രചന :-ജ്വാല മുഖി…
ആർത്തലച്ചു പെയ്ത മഴയിൽ ആരോടും ഒന്നും പറയാതെ അവൾ ഇറങ്ങി…
എങ്ങോട്ട് പോണം എന്നറിയില്ല…
മകനെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഇറങ്ങുമ്പോൾ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു.. ഹരിയെ കൂടി ഒന്ന് കാണണം…
ഫോണെടുത്തു അവൾ ഒരു മെസ്സേജ് ഇട്ടു..
“ഹരി.. താര ആണ്… എനിക്ക് അത്യാവശ്യം ആയി നിന്നെ ഒന്ന് കാണണം.. നാളെ രാവിലെ 8 മണിക്ക് നമ്മൾ പഠിച്ച കലാലയത്തിന്റ വാകമര ചുവട്ടിൽ ഞാൻ ഉണ്ടാകും… കഴിയുമെങ്കിൽ വരിക.. ”
ഫോൺ സ്വിച്ച് ഓഫ് ആക്കി അതു ബാഗിൽ ഇടുമ്പോൾ ഒന്നേ ആലോചിച്ചുള്ളു..
ഇത്ര കാലം ജീവിച്ചിട്ട് എന്ത് നേടി… ഇനി നേടാനും ആകില്ല…
ഇപ്പൊ വീട്ടിൽ പുതച്ചു മൂടി ഉറങ്ങുന്ന എന്റെ മകനും എന്റെ മാഹിയെട്ടനും നാളെ നേരം പുലരുമ്പോൾ എന്നെ തിരഞ്ഞു നടക്കും..
ചിലർ പറയും അവൾ വല്ലോരുടെയും കൂടെ നാട് വിട്ടു എന്ന്… എന്ത് തന്നെ ആയാലും എനിക്ക് ഇനി പ്രശ്നമല്ല…
ഹരിയെ ഒന്ന് കാണണം… അടുത്ത മാസം അവന്റെ വിവാഹം ആണ്…
എന്നിൽ നിന്നും അകന്നു പോയതിൽ പിന്നെ വിവാഹം വേണ്ട എന്നു തീരുമാനിച്ച അവൻ ഇന്ന് ഒരു വിവാഹത്തിന് ഒരുങ്ങാൻ തുടങ്ങുന്നു… അവനും നന്നായി ജീവിക്കട്ടെ…
നേരം പുലരുന്ന വരെ പല പല സ്ഥലങ്ങളിൽ ചുറ്റി തിരിഞ്ഞു നടന്നു…
രാവിലെ ഒരു ഔട്ടോ പിടിച്ചു കോളേജിൽ എത്തി… സമയം 7 മണി… അവൻ വരുമോ എന്നു അറിയില്ല..
നിമിഷങ്ങൾ പായും തോറും ഉള്ളിൽ പേടി കയറി… വരില്ലേ… വന്നില്ലേലും വിരോധം ഒന്നും ഇല്ല…
കുറച്ചു കഴിഞ്ഞതും ഒരു റെഡ് കളർ കാർ കോളേജിലേക്ക് കയറി വന്നു… അതെ.. ഹരി തന്നെ…
എന്ത് പറയണം എന്നറിയാതെ ഞാൻ ഒന്ന് പതറി…
“നി വന്നിട്ട് കുറെ നേരം ആയോ.. ”
“ഇല്ല.. ഹരി . ഞാൻ ഇപ്പൊ വന്നതേ ഉള്ളു.. ”
“രാവിലെ എന്തും പറഞ്ഞാണ് വീട്ടിൽ നിന്നും പോന്നത്.. ”
“ഒരു ഫ്രണ്ട് ന്റെ അച്ഛൻ മരിച്ചു.. കാണാൻ പോണം എന്നു പറഞ്ഞു.. ”
“എന്താ ഇത്ര അത്യാവശ്യം ആയി കാണണം എന്നു പറഞ്ഞത്.. ”
“ഒന്നുമില്ല ഹരി.. വർഷം 4 കഴിഞ്ഞു നിന്നെ ഒന്ന് കണ്ടിട്ട്… വിവാഹം.. പ്രസവം.. എല്ലാം അതിനിടയിൽ നടന്നു… ”
“ഈ നാല് വർഷവും നീ വിളിക്കും എന്നു ഞാൻ പ്രതീക്ഷിച്ചു.. ”
“ഇപ്പോളും വിളിക്കുമായിരുന്നില്ല… പക്ഷേ അവസാനം ആയി നിന്നെ ഒന്ന് കാണണം എന്നു തോന്നി.. ”
“എന്താ നീ അങ്ങനെ പറയണേ… ”
“ഹരി… ദൈവം എനിക്ക് നല്ലൊരു ഭർത്താവിനെ തന്നു.. നല്ലൊരു മകനെ തന്നു… നല്ലൊരു ഫാമിലി തന്നു… ആയുസ്സ് മാത്രം ദൈവം തന്നില്ല… ”
“നീ എന്തൊക്കെ ആടി പറയണേ.. ”
കണ്ണിൽ ഇരുട്ടു കേറുന്ന പോലെ തോന്നി ഹരിക്ക്..
