രാവിലെ തന്നെ പാത്രങ്ങളുമായി അടി കൂടുന്ന രശ്മിയെ കണ്ടപ്പഴേ എന്റെ മനസിലേക്ക് ഇന്നലത്തെ സംഭാഷണമായിരുന്നു കടന്നു വന്നത്….

രചന :- Nijilaabhina

രാവിലെ തന്നെ പാത്രങ്ങളുമായി അടി കൂടുന്ന രശ്മിയെ കണ്ടപ്പഴേ എന്റെ മനസിലേക്ക് ഇന്നലത്തെ സംഭാഷണമായിരുന്നു കടന്നു വന്നത്….

“ഏട്ടാ എത്ര നാളായി ഒരു സിനിമയ്ക്കൊക്കെ പോയിട്ട്…. നാളെ ഏട്ടനും ലീവല്ലേ മ്മക്കൊന്ന്‌ പോയാലോ… മാളൂട്ടിയും കൊറെയായി പറയണു ഒന്ന് പുറത്തൊക്കെ പോവണംന്ന്‌….

“എടിയേ നാളെയെനിക്ക് കുറച്ചു തിരക്കുണ്ട്…. പിന്നീടോരിക്കലാവട്ടേ… ”

“അല്ലേലും എന്നാ മനുഷ്യ നിങ്ങടെ തിരക്കൊന്നു തീരുന്നെ…. പറയണ കേട്ടാ തോന്നും ആൾക്ക് കളക്ടറുധ്യൊഗം ആന്ന്‌… കൂലിപ്പണിക്കാരന്റെ ഒരു ജാടയേയ്….

“അല്ലേലും എന്നെ പറഞ്ഞാ മതിയല്ലോ ഇങ്ങേര്ടെ ഒലിപ്പീരുo നാഴികയ്ക്ക് നാപ്പത്‌ വട്ടോള്ള വിളിയും ഹിമാലയം കീഴടക്കുന്നതിനേക്കാൾ സാഹസപ്പെട്ടുള്ള കാണാൻ വരവും ഒക്കെ കണ്ടപ്പോ മൂക്കും കുത്തി വീണു പോയി…. ”

“അങ്ങോട്ട്‌ നീങ്ങി കെടക്കടി കൊച്ചെ… അല്ലേയ്…നീയിതെന്ത്‌ കാണാനാ ഈ കണ്ണും മിഴിച്ചു കെടക്കണേ കിടന്നുറങ്ങടി….. ”

എന്തിനാച്ഛേ അമ്മ വഴക്ക് പറയുന്നേ എന്ന മോളുടെ ചോദ്യത്തിന് നിന്റമ്മയ്ക്ക് വട്ടാ മോളെ അച്ഛന്റെ മോളുറങ്ങിക്കോട്ടോ എന്ന മറുപടി അവളെ ഒന്നൂടി ചോടിപ്പിച്ചു….

“അതെ വട്ടു തന്നെയാ മുഴുത്ത വട്ട്…. അല്ലേ നിങ്ങളെയൊക്കെ സഹിക്കില്ലല്ലോ ”

വീര്പ്പിച്ച മോന്ത കണ്ടപ്പഴേ മനസിലായി ഇന്നിനി എന്തേലും പറഞ്ഞാ ചളുങ്ങാൻ പോണത് മിക്കവാറും എന്റെ മോന്തയാവുംന്ന്‌…..

അല്ലെങ്കിലും അവൾ പറഞ്ഞത് സത്യാണ്…

മോള് കൂടി വന്നേപ്പിന്നെ അവളെ ശ്രദ്ധിക്കാനോ അവളുടെ ആഗ്രഹങ്ങൾ കേള്ക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല….

പറ്റിയിട്ടില്ല എന്നതാണ് സത്യം…. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ മനപ്പൂർവം അതൊക്കെ മറന്നു….. അവൾക്കും കൂടി വേണ്ടിയല്ലേ താൻ കഷ്ടപ്പെടുന്നത്‌ എന്ന ചിന്തയായിരുന്നു….

. പ്രേമിച്ചു നടന്നെങ്കിലും അന്തസോടെ വീട്ടിൽ ചെന്നു ചോദിച്ചു തന്നെയാണവളെ കൂടെ കൂട്ടിയത്…..

കൂലിപ്പണിക്കാരന് മോളെ തരില്ല എന്ന വിശ്വാസം കാറ്റിൽ പറത്തി ക്കൊണ്ട് അവളുടെയച്ഛൻ മോള്ടെ സന്തോഷത്തിന് പച്ചക്കൊടി കാണിച്ചത് ഒരുപക്ഷേ ‘ഒന്നും വേണ്ട അച്ഛന്റെയീ മോളെ മാത്രം മതി പട്ടിണി കൂടാതെ നോക്കിക്കോളും എന്ന എന്റെ വാക്ക് കൊണ്ടാവും….

അതോ അരയോളം കടത്തിൽ മുങ്ങി നിന്ന ഒരച്ഛന്റെ നിസഹായതയോ… അറിയില്ല..

