ഇമ്മിണി ബല്യ ശംശയം.

രചന :- റിതുനന്ദിനി രേണൂസ്‌(പീലി)

”അമ്മേ.. എനിച്ചൊരു ശംശയം.”

”അതല്ലേയൊള്ളൂ നിനക്ക്. ഇവിടെ നൂറു കൂട്ടം പണി കിടക്കുവാ പെണ്ണേ. അപ്പുറത്തെങ്ങാനും പോയിരുന്ന് പഠിക്കുവോ, പടം വരയ്ക്കുവോ മറ്റോ ചെയ്യ്. വെറുതെ എന്‍റെ സാരിത്തലപ്പില്‍ തൂങ്ങി നടക്കാതെ.”

”അമ്മേ..”

”ദേ, ഈ തവിക്കണ കൊണ്ടൊരു കുത്ത് വച്ച് തരുവേ ഞാന്‍. പോകുന്നുണ്ടോ നീയവിടുന്ന്. ഏഴു നേരവും, അമ്മേ.. അമ്മേ..”

അതെങ്ങനെയാ ഒരു സംശയം തോന്നിയാ അത് ദൂരീകരിക്കാതെ മടങ്ങുന്നത്. നടക്കില്ല. അതൊട്ട് ശീലവുമില്ല. പാത്രം കഴുകുന്ന അമ്മയുടെ പിറകില്‍, അടുക്കളയിലെ ബഞ്ചിലിരുന്ന് ഞാന്‍ സൗമ്യമായി പറഞ്ഞു..

”എന്‍റെ ഈ ശംശയത്തിന് അമ്മയ്ക്ക് ഉത്തരമില്ലെങ്കില്‍ ഞാന്‍ വേറെ ആരോടെങ്കിലും ചോദിച്ചോളാം. പശ്ശേ എനിച്ച് എവിടെ നിന്നെങ്കിലും ഉത്തരം കിട്ടണം.”

അമ്മ അപ്പോള്‍ കൈയ്യിലിരിക്കുന്ന പാലും പാത്രം കഴുകല്‍ നിര്‍ത്തി എന്നെ നോക്കി.

ഹാ, അങ്ങനെ വഴിക്ക് വാ. അമ്മയ്ക്കറിയാം, ഞാന്‍ വേറെ ആരോടെങ്കിലും ചോദിച്ചാല്‍ പിന്നെ അത് അമ്മയ്ക്ക് തന്നെ വിനയാകുമെന്ന്. അമ്മാതിരി സംശയങ്ങളാണേ.. ഒരിക്കല്‍, ഉമ്മറത്ത് ഉച്ചയുറക്കത്തില്‍ കിടന്ന പരശുമാമന്‍റെ മീശയുടെ തുമ്പിലൂടെ, കടിക്കുന്ന ചുവന്നുറുമ്പിനെ, മാമന്‍റെ മൂക്കിലേയ്ക്ക് കയറ്റി വിട്ടത്, അതിനുള്ളില്‍ ശ്വാസം ഒരുപാടുണ്ടോ എന്ന സംശയം മാറ്റാനായിരുന്നു. സംശയം മാറിയില്ലെങ്കിലും, അപ്പയുടെ പുളിവാറു കൊണ്ട് തന്ന അടിയുടെ പാട് രണ്ട് ദിവസം കൊണ്ട് മാറി.

ഇത്തരം ചില ഭൂതകാല അനുഭവങ്ങള്‍ ഉള്ളതുകൊണ്ട്, അമ്മ അല്പം ആശങ്കയോടെയും, നേരിയ ഭയത്തോടെയുമാണ് എന്‍റെ സംശയത്തിലേയ്ക്ക് ചെവി തിരിച്ചത്.

”എന്‍റെ ശംശയം മറ്റൊന്നുമല്ല, അമ്മയേക്കാള്‍ ഈ വീട്ടില്‍ അവസാന വാക്കിന് വില കല്പിക്കുന്നതും, അമ്മയടക്കം നമ്മളെല്ലാം അനുസരിച്ചുന്നതും അച്ഛനെയാണ്.”

”അത് എന്തിനാണെന്നാണോ നിന്‍റെ സംശയം.!?”

”അല്ലമ്മേ, ശംശയം പിന്നാലെ വരുന്നതേയുള്ളൂ..”

”ആ പറഞ്ഞ് തൊലയ്ക്ക്.”

”ഇതെന്ത് വര്‍ത്തമാനമാണ്. പോ അമ്മയോട് ശോദിക്കണില്ല.”

”ദേ, പെണ്ണേ, അടുപ്പിലിരിക്കുന്ന വിറകെടുത്ത് നിന്‍റെ ചന്തിയ്ക്ക് വയ്ക്കും കേട്ടോ.. മര്യാദയ്ക്ക് എന്താണെന്ന് വച്ചാല്‍ പറഞ്ഞോ.”

