ഏട്ടാന്ന് വിളിച്ച് പിന്നാലെ നടക്കുന്ന ഒരനിയത്തിക്കുട്ടി വേണം…

രചന:- Anandhu Raghavan

വഴിയിലെ പൂവലന്മാർ അവളെ ശല്യം ചെയ്യുമ്പോൾ ഒരേട്ടന്റെ റോളിൽ നിന്നു കസറണം…

അവളെയും കൊണ്ട് ഒരു സിനിമയ്ക്ക് പോകുമ്പോൾ സന്തോഷത്താൽ ആ മുഖം വിടരണം…

അവളുടെ മനസ്സിലെ ഹീറോ എന്നും ഈ ഏട്ടനായിരിക്കണം…

“എടാ നന്ദാ…” ഉമ്മറത്ത് നിന്നും അച്ചുവിന്റെ നീട്ടിയുള്ള വിളി കേട്ടു…

നന്ദന് അവളോട് അല്പമല്ല അതിലേറെ ദേഷ്യം തോന്നി.. മുഖത്ത് ഒരു കൃതൃമ ദേഷ്യവും വച്ച് ചേർത്ത് അച്ചുവിന്റെ മുൻപിൽ എത്തി ഒന്നു വിറപ്പിച്ചു…

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടി എടാ നന്ദാ എന്ന് വിളിക്കരുതെന്ന്. ‘ഏട്ടൻ’ അങ്ങനെ വിളിക്കാവു, ആ വിളി കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്, സന്തോഷമാണ്…

“ഒരു ഏട്ടൻ വന്നേക്കണു .. ഒന്നു പോ നന്ദാ.. ”

അച്ചുവിന്റെ ചെവിക്കു പിടിക്കാനായി ഞാൻ അടുത്തേക്കെത്തിയതും അവൾ വെട്ടിത്തിരിഞ്ഞ് അകത്തേക്ക് ഓടി…

“അമ്മേ ഈ നന്ദൻ തല്ലണു..” അമ്മയുടെ പിന്നിൽ ചെന്നു നിന്ന് അച്ചു അവന് നേരെ കൊഞ്ഞനം കുത്തി..

“അമ്മേ ഈ പെണ്ണ് വിളിക്കണെ കേട്ടില്ല്യേ, ഏട്ടാന്ന് വിളിക്കാൻ പറ അമ്മേ..”

“നിനക്കെന്താടി അവനെ ഒന്ന് ഏട്ടാന്ന് വിളിച്ചാൽ..”

“ഹും.. ഏട്ടൻ പോലും.. കഴിഞ്ഞ ദിവസം ഒരു ചെക്കൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഏട്ടൻ എന്ന് സ്വയം പറയുന്ന ഈ മുതൽ ഒന്നു ചോദിച്ചു പോലുമില്ല ആ ചെക്കനോട്..”

“കെട്ടിച്ചു തരണോ എന്നു ചോതിക്കണവാരുന്നോ.. നിനക്ക് സമ്മതം ആണേൽ പറഞ്ഞോ, ഏട്ടൻ നടത്തിത്തരാം..”

“അമ്മേ ഞാനിന്ന് ഈ നന്ദനെ കൊല്ലും… ” എന്റെ നേരെ മുഖം കറുപ്പിച്ച്‌ അവൾ എന്റെ കൈകളിൽ വേദന എടുക്കും വിധം ഇടിച്ചു…

“നീ എന്താടാ ചോതിക്കാത്തെ”

“ഞാൻ എന്ത് ചോതിക്കാനാമ്മേ , അവനെ ശശി ആക്കി വിട്ടില്ലേ ഇവൾ.. ‘എന്നെ പ്രേമിക്കാനല്ല കോളേജിൽ വിടുന്നത് പഠിക്കാനാണ്.. വേറെ ആളെ നോക്ക് ചേട്ടാ, ഇല്ലെങ്കിൽ ഉശിരുള്ള ഒരേട്ടന്റെ കൈഗുണം അറിയും…’ അത്തരം ഒരു പ്രതികരണം അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണത്തില്ല അമ്മേ…”

അമ്മ അഭിമാനത്തോടെ അച്ചുവിനെ നോക്കിയപ്പോൾ അവൾ കുലുങ്ങി ചിരിച്ചു…

“നന്ദാ എന്നെ സിനിമക്ക് കൊണ്ടു പോകുമോ..??”

“നിന്നെ ഞാൻ തിയേറ്ററിന്റെ പടി കാണിക്കില്ല്യ…, പെൺകുട്ടികളായാൽ ഏട്ടമ്മരോട് ഒരു ബഹുമാനം ഒക്കെ വേണം…”

“അനുവും നിഖിതയും ഒക്കെ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയപ്പോൾ ഞാൻ അഭിമാനത്തോടെ പറഞ്ഞതാ എന്നെ നന്ദൻ കൊണ്ടു പോകൂന്ന്…

അവർക്ക് അറിയില്ലല്ലോ നന്ദന്റെ ഈ മുരട്ട സ്വഭാവം.. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന പുന്നാര ഏട്ടൻ അല്ലെ അവർക്ക് മുന്നിൽ…, ആ ഇമേജ് ഞാൻ പൊളിച്ചു കയ്യിൽ തരുന്നുണ്ട്..”