“അതെ ഹരി… എനിക്ക് ബ്ലഡ് ക്യാൻസർ ആണ്.. ലാസ്റ്റ് സ്റ്റേജ്.. വീട്ടിൽ ആർക്കും അറിയില്ല… അറിയിച്ചില്ല ഞാൻ.. ഇനി അറിയിക്കേം ഇല്ല.. അറിയിച്ചാൽ ഉള്ളതെല്ലാം വിറ്റുപെറുക്കി എന്നെ ചികിൽസിക്കും എന്റെ മഹി.. പക്ഷേ എന്നാലും എന്നെ തിരിച്ചു കിട്ടില്ല.. ഒടുവിൽ കടം കേറി ആ മനുഷ്യൻ അലയും… അതൊന്നും കാണാൻ വയ്യ.. ”
“അതുകരുതി.. ചികിൽസിക്കാതെ പറ്റോ.. ”
“ഹരി.. അതൊക്കെ വീടു…. എനിക്ക് ഒന്ന് നിന്നെ കാണണം എന്നു തോന്നി… അതാ വരാൻ പറഞ്ഞത് … ”
“എന്നാലും താരാ… ”
“ഹരിടെ മനസ്സിൽ താര ഒരു തേപ്പുകാരി ആണ്.. പക്ഷേ അന്ന് ഹരിയുടെ കൂടെ ഇറങ്ങിവന്നിരുന്നു എങ്കിൽ എന്റെ ജാതകത്തിലെ ചൊവ്വ ദോഷം കാരണം ഹരിക്ക് എന്തേലും സംഭവിക്കും എന്നു ഭയന്നാണ് എല്ലാം അവസാനിപ്പിച്ച് നിന്നെ ആട്ടി വിട്ടത്… എന്നിട്ടും വിധി എന്നെ തോൽപിച്ചു… ”
“ജാതകത്തിൽ ഒന്നും എനിക്ക് വിശ്വാസം ഇല്ല താര.. പക്ഷേ ഇപ്പൊ ഞാൻ ഒരു പെണ്ണിന് വാക്കു കൊടുത്തു… ”
“ഞാൻ എന്റെ കുടുംബം ഇട്ടെറിഞ്ഞു നിന്റെ കൂടെ ജീവിക്കാൻ വന്നതല്ല.. അങ്ങനെ ഒന്നും നീ കരുതേണ്ട ഹരി… അവസാനം ആയി നിന്നെ ഒന്ന് കാണണം എന്നു തോന്നി… അതാ വന്നത്.. ”
“നിന്റെ അസുഖത്തെയോ ജാതകത്തെയോ ഞാൻ ഭയക്കുന്നില്ല.. അന്ന് നിന്നെ എത്രമാത്രം സ്നേഹിച്ചോ ആ സ്നേഹം അങ്ങിനെ തന്നെ എന്റെ മനസ്സിൽ ഉണ്ട്.. പക്ഷേ.. ”
“ഹരി.. നിന്നോട് ഒരു മാപ്പ് ചോദിക്കാൻ വേണ്ടി മാത്രം വന്നതാ ഞാൻ… ‘”
“എന്താ താര.. നിന്നെ ഒരിക്കലും ഞാൻ വെറുത്തിട്ടില്ല… ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും നിന്റെ ഒരു വിരലിൽ പോലും തൊട്ടു ഹരി നിനക്ക് കളങ്കം വരുത്തിയിട്ടില്ല… ”
“നി ഞാൻ കാരണം കുറെ കണ്ണീരൊഴുക്കിയില്ലേ.. അതാ.. ”
” നീയും കരഞ്ഞില്ലേ ഒരുപാട്….. അതൊക്കെ മറക്കൂ… ”
തലേന്ന് മഴയിൽ ഉതിർന്നുവീണ ഇലകളെ ഞെരിച്ചു അവൾ അവനടുത്തേക്ക് നടന്നു..
