ഊർവ്വരത [ കഥ ]

രചന : വിപിൻ വട്ടോളി

“ചേട്ടാ, ഊർവ്വരതയുടെ അർത്ഥമറിയാമോ ?” ഓർക്കാപ്പുറത്ത് ഇങ്ങനെയൊരു സംശയം ചോദിച്ചുകൊണ്ടാണ് ഇന്നലെ രാത്രി അനുശ്രീ ജീവിതത്തിലാദ്യമായി എന്നെ വിളിക്കുന്നത്‌.ഉത്തരം മുട്ടിപ്പോയെങ്കിലും ഞാനാ ഫോൺവിളിയിൽ തരളിതപുളകിതനായിപ്പോയെന്നുള്ളതാണ് സത്യം.

ഏറെക്കാലമായി അവളോട്‌ ഒരു ‘ഇത് ‘ മനസ്സിൽ തുടങ്ങിയിട്ട്. അനുശ്രീയുടെ ആദ്യത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചതിൽ പിന്നെ ഗ്രന്ഥാലയ ഭാരവാഹികളായ ഞങ്ങൾ അവൾക്കൊരു അനുമോദനം നൽകിയിരുന്നു. കാര്യം സ്വന്തം അച്ഛന്റെ പൂത്തപണത്തിൽ അച്ചടിച്ച പുസ്തകമാണെങ്കിലും ആ സദസ്സിൽ ഞാൻ അവളെ ഏറെ പുകഴ്ത്തി പറഞ്ഞു. ഒന്നാമത്തെ കാരണം അവൾ നല്ല സുന്ദരിയാണ്. രണ്ടാമതായി എന്റെ ഭാര്യയായിവരുന്നു പെൺകുട്ടി എഴുത്ത്‌കരിയായിരിക്കണമെന്ന സങ്കല്പവും !. ആ പരിചയം വാട്സപ്പ്ൽ കവിതകളും നല്ല മെസ്സേജ്കളുമയച്ചു പിടിച്ചു നിർത്താൻ ശ്രമിച്ചു.ഇടയ്ക്ക് പുതിയ കവിതകളൊന്നും എഴുതിയില്ലേ എന്നന്വേഷിച്ചു വിളിച്ചു. മറ്റു ചിലപ്പോൾ സ്വന്തം പൊട്ട കവിതകൾക്ക് ലൈക്ക് കിട്ടാൻ എനിക്കവൾ ലിങ്കയച്ചു. വല്ലപ്പോഴും ചാറ്റിങിന് കൊതിച്ചു ഞാൻ ഹായ് എന്നു മെസ്സേജ് ചെയ്താൽ രണ്ടു ദിവസം കഴിഞ്ഞാൽ ‘ഉം’എന്നൊരു റിപ്ലേ വന്നു. ഇനിയത് ഉമ്മയുടെ ഷൊർട്ട് ഫോമായിരിക്കുമോ എന്നു കരുതി ആദ്യമൊക്കെ ഞാൻ നിർവൃതികൊണ്ടു.കാണുവാൻ പൂതികൂടുമ്പോൾ കുറേ പുതിയ പ്രണയ കവിതാപുസ്തകങ്ങൾ കാശുകൊടുത്തു വാങ്ങി അവൾക്കു സമ്മാനിച്ചു. ‘Thank you’എന്നൊരു നിർവ്വികാരമായ വാക്ക് എനിക്കുവേണ്ടി അവൾ കരുതിവച്ചു.

അങ്ങനെ കടന്നുപോയ ദിനങ്ങൾ. വാട്സപ്പ് മെസ്സേജ്കൾക്കോ സമ്മാനിക്കുന്ന പുസ്തകങ്ങൾക്കോ അവളിലേക്കുള്ള പ്രണയത്തിന്റെ വാതിൽ തുറക്കുവാൻ കഴിയാത്തതുകൊണ്ട് ഒരു പരീക്ഷണമെന്ന നിലയിൽ കുറച്ചു ദിവസം മെസ്സേജ്കൾ അയക്കുകയോ വിളിക്കുകയോ വേണ്ടതില്ല എന്നുതീരുമാനിച്ചു. ഇഷ്ടമുണ്ടെങ്കിൽ എന്തേ മെസ്സേജ്കൾ കാണാത്തത്‌ എന്ന് അന്വേഷിക്കും എന്നുഞാൻ സ്വപ്നം കണ്ടു. ഇരിക്കപൊറുതിയില്ലാത്ത രണ്ടാഴ്ചകൾ. ഒടുവിൽ ഞങ്ങൾക്കിടയിലെ നിശബ്ദ ഭേദിച്ചുകൊണ്ടുള്ള അവളുടെ വിളിയാണ് ആ ചോദ്യം. സത്യത്തിൽ ഞാനാവാക്ക് ആദ്യമായിട്ട് കേൾക്കുകയാണ്‌. ഊർവ്വരത !. അർത്ഥമറിയില്ല എന്നുപറഞ്ഞാൽ ഇമേജ് പോകും. അതുകൊണ്ട് ഒരു ചെറിയ ബഹളത്തിലാണ് അരമണിക്കൂർ കഴിഞ്ഞു വിളിക്കാം എന്നുമാത്രം പറഞ്ഞു വിളി അവസാനിപ്പിച്ചു. അരമണിക്കൂർ.

