രോഗം : അഹങ്കാരം പ്രണയം

രചന : ജോൺ സാമുവൽ

ഐ സി യൂ വില് അപ്പന്റെ ബെഡിനടുത്ത് വെള്ള കുപ്പായത്തിൽ അവളെ കണ്ടപ്പഴേ എന്റെ നെഞ്ചോന്നു കാളി.

പണ്ടു പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഞാനവളുടെ തന്തക്ക് വിളിച്ചതാണ്. എട്ടാം ക്ലാസ് മുതലുള്ള എന്റെ ലൈൻ ആയിരുന്നു അവൾ. പ്ലസ്ടു വില് പടിക്കുമ്പോ ബോട്ടണി ലാബിൽ വെച്ച് എന്റെ റെക്കോർഡ് ബുക് വരക്കാൻ കൊടുത്തു വിട്ടിട്ട് അതു വരക്കാതെ വന്നതിനു അവളുടെ തന്തക്ക് വിളിച്ചു എന്ന നിസ്സാര പ്രശ്നത്തിനാണ് ആ ലൈൻ അന്ന് പൊട്ടിയത്.

പിന്നെ അത് മാത്രമല്ല കാരണം .

ഞാൻ കണ്ട നാളു തൊട്ട് അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു നഴ്സ് ആകണം എന്നത്.

എനിക്കാണെങ്കി ഈ നഴ്സുമാരെന്നു പറഞ്ഞാലേ ഇഷ്ടല്ല. എല്ലാരും പറയുന്ന പോലെ മരുന്നിന്റെ മണം ജോലിയുടെ കഷ്ടപ്പാട് അതുകൊണ്ടൊന്നുമല്ല എനിക്കിഷ്ടമല്ലാത്തത്ട്ടോ.അതിനും ഒരു കാരണമുണ്ട് കഥയുണ്ട്.

പണ്ട് പണ്ട് പണ്ട് ഞാൻ കുഞ്ഞായിരിക്കുന്ന സമയം

കൃത്യം വയസ്സ് ഓർമയില്ല, എന്നാലും തീരെ ചെറുതായിരുന്ന ഒരു ദിവസം

പോളിയോ വാക്സിനേഷൻ എടുക്കാൻ അമ്മേം വല്യമ്മച്ചിയും കൂടി എന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.

പോളിയോ തരാൻ വേണ്ടി ഒരു കൊലുമിട്ടായി കിട്ടിയിട്ട് വാ തുറക്കാൻ എന്നോട് ഒരു നഴ്സ് പറഞ്ഞു . പോളിയോ തരാനാണെന്നു എനിക്കറിയില്ലല്ലോ, മിട്ടായി പ്രതീക്ഷിച്ചു ഞാൻ വാ തുറന്നു പോളിയോ വാക്സിന്റെ കൈപ്പു നീരു എന്റെ കുഞ്ഞു നാക്കിൽ വീണു. പിന്നെ ഒന്നും നോക്കിയില്ല നല്ലൊരു കരച്ചിലും വായിൽ വീണ പോളിയോ വാക്സിൻ തുള്ളികൾ അതുപോലെ വെളിയിലേക്ക് തുപ്പുകയും ചെയ്തു.

ഇതു കണ്ട ആ പൂതന നഴ്സിന് ആകെ കലിപ്പായി.

അവള് വന്നിട്ടു എന്റെ രണ്ടു കവിളത്തും അങ്ങു കുതിപ്പിടിച്ചു. വേദനകൊണ്ട് ഞാൻ വാ തുറന്നു , അവള് മരുന്ന് എന്റെ വായിലേക്ക് ഒഴിച്ചു. ഞാൻ തുപ്പിക്കളായതിരിക്കാൻ അവൾ എന്റെ വായ പൊത്തിപ്പിടിച്ചു.

അതുവരെ എന്റെ കവിളത്ത് ഒരാളും ഇങ്ങനെ കുത്തിപ്പിടിച്ചിട്ടില്ല. പപ്പ ഉമ്മ തന്നു ഉമ്മ തന്നു അല്പം കവിള് ചാടുകയാണ് ചെയതിട്ടുണ്ടായിരുന്നത്. അങ്ങനെ ഉള്ള എന്റെ കവിളാണ് അവളുടെ കൈക്കുള്ളിൽ കിടന്നു പുളഞ്ഞത്.

