അമ്മക്കിളി

രചന :- ദീപ്തി….

” ഞാന്‍ പിന്നെ വരാം..അമ്മ വിളിക്കുന്നു. ”

വേണി തിടുക്കത്തില്‍ ഫോണില്‍ ടൈപ്പ് ചെയ്ത മെസേജ് അയച്ചിട്ട് ചാറ്റ് ക്ലിയര്‍ ചെയ്തു ഫോണ്‍ യഥാസ്ഥാനത്ത് വെച്ചിട്ടു അടുക്കളയിലേക്ക് പോയി..

” എത്ര നേരം കൊണ്ടു നിന്നെ വിളിക്കുകയാണ്‌. നീ എന്തെടുക്കുകയായിരുന്നു .” ‘ സംശയത്തോടു കൂടി മായ ചോദിച്ചു.

” അത് അമ്മേ.. കൂട്ടുകാരുടെ കൂടെ വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ ..”

വേണി പകുതിക്ക് നിര്‍ത്തി മായയുടെ മുഖത്തേക്ക് നോക്കി..

”കൂട്ടുകാരും ഗ്രൂപ്പും എല്ലാം കുറേ കൂടുന്നുണ്ട്.. എല്ലാത്തിനും ഒരുപരിധി വേണം.. ഇവിടുത്തെ സ്ഥിതി അറിയാലോ . പഠിച്ചു സ്വന്തം കാലില്‍ നിന്നാല്‍ അവരവര്‍ക്ക് കൊള്ളാം..” താക്കീതിന്‍റെ സ്വരത്തില്‍ മായ അത് പറയുമ്പോള്‍ വേണിയുടെ തല കുനിഞ്ഞിരുന്നു.

തുടര്‍ന്നു ഓരോ ജോലിയിലും അമ്മയെ സഹായിക്കുമ്പോഴും അവളുടെ തല താഴ്ന്നു തന്നെയിരുന്നു.. മകളുടെ മുഖത്തേക്ക് ഇടയ്ക്കിടെ മായ പാളി നോക്കുന്നുണ്ടായിരുന്നു ..

ഉച്ചയ്ക്ക് വേണിക്കും ഇളയമകള്‍ വേദയ്ക്കും ഒപ്പമിരുന്നു ആഹാരം കഴിക്കുമ്പോഴും മായ മൗനം പാലിച്ചു.

ആഹാരശേഷം വേദയെ കളിക്കുവാന്‍ പറഞ്ഞയച്ച ശേഷം വേണിയെയും കൊണ്ടു വരാന്തയില്‍ ഇരുന്നു..

മകളെ പിടിച്ചു വാത്സല്യത്തോടു കൂടി മടിയില്‍ കിടത്തി മുടിയില്‍ മെല്ലെ തലോടാന്‍ തുടങ്ങി..

” വേണി .. അമ്മ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ..” ശാന്തമായ ശബ്ദത്തിലാണ് തിരക്കിയത്..

ചോദ്യഭാവത്തില്‍ വേണി മുഖമുയര്‍ത്തിയൊന്നു നോക്കി.

സത്യം പറയുമെന്നോ ഇല്ലെന്നോ ആ മുഖഭാവം വ്യക്തമാക്കുന്നില്ലായിരുന്നു..

” ആരാണ് ഈ ആദിത്യന്‍.. ഇന്നലെ എന്‍റെ ഫോണില്‍ ആദിത്യ എന്നു നീ സേവ് ചെയ്ത നമ്പരില്‍ നിന്നും മെസേജുകള്‍ വന്നിരുന്നു.. ഞാന്‍ നീയാണെന്ന രീതിയ്ക്ക് ചാറ്റും ചെയ്തു.. നീ എന്തിനാണ് പേര് മാറ്റി സേവ് ചെയ്തത്.. ആരാണത്..”

വേണിയുടെ മുഖത്ത് ഒരു നടുക്കം ഉണ്ടായി… ഒരു നിമിഷത്തിന് ശേഷം വാക്കുകള്‍ക്കായി പരതുന്നത് പോലെ ,കൃഷ്ണമണികള്‍ ഇടംവലം വെട്ടി.. പെട്ടെന്നു വിയര്‍ത്തു..

ഭാവമാറ്റത്തില്‍ നിന്നും തന്നെ മായ തന്റെ മകളുടെ മനസ്സു വായിച്ചു.. കുറച്ചു സമയം നിശബ്ദത പാലിച്ചു..

എവിടെയാണ് തനിക്കു തെറ്റിയത്.. തന്റെ മകള്‍ക്ക് താന്‍ നല്ലൊരു കൂട്ടുകാരി ആയിരുന്നെങ്കില്‍ ഇത്തരം ഒരൂ ചോദ്യത്തിന്‍റെ ആവശ്യം വരുമായിരുന്നോ. തന്നെ വിശ്വസിക്കാന്‍ കൊള്ളാമായിരുന്നു , ഏത് ആപത്തിലും അവളെ സപ്പോര്‍ട്ട് ചെയ്യും എന്ന തോന്നലുകള്‍ അവള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ അവള്‍ തന്നോടൂ അല്ലേ എല്ലാം പറയുമായിരുന്നല്ലോ.. അപ്പോള്‍ അവളെ കുറ്റപെടുത്തിയിട്ട് എന്താ കാര്യം . ആദ്യം തന്‍റെ തെറ്റ് തിരുത്തുകയല്ലേ വേണ്ടത്. പലവിധ ചിന്തകള്‍ മായയുടെ മനസ്സില്‍ കൂടി കടന്നു പോയി.

