ലിവിങ് ടുഗെതർ

Sajitha Muhammed

“അവിവാഹിതരായ നിങ്ങൾ രണ്ടുപേരും ഒരുമിച്ചു താമസിക്കുന്നത് ഈ കോളേജിന് അപമാനകരമാണ്.

ആയതിനാൽ ഇനിമുതൽ നിങ്ങൾക്കിവിടെ സ്ഥാനമില്ല.രണ്ടു പേരേയും പുറത്താക്കിയിരുന്നു”.

പ്രിൻസിപ്പാൾ സാറിന്റെ പ്രഖ്യാപനം ഇടിമുഴക്കം കണക്കെ ഞങ്ങളുടെ നെഞ്ചിൽ തറച്ചു കയറി.കുറച്ചു നേരത്തെ മൗനത്തിനു ശേഷം വിഷ്ണു എന്റെ കൈപിടിച്ചു അവിടെനിന്ന് ഇറങ്ങിപ്പോന്നു.

കോളേജിലെ കുട്ടികളെല്ലാം ഏതോ വലിയ അപരാധികളെപ്പോലെ ഞങ്ങളെതന്നെ നോക്കി നിൽക്കുന്നു.അതൊന്നും വകവെയ്ക്കാതെ ആ കോളേജ് പടികൾ എന്നന്നേക്കുമായി ഇറങ്ങി.ഡിസ്റ്റൻസ് കോഴ്സുകൾ മുഖേന ആയിട്ടായിരുന്നു പിന്നീടുള്ള പഠനങ്ങൾ.

“എടീ, ഈ ‘ലിവിങ് ടുഗെതർ’ എന്നൊക്കെയുള്ളത് പാശാചാത്യരാജ്യങ്ങളിലേ നടക്കൂ… കുടുംബത്തിന്റെ അന്തസ്സും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നവർക്ക് ഇത്തരം തോന്ന്യവാസങ്ങൾ യോജിച്ചതല്ല.നമ്മുടെ സംസ്കാരത്തിന് നിരക്കാത്ത ഒന്നും നടത്താൻ ഞാനയക്കൂല…

ആ പയ്യൻ ഒരു പാണ്ടിലോറി ഇടിച്ചു ചത്താൽ പിന്നെ നീയെന്തു ചെയ്യുമേടി? ഓന്റെ കൂടെ പൊറുക്കാനാണ് ഭാവമെങ്കിൽ ഈ വീട്ടിലേക്ക് നിന്നെ കടത്തൂല.ഇങ്ങനെയൊരു ചേട്ടനെയും അമ്മയേയും എല്ലാരേം നീ മറന്നേക്ക്…”

“അമ്മേ…..സ്റ്റേഷനെത്താറായോ? നമ്മളെങ്ങോട്ടാ പോകുന്നത് അമ്മേ?”

“ഉണ്ണീ…അമ്മയുടെ വീട്ടിലേക്കാണ് പോകുന്നത്.അവിടെ അമ്മയും അമ്മാവനും അമ്മായിയുമെല്ലാം ഉണ്ടാകും”.

മരങ്ങളേയും മലകളേയും പിന്നോട്ടാക്കി അതിവേഗത്തിൽ പായുന്നു ട്രെയിൻ ദിവസങ്ങളേയും,മാസങ്ങളേയും പിന്നിലാക്കി നമ്മുടെ ജീവിതം പായുന്നതുപോലെ!!

“നീ അവിവാഹിതയാണെന്ന് അറിഞ്ഞിരുന്നില്ല.ഇപ്പൊ എല്ലാവരുടെയും ചർച്ചാവിഷയം നീയാണ്.

കാര്യം ശരിയൊക്കെയാണ്,ഒരു കുഞ്ഞുമുണ്ട്.നിന്റെ ആശയത്തോട് എതിർപ്പുമില്ല.എങ്കിലും , സ്ഥാപനത്തിന്റെ സുഖമമായ നടത്തിപ്പിന് നീയിവിടുന്ന് പോവുകയല്ലേ നല്ലത്?”

“സാർ, പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും സ്‌നേഹിച്ചു ഒരുമിച്ചു താമസിക്കുകയും അവർക്ക് കുട്ടിയുണ്ടാവുകയും ചെയ്താൽ വിവാഹിതർക്ക് തുല്യമാണെന്ന് ഇന്ത്യൻ നിയമാവലിയിലുണ്ട്.

സർ, കുഞ്ഞിന്റെ അച്ഛൻ മരിച്ചിട്ട് ഒരുമാസം തികയും മുമ്പേ ജോലിക്ക് വരുന്നത് കുഞ്ഞിനെ നോക്കാൻ വേണ്ടിയാണ്.കൃത്യമായി ജോലി ചെയ്യുന്നുണ്ട് ,എന്നിട്ടും എന്നെ പറഞ്ഞു വിടുന്നോ?”

“മറ്റാരേക്കാളും അച്ചടക്കവും കൃത്യതയും നിന്നിലുണ്ട്.പക്ഷെ,എനിക്ക് വേറെ നിവർത്തിയില്ല.പുതിയൊരു ജോലി തേടുന്നതാവും നല്ലത്”.

ഞാനൊരു പിഴച്ചവളാണെന്നു ആളുകളുടെ നോട്ടം പറയുന്നു. രണ്ടു മനസ്സുകൾ കണ്ട സ്നേഹബന്ധത്തിൽ വിവാഹമെന്ന സങ്കല്പമേ ഇല്ലായിരുന്നു.