അതിനുള്ളിൽ ആ വാക്കിന്റെ ഉത്തരം കണ്ടെത്തണം. ഉടനെ ഞാൻ ലൈബ്രറി കമ്മിറ്റിയംഗമായ മലയാളം വാധ്യാരെ വിളിച്ചു. “അങ്ങനെയൊരു വാക്കുണ്ടോ ?!…” ഇവനെയൊക്കെയാരാണ് മലയാളം വാധ്യാരാക്കിയത് !. കോൺടാക്റ്റ് ലിസ്റ്റിലെ അടുത്ത ഭാഷാധ്യാപകനെ വിളിച്ചു. കിട്ടിയില്ല. അന്വേഷണം സ്നേഹിതനായ കഥാകൃത്തിലേക്കെത്തി. വിപിനെ, ഞാൻ പച്ചമലയാളത്തിൽ മാത്രം എഴുതുന്ന ഒരു പാവം കഥാകൃത്താണ്. നീ ഇതൊക്കെ ശബ്ദതാരാവലിയിൽ ചെന്ന് തപ്പ് അല്ലെങ്കിൽ വല്ല മലയാളം മെയിനിന് പഠിക്കുന്ന മിടുക്കരായ പിള്ളേരോട് ചെന്ന് ചോദിക്ക്.

ശബ്ദ താരാവലി കൈയ്യിലില്ല. ഞാൻ എന്റെ നിസ്സാഹായത ആവർത്തിച്ചു.പഞ്ചായത്തിലെ മലയാളം ഐശ്ചിക വിഷയമായി പഠിക്കുന്ന ഏതെങ്കിലും വിദ്യാർഥിയുടെ പേര് വിവരം തരാൻ സുഹൃത്തിനോട് അഭ്യർത്ഥിച്ചു. കൂട്ടത്തിൽ രാഹുലിനെ വിളിച്ചു. അവനാണ് എന്റെ വലം കൈ. അവന് ടൂവീലറുണ്ട്.നൂറു രൂപയ്ക്ക് പെട്രോളും പഴംപൊരിയും ചായയും വാങ്ങിക്കൊടുത്താൽ ഏത് പാതളത്തിലേക്കായാലും കൂടെ പോന്നോളും. കഥാകൃത്ത് അല്പസമയം കഴിഞ്ഞു തിരിച്ചു വിളിച്ചു. അവന്റെ ഭാര്യ വീടിനടുത്ത് കുരിശിൻ കുന്നിൽ മറിയ എന്ന പെൺകുട്ടി തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാളം എം.എ ക്ക് പഠിക്കുന്നുണ്ട്. ഡിഗ്രിക്ക് റാങ്ക് ഉണ്ടത്രേ അവൾക്ക്.റബ്ബർ വെട്ടുകാരൻ ജേക്കബ്ന്റെ മകൾ. അയാൾ ഫുൾ ടൈം വെള്ളമാണ്. സ്വഭാവഗുണം കൊണ്ട് ഭാര്യ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു. ഒരു ചൊറയാണ്‌. രാത്രി വളരെ അത്യാവശ്യമെങ്കിൽ മാത്രം പോയാൽ മതി. എഴുത്തുകാരന്റെ മുന്നറിയിപ്പ്കൾ !. രാഹുൽ എത്തി.

