രചന :- Shamsudheen Cm
‘ അതേ ഏട്ടാ.. ‘
‘ എന്താടീ… കുറച്ചു നേരം ആയല്ലോ തുടങ്ങിയിട്ട്… ‘
‘ അത്.. ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി… നമ്മൾ പോകുവല്ലേ… ‘
‘ നിനക്ക് വേറെ വല്ലതും പറയാനുണ്ടോ…?’
അൽപം ദേഷ്യത്തോടെയായിരുന്നു അത് പറഞ്ഞത്.. വിഷയങ്ങളിൽ നിന്നും കുതറി മാറാൻ അരുൺ നന്നേ ശ്രമിക്കുന്നുന്നുണ്ട്… മുന്നേ ഓർമിപ്പിച്ചത് ആണേൽ പോലും ആ വിഷയത്തോടുള്ള വിജോയിപ്പ് അതിൽ നിന്നും വ്യക്തമാണ്…
‘ അല്ലേലും അങ്ങനെ തന്നെയാ.. എന്നോട് ഒരിത്തിരി സ്നേഹം വേണ്ടേ… ഒരാഗ്രഹവും നടത്തി തരുന്നില്ല…’
കൊച്ചു വർത്തമാനങ്ങൾ പങ്കു വെച്ചു കിന്നാരവും പറഞ്ഞു അരുണിന്റെ മാറിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു ലക്ഷ്മി.. അതിനിടയിലാണ് കഴിഞ്ഞ വിഷയം ചർച്ച ചെയ്യാൻ ഒരുങ്ങുന്നത്… ഒരുപാട് നാളായി ചോദിക്കുന്നു…
കുശുമ്പ് അവളിലും ഉയർന്നു പൊങ്ങി.. ആവശ്യ സാധൂകരണത്തിന് വേണ്ടിയാണ്.. അരുണിന്റെ ദേഹത്ത് നിന്നും മെല്ലെ മാറി കിടന്നു… മാറി കിടക്കുമ്പോൾ വാശി കലർന്നിരുന്ന ആ നോട്ടം അവളിൽ വ്യക്തമാണ്.. പ്രിയതമയുടെ ആഗ്രഹങ്ങൾക്ക് കൂട്ട് നിൽക്കാത്ത ഭർത്താവിനോടുള്ള ദേഷ്യമായിരുന്നു ലക്ഷ്മിയുടെ മനസ്സ് മുഴുവൻ..
‘ എടീ… നീയൊന്ന് മനസ്സിലാക്ക്.. ‘
‘ വേണ്ട.. എന്നോടൊന്നും പറയണ്ട…’
‘ അതല്ല മോളു… നീ എന്താ കൊച്ചു കുട്ടികളെ പോലെ…’
കിന്നാരം നിറഞ്ഞ വാചകങ്ങൾ കൊണ്ട് അവളുടെ മനസ്സ് മാറ്റാനുള്ള സാധ്യത തേടുകയാണ്… ഓരോ വഴിയെ ആശ്രയിക്കുമ്പോഴും അടഞ്ഞു കിടക്കുക തന്നെയാണ്…..
‘ ഇനിയിപ്പോ ഓരോ കാരണങ്ങൾ പറഞ്ഞു എന്നെ തലോടാൻ വരും.. അതെല്ലാം കണ്ട് എന്റെ മനസ്സലിഴുകയും ചെയ്യും… പാവം ഞാൻ.. ‘
‘ എന്റെ ഭാഗത്ത് സത്യമുള്ളത് കൊണ്ടല്ലേ നിന്റെ മനസ്സലിഴുന്നത്…’
‘ വേണ്ട.. എന്നോടൊന്നും പറയണ്ട… എനിക്കൊന്നും കേൾക്കാനും ഇല്ല…. എന്റെ സങ്കടങ്ങൾ ആര് കേൾക്കാൻ.. ആരോട് പറയാൻ.. ഇവിടെ പറയാൻ ഒരാൾ ഉണ്ടായിട്ട് എന്താ സങ്കടം തീർത്ത് തരാൻ ആരും ഇല്ലാലോ..
ഇതിനെക്കാളേറെ നല്ലത് എന്റെ പഴയ വീടും കുടുംബാങ്കങ്ങളും ആയിരുന്നു.. ഒന്നുമില്ലേലും എനിക്ക് സ്നേഹം സമ്മാനിച്ചിരുന്നു.. എന്റെ സങ്കടങ്ങൾ കേൾക്കാൻ ഒരുപാട് ചെവികൾ ഉണ്ടായിരുന്നു..