ഈ നഴ്സുമാരെ കാണുമ്പോ ആ വേദന ഇപ്പഴും എനിക്ക് തോന്നാറുണ്ട്.

ഈ കഥയൊക്കെ ഞങ്ങള് ലൈൻ ആകുന്ന സമയത്തു തന്നെ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.

ഞാനതു പറഞ്ഞപ്പോ അവൾ ആരും കാണാതെ എൻറെ കവിളത്ത് ഉമ്മ വെച്ചിട്ട് പറഞ്ഞു

” ഞാൻ നഴ്‌സ് ആകുമ്പോ ദേ ഇതുപോലെ ഉമ്മകൊടുത്ത് പട്ടിലാക്കും ഇങ്ങനത്തെ കുരുത്തംകെട്ട പിള്ളേരെയൊക്കെ ”

എനിക്കതങ്ങിഷ്ടായി പക്ഷെ ഞാൻ അതിലൊരു നമ്പർ ഇട്ടു നോക്കി

” അയ്യേ , ഇതെന്തൊന്നുമ്മ ഇങ്ങനെ ഉമ്മവെച്ചാലൊന്നും പിള്ളേര് പാട്ടിലാവില്ല ”

പക്ഷെ ആ നമ്പര് അവള്ടെ അടുത്ത് ഏറ്റില്ല.

ഉമ്മവെച്ചു ചൂടാക്കിയ കവിളത്തു ഒരു കുത്തു തന്നിട്ട് ” പോടാ ” എന്നും പറഞ്ഞു അവൾ ഓടിപ്പോയി..

ആ അപ്പൊ പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ആ ലൈൻ പോയിട്ട് ഏകദേശം അഞ്ചു വർഷം കഴിഞ്ഞു . ഒരു വർഷം മുൻപ് ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിനാണ് അവളെ അവസാനമായി കണ്ടത്. അതിനു ശേഷം ഇപ്പൊ ദേ ഈ ഐ സി യു വില് വെച്ചാണ് അവളെ കാണുന്നത്.

ഞാൻ അപ്പന്റെ ബെഡിനടുത്തേക്ക് നടന്നു. അവൾ ഡോക്ടറുടെ പിറകിലായി നിൽക്കുന്നുണ്ടായിരുന്നു.

” കുഴപ്പമൊന്നുമില്ല, നാളെ റൂമിലേക്ക് മാറ്റാം. ഒരു ദിവസം കൂടി ഇവിടെ കിടക്കട്ടെ ”

എന്നു പറഞ്ഞു ഡോക്ടർ നടന്നു നീങ്ങി

എന്നോടുള്ള ദേഷ്യം അവൾ എന്റെ അപ്പന്റടുത്ത് തീർകുമോ എന്നു ഞാനൊന്നു ഭയന്നു. അതുകൊണ്ട് ഞാൻ അപ്പനോട് വെടിപ്പായിട്ടു കാര്യം പറഞ്ഞു. അപ്പൻ അലർട്ട് ആയിക്കോളാം എന്നും പറഞ്ഞു…

12 മണിക്കാണ് അപ്പനെ വീണ്ടും കാണിക്കുക.

അത്രയും നേരം ഞാൻ പുറത്തു കാത്തിരുന്നു… ആ മൂന്നു മണിക്കൂറുകൾ കടന്നു പോയതു ഞാൻ അറിഞ്ഞതേയില്ല.

12 മണിക്ക് അവൾ വെളിയിലേക്ക് വന്നു അകത്തു വരാൻ പറഞ്ഞു …

ഞാൻ അപ്പന്റെ അടുത്തേക്ക് പോയി..

” ടാ ആ പെണ്ണില്ലേ , അവള് മരുന്നു തന്നിട്ട് പോകാൻ നേരം എന്റെ കയ്യില് നുള്ളിപ്പറിച്ചെടാ”

അപ്പൻ എന്റെ കാതിൽ പറഞ്ഞു

അതു കേട്ടപ്പോ എന്റെ രക്തം തിളച്ചു കയറി.

ഞാൻ ഉറക്കെ വിളിച്ചു

“ടി…….”

ഐ സി യു വില് ഉറക്കെ സംസാരിച്ചതിന് അവിടുത്തെ സെക്യൂരിറ്റി അപ്പൊ തന്നെ എന്നെ പിടിച്ചു പുറത്താക്കി !