ഹൃദയങ്ങൾ പരസ്പരം മോതിരം കൈമാറി മനസ്സിൽ മണിയറ പണിത് ആകാശവും ഭൂമിയും ഉള്ള കാലത്തോളം നാം ഒന്നായിരിക്കുമെന്നവർ പ്രതിഞ്ജ ചെയ്തു.

എന്നിട്ടും സ്നേഹിച്ചു കൊതി തീരും മുമ്പേ വിട്ടകന്നു.ജീവിക്കണോ മരിക്കണോ എന്ന് സംശയിക്കുന്ന ദിവസങ്ങൾ.കുറ്റപ്പെടുത്തലുകളും പരിഹാസം കലർന്ന ചിരിയും ,അവഗണനയും ഉണ്ടെങ്കിലും ഒറ്റയ്ക്ക് ജീവിക്കാനുള്ള മനക്കരുത്തുണ്ട്.ഉണ്ണിക്ക് വേണ്ടി ജീവിച്ചേ മതിയാകൂ…

ചിന്തകൾക്ക് ഭാരം കൂടിയപ്പോൾ മനസ്സിലെ സഞ്ചിയിൽനിന്നും ഓർമ്മകളോരോന്നെടുത്ത് പുറത്തേക്ക് തള്ളുന്നതിനിടയിൽ ട്രെയിൻ സ്റ്റേഷനിലെത്തിയിരിക്കുന്നു.

അവിടെനിന്നും ഞങ്ങൾ ഓട്ടോറിക്ഷയിൽ പോയി, വീടിന്റെ മുമ്പിലെത്തിയപ്പോൾ കണ്ടത് ഗൈറ്റ് പൂട്ടിയിരിക്കുന്നതാണ്.മുറ്റം നിറയെ ചപ്പു ചവറുകൾ,ചെറുപ്പത്തിൽ ആടിയിരുന്ന ഊഞ്ഞാല സിറ്റൗട്ടിൽ തന്നെയുണ്ട്.ആൾതാമസം ഇല്ലാത്തപോലെ.

“ദേവകിയമ്മേ,ഞാനിപ്പോൾ വീടിനു മുമ്പിലുണ്ട്.ഇവിടെ ആരുമില്ല തോന്നുന്നു!!”

“മോളേ,നീ എന്റെ വീട്ടിലേക്ക് വാ ….അമ്മ ഇവിടെയാണുള്ളത്”.

ദേവകിയമ്മയുടെ വീടെത്തിയതും,കണ്ണുംനട്ട് കാത്തിരുന്ന അമ്മ ഉണ്ണിയെ വാരിക്കോരിയെടുത്തു ഉമ്മകൾ സമ്മാനിച്ചു.

“പ്രായമായവർ ഇന്നത്തെ തലമുറയ്ക്കൊരു വെയ്സ്റ്റ് ആണ്.പലരും തള്ളുന്നത് പോലെ നിന്റെ ഏട്ടനും നോക്കി.പക്ഷെ,അമ്മയെ ഞാനിങ്ങോട്ട് കൊണ്ട് വന്നു.മരിക്കുന്നതിനുമുമ്പ് നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞു.അതാണ് നിന്നെ വിളിച്ചു വരുത്തിയത്”.

ദേവകിയമ്മ പറഞ്ഞത് കേട്ടപ്പോൾ സങ്കടം സഹിക്കാനായില്ല.

“ഇനിയുള്ള കാലം അമ്മ എന്റെ കൂടെ നിൽക്കട്ടെ,ഉണ്ണിയേയും അമ്മയേയും നോക്കാനുള്ള വക എന്റെയടുത്തുണ്ട്.ഞാനിപ്പോൾ മോന്റെ സ്കൂളിലെ ടീച്ചറാണ് “.

ഒരിക്കൽ,സ്നേഹിച്ച പുരുഷന്റെ കൂടേ ജീവിക്കാൻ അനുവദിക്കാൻ വേണ്ടി കെഞ്ചിയപ്പോൾ ദുരഭിമാനമോർത്ത് കുടുംബത്തിൽനിന്നും ഇറക്കി വിടാൻ കൂട്ടു നിന്നിട്ടും മോളിത്ര സ്നേഹത്തോടെ പറയുന്നത് കണ്ടു കൊണ്ടാവും അമ്മ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത്.

അമ്മയേയും ഉണ്ണിയേയും കൂട്ടി ട്രെയിനിൽ തിരിച്ചു യാത്ര ചെയ്യും നേരം വീണ്ടും ഓർമ്മകൾ അലയടിക്കുന്നുണ്ടായിരുന്നു.എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും മായാത്ത ഭൂതകാല ഓർമ്മകൾ.

“ലിവിങ് ടുഗെതർ ഇന്ത്യൻ സംസ്കാരമല്ല.അന്തസ്സുള്ള ആരും ഇത്തരം തോന്ന്യവാസത്തിനു കൂട്ട് നിൽക്കില്ല”

പ്രായമായവരെ ഒറ്റപ്പെടുത്തുകയെന്നത് ഇന്ത്യൻ സംസ്കാരമാണോ എന്ന മറുചോദ്യം കാലം ചോദിച്ചുകൊണ്ടേയിരിക്കുന്നു.

Sajitha Muhammed

Leave a Reply

Your email address will not be published. Required fields are marked *