കാക്കകറുമ്പൻ. ചെറുകഥ

രചന : Nizar vh.

“അനുമോളെ,നീ എടുക്കേണ്ട അവളും നിന്നെ പോലെ കറുത്തുപോകും.”

തൊട്ടിലിൽ കിടന്നിരുന്നഅനുമോൾ ഒന്നു ചിണുങ്ങി. അനുമോളെ എടുക്കാൻവന്ന അഭി കൈകൾ പിൻവലിച്ചു.

“ഡാ, നിന്നോട് എത്ര പ്രാവിശ്യംപറഞ്ഞിട്ടുണ്ട് അവനോട് അങ്ങിനെപറയരുത് എന്ന്.” ചെവിയിൽ പിടുത്തമിട്ടുകൊണ്ട്അച്ഛന്റെ ശാസന.

വേദന കൊണ്ട് പിടയുമ്പോഴും മുറിയുടെമൂലയ്ക്ക് പോയിരുന്നു വിങ്ങി പൊട്ടുന്ന അഭിയെ കണ്ടു.

“അവൻ,നിന്റെ ഏട്ടൻഅല്ലെ പാവം അവനു എത്രസങ്കടം വന്നു കാണും..?” തന്റെ ചെവിക്കുപിടിച്ചുകൊണ്ടു നിൽക്കുന്ന അച്ഛനെകണ്ടു അഭിഓടിവന്നു.അച്ഛന്റെ കയ്യ് വിടുവിച്ചു.

“കണ്ടോടാ.. നിന്നെ തൊടാൻ പോലും ആരെയും സമ്മതിക്കില്ല.അവനെയാണോനീകളിയാക്കുന്നത്..?” അച്ഛൻരണ്ടുപേരെയുംചേർത്തുനിർത്തിയ പ്പോൾ അഭിചിരിച്ചു.കൺപീലികളിൽ തങ്ങി നിന്നിരുന്നകണ്ണുനീർത്തുള്ളികൾ തിളങ്ങി.

ഞാനും,അനുമോളും നല്ലവെളുത്തിട്ടും,അഭി മാത്രം കറുത്തതും.എന്നെക്കാൾ രണ്ടു വയസ്സ് മാത്രംമൂത്തത്ആണ് അഭി. അത് കൊണ്ട് വായിൽ വരുന്നപേരുകൾ ആണ് വിളിക്കുക. അഭി, എടാ, കാക്കകറുമ്പാ, ഏട്ടാ… അങ്ങിനെ.

എന്താന്നു അറിയില്ല.എല്ലാവർക്കും അഭിയോടയിരുന്നു ഇഷ്ട്ടം. ആരോടും അധികം സംസാരിക്കാത്ത പ്രകൃതവും,അവന്റെ നിഷ്‌കളങ്കതയുംആവാം അതിനു കാരണം. എല്ലാവരും അഭിയെ കൂടുതൽ ലാളിക്കുമ്പോൾ അസൂയ തോന്നും. അപ്പോൾ അവനെകരയിക്കാൻ വേണ്ടിയാണ് “കാക്കകറുമ്പൻ ” എന്നു വിളിക്കുന്നത്.

പക്ഷെ, എന്നെ ആരെങ്കിലും തൊട്ടാൽ അവന്റെ വിധംമാറും,അതുഅച്ഛനായാലും,അമ്മയായാലും. അവനു ദേഷ്യം അങ്ങിനെ വരില്ല. അഥവാ വന്നാൽ തീർന്നുകഥ.കയ്യിൽ കിട്ടുന്നത് എറിഞ്ഞുടയ്ക്കും.ചിലപ്പോൾ ആക്രമണം അഴിച്ചു വിടും കൂടുതൽഏറ്റു വാങ്ങിയിരുന്നത് അമ്മയാണ്.കാരണം അച്ഛനില്ലാത്ത നേരം നോക്കി അമ്മയുംഅവനെ ‘കാക്കകറുമ്പൻ’ എന്ന് വിളിച്ചിരുന്നു. അതു കൊണ്ടു എല്ലാവരും അവനോടു ശ്രദ്ധിച്ചേ ഇടപെടു. കറുമ്പൻ എന്നു മറ്റുള്ളവർ വിളിച്ചാൽ വിളിച്ചവന്റെ മൂക്കു ഇടിച്ചു പൊളിച്ചിട്ടെ അഭി വീട്ടിൽ വരൂ.അതേ ,സമയം ഞാൻ വിളിച്ചാൽ പെട്ടെന്ന് അവൻ കരയുകയുംചെയ്യും. അതാണ് എന്റെ ചേട്ടൻ.

