്നു..

വല്ലാത്തൊരു ദേഷ്യത്തോടെയാണ് ഞാൻ കല്യാണ പന്തലിൽ ചെന്നു നിന്നത്..

സ്വന്തം വീട്ടിൽ നിന്ന് പടിയിറങ്ങുന്നതോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

നിറ കണ്ണുകൾ തുടക്കാൻ വന്ന അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കിയതും ഒരു തേങ്ങലോടെ അമ്മ എന്നെ ചേര്‍ത്ത് പിടിച്ചു..

അമ്മ എന്നെ അനുഗ്രഹിച്ച് യാത്രയാക്കുമ്പോൾ അമ്മയുടെ പ്രാർത്ഥനകൾ ഞാൻ കേട്ടിരുന്നു..

പടിയിറങ്ങുമ്പോൾ എന്നെ ഒരുത്തന്റെ കയ്യിൽ ഏൽപ്പിച്ചതിന്റെ ആശ്വാസം അച്ഛന്റെ കലങ്ങിയ കണ്ണുകളിലും മുഖത്തും ഞാൻ കണ്ടിരുന്നു..

ഞാൻ നട്ടു നനച്ച മുല്ലയും തെച്ചിയും ജമന്തിയുമെല്ലാം കാറ്റിലാടുമ്പോൾ എനിക്ക് തോന്നി അവയും എന്നെ യാത്രയാക്കുകയാണെന്ന്..

കല്യാണം കഴിഞ്ഞ് നാളുകൾ മാറുമ്പോൾ കെട്ടിയവന്റെ സംസാരത്തിൽ ഒരു തരം ഈഗോ ഞാൻ മനസിലാക്കിയിരുന്നു..

അതൊന്നും കാര്യമാക്കാതെ വെറുതെ ഇരിക്കുകയല്ലേ എന്ന് കരുതി കമ്പ്യൂട്ടർ ക്ലാസിന് പോകട്ടേന്നു ചോദിച്ചപ്പോൾ’ കെട്ടിയവനിൽ നിന്നും കെട്ടിയവന്റെ വീട്ടിൽ നിന്നും ഒരു തരം പരിഹാസ പ്രതികരണമായിരുന്നു കേട്ടത്..

അതിന്റെ ആവശ്യമൊന്നുമില്ല വലിയ പഠിപ്പെന്നും ഇവിടെ വേണ്ട” എന്ന് പറഞ്ഞു കെട്ടിയവൻ മുഖം തിരിച്ചപ്പോൾ എനിക്ക് വന്ന സങ്കടം ഞാൻ മറച്ചു പിടിച്ചു..

ഒരിക്കൽ ഞാനൊരു ജോലിക്കായി ശ്രമിക്കട്ടെ എന്ന് ചോദിച്ചപ്പോൾ കേട്ടത് ചീത്തകളും കണ്ടത് ദേഷ്യപ്പെടലുകളുമായിരുന്നു..

അന്നെന്റെ വലിയ ആഗ്രഹങ്ങൾ പൂട്ടി വെക്കുമ്പോൾ അതു വരെ ജോലിക്കായി എഴുതിയ ടെസ്റ്റുകളും പഠിച്ചതുമെല്ലാം വെറുതെയായി എന്നൊരു തോന്നൽ സങ്കടത്തോടൊപ്പം വന്നിരുന്നു..

പിന്നീടങ്ങോട്ട് ബുക്കുകൾ വായിക്കുന്നതും ജോലിക്കായി അപേക്ഷകൾ അയക്കുന്നതുമെല്ലാം ഞാൻ എന്നത്തേക്കുമായി നിർത്തി..

പഠിച്ച പുസ്തകമെല്ലാം അലമാരയിൽ വെച്ചടച്ചു പൂട്ടുമ്പോൾ എന്നിൽ നിന്നും എന്തോ നഷ്ടമാകുന്നത് പോലെ തോന്നിയിരുന്നു..

ഇതിനായിരുന്നോ അച്ഛനെന്നെ ഫീസ് കൊടുത്തു ഇത്രയും പഠിപ്പിച്ചതെന്ന് എന്നോട് തന്നെ ഞാൻ ചോദിച്ചിരുന്നു..

ഇങ്ങനെ കഴിയാനായിരുന്നോ ഞാൻ പഠിച്ചു സ്വപ്നങ്ങളേറെ കണ്ടതെന്ന് നിറ കണ്ണുകളോടെ ഞാനോർത്തിരുന്നു..

കണ്ണുകൾ നിറയുമ്പോഴും എനിക്ക് തോന്നി എനിക്ക് പറഞ്ഞിട്ടുള്ളത് ഈ അടുക്കളയും കരിയും പുകയും തന്നെയാണെന്ന്..

പഠിച്ചതും സ്വപ്നം കണ്ടതുമെല്ലാം എന്നിലവസാനിച്ചപ്പോൾ ആരും കാണാതെ ഞാൻ ഇരുന്നു കരഞ്ഞിട്ടുണ്ട് വിലപിച്ചിട്ടുണ്ട്..

ഒടുക്കം എല്ലാം മറന്ന് എല്ലാ ആഗ്രഹവും പൂട്ടി വെച്ച് ഞാൻ ഒരു അടുക്കളപ്പെണ്ണാവാൻ ശ്രമിച്ചു..

പിന്നീട് ഒരിക്കൽ പോലും എന്റെ അറിവ് ഞാൻ വീട്ടിൽ കാണിച്ചില്ല കെട്ടിയവന്റെ മുന്നിൽ നിരത്തിയില്ല വെറും മണ്ടിയെന്നു നടിച്ചു ഞാൻ കഴിഞ്ഞു കൂടി..

