“ചേട്ടന്റെ താടി സൂപ്പറാണ് കേട്ടൊ..”

രചന :- മനു ശങ്കർ പാതാമ്പുഴ

ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന എന്നെ നോക്കി പറഞ്ഞിട്ടു ജീൻസും ടീ ഷർട്ടും ധരിച്ച പെണ്കുട്ടി ബസ്സിറങ്ങി ആ കോളേജിന്റെ പടി കയറി പോകുന്നുണ്ടായിരുന്നു. ബസ് നീങ്ങി തുടങ്ങിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി അതേ അവൾ ആ സ്റ്റെപ്പുകളുടെ മുകളിൽ നിന്ന് തിരിഞ്ഞു നോക്കുന്നുണ്ടു..ആദ്യമായി എന്റെ താടിക്ക് കിട്ടിയ അംഗീകരമായിരുന്നു അതു.അതു വടിച്ചു വൃത്തിയായി നടക്കു എന്നു അമ്മയുടെയും പെങ്ങളുടെയും സ്ഥിരം പല്ലവിക്കുമേലെ കിട്ടിയ ആദ്യ അംഗീകാരം. ഇന്ന് കുറച്ചു നേരത്തെ ഓഫിസിൽ എത്തേണ്ടത് കൊണ്ടാണ് ഈ ബസിൽ പോന്നത് അതു സന്തോഷകരമായി.

പിറ്റേന്നു നേരത്തെ എഴുന്നേറ്റ് റെഡിയായപ്പോൾ ‘അമ്മ ചോദിച്ചു “എന്തു പറ്റി നേരത്തെ” എയ് ഓഫിസിൽ നേരത്തെ എത്തണം എന്നു കളളം പറഞ്ഞു ബസ്‌ സ്റ്റോപ്പിലേക്കു വേഗം നടന്നു. വഴിയിൽ കിടന്ന കാറിന്റെ ചില്ലിൽ താടി നോക്കി രാവിലത്തെ കുറച്ചു മിനുക്ക് പണി കൂടി ആയപ്പോൾ ശരിക്കും സൂപ്പറായി എന്നു സ്വന്തമായി വിശ്വാസിപ്പിച്ചു . ബസിൽ കയറുമ്പോൾ എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു.. അവളെ കാണുന്നില്ല.

ബസ് കോളേജിന്റെ വാതിൽക്കൽ നിര്ത്തിയപ്പോളാണ് ഒരു കാര്യം ഓർത്തത് ഇന്നു ശനിയാഴ്ച്ചയാണല്ലോ കൂട്ടികൾ ആരും ഇല്ല..

ഓഫിസിൽ നേരത്തെയെത്തിയപ്പോൾ എല്ലാവർക്കും അത്ഭുതം .ഞാൻ ജോലി തുടങ്ങി റിപ്പോർട്ടൊക്കെ റെഡിയാക്കി വച്ചു. ബോസ് വന്നതെ റിപ്പോർട്ട് വച്ചപ്പോൾ അദ്ദേഹത്തിന് അത്ഭുതം. റിപ്പോർട്ട് ചെക്ക് ചെയ്തു സാധാരണ രണ്ടു മൂന്നു തവണ തിരുത്തും വരുന്നതാണ്. ഇന്ന് എല്ലാം കൃത്യം അദ്ദേഹം ഒരു ചിരിയോടെ റിപ്പോർട്ട് തിരിച്ചു തന്നു. എനിക്ക് എന്തൊക്കെയോ മാറ്റം വരുന്നുണ്ടന്നു, എനിക്കും തോന്നി തുടങ്ങി.

തിങ്കളാഴ്ച രാവിലെ എഴുന്നേറ്റ് താടിയൊക്കെ നന്നായി ഷെയ്പ് ചെയ്‌തു പോകാൻ റെഡിയാകുമ്പോൾ അമ്മയും പെങ്ങളും എന്നെ ഞാൻ അറിയാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