നമുക്ക് കുരിശിൻ കുന്നുവരെ ഒന്നുപോകണം… എന്തിനാ ?! ഊർവ്വരതയെക്കുറിച്ച് തിരക്കാൻ… അതാരാ ?!… അത് നിന്റെ തന്ത…

ബൈക്ക് കുരിശിൻ കുന്നിലേക്ക്‌ നീങ്ങി.പിന്നിലിരുന്ന്‌ അവനോടു കാര്യം വിശദമായി പറഞ്ഞു. “നീ വല്ലാതെ ഞരമ്പ്‌ രോഗിയായിപ്പോകുന്നുണ്ട് ട്ടോ വിപിനെ !…സമയത്തിനു കല്യാണം കഴിക്കാത്തതുകൊണ്ടാണ് “. അവൻ. “പോടാ ” ഞാൻ.

സ്നേഹിതൻ നൽകിയ ദിശാസൂചികവച്ചു കുരിശിൻ കുന്നിൻ മുകളിലേക്കുള്ള പാത ചെന്നവസാനിക്കുന്ന ഭാഗത്ത് റബ്ബർ എസ്റ്റേറ്റ്‌ന് ഓരത്തായി മറിയയുടെ വീട് കണ്ടെത്തുവാൻ അധികം പ്രയാസപ്പെപടേണ്ടി വന്നില്ല. പടികളെറെയുള്ള വീട്ടുവഴി. അടുത്തെങ്ങും ആരും താമസമുളളതായി തോന്നുന്നില്ല.നിശബ്ദ്ദത. മുറ്റത്തേക്ക് കയറിചെല്ലുമ്പോൾ മനസ്സിൽ നിഗൂഢമായ ആശങ്ക. പഴകി ദ്രാവിച്ച ആ കൊച്ചു വീടിന്റെ പൂമുഖത്തെ അരണ്ട വൈദ്യുതി ബൾബിന്റെ വെട്ടം ദാരിദ്ര്യത്തിന്റെ ഒരു വലിയ ചിത്രം നമുക്ക് മുൻപിൽ തുറന്ന് വയ്ക്കും. പൊട്ടിപ്പൊളിഞ്ഞ ഓടുമേഞ്ഞ വീടിനോട് ചേർന്ന് ഒരു തൊഴുത്തുണ്ട്.

പൂമുഖത്ത് ഒരു മൂലയിൽ കുനിഞ്ഞു കുത്തിയിരിക്കുന്ന മധ്യവയസ്കൻ ഞങ്ങളുടെ കാൽപെരുമാറ്റം കേട്ടിട്ടാവണം എഴുന്നേറ്റു വന്നു.കരുത്തൻ. മദ്യലഹരിയിലാണ്‌. ജേക്കബ് !. “ആരാ ?”അയാളുടെ പരുക്കൻ ചോദ്യം. മറുപടി രാഹുലാണ് പറഞ്ഞത്‌. ഭയന്നിട്ടാണെന്ന് തോന്നുന്നു പേരും സ്ഥലവും അഡ്രസും മാത്രമല്ല ആധാർ കാർഡ് നമ്പർ വരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബ്രെണ്ണൻ കോളേജിൽ പഠിക്കുന്ന മറിയയെ അന്വേഷിച്ചു വന്നതാണ്‌. അവളുടെ കൈയിൽ ഒരു പുസ്തകമുണ്ടോയെന്ന് തിരക്കുകയാണ്‌ കാര്യം. ഞാൻ കൂട്ടിച്ചേർത്തു. “എടീ മറിയേ…” അയാളുടെ കനത്ത വിളി. “നീ തെങ്ങ്കേറ്റക്കാരൻ കുമാരന്റെ വിത്താണല്ലേ ?… അവനും ഞാനും ഇന്നു വൈകുന്നേരവും കള്ളുഷാപ്പിൽ ഒന്നിച്ചിരുന്നു വീശിയതാ !..” രാഹുലിനെ പരിചയപ്പെട്ടതോടെ കഥ അങ്ങനെയായി. “നിന്റെ കൈയ്യിൽ നൂറുരൂപയുണ്ടോ ?”അയാളുടെ മാന്യമായ ചോദ്യം. രാഹുൽ മിഴിച്ച് എന്നെ നോക്കി.ഞാനൊന്നും മിണ്ടിയില്ല.

