രചന – ഷിബു കൊല്ലം
ആദ്യരാത്രിയുടെ അവസാന നാഴികയിൽ ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നപ്പോൾ അവളെ കാണാൻ ഇല്ല… കയ്യ് കൊണ്ട് കിടക്കമൊത്തം പരതി.. ഇവളിതെവിടെ പോയി.. കല്യാണവും ആദ്യരാത്രിയുമൊക്കെ ഞാൻ സ്വപ്നം കണ്ടതാണോ….. എയ് അല്ല…… മൊബൈൽ എടുത്ത് സമയം നോക്കി.. അഞ്ചര ആയിരിക്കുന്നു…. ഇവൾ ഇത്രേം നേരത്തേ എണീറ്റോ…. ജനാല മെല്ലെ തുറന്നു,,, നല്ല ഇരുട്ടുണ്ട്… മഴക്കോള് നിറഞ്ഞ ഇടവത്തിലെ ഇരുട്ടു… നല്ല നനവുള്ള നേർത്ത കാറ്റ് മുറിയിലേക്ക് അരിച്ചു കയറുന്നുണ്ട്…
വാതിൽ വിടവിലൂടെ മുറിയിലെ ഇരുട്ടിനെ വരയിട്ടു വെളിച്ചം കടന്നു വരുന്നുണ്ട്… അവൾ അപ്പോൾ വാതിൽ തുറന്നു മുറിയിൽ നിന്നും ഇറങ്ങിയിട്ടുണ്ട്…. ഞാൻ മെല്ലെ എണീറ്റു വാതിൽ വിടവിലൂടെ നോക്കി…. അവൾ എന്റെ അമ്മയും ഒത്തു അടുക്കളയിൽ നിന്നും കത്തി അടിക്കുവാണ്… ഇവൾക്ക് എണീറ്റു പോകാൻ കണ്ട നേരം…. മെല്ലെ വന്നു കിടക്കയിലേക്ക് കിടന്നു…
അവളും അമ്മയും തമ്മിൽ ഉള്ള സ്നേഹം കാണുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ.. അടിച്ചു പിരിഞ്ഞ് സ്വയ്ര്യം തരാതെ ഇരുന്നാൽ മതി….
എല്ലാ പ്രവാസികളെയും പോലെ ലീവ് കിട്ടി നാട്ടിൽ എത്തി ഓടി നടന്നു പെണ്ണ് കണ്ടു.. പ്രവാസലോകത്ത് ഇരിക്കുമ്പോൾ ദിവസങ്ങൾ ഒച്ചിനെ പോലെയാണ് നീങ്ങുന്നത്.. . പക്ഷേ നാട്ടിൽ വന്നാൽ ഓരോ ദിവസവും കടന്നു പോകുന്നത് ഫ്രീക്കന്റെ കയ്യിൽ കിട്ടിയ ബൈക്ക് പോലെയാണ്…
സ്ത്രീധനത്തോട് താത്പര്യം ഇല്ലായിരുന്നു… പാവപ്പെട്ട വീട്ടിലെ പെൺകുട്ടി,,, പണ്ട് മഹിളകളെ കൂട്ടി സ്ത്രീധനത്തിനെതിരെ പ്രവർത്തിക്കുകയും വാതോരാതെ പ്രസംഗിക്കുകയും ചെയ്ത എന്റെ അമ്മ തന്നെ ആണ് സ്ത്രീധനം മേടിക്കുന്നതിൽ വാശി കാണിച്ചേ….. കുടുംബത്തിലെ സമാധാനം കെട്ടപ്പോൾ അതിനു എനിക്ക് കൂട്ട് നിൽക്കേണ്ടി വന്നു… പലപ്പോഴും ഒരു സ്ത്രീതന്നെയാണ് സ്ത്രീധനത്തിന് കാരണക്കാരി… പഴി സഹികെട്ട് അനുസരിക്കുന്ന ആണുങ്ങൾക്കും….