അപ്പനെ കാണിക്കുന്ന അടുത്ത സമയം മൂന്നു മണിയാണ്. മൂന്നാകുന്നത് വരെ കലിപ്പടക്കി ഞാൻ നിന്നു.

അവൾ ഐ സി യു വിന്റെ വാതിൽ തുറന്നു . ഇനിയെന്തെങ്കിലും അവളെന്റെ അപ്പനെ ചെയ്തോ എന്നറിയാൻ അപ്പന്റെ അടുത്തേക്ക് ഞാൻ പാഞ്ഞു.

ആശുപത്രിയായാലും ശരി പള്ളിയായാലും ശരി ഇനി എന്തെങ്കിലും ചെയ്താൽ അവിടെ വെച്ച് തന്നെ അവൾക്കിട്ടൊന്നു പൊട്ടിക്കണം എന്നു തീരുമാനിച്ചുറപ്പിച്ചിരുന്നു.

ഞാൻ അപ്പന്റെ അടുത്തേക്ക് ചെന്നതും അപ്പൻ എന്റെ ചെവിക്കുപിടിച്ചു കറക്കിക്കൊണ്ടു പറഞ്ഞു

” നീ എന്നാ കോപ്പാടാ എന്നോട് പറഞ്ഞേ , ബോട്ടണി ലാബ് റെക്കോർഡ് ബൂക് വരച്ചു തരാമെന്നു പറഞ്ഞു പോയിട്ട് വരക്കാതെ വന്നു നിന്നെ പറ്റിച്ചകൊണ്ടാ നീ അവളുടെ തന്തക്ക് വിളിച്ചതന്ന് അല്ലേടാ ? എടാ നീയൊക്കെ എന്നാ ഒരുത്താനാടാ !!! നിന്റെ ഫിസിക്സ് കെമിസ്‌ട്രി സുവോളജി റെക്കോർഡ് ബുക്കെല്ലാം അന്ന് അവൾ വരച്ചോണ്ട് തന്നില്ലേടാ ഊളെ . അന്തസ്സ് വേണമെടാ അന്തസ്സ് ”

എന്റെ ചെവി അപ്പഴേക്കും ചുവന്നു തുടുത്തിരുന്നു.

ഇടം കണ്ണിട്ട് ഞാൻ അവളെ ഒന്ന് നോക്കി അപ്പന്റെ മുഖത്തുണ്ടായിരുന്നതിനെക്കാൾ ഇരട്ടി ദേഷ്യം അവളുടെ മുഖത്തുണ്ടായിരുന്നു..

അപ്പൻ പറഞ്ഞതൊക്കെ ശരിയാണ് , പക്ഷെ അവളാകാര്യമൊക്കെ അപ്പനോട് പറയുമെന്ന് ഒരിക്കലും കരുതിയില്ല.

പിന്നെ ഒരു കാര്യത്തിൽ സമാധാനമായി , അപ്പനും അവളും കമ്പനിയായ സ്ഥിതിക്ക് അപ്പന്റെ കാര്യത്തിൽ ഇനി പേടിക്കേണ്ട, അവള് എല്ലാം വേണ്ട രീതിയിൽ നോക്കിക്കോളും…

ഇനി അപ്പനെ കാണിക്കുന്നത് വൈകിട്ട് ആറുമണിക്കാണ്. അതിന് മുൻപ് എങ്ങനെയെങ്കിലും സ്‌കൂട്ടാകണം. ഒരിക്കൽ കൂടി അവളുടെ മുൻപിൽ നാണംകെടാൻ പറ്റില്ല. അതുകൊണ്ട് ആറുമണിക്ക് അപ്പനെ കാണിക്കുമ്പോൾ അമ്മയെ കേറ്റി വിടാമെന്നു വിചാരിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി.

അങ്ങനെ ആറുമണിയായപ്പോഴേക്കും ഞാൻ അമ്മയെ കയറ്റി വിട്ടു തടിതപ്പി.