“വീട്ടിൽ വന്നുകേറിയപ്പൊഴാ പിള്ളേരെ തള്ളേടെ ഓർമ്മ ദിവസമാണെന്നറിഞ്ഞത്‌.അതോടെ കെട്ടൊക്കെ പോയി.രണ്ടെണ്ണംകൂടി ചെന്നില്ലെങ്കിൽ ഉറങ്ങാൻ പണിയാ…താഴെ നാടനുണ്ട് നീ വാ…”ദൃഢഗാത്രനായ ആ മനുഷ്യൻ രാഹുലിന്റെ ചുമലിൽ കൈയ്യിട്ടു.അവൻ ഒരു കുഞ്ഞാടിനെപ്പോലെ അയാളുടെ കൂടെ ചെന്നു. രണ്ടുപേരും പടിയിറങ്ങി മറഞ്ഞു.ഞാൻ നിന്നു പരുങ്ങി. “ഹലോ…”ഞാൻ മുറ്റത്തുനിന്നു തന്നെ നീട്ടിവിളിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ മങ്ങിയ മഞ്ഞവെളിച്ചത്തിലേക്ക്‌ അകത്തുനിന്നും ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു.ആർഭാടങ്ങൾ ഒന്നും തന്നെ അവളിലില്ല.നിറം മങ്ങിയ ചുരിദാർ.എന്നെ സൂക്ഷിച്ചു നോക്കി.മുഖത്ത് അമ്പരപ്പ്. ഞാൻ സ്വയം പരിചയപ്പെടുത്താൻ തുടങ്ങവേ, എനിക്കറിയാം ഞാൻ നിങ്ങളുടെ ഗ്രന്ഥാലയത്തിന്റെ ചില പരിപാടികളിലൊക്കെ പങ്കെടുത്തിട്ടുണ്ട്…മാഷെന്താ ഇവിടെ ?… കയറി ഇരിക്കൂ…എന്നായി അവൾ. പൂമുഖത്തേക്ക് കയറുമ്പോൾ ഞാനവളുടെ നിഷ്കളങ്കമായ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല. ഇതിനുമുൻപ് കണ്ടതായി ഓർക്കുന്നേയില്ല !.

“ഞാൻ മാഷോന്നുമല്ല…ട്ടോ…” “സാരമില്ല…ബഹുമാനം തോന്നുന്നവരെ ഞാനങ്ങനെ വിളിക്കാറുണ്ട്…” അപ്പോൾ മാത്രം അകത്തുനിന്നും കൗമാര പ്രായക്കാരികളായ രണ്ടു പെൺകുട്ടികൾ ഞങ്ങളെ വന്നു എത്തിനോക്കി. മറിയ അവരെ എനിക്ക് പരിചയപ്പെടുത്തി. അനുജത്തിമാർ. രണ്ടുപേരും എന്നോട് ചിരിച്ചു, ഒരു ജ്യേഷ്ടനോടെന്നപോലെ. ഞാനോർത്തു,എത്ര നിഷ്കളങ്കരായ പെൺകുട്ടികൾ.വില കുറഞ്ഞ മുത്തുമാലകളിൽ കവിഞ്ഞ ആഭരണങ്ങൾ പോലും ആ കുട്ടികളിൽ കാണുവാൻ സാധിച്ചില്ല. അനുജത്തിമാർ അകത്തേക്ക് തിരിച്ചു പോയപ്പോൾ ഞാൻ പതുക്കെ കാര്യം പറഞ്ഞു. എനിക്ക് അത്യാവശ്യമായി മലയാളം നിഘണ്ടു ഒന്നുവേണം.

അവൾ നിഘണ്ടു എന്നല്ല ടെക്സ്റ്റ് ബുക്ക്‌ പോലും വാങ്ങാറില്ലത്രേ !.ആയിരത്തി അഞ്ഞൂറ് രൂപയുടെ നിഘണ്ടു അവൾക്കൊരു സ്വപ്നമാണ്.എന്നും ദാരിദ്ര്യത്തിൽ മാത്രം ജീവിച്ച കുടുംബത്തിൽ നിന്നും നാല്പത് കിലോമീറ്റർ അകലെ പഠിക്കാൻ പോകുക തന്നെ വലിയ ചെലവ്. അനുജത്തിമാരുടെ ചെലവുകൾ. മദ്യത്തിനടിമയായ പിതാവ്. ഏക വരുമാനം അമ്മയുടെ കൂലിപണിയായിരുന്നു. തുച്ഛമായ വരുമാനം കൊണ്ട് ആ സ്ത്രീ മക്കളെ പട്ടിണിക്കിടാതെ നോക്കി. പക്ഷെ ഭർത്താവ്ന്റെ മർദ്ദനവും ലക്കുകെട്ട ജീവിതവും ഒരു നിമിഷം ആ സ്ത്രീയുടെ മനസ്സിന്റെ താളം തെറ്റിച്ചു. കഴിഞ്ഞ വർഷം അമ്മ മരിച്ചു. ഇപ്പോൾ മൂന്നുപേർക്കും കൂടി പഠിക്കാൻ പറ്റാത്ത അവസ്ഥ. അനുജത്തിമാരെങ്കിലും പഠിക്കട്ടെയെന്ന് കരുതി. കോളേജിൽ പോക്ക്‌ നിർത്തി. പശുവിനെ നോക്കണം.തൊഴിലുറപ്പ്നു പോകണം. അതാണ് വരുമാനം. ആരോടോ പറയാൻ കാത്തുവച്ചിരുന്നത്‌ പോലെ ചുമർ ചാരിനിന്നവൾ പറഞ്ഞുതീർത്തു.