ഉത്തരം പറയാനാകാതെ വേണി ഉരുകി.. ആദി അമ്മയോട് എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നു അറിയില്ല.. രാവിലെ നോക്കിയപ്പോള്‍ ചാറ്റ് ക്ലിയര്‍ ആയിരുന്നു . അമ്മയുടെ ഫോണിലാണ് വാട്ട്സ് അപ്പ് ഉപയോഗിക്കുന്നത്. ചാറ്റ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ചാറ്റ് ഡിലീറ്റ് ചെയ്യുകയാണ് പതിവ്.. ഇന്നലെ രാത്രിയില്‍ നേരത്തെ ഉറങ്ങി..അത് ആദിയോട് പറയാന്‍ മറന്നു.. രാവിലെയും അമ്മയുടെ കണ്ണു വെട്ടിച്ചു ഫോണ്‍ എടുത്തപ്പോഴും പിന്നെ വരാന്നു പറഞ്ഞു പോന്നതേയുള്ളൂ.. എന്തു മറുപടി നല്‍കും.

” മോളേ .. മോളിപ്പോള്‍ പ്ലസ്ടൂ കഴിഞ്ഞിട്ടേയുള്ളു.. പക്വതയുള്ള ഒരു തീരുമാനം എടുക്കാനുള്ള പ്രായം ഇല്ല.. ഈ പ്രായത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണ് ..അത് ആകര്‍ഷണം എന്ന തലം കഴിഞ്ഞാണ് പ്രേമത്തിലെത്തുന്നത്. അപ്പോഴും അത് കുട്ടിക്കളി മാത്രമാണ്… അവിടെ നിന്നും ഏറെദൂരമുണ്ട് പ്രണയത്തിലേക്ക്. പ്രണയം എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കലാണ്‌.. അതിന് സത്യമുണ്ട്..ഇപ്പോള്‍ മോള്‍ക്കുള്ളത് ആകര്‍ഷണം മാത്രമാണ്..ഒരു പരിധി കഴിഞ്ഞാല്‍ ജീവിതം തകര്‍ക്കുന്ന കുട്ടികളി.. ഇന്നലെ ആദിത്യന്‍ എന്നോട് ഫോട്ടോ ചോദിച്ചു.. നീ ഫോട്ടോ വല്ലതും കൊടുത്തിട്ടുണ്ടോ ..”

മായ മകളെ കൂടുതല്‍ അമര്‍ത്തി പിടിച്ചു ചോദിച്ചു…

അമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി കിടന്ന വേണി മുഖം ഉയര്‍ത്തി നിഷേധരൂപത്തില്‍ തലയാട്ടി . ആശ്വാസത്തോടെ നെടുവീര്‍പ്പോടു കൂടി മായ തുടര്‍ന്നു..

” ഇന്നത്തെ കാലത്ത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത്..അമ്മയുടെ അവസ്ഥ അറിയാലോ. പഠിക്കാന്‍ മിടുക്കിയായിട്ടും പെണ്‍കുട്ടികള്‍ അധികം പഠിക്കേണ്ടെന്നു പറഞ്ഞിട്ടാണ് ചെറുപ്പത്തിലെ എന്‍റെച്ഛന്‍ എന്നെ വിവാഹം കഴിപ്പിച്ചൂ അയച്ചത്.. നല്ല ജോലിയും ശമ്പളവും ഉണ്ടെങ്കിലും ഒരു ദിവസം എങ്കിലും നമുക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയാറുണ്ടോ. എന്നും മദ്യപിച്ച് പേക്കുത്ത് നടത്തുന്ന നിന്റെ. അച്ഛന്‍ ഉറങ്ങാതെ നമുക്ക് ഉറങ്ങാന്‍ കഴിയുമോ… നിങ്ങളെയും കൊണ്ട് ഈ നരകത്തില്‍ നിന്നും പുറത്തു കടക്കണമെന്നുണ്ട്.. പക്ഷേ പുറംലോകം അമ്മയ്ക്ക് ഇരുട്ടു നിറഞ്ഞതാണ്‌.. നിങ്ങളെയും കൊണ്ട് തപ്പിതടഞ്ഞു വീണു പോകും.. ആ ഗതി എന്‍റെ മക്കള്‍ക്ക് വരരുത്..