അവന്റെ കൈകളിൽ പിടിച്ചു.. അവന്റെ മുഖം ചേർത്ത് പിടിച്ചു നെറുകയിൽ ഒരു ചുംബനം നൽകി…
“ഇതേ ഉള്ളു നിനക്ക് തരാൻ എന്റെ കയ്യിൽ… ”
എന്ത് ചെയ്യണം എന്നറിയാതെ ഹരി അങ്ങനെ നിന്നു..
“എന്റെ മനസ്സിൽ ഞാൻ വരിച്ച എന്റെ വരനായിരുന്നു നീ… വീട്ടുകാർ എനിക്ക് തന്ന വരൻ ആയിരുന്നു മഹി.. രണ്ടുപേരെയും എന്റെ മനസിന്റെ ഓരോ കോണിൽ ഞാൻ പ്രതിഷ്ഠിച്ചിരുന്നു… ഇന്നും… ഒരുപാട് സ്നേഹിക്കുന്നു… ചതിച്ചിട്ടില്ല ആരെയും… ”
“താര… ഇനിയും നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ തകർന്നു പോകും.. എന്നെ മനസിൽ വരിച്ചു സ്വപ്നം കണ്ടു കഴിയുന്ന എന്റെ പെണ്ണിനെ പോലും ഞാൻ മറന്നു പോകും.. ”
“ഇല്ല.. ഹരി.. ഞാൻ ഇറങ്ങുവാണു.. ”
തിരിഞ്ഞു നോക്കാതെ അവൾ പോകുന്നത് നോക്കി നിൽക്കാനേ ഹരിക്കു ആയുള്ളൂ…
ഉതിർന്നു വീണ കണ്ണീർ തുള്ളികൾ കാഴ്ച മറച്ചിട്ടും അവൾ നടന്നു…
അവൾ ഒന്ന് നോക്കിയെങ്കിൽ എന്നു അവൻ ഒരുപാട് കൊതിച്ചു… അവൾ നോക്കിയില്ല…
തലേന്നേ പെയ്ത മഴയുടെ ആലസ്യം തീരാത്ത നിളയുടെ മടിയിലേക്ക് എടുത്തു ചാടുമ്പോളും പുഴയിലെ വെള്ളത്തിൽ അവളുടെ കണ്ണുനീർ തുള്ളികൾ അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു…
നിളയുടെ മാറിൽ അവൾ മയങ്ങി വീണു…
നാളുകൾ കഴിഞ്ഞു അവളെ ഓളങ്ങൾ കരക്ക് തള്ളി…
അറിഞ്ഞവർ എല്ലാം മൂക്കിൽ വിരൽ വച്ചു.. എന്ത് നല്ല കുട്ടി ആയിരുന്നു…
അവിടേം ഇവിടേം കണ്ടു..ഒളിച്ചോടിത എന്നൊക്കെ കരക്കമ്പി പരത്തിയവർ പിന്നെ വാ അടച്ചു….
എല്ലാം അറിഞ്ഞു ഓടി എത്തിയ ഹരിക്ക് മുന്നിൽ അവളുടെ കുഴിമാടത്തിനു മുകളിലായി വളർന്നൊരു തുളസി കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു.. അതെ ഇന്നലെയും മഴ പെയ്തു.. എല്ലാവരുടെയും മനസ്സിലും…
നടന്നതെല്ലാം മഹിയോട് പറയുമ്പോൾ ഒരു ഞെട്ടൽ പോലും ഇല്ലാതെ മഹി എല്ലാം കേട്ടു നിന്നു…
“അവൾ അവളുടെ ശരീരം മാത്രം അല്ലടാ എന്റെ ജീവനും കൂടിയ കൊണ്ടു പോയെ… രക്ഷിച്ചെനില്ലേ ഞാൻ അവളെ … ”
“ആരും അറിയരുത് എന്നു ആഗ്രഹിച്ചിരുന്നു.. ”
“എന്റെ ജീവിതം പോയി ഹരി… അവളെ പോലെ അവൾ മാത്രമേ ഉള്ളു … എന്റെ വീടിന്റെ വിളക്കായിരുന്നു അവൾ… ”
കരഞ്ഞു കലങ്ങിയ ആ കണ്ണുകളെ നോക്കി ഒന്നും പറയാൻ ആകാതെ ഹരി ഇറങ്ങി നടന്നു…
അപ്പോളും ഹരിയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.. അവൾ കൊണ്ടു പോയത് മഹിടെ മനസ്സ് മാത്രം അല്ല ഈ ഹരിയുടെയും കൂടിയാണെന്ന്…
രചന :-ജ്വാല മുഖി…