ഞാനതുമുഴുവൻ നിസ്സഹായതയോടെ കേട്ട് ഇരുന്നു. അതിനിടയിൽ അനുജത്തിമാർ കട്ടൻചായയും അവലും കപ്പയും അരിപ്പായസവും എന്റെ മുൻപിൽ കൊണ്ടുവച്ചു.ഞാനല്പം കട്ടൻചായ കുടിച്ചു.അവൽ വാരി തിന്നു. മൂന്നുപേരും ആഹ്ലാദത്തോടെ ഞാൻ കഴിക്കുന്നത്‌ നോക്കി നിൽപ്പുണ്ട്. “മാഷിന് ഏത് വാക്കിന്റെ അർത്ഥമാണ് അറിയേണ്ടത് ?” “അത് സാരമില്ല. ഞാൻ നാളെ അന്വേഷിച്ചോളും…”ഞാൻ മടിച്ചു. “പറയൂ, ചിലപ്പോൾ എന്റെ ഓർമ്മയിലുള്ള വാക്കാണെങ്കിലോ ?”. സ്നേഹ നിർബന്ധം. ” ഊർവ്വരത ” മടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു. അധികം ആലോചിക്കാതെ തന്നെ മറിയയുടെ മറുപടി. “ഊർവ്വരം എന്ന പദം സമൃദ്ധമായത്‌ വിസ്ത്രിതമായത് എന്നൊക്കെ സൂചിപ്പിക്കുന്നുണ്ട്. ഊർവ്വൻ എന്നാൽ ഋഷി എന്നും ഊർവ്വ സമുദ്രം എന്നുമൊക്കെ അർത്ഥമുണ്ട്. ഞാൻ അമ്പരന്നുപോയി. കൃത്യമായി അവളുടെ മറുപടി ശ്രദ്ധിച്ചതുപോലുമില്ല. ആ സമയം എനിക്കാവാക്കുകളുടെ അർത്ഥം ആവശ്യമില്ലാത്തതുപോലെ തോന്നി.

അതെ എന്നുമാത്രം പറഞ്ഞു മുറ്റത്ത്‌ ഇറങ്ങി മുഖം കഴുകി തിരിച്ചു കയറുമ്പോൾ അവൾ അകത്തുനിന്നും ഒരു കവറുമായി തിരിച്ചു വന്നു. അല്പം സങ്കോചത്തോടെ ആ കവർ എനിക്ക് നീട്ടി “ഇത് ഞാനെഴുതിയ ഒരു കഥയാണ്.മാഷ് വായിച്ച് അഭിപ്രായം പറയണം. വലുതായിട്ടൊന്നുമില്ല.ചെറിയൊരു ശ്രമം മാത്രമാണ്. എനിക്കാരുമില്ല അഭിപ്രായം ചോദിക്കാൻ…”ഞാനാ കവർ വാങ്ങി വെറുതെ ആദ്യത്തെ പേജ് മാത്രം നോക്കി. നഷ്ടജീവിതം. കഥ. ആൻ മറിയ. കഥ ഭദ്രമായി കവറിൽ തന്നെയിട്ടുകൊണ്ട് കൈയിൽ വച്ചു. “തീർച്ചയായും വായിച്ച് അഭിപ്രായം പറയാം…വായനയൊക്കെ നടക്കുന്നില്ലേ ?…ഭാഷയിലൊക്കെ നല്ല അറിവുണ്ടല്ലോ…നന്നായി വായിക്കണം…” “പഠിക്കുമ്പോൾ കോളേജ് ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്നു. ഇപ്പോൾ…ഞാൻ കരുതാറുണ്ട് നിങ്ങളുടെ ലൈബ്രറിയിൽ ഒരു മെമ്പർഷിപ്പിനു അപേക്ഷിക്കണമെന്നൊക്കെ.ഒരുപാട് രൂപയാകുമോ എന്ന് കരുതി പലപ്പോഴും പിന്നെയാവട്ടെ എന്ന് തീരുമാനിക്കും…”