പക്ഷെ ഐ സി യുവിൽ നിന്നും ഇറങ്ങി വന്ന എന്റെ അമ്മ ആ വരാന്തയിൽ വെച്ചു ആളുകൾ കേൾക്കെ എന്നോട് ചോദിച്ചു

” നാണം ഉണ്ടോടാ നിനക്കൊക്കെ ? നിന്റെ ഈ മരമൊന്തക്ക് റെക്കോർഡ് ബുക്ക് പോയിട്ട് സ്കെയിൽ വെച്ചു ഒരു വരപോലും ആരും വരച്ചു തരില്ല. അപ്പഴാണ് അവന്റൊരു റെക്കോർഡ് ബുക്ക് ”

പിന്നേം എന്തൊക്കെയോ പറഞ്ഞു.. പക്ഷെ ഒന്നും കേൾക്കാൻ ഞാൻ നിന്നില്ല.

വൈകിട്ട് അമ്മ വീട്ടിലേക്ക് പോയി.. ഇനി അപ്പനെ ഒൻപത് മണിക്കാണ് കാണിക്കുക. അതിനു ഞാൻ തന്നെ കയറി കാണണം. നാണം കേടാൻ ഞാൻ എന്നെ തന്നെ തയ്യാറാക്കികൊണ്ടേയിരുന്നു.

അധികം ലാഗ് അടിപ്പിക്കാതെ ആ സമയം ആഗതമായി.

അവൾ വാതിൽ തുറന്നു , ഞാൻ അകത്തേക്ക് കയറി. അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല.

നേരെ അപ്പന്റെ അടുത്തു ചെന്നു തലകുമ്പിട്ടു അടുത്ത റൌണ്ട് ചീത്തവിളി കേൾക്കാൻ തയ്യാറെടുത്തു ഞാൻ നിന്നു.

” എടാ വേ കൊച്ചു കിടുവാ , ഒരു തരത്തില് ഞാൻ അവളെപറഞ്ഞു മനസിലാക്കിട്ടുണ്ട്. അന്ന് നീ അവളുടെ തന്തയ്ക്ക് വിളിച്ചതിന്റെ തലേ ദിവസം വീട്ടില് കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു എന്നും ഞാൻ അന്ന് നിന്നോട് വഴക്കുണ്ടാക്കിയിരുന്നു എന്നും ഞാൻ വെച്ചു കാച്ചിട്ടുണ്ട്. അതില് അവള് വീണു.ദേ ഇനി മര്യാദക്ക് കൊണ്ടു നടന്നോണം, പിന്നേ ഇത്രേയൊക്കെ ചെയ്തത് നിന്റെ കൊണംകൊണ്ടല്ല ആ കൊച്ചിനെ എനിക്കങ്ങു ഇഷ്ടയാകൊണ്ടാ ”

അപ്പന്റെ തലക്കു ചുറ്റും ഒരു ദിവ്യ വെളിച്ചം ഞാൻ കണ്ടു…

തിരിച്ചു ഒന്നും പറയാൻ പറ്റുന്നതിനു മുൻപേ ഡോക്ടർ വന്നു…

ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മനസ്സ് അപ്പനെ കെട്ടിപ്പിടിച്ചുമ്മ വെക്കുന്നത് അപ്പന് കാണാമായിരുന്നു.

സന്തോഷത്തോടെ ഞാൻ ഐ സി യു വിനു വെളിയിലേക്ക് നടന്നു.. അവളെനിക്ക് ഐ സി യുവിന്റെ വാതിൽ തുറന്നു തന്നു… ഇറങ്ങാൻ നേരം അവളെന്റെ നേരെ നോക്കി ചിരിച്ചു, അവളെ നോക്കി ഞാനും . പെട്ടെന്ന് അവൾ അവളുടെ നഴ്സ് കുപ്പായത്തിൽ പിടിച്ചു കൊണ്ട് താൻ നഴ്‌സ് ആണെന്നും എനിക്ക് കുഴപ്പമുണ്ടോ എന്നും കളിയാക്കി ചോദിച്ചു . അതിനു ഞാൻ എന്റെ കവിളിൽ സ്വയം കുത്തിപ്പിടിച്ചു കൊണ്ട് എന്നോട് പണ്ട് ആ നഴ്‌സ് ചെയ്ത കഥ അവളെ ഓർമിപ്പിച്ചു. അതിനു അവൾ മുഖം താഴ്ത്തി കണ്ണുകൾ മാത്രം ഉയർത്തി എന്റെ കവിളത്തേക്ക് നോക്കി…

ഉഫ്…. ആ നോട്ടം !!!

*** അവസാനിച്ചു

© John Samuel

Leave a Reply

Your email address will not be published. Required fields are marked *