ബസ് വന്നതെ കയറി നല്ല തിരക്കുണ്ട് അവൾ ഉണ്ടോ തിരിച്ചറിയാൻ പറ്റുന്നില്ല .അടുത്ത സ്റ്റോപ്പിൽ ചെന്നപ്പോളേക്കും സൈഡ് സീറ്റ് കിട്ടി .കുറച്ചു ചെന്നപ്പോൾ ഒരു അപ്പൂപ്പൻ വടിയും കുത്തി വന്നു സന്തോഷത്തോടെ സീറ്റ് കൊടുത്തു.നിന്നു യാത്ര കോളജ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഞാൻ പുറത്തേക്കു തലയിട്ടു നോക്കി അവളെ കണ്ടില്ല കുറേ കുട്ടികൾ നടന്നു പോകുന്നു ..നാളെ കാണാം എന്ന ചിന്തയിൽ ഓഫിസിലേക്ക് എത്തി .കൂടുതൽ എന്നോട് സംസാരിക്കാതിരുന്ന ബോസ് വിശേഷങ്ങൾ ഓകെ ചോദിച്ചു.കൂടെയുള്ളവരൊക്കെ എന്നോട് കൂടുതൽ താല്പര്യം കാണിക്കുന്നു..

ഒരാഴ്ച കടന്നു പോയി അവളെ പിന്നെ ഒരിക്കൽ പോലും കാണാൻ പറ്റിയില്ല. ഞാൻ പിന്നെയും അലസനായി മാറുകയായി. അന്ന് താമസിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത് .രണ്ടാമത്തെ ബസിൽ കയറി തിരക്ക് കുറവുണ്ട് കോളേജൊക്കെ അവധിയാവും.ബസിൽ ഇരുന്നു ഞാൻ അവളെ കാണാത്തതിനെ കുറിച്ചൊക്കെ ആലോചിച്ചു.. ടൗണ് സ്റ്റാൻഡിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ മുന്പിലത്തെ വാതിലിൽ കൂടി അവൾ ഇറങ്ങി വന്നു…അവൾ എന്റരുകിൽ എത്തി.ഞാൻ എന്ത് പറയണം എന്ന് പറയാൻ പറ്റാത്ത അവസ്‌ഥ.

“എത്ര ദിവസമായി ചേട്ടനെ കാത്തു ഈ ബസിൽ ഞാൻ യാത്ര ചെയ്യുന്നു…”

ഞാൻ ഒന്നും പറയാതെ നിന്നു
“എത്ര നാളായി ഈ ബസിൽ ചേട്ടനെ ഞാൻ ശ്രദ്ധിക്കുന്നു എന്നറിയുമോ.. അതൊന്നു പറയാൻ കൊതിച്ചിരിന്നു എന്നോ…,
അന്ന് ഒരു ദിവസം നേരത്തെ വരുന്ന ബസിൽ വന്നപ്പോളാണ് പറയാൻ പറ്റിയത്…”

എന്റെ മനസ് വിടർന്നു.എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു..

“ചേട്ടനെ എനിക്കിഷ്ടമാണ് ”

പിന്നെ അവളോട്‌ കൂടുതൽ സംസാരിച്ചു ,അലീന അതായിരുന്നു അവളുടെ പേര് ആദ്യമായി എന്റെ പ്രണയം തളിരിട്ടു തുടങ്ങിയിരിക്കുന്നു..അവളുടെ വീട്ടിൽ അച്ഛനും ആങ്ങളക്കും ഒന്നും താടി ഇല്ല അത്രേ..അതാണ് എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്..അവളുടെ പി ജി കഴിയുമ്പോളേക്കും ഞങ്ങളുടെ പ്രണയം അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു.ഓരോ ബസ് യാത്രയും ഞാൻ ആസ്വദിക്കുക യായിരുന്നു .ഓഫിസിൽ ഈ വർഷത്തെ ബെസ്റ്റ് എംപ്ലോയ്‌ അവാർഡ്‌ ഞാൻ വാങ്ങി..വീട്ടുകാർ തമ്മിൽ സംസാരിച്ചു.എന്റെ വീട്ടുകാർ എന്നോട് ഒരു കാര്യം മാത്രമേ ഡിമാൻഡ് ചെയ്തോളു ..കല്യാണത്തിന് ഈ താടി വടിച്ചു വൃത്തിയാവണമെന്നും..അവളാണെങ്കിൽ ഈ താടി കളയരുത് എന്നും…

(ജീവിതം പലപ്പോഴും അങ്ങനെയാണ് ഒരു അംഗീകാരം ഒരു പരിഗണന അതു മതി ചിലരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ..ചിലപ്പോൾ ഇതു പൈങ്കിളിയായി തോന്നാം ജീവിതം മിക്കപ്പോഴും അങ്ങനെയാണല്ലോ..)

രചന :- മനു ശങ്കർ പാതാമ്പുഴ

Leave a Reply

Your email address will not be published. Required fields are marked *