“ഞാൻ ഇപ്പോൾ വരാം ” ഞാൻ വേഗത്തിൽ ആ വീട്ടിൽ നിന്നും ബൈക്കിനടുത്തു ചെന്നു എന്റെ ബേഗ് തുറന്ന് തിരഞ്ഞു. ഉണ്ട്. കഴിഞ്ഞതവണ പോയപ്പോൾ വാങ്ങിയ മൂന്ന് പുതിയ പുസ്തകങ്ങൾ കെ.ആർ.മീരയുടെ ആരാച്ചാർ,വി.ആർ.സുധീഷ്‌ന്റെ മലയാളത്തിന്റെ പ്രണയ കഥകൾ, തസ്ലീമയുടെ കല്യാണി. അനുശ്രീയെ കാണുമ്പോൾ സമ്മാനിക്കാൻ കരുതിവച്ച പുതിയ പുസ്തകങ്ങൾ !. തിരിച്ചു ചെന്നു ഞാനവ മറിയയ്ക്ക് നേരെ നീട്ടി. അവളുടെ അത്ഭുതം തൂകുന്ന കണ്ണുകൾ. “കഴിഞ്ഞ തവണ ഡി.സി ബുക്ക്‌സിൽ പോയപ്പോൾ വാങ്ങിച്ചതാണ്.ഇത് മറിയയ്ക്കിരിക്കട്ടെ.” അവളുടെ കണ്ണുകൾ സ്നേഹം കൊണ്ട് നിറഞ്ഞു. “ആദ്യമായിട്ടാണ് എനിക്കൊരാൾ പുസ്തകം സമ്മാനമായി തരുന്നത്‌…”അവളുടെ സ്വരം ഇടറി.ഞാനാമുഖത്ത് പിന്നെ നോക്കിയില്ല.ചിലപ്പോൾ അങ്ങനെയാണ് മറ്റുള്ളവരുടെ കണ്ണ് നിറയുമ്പോൾ നമ്മുടെ മിഴി നനയും. ബേഗ് തുറന്ന് ഗ്രന്ഥലയ അംഗത്വത്തിനുള്ള ഒരു അപേക്ഷ ഫോറം ഞാൻ മറിയയുടെ അരികിലെ മേശപ്പുറത്തു വച്ചു

“ഈ അപേക്ഷ നാളെ തന്നെ പൂരിപ്പിച്ചു ലൈബ്രറിയനെ എല്പിച്ചോളൂ…ഞാനവരെ വിളിച്ചു പറഞ്ഞോളും…അതിന്റെ ഫീസ്‌ ഒന്നും അടയ്ക്കേണ്ട… ” ഞാൻ മുറ്റത്തിറങ്ങി നടന്നു.തിരിഞ്ഞ് നോക്കിയില്ല. എനിക്കറിയാം പിന്നിൽ മൂന്ന് ഹൃദയങ്ങൾ എന്നെ നോക്കി നിൽക്കുന്നുണ്ടെന്ന്.യാത്ര പറയാനും നിന്നില്ല. യാത്ര പറഞ്ഞു പോരേണ്ടെന്നു തോന്നി.

ബൈക്കിനരികിലെത്തി മൊബൈലിൽ വിളിച്ചപ്പോൾ രാഹുൽ പ്രത്യക്ഷപ്പെട്ടു. ബൈക്ക് സ്റ്റാറ്റർട്ട് ചെയ്തു. “നിനക്ക് ആ വാക്കിന്റെ അർത്ഥം കിട്ടിയോ ?!”അവന്റെ ചോദ്യം. “കിട്ടി…” “എന്താണത്‌…”

“പ്രണയം…!” ഞാൻ പറഞ്ഞു.

രചന : വിപിൻ വട്ടോളി

Leave a Reply

Your email address will not be published. Required fields are marked *