ചെറുപ്പം മുതലുള്ള ‘കറുമ്പൻ’വിളിയെല്ലാം എല്ലാവരുംമറന്നു. അച്ഛൻ ഒരപകടത്തിൽപ്പെട്ടുകിടപ്പായപ്പോൾ ഏട്ടൻ പഠിപ്പുപേക്ഷിച്ചു പണിക്കിറങ്ങി. തടിമില്ലിൽ ചോരനീരാക്കി ഞങ്ങളെ നോക്കി. അച്ഛന്റെബൈക്ക്‌ഏട്ടൻആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.അതിൽ ഒരിക്കൽ പോലും എന്നെ കയറ്റി എങ്ങും കൊണ്ടു പോയിട്ടില്ല. അതിന്റെ പേരിൽ ഞാൻ അമ്മയോട് വഴക്കിടുകവരെചെയ്തു.

പക്ഷെ,ഞാനും, അനുവും എന്തുആവിശ്യം അറിയിച്ചാലും അന്ന് വൈകിട്ട് വിയർത്തു കുളിച്ചു കയറി വരുന്നഏട്ടന്റെ കയ്യിൽ അതുഉണ്ടാവും

കോളേജിൽ വെറുതെ സമരം ചെയ്തതിനു ഞാൻ അടക്കം ആറു പേരെ പുറത്താക്കി. വീട്ടീന്നു ആളെവിളിച്ചു കൊണ്ടുവന്നിട്ടു കയറിയാൽ മതിയെന്ന് പ്രിൻസിപ്പൽ തീർത്തു പറഞ്ഞു. ഏട്ടനോട് ഒരു വിധം കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.ഏട്ടൻ വരാമെന്നു ഏൽക്കുകയും ചെയ്തു. പക്ഷെ, വന്നത് ചെറിയച്ഛൻ ആയിരുന്നു.

“വരാൻ കഴിഞ്ഞില്ല ,നിന്നു തിരിയാൻ പോലും സമയം കിട്ടിയില്ല.” മുഖം കുനിച്ചു കൊണ്ടു ഏട്ടന്റെ റൂമിലേക്ക് പോയി. അനുമോളുടെ സ്കൂളിൽ രക്ഷകർത്തായോഗത്തിനും ഏട്ടൻപോയില്ല. ചുരുക്കി പറഞ്ഞാൽ ആളുകൾ കൂടിന്നിടത്തക്കെ ഞങ്ങളിൽ നിന്നും ഏട്ടൻ അകലം പാലിച്ചു.എന്റെ ഏട്ടനെകുറിച്ച് കൂട്ടുകാരോടെല്ലാം അഭിമാനത്തോടെ പറഞ്ഞു. പക്ഷെ ,ഇന്നെവരെ ഒരു കൂട്ടുകാരനും എന്റെ ഏട്ടനെ കണ്ടിട്ടില്ല.

കാലം ആരോടും പറയാതെ ഓടിക്കൊണ്ടിരിന്നു.

അനുമോളുടെ മോതിരം മാറൽ ചടങ്ങിനു ക്ഷണിക്കപ്പെട്ടവരെല്ലാം എത്തി. ചടങ്ങിന് സമയം ആയപ്പോൾ ഏട്ടനെ വിളിച്ചു. ഏട്ടനെ അവിടെ എങ്ങും കാണുവാൻ കഴിഞ്ഞില്ല. മൊബൈലും സ്വിച്ച് ഓഫ്.ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താൻ ആയില്ല അന്ന് രാത്രിഒരുപാട് വൈകിയാണ് ഏട്ടൻ വീട്ടിൽ തിരികെ എത്തിയത്.എല്ലാവരും ഉറങ്ങി എന്ന് കരുതി വീട്ടിലെത്തിയ ഏട്ടൻ വന്നുചാടിയത് ഏട്ടനെ കാത്തിരുന്ന ഞങ്ങളുടെ മുന്നിൽ ആയിരുന്നു..

“ഏട്ടാ.. എവിടെ ആയിരുന്നു ഇതു വരെ..?” എന്റെ ചോദ്യത്തിനു മുന്നിൽ ഏട്ടൻ മുഖം കുനിച്ചു കൊണ്ടു.

“പണി..” പരുങ്ങലോടെയേട്ടന്റെശബ്ദം.

അന്ന് ആദ്യമായി ഞാൻ പൊട്ടിത്തെറിച്ചു.