മുഖം കറുപ്പിച്ചു അവളെ ഒന്നു നോക്കിയ ശേഷം ഞാൻ പറഞ്ഞു “ഏട്ടാന്ന് വിളിക്കുവാണെങ്കിൽ കൊണ്ടു പോകാം..”

കാര്യം കാണാൻ കഴുതക്കാലും പിടിക്കുന്ന അവൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല… എന്നെ ഒന്ന് ആക്കിയത് പോൽ അവൾ നീട്ടി വിളിച്ചു.. “ഏട്ടാ…..!!”

******

എന്റെയും അനിയത്തിക്കുട്ടിയുടെയും സ്ഥിരം വഴക്കുകളിൽനിന്നും അവൾ ഇപ്പൊ കുട്ടി അല്ല എന്ന് അറിയുന്നത് ഇടക്ക് വരുന്ന വിവാഹലോചനകളിൽ നിന്നും ആയിരുന്നു…

“വല്യ സൗന്ദര്യമൊന്നും വേണ്ടാ… എന്റെ വഴക്കാളി സ്വഭാവത്തിന് ചേരുന്ന ആളായിരിക്കണം.., ബാക്കിയൊക്കെ ഏട്ടന്റെ ഇഷ്ടം..”

ഇത് മാത്രമായിരുന്നു അവൾക്ക് ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പം..

സൗന്ദര്യത്തെക്കാളും പണത്തെക്കാളും സ്നേഹത്തിന് വില കല്പിക്കുന്ന തന്റെ അനിയത്തിക്കുട്ടി ഇനി മറ്റൊരു വീടിന്റെ വിളക്കായ്‌ , അവിടുത്തെ അച്ഛനും അമ്മയ്ക്കും മകളായി.. അവിടുത്തെ ആണൊരുത്തന്റെ ജീവിത സഖിയായി ഈ വീട് വിട്ട് പോകാൻ സമയമായിരിക്കുന്നല്ലോ എന്നോർത്തപ്പോൾ അവളെ പിരിയുന്നതിൽ നന്ദന്റെ മനസ്സിൽ വേദനയുടെ വലിയൊരു വേലിയേറ്റമുണ്ടായിരുന്നു…

ചുമന്ന പട്ടു സാരി ചുറ്റി കയ്യിലും കഴുത്തിലും ആഭരണങ്ങൾ അണിഞ്ഞ് നവവധുവിന്റെ വേഷത്തിൽ നിൽക്കുന്ന അച്ചുവിന്റെ കണ്ണുകളിൽ സന്തോഷമായിരുന്നില്ല…

ഏട്ടനെയും അച്ഛനെയും അമ്മയെയും വിട്ടു പിരിയുന്നതിന്റെ സങ്കടമായിരുന്നു ആ കണ്ണുകളിൽ നിറഞ്ഞു നിന്നത്…

പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും കണ്ണികൾ കൂട്ടിച്ചേർത്ത താലി മെല്ലെ അളിയൻ അവളുടെ കഴുത്തിലേക്ക് ചാർത്തിയപ്പോൾ സന്തോഷത്താൽ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

ചെക്കന്റെ വീട്ടിലേക്ക് പോകാൻ സമയമായപ്പോൾ കല്യാണപ്പന്തലിൽ ആകെ അവൾ എന്നെ തിരഞ്ഞിരുന്നു…

സങ്കടം മറക്കുവാൻ മനപ്പൂർവം കൂട്ടുകാരുടെ അരുകിൽ വർത്തമാനം പറഞ്ഞു നിന്ന എന്റടുത്തേക്ക് ഓടി വന്നവൾ…

ഹൃദയത്തിലെ സ്നേഹം ആവോളം ഒപ്പിയെടുത്ത് ഏട്ടാ എന്നു വിളിച്ച് കെട്ടിപിടിച്ച് അവൾ കരഞ്ഞപ്പോൾ എന്റെ കണ്ണുകളിലും ആരും കാണാതെ നിറഞ്ഞു നിന്നിരുന്ന നീർക്കണങ്ങൾ മഴപോൽ മണ്ണിലേക്കൊലിച്ചിറങ്ങിത്തുടങ്ങിയിരുന്നു…

(രക്ത ബന്ധങ്ങളുടെ ആഴം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയുകയില്ല…, ജന്മങ്ങളായ് ഹൃദയത്തിലേക്കാഴ്ന്നിറങ്ങിയ സ്നേഹത്തിന്റെ അവസാനിക്കാത്ത ഓർമകളാവും അടർന്ന് വീഴുന്ന ഓരോ കണ്ണീർക്കണങ്ങളും…!)

രചന:- Anandhu Raghavan

Leave a Reply

Your email address will not be published. Required fields are marked *