അവളുടെ അച്ഛൻ വളരെ കഷ്ട്ടപെട്ടു.. അദ്ദേഹത്തിന്റെ കഷ്ടപ്പാട് കണ്ടു ഞാൻ തന്നെ പറഞ്ഞു, എനിക്ക് കിട്ടിയതൊക്കെ തിരിച്ചു നൽകുമെന്ന്… തന്റെ മകളുടെ കല്യാണം, ജീവിതം അതിനു വേണ്ടി ആണ് അദ്ദേഹം ജീവിച്ചത്,അത് തന്റെ മകൾക്ക് കൊടുത്തത് ആണ് എന്ന് മറുപടി പറഞ്ഞു,,, കല്യാണത്തിനു വേണ്ടി കോർപ്പറേഷൻ ബാങ്കിൽ നിന്നും പണം ലോൺ എടുത്തത് രഹസ്യമായി ഞാൻ അറിഞ്ഞു.. അത് അദ്ദേഹത്തിന് നൽകണം.. ആ കിടപ്പാടത്തിന്റെ ആധാരം എടുത്ത് നൽകണം.. അതെന്റെ കടമയാണ്… ഉള്ളിൽ ചോരയും നീരും ഉള്ളിടത്തോളം കാലം കെട്ടിയപെണ്ണിനെ നോക്കാൻ എനിക്കറിയാം….
അവൾ വാതിൽ തുറന്നു അകത്തേക്ക് വന്നു… വാതിൽ അടച്ചു.. ഇരുട്ടിനു കറുപ്പ് കൂടി.. ഞാൻ മെല്ലെ തിരിഞ്ഞ് ഉറങ്ങുന്നപോലെ കിടന്നു… പാവം പെട്ടു നിൽക്കുകയാണ്, മെത്തയുടെ മുക്കാൽ ഭാഗവും കീഴടക്കിയാണ് ഞാൻ കിടക്കുന്നെ, അവൾക്കു കിടക്കണം എന്നുണ്ടാവും, തോണ്ടി വിളിക്കാൻ മടിയുണ്ടാവും… ഉറക്കത്തിൽ എന്നപോലെ മെല്ലെ നീങ്ങി കിടന്നു. അവൾ അടുത്തു എന്നെ മുട്ടാതെ കിടന്നു.. ഞാൻ അവളിലേക്ക് മെല്ലെ നീങ്ങി.. തിരിഞ്ഞ് അവളുടെ നേരെ കിടന്നു.. ” എവിടെ പോയി ” ” അത് അമ്മയുടെ അടുത്ത്….. ” ” നീപോയാൽ എന്റെടുത്ത് അപ്പോൾ ആരാ… ‘
ഇരുട്ടിനെ ചവച്ചിറക്കിയ പ്രണയത്തിന്റെ നാണം അവളുടെ ചുണ്ടിലെ ചിരിയിൽ കണ്ടു… അവൾ എന്നോട് ചേർന്ന് കിടന്നു.. ” മോളെ, ഇന്ന് വൈകിട്ട് നിന്റെ വീട്ടിലേക്കു പോകണം,, പറ്റുമെങ്കിൽ നിന്റെ സഹോദരിയുടെ വീട്ടിലേക്കും…. ”
“അതേ ചേട്ടാ പോണം,, അവർക്ക് ഡ്രസ്സ് വാങ്ങണ്ടേ… ”
” വാങ്ങണം… എല്ലാവർക്കും, കായംകുളത്തു നിന്നും വാങ്ങാം… ” അവൾ സന്തോഷം കൊണ്ട് എന്നെ മുറുകെ പുണർന്നു… ഞാൻ അവളോട് മെല്ലെ ലോൺ കാര്യം അവതരിപ്പിച്ചു… അതിനുള്ള പണം എന്റെ പക്കൽ ഉണ്ട്.. പറ്റുമെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ അത് അച്ഛനു നൽകണം… അവൾ മറുപടി പറഞ്ഞില്ല……..
വൈകിട്ട് അവളുടെ വീട്ടിലെ സത്കാരം കഴിഞ്ഞു ഇറങ്ങാൻ നേരത്ത് ഞാൻ അവളോട് പണം കൊടുക്കുന്ന കാര്യം സൂചിപ്പിച്ചു… അവൾ എന്നെ കയ്യ് പിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി വാതിൽ ചാരി… ” അതെന്റെ അച്ഛൻ എനിക്ക് തന്നതാ, എന്റെ ചേച്ചിക്ക് എന്നേക്കാൾ കൊടുത്തിട്ടുണ്ട്, അവർ തിരിച്ചു നൽകിയില്ലെല്ലോ, പിന്നെ എന്തിന്റെ വട്ടാ ചേട്ടന്.. നമ്മൾക്കും ജീവിക്കണ്ടേ…. ” ചുണ്ടിൽ ഒരു ചിരി നിറച്ചു അമ്മേ അച്ഛാ എന്ന് വിളിച്ചു വാതിൽ തുറന്നു അവൾ ഇറങ്ങി…… ചുമരിൽ ചൊവന്ന ചിരി ചിരിച്ചു പമ്മി ഇരിക്കുന്ന ബൾബിനെ നോക്കി ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു….
രചന – ഷിബു കൊല്ലം