“മനുക്ഷ്യനെ ,നാണം കെടുത്താൻ വേണ്ടിയല്ലേ ഏട്ടൻ ഈ പണി ചെയ്തത്..?ഇതു തുടങ്ങിയിട്ട് നാള് കുറെആയി..” ദേക്ഷ്യത്തിൽ വായിൽ തോന്നിയതെക്കെ വിളിച്ചു പറഞ്ഞു.കൂടെ അനുമോളും .

“അമ്മേ, സത്യം പറ, ഈ ഏട്ടൻ അമ്മയുടെ വയറ്റിൽതന്നെപിറന്നതാണോ..അതോ.,..?” അമ്മയ്ക്ക് അതു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

അമ്മയുടെ കൈകൾ എന്റെ കവിളിൽ പതിഞ്ഞു. പിന്നെയുംഉയർന്നപ്പോൾ ഏട്ടൻ ആ കൈകളിൽ പിടിച്ചു..ഏട്ടന്റെ ശബ്ദം ഉയർന്നു.

” അവർ പറയട്ടെ അമ്മേ,” ഏട്ടൻ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“നിങ്ങൾ പറഞ്ഞതെല്ലാം സത്യങ്ങൾ തന്നെ യാണ്. ഏട്ടൻ എന്തു കൊണ്ടാണ് ഇങ്ങിനെ യെല്ലാംചെയ്യുന്നത് എന്നു ചോദിച്ചാൽ അതിനൊരു ഉത്തരമേ യുള്ളൂ.. ഈ ഏട്ടൻ നിങ്ങളെ പോലെ വെളുത്തതല്ലല്ലോ കറുമ്പൻ അല്ലെ..?” തുടരുവാൻആവാതെ പാതിയിൽ നിർത്തി. ആ, കണ്ണുകൾ നിറഞ്ഞു. അതു കണ്ടു അമ്മയും, അനുമോളും പൊട്ടിക്കരഞ്ഞു. “എനിക്കറിയാംനിങ്ങൾക്ക് അതു കുറച്ചിൽ ആയിരിക്കും .ചിലപ്പോൾ നിങ്ങളുടെ കൂട്ടുകാർ നിങ്ങളെ കളിയാക്കും. അനുമോളുടെ വിവാഹം ഇതിന്റെ പേരിലെങ്ങാനും മുടങ്ങിയാലോ ? അതാണ് ഞാൻ ..”

അതു കേട്ടു ഉള്ളിൽ ഒരു സ്ഫോടനപരമ്പര തന്നെ ഉണ്ടായി. ഈ നിസാരകാര്യം പോലും മനസ്സിലാക്കാതെ ഞാൻ …!കുഞ്ഞുനാളിലെയുള്ള കളിയാക്കലുകളും എത്ര ആഴത്തിൽ ആ മനസ്സിൽ പതിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമായി മനസ്സിലായി..

“ഏട്ടാ.. ഏട്ടന് അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. ഞങ്ങളുടെ കൂട്ടുകാരോടെക്കെ അഭിമാനത്തോടെയാണ് എന്നും ഏട്ടന്റെ കാര്യം പറയുന്നത്. ഞങ്ങളുടെ പുണ്യമാണ് ഈ ഏട്ടൻ അറിയോ..? ..” കണ്ണുനീർതുടച്ചുകൊണ്ടു തുടർന്നു. “ഏട്ടന്റെനിറം കറുപ്പാണെങ്കിലും,ഉള്ളു തൂവെള്ളയാ.അത് ഞങ്ങൾക്കറിയാം ഏട്ടന്റെ നിറം മതിയായിരുന്നു എന്നു കൊതിച്ചിട്ടുണ്ട്. അത്രയ്ക്ക് ഇഷ്ട്ടാണ് ഈ ഏട്ടനെ. ”

അനുമോൾ ഓടിവന്നു ഏട്ടനെകെട്ടി പിടിച്ചു. പതിയെ, ഏട്ടന്റെ മുഖം തെളിഞ്ഞു. തലയുയർത്തുമ്പോൾ ആ മുഖത്ത് അഭിമാനം ആയിരുന്നു.

(ഒരാളെയും കുറവുകളുടെ പേരിൽ കളിയാക്കരുത് . വിളിച്ചനമ്മൾ മറന്നാലും ഹൃദയംനൊന്തയാൾ അതു മറന്നൂന്ന് വരില്ല..)

രചന : Nizar vh.

Leave a Reply

Your email address will not be published. Required fields are marked *