ഇതിപ്പോ…’
‘ വേണ്ട … ഇനി കൂടുതൽ വിഷയം ദീർഘിപ്പിക്കണ്ട..’
അവളുടെ സങ്കടത്തിന്റെ പട്ടിക കേട്ട് മടുത്തത് കൊണ്ടാകും അരുണിന്റെ വാക്കുകൾ അൽപം ദേഷ്യത്തിൽ തന്നെയായിരുന്നു.. ഒരു തരത്തിൽ അതൊരു അജ്ഞാപനം ആയിരുന്നു… എങ്കിലും ലക്ഷ്മിയുടെ കഥകളും കുശുമ്പും അവസാനിച്ചില്ല.. ഓരോന്നായി വീണ്ടും പറഞ്ഞു തുടങ്ങി…
‘ ഞാനൊരു അനാഥ ആയതു കൊണ്ടല്ലേ… അല്ലെങ്കിൽ എന്റെ കൂടെ വരാനും എന്റെ ആഗ്രഹങ്ങൾ നടത്താനും ഭർത്താവ് അല്ലേലും ബന്ധുക്കളെങ്കിലും ഉണ്ടാവുമായിരുന്നു… ഇതിപ്പോ എന്റെ വിധി.. ദൈവം ഇത്രയേ വിധിച്ചിട്ടുള്ളൂ.. ‘
സത്യമായിരുന്നു… അനാഥ ആയിട്ടാണ് അവൾ ജനിച്ചു വളർന്നത്.. തെരുവിന്റെ ഏതോ മൂലയിൽ നിന്നും ലഭിച്ചതാണെന്നാണ് കേട്ടു കേൾവി.. പിന്നീട് ആരോ ഓരോർഫനേജിൽ കൊണ്ടെത്തിച്ചു.. ജീവിച്ചതും പഠിച്ചതും വളർന്നതും എല്ലാം അവിടെയാണ്.. അവരുടെ കീഴിൽ.. ഒരുപാട് അനാഥകൾക്ക് ഇടയിൽ…
അതിനാൽ സ്വാതന്ത്രം എന്തെന്ന് ലക്ഷ്മി അറിഞ്ഞിട്ടില്ല.. സന്തോഷമെന്നതും അറിഞ്ഞിട്ടില്ല.. കൂട്ടുകാരുടെ തമാശകൾക്കു ഒരു ചെറു ചിരി മാത്രമായിരുന്നു അന്നെല്ലാം നൽകിയത്.. ചിരിക്കുമ്പോഴും താൻ അനാഥ ആണല്ലോ എന്നോർത്തു മനസ്സു നീറുന്നുണ്ടായിരുന്നു… പലരുടെയും പരിഹാസങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.. കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു തരാൻ ആരും ഉണ്ടാവാറില്ല..
ജീവിതം മുന്നോട്ട് പോകവേയാണ് അവളെ അരുൺ കണ്ടു മുട്ടുന്നത്.. ആദ്യ കണ്ടുമുട്ടലിൽ തന്നെ അവളോട് തോന്നിയത് ഇഷ്ടമായത് കൊണ്ടാവാം ഒട്ടും ഭയമില്ലാതെ അഭ്യാർത്തിച്ചു… എന്നാൽ അതിനുള്ള മറുപടിയായി ഒട്ടും മടിയില്ലാതെ അതവൾ നിരസിക്കുകയായിരുന്നു..
ശ്രമം ഉപേക്ഷിക്കാതെ അവളുടെ പിന്നാലെ കൂടാൻ അരുണും തീരുമാനിച്ചു.. വിവാഹ പ്രായം കടന്നാക്രമിച്ചപ്പോൾ വീണ്ടും അവളോടായി അഭ്യർത്ഥിച്ചു… ഇത്തവണ ജീവിതത്തിലേക്ക് പങ്കാളിയായി കൊണ്ടായിരുന്നു.. താൻ അനാഥ ആണെന്ന കാരണം മുൻനിർത്തി അതും അവൾ കണ്ണീരോടെ നിരസിച്ചു..
പിന്നീട് ഹോസ്റ്റലിൽ ആയിരുന്നു കണ്ടു മുട്ടിയത്.. മദറിന്റെ മുഖത്ത് പുഞ്ചിരിയാണ്.. ജീവിതത്തിലേക്ക് ക്ഷണിക്കാൻ അവിടം വരെ ചെന്നെത്തിയിരിക്കുന്നു… കുട്ടിയുടെ സമ്പത്തോ കുടുംബമോ ഒന്നുമറിയണ്ട… അവളുടെ സമ്മതം മാത്രം മതി.. അതായിരുന്നു ഡിമാൻഡ്..