കൂടെ പഠിച്ചവർക്കൊക്കെ നല്ല ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ അവരേക്കാളും മാർക്കും യോഗ്യതയുമുള്ള ഞാൻ അടുക്കളയിൽ നിന്ന് സന്തോഷിച്ചിരുന്നു..

പണ്ട് കൂടെ പഠിച്ചവരിൽ ആരേലും കാണുമ്പോൾ ചോദിക്കാറുണ്ട് ഇപ്പൊ എന്തു ചെയ്യുന്നു എന്ന് അവരോട് വീട്ടിൽ തന്നെ എന്ന ഉത്തരം ഞാൻ ഇടറി പറയുമ്പോൾ അവരുടെ മുഖത്തൊരു അത്ഭുതം ഞാൻ കണ്ടിട്ടുണ്ട്..

ഞാൻ സമ്പാദിച്ച അറിവ് എനിക്ക് വലുത് തന്നെയായിരുന്നു അത് മനസ്സിലാക്കാൻ എന്നെ കെട്ടിയവനായില്ല..

എന്നിട്ടും ഞാനെന്നും മുഖം കറുപ്പിക്കാതെ കൂടെ നിന്നിട്ടേയുള്ളു.. അനുസരണ കാണിച്ചിട്ടേയുള്ളു അതിനെ ചൊല്ലി ഒരു വഴക്ക് ഇന്നോളം ഞാൻ കൂടാൻ പോയിട്ടില്ല.. ആരോടും പരിഭവമില്ലാതെ അടുക്കള വാതിൽ ഞാൻ എന്നും തുറന്നിട്ടേയുള്ളു..

അപേക്ഷ ഫോറം പൂരിപ്പിക്കാനും സർക്കാർ സ്ഥാപനങ്ങളിലെ നൂലാമാലകൾക്കും കെട്ടിയവനെന്റെ പിറകെ കൂടുമ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറും പക്ഷേ എന്റെ ദേഷ്യങ്ങൾ എന്നോട് തന്നെ ഞാൻ തീർക്കാറാണ് പതിവ് അതിന്നും ഞാൻ മാറ്റിയിട്ടില്ല..

അടുക്കളക്കാരിക്കെന്തു സ്വപ്നങ്ങൾ.. ഉണ്ടെങ്കിലും അതൊക്കെ ആരു കാണാൻ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു..

ഇന്ന് പ്ലസ് ടു കഴിഞ്ഞ് കോളേജിൽ പോകുന്ന എന്റെ മോൾ ഇടക്കൊക്കെ വന്നു ചോദിക്കുന്ന സംശയങ്ങള്‍ക്ക് ഞാൻ ഉത്തരം വിശദീകരിച്ചു നൽകുമ്പോൾ അവളെന്റെ കവിളിൽ ഒരു മുത്തം തന്നു പറയും ” ഇത്രയും വിവരമുള്ള അമ്മ ഈ അടുക്കളയിൽ കിടന്നു കരിയും പുകയും കൊള്ളേണ്ട ആളൊന്നുമല്ല എന്ന്..

അതു കേൾക്കുമ്പോൾ എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു വരും. എന്റെ മോൾ പോലും കാണാതെ ആ സന്തോഷ കണ്ണീർ തുടച്ചു മാറ്റി ഞാൻ ചിരിച്ചു നിൽക്കും..

അതെല്ലാം കേൾക്കുമ്പോൾ എന്റെ കെട്ടിയവൻ ഒരു കുറ്റബോധം കണക്കെ എന്നെ നോക്കുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്..

ഇന്ന് ഞാൻ എന്റെ മോൾക്ക് വേണ്ടി വീട്ടിൽ തർക്കിക്കാറുണ്ട് ചിലതിനെല്ലാം വാദിക്കാറുണ്ട്..

കാരണം ഞാൻ കണ്ട അതേ സ്വപ്നങ്ങൾ ഇനി അവളെങ്കിലും പൂർത്തികരിക്കട്ടെ എന്ന് കരുതി ഞാൻ അവൾക്കൊരു കരുത്തായി കൂടെ നിൽക്കാറുണ്ട്..

എന്റെ മോൾ എന്നെപ്പോലെ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടരുത് എന്നത് എന്റെ ഒരു വാശി തന്നെയായിരുന്നു..

ഇന്ന് മോളുടെ നിർബന്ധപ്രകാരമാണ് ഞാൻ പത്തു കുട്ടികൾക്ക് ട്യൂഷനെടുക്കുന്നത്..

മുമ്പ് ഞാൻ കണ്ട സ്വപ്നങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വരുമ്പോൾ എനിക്കിപ്പോൾ വിഷമം തോന്നാറില്ല..

എന്നെ മനസ്സിലാക്കിയ ഒരാളെങ്കിലും ഉണ്ടായല്ലോ അതെന്റെ മോൾ തന്നെ ആയല്ലോ എന്നോർക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്.. ആ സന്തോഷത്തിൻ നന്ദിയുമായി ഞാൻ ദൈവത്തിന്റെ മുമ്പിൽ കൈ കൂപ്പിയിരുന്നു..

അടുക്കളക്കാരിക്കുമുണ്ട് സ്വപ്നങ്ങൾ രുചിക്കൂട്ടുകൾക്കപ്പുറം എവിടെയും എഴുതാത്ത ആരും കാണാൻ ശ്രമിക്കാത്ത സ്വപ്നങ്ങൾ…

സ്നേഹപൂര്‍വ്വമൊരു അടുക്കള മനസ്സ്..

എ കെ സി അലി

Leave a Reply

Your email address will not be published. Required fields are marked *