ഓരോ അമ്മമാരും അവര്‍ക്ക് സാധിക്കാന്‍ കഴിയാതെ പോയതാണ് മക്കളിലൂടെ നേടാന്‍ ശ്രമിക്കുന്നത്.. എല്ലാ വിഷയത്തിനും എ പ്ലസ് പ്രതീക്ഷിക്കുന്ന നിനക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്…ശക്തിയായി ഒഴുകുന്ന പുഴ പകുതിക്ക് വെച്ച് അതിന്‍റെ ഗതി തിരിച്ചു വിടരുത്.. വിശാലമായ ലോകത്ത് ഏറ്റവൂം വലുത് പ്രണയമല്ല.. പലതില്‍ ഒന്നു മാത്രമാണ് പ്രണയം…ആ പ്രണയത്തിലേക്ക് തന്നെ ഇനിയും ഏറെദൂരമുണ്ട്..തരം കിട്ടുമ്പോള്‍ ഫോട്ടോ ചോദിക്കുന്നതും കാണാന്‍ വിളിക്കുന്നതും പ്രണയമായി കാണുന്ന കുട്ടികളാണ് ഒടുവില്‍ കാണാക്കയത്തില്‍ പെടുന്നത്..എന്‍റെ മോള് ആ ഗണത്തില്‍ പെടരുത്…”

അവസാന വാക്കുകള്‍ ഇടറിയിരുന്നു..

അമ്മയുടെ വാക്കുകളുടെ തേരിലെറിയ വേണി ഓര്‍മ്മകളിലൂടെ യാത്രപോയി .അമ്മയുടെ മുന്നില്‍ കുമ്പസാരിക്കാന്‍..

ക്ലാസില്‍ പഠിക്കുന്ന ദിയയുടെ റിലേറ്റീവാണ് ആദിത്യന്‍ .. സ്റ്റഡി ലീവിന് അവളുടെ വീട്ടില്‍ പഠിക്കാന്‍ പോയപ്പോഴാണ് ആദ്യമായി കണ്ടത്… കൂടുതല്‍ അടുത്തു ഇടപഴകിയപ്പോള്‍ ഒരു ഇഷ്ടം തോന്നി.. എഞ്ചിനീയറിംഗ് അവസാനസെമിനാണ് ആദി .. ഏറെ നിര്‍ബന്ധച്ചപ്പോഴാണ് നമ്പര്‍ കൊടുത്തത്…

വീട്ടിലെ അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷത്തില്‍ ആദിത്യന്‍റെ സ്നേഹം ഒരു കുളിര്‍മഴയായിരുന്നു.. മൂന്നോ നാലോ തവണ ദിയയുടെ വീട്ടില്‍ വെച്ചു കണ്ടിട്ടുണ്ട്..ഇടയ്ക്കിടെ ഫോട്ടോ ചോദിക്കാറുണ്ട്… കൊടുക്കാറില്ല.. രണ്ടു പ്രാവശ്യം സിനിമയ്ക്ക് പോകാന്‍ ഒപ്പം ചെല്ലാമോന്നു ചോദിച്ചു .വീട്ടില്‍ നിന്നും വിടില്ലെന്നു പറഞ്ഞു ഒഴിഞ്ഞു. പലതവണ ഒഴിവാക്കാന്‍ നോക്കീതാണ്. അപ്പോഴൊക്കെ വീട്ടില്‍ അച്ഛന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വലുതായി വരും..അപ്പോള്‍ ഒരു ആശ്വാസത്തിന് വീണ്ടും മിണ്ടും… പക്ഷേ ഇനി ഞാന്‍ ആവര്‍ത്തിക്കില്ല അമ്മേ.. ഞങ്ങള്‍ക്കു വേണ്ടി അമ്മ എല്ലാം സഹിക്കുമ്പോള്‍ ഞാന്‍ ആശ്വാസം തേടി പോകുന്നത് ശരിയല്ലല്ലോ.. ഇനി ഞാന്‍ ഒന്നും അമ്മയില്‍ നിന്നും ഒളിക്കില്ല..”

മായയെ ചേര്‍ത്തണച്ചു കവിളില്‍ ചുംബിച്ചു കൊണ്ട് വേണിയിത് പറയുമ്പോള്‍ ഒരു പെരുമഴ ഉള്ളില്‍ പെയ്തു തോര്‍ന്നത് പോലെ അവള്‍ക്ക് തോന്നി. വേണിയുടെ ശബ്ദത്തിലെ പക്വത മായയെ അത്ഭുതപെടുത്തി. അമ്മയില്‍ നിന്നും അടര്‍ന്നു മാറി അകത്തു പോയി ഫോണെടുത്തു കൊണ്ടു വന്നു ആദിത്യന്‍റെ നമ്പരെടുത്ത് വാട്ട്സ് അപ്പും കോളും ബ്ലോക്ക് ചെയ്തു നമ്പര്‍ ഡിലീറ്റ് ചെയ്തു മായയെ ഏല്‍പ്പിക്കുമ്പോള്‍ വേണിയുടെ ചുണ്ടില്‍ തെളിഞ്ഞ പുഞ്ചിരി വിശ്വാസത്തിന്‍റെയായിരുന്നു. അമ്മ എന്ന നിഴലിനെ…

രചന :- ദീപ്തി….

Leave a Reply

Your email address will not be published. Required fields are marked *