‘ മോളെ.. നീയെന്താ മനസ്സിലാക്കാത്തത്… ‘
‘ ഞാനിനി എന്ത് മനസ്സിലാക്കണം എന്നാണ്.. നിങ്ങളോട് ഞാൻ ചെറിയ കാര്യങ്ങൾ അല്ലെ ആവശ്യപ്പെടുന്നുള്ളൂ.. അതിനും സാധിക്കില്ല എന്ന് വെച്ചാൽ…’
‘ എന്റെ തിരക്കുകൾ അല്ലെ ഇതിനു തടസ്സമായി നിൽക്കുന്നത്.. നീയെന്റെ ജോലിയെയും തിരക്കുകളെയും കുറിച്ചു ആലോചിച്ചു നോക്കു..’
അരുൺ കെഞ്ചുകയായിരുന്നു.. അവളുടെ ദേഷ്യം തീർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു…
‘ വേണ്ട.. എന്നോടൊന്നും പറയണ്ട.. ഇനി ഈ കാര്യത്തിന് സമ്മദിച്ചിട്ടല്ലാതെ എന്നെ വിളിക്കുകയും വേണ്ട.. ‘
തേങ്ങി കരഞ്ഞിരുന്നു… കണ്ണുനീരിനെ വക വെക്കാതെ അവൾ ദേഷ്യം പുറത്ത് കാണിച്ചു… നീണ്ട നേരത്തിനു മൗനം മാത്രം.. അരുൺ ചിന്തയിലാണ്.. എന്ത് ചെയ്യണമെന്ന ആശങ്കയിൽ ആണ്.. ദീർഘ നേരത്തെ മൗനത്തിനു ശേഷം അരുണിന്റെ കൈകൾ.അവളെ തലോടി…
‘ നീ പറയെടി… നിനക്ക് എങ്ങോട്ടാ പോവേണ്ടത്.. ‘
‘ അപ്പൊ എല്ലാം ശെരിയായോ.. സമ്മതിച്ചോ..?’
സമ്മത ഭാവത്തോടെ ആയിരുന്നു അരുണിന്റെ വാക്കുകൾ അവളിൽ ചെന്നെത്തിയത്… അതുവരെ കുനിഞ്ഞ ശിരസ്സ് മെല്ലെ ഉയർന്നു… അവളുടെ മുഖത്തും ഇളം പുഞ്ചിരി നിഴലിച്ചിരുന്നു..
‘ എന്റെ പെണ്ണിന് വേണ്ടി തിരക്കുകൾ മാറ്റി വെക്കാം ന്നു തീരുമാനിച്ചു..’
‘ ഇത് തന്നെ അങ്ങു നേരത്തെ ചെയ്താൽ പോരായിരുന്നോ ഏട്ടന്.. വെറുതെ എന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിച്ചു..’
കവിളിൽ മുത്തം നൽകുന്നതോടപ്പം സന്തോഷത്തിന്റെ ആനന്ദത്തിൽ മുഖത്തൊന്നു കടിച്ചു .. ലക്ഷ്മിയുടെ മുഖം സന്തോഷത്താൽ കുതിർന്നിരുന്നു.. തന്റെ പ്രിയതമനോട് അതിനുള്ള സ്നേഹപ്രകടനം മുഴുവൻ പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല…
‘ അത് പിന്നെ എന്റെ പെണ്ണിന്റെ ദേഷ്യം ഒക്കെ ഒന്നു എനിക്ക് കാണണ്ടേ.. അതിന് വേണ്ടിയല്ലേ.. ,
അല്ല.. എന്തിനാണ് പോകേണ്ടത്… ഞാനും കൂടി വരാൻ മാത്രം എന്താ ആവശ്യം..’
‘ ഒരു ചെറിയ കല്യാണത്തിന് ആണ് ഏട്ടാ… പിന്നെ ഇതൊരു വാശിയാണ്.. എന്റെ ആഗ്രഹമാണ്.. എന്നെ അനാഥയെന്നു വിളിച്ചു പരിഹസിച്ച ഓരോരുത്തർക്കും മുന്നിൽ അരുണേട്ടന്റെ കയ്യും മുറുകെ പിടിച്ചു പറയണം..
ഇന്ന് ഞാൻ അനാഥയല്ല… എനിക്ക് അച്ഛനും അമ്മയും അനിയത്തിയും ജേഷ്ട്ടനും എല്ലാമുണ്ട്..
രചന :- Shamsudheen Cm