”അമ്മ ബാഡ് വേര്‍ഡ്സ് ഉപയോഗിച്ചില്ലേ. അതെനിക്ക് വിശമമായി.”

”ഏത്. ചന്തിയെന്ന് പറഞ്ഞതോ.!?”

”ആ അതും ഉണ്ട്.. അമ്മയ്ക്ക് ‘ബാക്ക് ‘ന്നു പറഞ്ഞൂടെ..! ഹും. അതാവുമ്പോ കേൾക്കാനും ശുഖോണ്ട്.. നിങ്ങളെ കണ്ടല്ലേ ഞങ്ങളും പഠിക്കുന്നെ..! നന്നായിക്കൂടെ അമ്മക്ക്..!?”

അടുപ്പത്തേയ്ക്ക് അമ്മയുടെ കൈ നീളുന്നതു കണ്ടപാടെ, ഞാന്‍ അവിടെ നിന്നും ഇറങ്ങിയോടി തിണ്ണയിലെത്തി. അടുപ്പിലിരിക്കുന്ന വിറക് കത്തിത്തീർന്നത് ഭാഗ്യായി.. അല്ലേൽ അമ്മ അതുംകൊണ്ട് ആ പറഞ്ഞ സ്ഥലത്തെ തൊലിയെടുത്തേനെ.

അമ്മ ഒന്ന് കൂളായി ന്നു തോന്നിയപ്പോ പിന്നേം ഞാൻ ന്റെ സംശയോം കൊണ്ട് അടുത്തേക്ക് ചെന്ന്.. ഉത്തരം കിട്ടാതെ ഞാൻ പിന്മാറില്ലെന്ന് അമ്മക്ക് ഏതാണ്ട് ഉറപ്പായി.. അതുകൊണ്ടാവും അമ്മ ന്റെ സംശയത്തിനായി ക്ഷമയോടെ വീണ്ടും എന്നെ നോക്കി..

”പറ പെണ്ണെ.. ന്താ നിനക്ക് അറിയണ്ടേ..!?”

”അതില്ലേ അമ്മെ.. ഞാൻ വന്നത് അമ്മേടെ വയറ്റീന്നാണല്ലോ.. പിന്നെ അമ്മിഞ്ഞ തന്നു വലുതാക്കിയതും അമ്മയാണല്ലോ.. ‘പിന്നെ ഞാനും അച്ഛനും ആയിട്ട് ന്താ ബന്ധം..!? അച്ഛന്‍ മീനും, പച്ചക്കറീമൊക്കെ നമുക്ക് വാങ്ങിക്കോണ്ട് വരുന്നെന്നുള്ളത് നേരാ. അതിന്, ‘ഞാനെന്തിനാ അമ്മേയെക്കാൾ അച്ഛനെ ബഹുമാനിക്കേം അനുസരിക്കേം ഒക്കെ ചെയ്യണന്ന് പറയുന്നെ..!?’

ഇതു കേട്ട അമ്മ, ഇടിവെട്ടേറ്റ പനപോലെ നിന്നു. പിന്നെ ചുറ്റും നോക്കി. അമ്മയിലെ മാതൃത്വം പകച്ചുപോയതായി ആ നോട്ടത്തിൽ നിന്നും ഞാന്‍ ഊഹിച്ചെടുത്തു.. ആ കണ്ണുകളൊക്കെ ചുവന്ന് വന്നിരുന്നു.

ഓടുന്നതാവും ബുദ്ധി എന്ന് തോന്നി. ന്റെ കൃഷ്ണാ.. ന്റെ സംശയം ഇത്രയും ഭീകരം ആയിരുന്നോ എന്നോര്‍ത്ത് എന്‍റെ ചങ്കിടിച്ചു.

പക്ഷേ അമ്മ സ്നേഹത്തോടെ എന്നോട് മറുപടി പറയാനെന്ന ഭാവത്തില്‍ തലോടി.

”മോളേ, അമ്മ അച്ഛനെ കല്യാണം കഴിച്ചതു കൊണ്ടല്ലേ മോളുണ്ടായത്. അതുകൊണ്ട് അമ്മയും, അച്ഛനും മക്കള്‍ക്ക് ഒരു പോലെയാ. രണ്ടു പേരെയും, സ്നേഹിക്കുകയും, ബഹുമാനിക്കുകയും, അനുസരിക്കുകയുമൊക്കെ വേണം.”

”അപ്പോ കുട്ടികളുണ്ടാവാന്‍ വേണ്ടിയാണോ ഈ കല്യാണം കഴിച്ചണെ.!?”

അമ്മ വിയര്‍ക്കുന്നു.