രാജകുമാരിയെപ്പോലെ നോക്കുമെന്ന് മനസ്സിൽ കരുതിയിരുന്നെങ്കിലും പെങ്ങള്ടെ കല്യാണോo മോള്ടെ ജനനോം എല്ലാം കൂടിയായപ്പോൾ അതൊക്കെ മനസ്സിൽ തന്നെ നില നിർത്താനെ കഴിഞ്ഞുള്ളൂ…

ഇന്നോളം പരിഭവങ്ങൾ ഒന്നും പറയാത്തവളാണ്….

വിവാഹം കഴിഞ്ഞ കാലത്ത് എന്റെ മടിയിൽ തല വെച്ചുകിടന്നവൾ പറയാറുണ്ട്…..

‘എനിക്ക് വല്യ ആഗ്രഹങ്ങൾ ഒന്നൂല്ലെടാ ഏട്ടാ ഇടയ്ക്ക് വല്ലപ്പോഴും എന്റെട്ടന്റോപ്പം ഒരു സിനിമ… പകല് വേണ്ടാട്ടോ രാത്രി മതി… എന്നിട്ട് പാതി രാത്രീല് തിരിച്ചു വരണം.. വരുമ്പോ വഴീലെ തട്ട് കടേന്നൊരു മസാല ദോശ…. ‘

‘ഇടയ്ക്ക് ഉത്സവം വരുമ്പോ ഉത്സവപ്പറമ്പിൽ നിന്റെ കൈ പിടിച്ചു നടക്കണം അപ്പൊ എന്റെ കൈകളിൽ നീയണിയിച്ച കുപ്പി വളകൾ കിലുങ്ങണം…. സങ്കടം വരുമ്പോ ചേർത്തൊന്ന്‌ പിടിക്കണം ഇത്രേക്കെ ഉള്ളു… ‘

ഇതൊക്കെയായിരുന്നു അവള്ടെ ആഗ്രഹങ്ങൾ… ഒന്നും തന്നെ നടത്തി കൊടുത്തിട്ടില്ല… അല്ല പറ്റിയിട്ടില്ല….

ഓരോ തവണ പണി കഴിഞ്ഞിറങ്ങുമ്പോഴും സിനിമ തിയറ്ററിന് മുമ്പിലെ പുതിയ പോസ്റ്റർ കാണുമ്പോ ഓർക്കാറുണ്ട് ഒന്ന് വരണംന്ന്‌ മോള്ടെ സ്കൂളിലെ ഫീസും കറന്റുബില്ലും വീടിന്റെ ലോണും അല്ലാത്ത ലോണും അമ്മേടെ മരുന്നും എല്ലാമോർക്കുമ്പോൾ ആ ആഗ്രഹങ്ങൾ പതിയെ മറക്കാറാണ് പതിവ്….

പാത്രങ്ങളോട് മല്ലിടുന്ന അവളെ ചേർത്തു നിർത്തി ഇന്ന് വേഗം പണിയൊക്കെ തീർത്തോളു നമുക്ക് പുറത്തൊക്കെ ഒന്ന് പോകാടിയെ എന്ന് പറഞ്ഞപ്പോൾ എന്റെ കൈ തട്ടി മാറ്റിയവൾ പറഞ്ഞു…

“ഇത് ഞാൻ ഇന്നലെ അത്രേം പറഞ്ഞോണ്ടല്ലേ എനിക്കെവിടേം പോണ്ടാ” ന്ന്

“അല്ലെടി ശെരിക്കും എനിക്കും തോന്നുന്നുണ്ട് നമ്മളന്ന് സ്വപ്നം കാണാറില്ലേ രാത്രിയിലെ സിനിമ, തട്ടുകട മസാല ദോശ….. ”

“സത്യം !!”

അതേയെന്ന് പറഞ്ഞവളെ ഇറുകെ പുണരുമ്പോൾ ആ കണ്ണിൽ നിറഞ്ഞ മിഴിനീരിൽ ഞാൻ കണ്ടിരുന്നു അവളുടെ സന്തോഷം……

“ദേ കൈ വിട്ടേ എനിക്ക് വേദനിക്കുന്നു.. നിങ്ങടെ കൈയ്യേന്താ മനുഷ്യ കരിങ്കല്ലാണോ…. ”

ഒരു കൂലിപ്പണിക്കാരന്റെ കൈക്ക് ഇത്രേം മാർദ്ദവോക്കെയെ കാണുള്ളൂ എന്ന എന്റെ മറുപടിക്ക് പകരം അവൾ പറഞ്ഞു….

ഈ കൂലിപ്പണിക്കാരന്റെ കയ്യുടെ കരുത്തും ഈ നെഞ്ചിലെ ചൂടും മതിയെനിക്ക് ഈ ജന്മം മുഴുവനുമെന്ന്…..

രചന :- Nijilaabhina

Leave a Reply

Your email address will not be published. Required fields are marked *