”എന്തായാലും ഞാന്‍ വന്നത് അമ്മേടെ വയറ്റില്‍ നിന്നാണെന്നല്ലേ അമ്മ പറഞ്ഞത്. അപ്പോള്‍ എനിക്ക് അമ്മയെ മാത്രം പേടിച്ചാലും, അനുശരിച്ചാലും പോരെ. അച്ഛനോട് ശ്നേഹം ഉണ്ട്. അതുപോരെ..!?”

അറിയാവുന്ന രീതിയില്‍ എന്‍റെ സംശയത്തിന് മറുപടി തന്നിട്ടും, എന്‍റെ മറു ചോദ്യങ്ങള്‍ കേട്ട് കുഴഞ്ഞ അമ്മ അടവൊന്നുമാറ്റി, രാവിലത്തേയുള്ള ദേഷ്യം ഒന്നൂടെ മുഖത്ത് വരുത്തി. പിന്നെ, ‘നിനക്ക് പഠിക്കാനില്ലേ പെണ്ണെ..!’ എന്നും പറഞ്ഞു ഒറ്റ അലർച്ച അലറി.

സിവിൽ സർവീസിനല്ല, ഒന്നാം ക്ലാസ്സിലാണ് ഞാൻ പഠിക്കുന്നതെന്നുപോലും അമ്മ മറന്നുപോയ നിമിഷങ്ങൾ.. ഹും.!

എന്‍റെ സംശയം അന്ന് വൈറലായി. അമ്മ മാമിമാരോടും, ചിറ്റമാരോടുമൊക്കെ അത് പറഞ്ഞപ്പോള്‍ എല്ലാവരും കുടുകുടെ ചിരിച്ച്, എന്നെയെടുത്ത് ഉമ്മവച്ച് കുറുമ്പിപ്പെണ്ണെന്നും പറഞ്ഞു.

സംശയം മാറിയില്ലെങ്കിലും, സംഗതി ഹിറ്റായതിന്‍റെ ത്രില്ലിലാണ് ഞാന്‍ എന്‍റെ ഒന്നാം ക്ലാസ്സ്മേറ്റായിരുന്ന അശ്വതി അച്ചുവിനോട് ഇതേ സംശയം ചോദിച്ചത്.

അവളും, ആ സംശയം അവള്‍ക്കും തോന്നിയതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് എന്നോട് തന്നെ വല്ലാത്ത മതിപ്പ് തോന്നി. പക്ഷേ ഇതിനൊരു ഉത്തരം കിട്ടണമല്ലോ. ഞങ്ങള്‍ ലീല മിസ്സിനോട് ചോദിച്ചു.

കുറേ നേരം ഞങ്ങളുടെ കുരുന്നു മുഖത്തേയ്ക്ക് നോക്കി നിന്ന ടീച്ചര്‍, അടുത്തു വിളിച്ച് അമ്മ പറഞ്ഞ അതേ ഡയലോഗ് പറഞ്ഞുതന്നു. അപ്പോള്‍ അമ്മയോട് ചോദിച്ച അതേ മറുചോദ്യം ഞാന്‍ മിസ്സിനോടും ചോദിച്ചു. അന്ന് ക്ലാസ്സ് നേരത്തെ കഴിഞ്ഞെന്നും പറഞ്ഞ് പോയ ലീല ടീച്ചറിനെ, വഴിയിലൊക്കെ വച്ച് ഇന്നും ഇടയ്ക്കിടെ കാണാറുണ്ട്. പക്ഷേ അകലെ നിന്ന് മാത്രം. എന്നെ ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ മിസ്സിനെ കാണാതാകും.

ഒന്നാം ക്ലാസ്സിലെ എന്‍റെ സംശയമൊക്കെ ആ റേഞ്ചിലായിരുന്നപ്പോള്‍, ‘ഇപ്പോള്‍ ഏത് റേഞ്ചിലുള്ള സംശയമാകും ഇവള്‍ക്ക്’ എന്ന് ചിന്തിച്ചാകാം പാവം മുങ്ങുന്നത്.

അമ്മയ്ക്കൊന്നും പിന്നെ മുങ്ങാന്‍ പറ്റാത്തതുകൊണ്ട് എന്തെങ്കിലും സംശയം ചോദിക്കാന്‍ ചെന്നാല്‍, കെട്ടി എനിക്കൊരു കൊച്ചായതൊന്നും നോക്കാതെ, ഇപ്പോഴും തൊഴുത് കാണിക്കും. അമ്മയുടെ ‘കണ്ണില്‍’ ഇന്നും, അന്ന് അടുക്കളയില്‍ പാത്രം കഴുകി നിന്നപ്പോഴത്തെ ദൈന്യത കാണാം.!

രചന :- റിതുനന്ദിനി രേണൂസ്‌(പീലി)

Leave a Reply

Your email address will not be published. Required fields are marked *