ലില്ലിക്കുട്ടീടെഒളിച്ചോട്ടം

രചന : AmMu Malu AmmaLu

എടി മോളമ്മേ നിന്റെ പെണ്ണ് ഡിഗ്രിക്ക് അല്ലായിരുന്നോടിയെ കഴിഞ്ഞോ അവക്കടെ പഠിപ്പൊക്കെ.. ? പരൂഷ ഫലം ഏതാണ്ട് ഇന്നല്ല്യോ വരുന്നേ ആ മറിയ പെണ്ണ്‌ ഇവക്കടെ കൂടെയല്ല്യോ പടിക്കണേ.

ആ അതെ ചേടത്തിയെ..

എന്നിട്ട് പെണ്ണെന്ത്യെടി അടച്ചു വീട്ടിലിരിക്ക്യാന്നോ..

ഓഹ് ന്റെ ചേടത്തിയെ അവക്കങ്ങനെ പേടിയൊന്നുല്ല പരൂഷയേ.

ങേ.. !! അതെന്താടിയെ.. ?

ഓഹ് അല്ലെ ഇപ്പൊ കൊറേ പഠിച്ചിട്ടെന്നാ കാര്യാ ന്നാ അവള് ചോയിക്കണേ..

ഏഹ്.. അതെന്നാടി മോളമ്മേ അവളെങ്ങനെ പറയണേ..

ഓഹ് അതെനിക്കെങ്ങനെ അറിയാം ചേടത്തിയെ.. ഇപ്പത്തെ പിള്ളേരല്ല്യോ. പിള്ളേരൊക്കെ നമ്മളെ പോലാന്നോ ചേടത്തിയെ, അവർക്ക് നമ്മളെക്കാളും ഒക്കെ വിവരം ഇല്ലേ.

ആഹ് അതെയതെ എന്നും പറഞ്ഞിരുന്നോ നീ.

ഹാ അതെന്നാ ചേടത്തിയെ ഒരു മുന വെച്ച് പറഞ്ഞപോലെ.

ഓഹ് എന്തോന്ന് മൊന, ഞാൻ ഒന്നും മനസ്സിൽ വെച്ചോണ്ട് പറഞ്ഞതൊന്നുമല്ലെടി കൊച്ചേ.

ഇപ്പത്തെ പിള്ളേരല്ല്യോ അതോണ്ട് പറഞ്ഞതാ.

ഏഹ് അതെന്നാ ചേടത്തിയെ ഇപ്പത്തെ പിള്ളേർക്കൊരു കൊഴപ്പം.. ? ഇത്തിരി കടുപ്പത്തിൽ ആയിരുന്നു മോളമ്മേടെ ആ ചോദ്യം.

പക്ഷേ ചേടത്തിക്ക് ആ കടുപ്പം അങ്ങോട്ട്‌ പിടിച്ചില്ല.

ചേടത്തിയും വിട്ടു കൊടുത്തില്ല. ഹോ ന്റെ മോളിക്കുട്ടിയെ അതിന് ഞാൻ എന്നാ പറഞ്ഞിട്ടാ ഡി നീ എന്റെ നേർക്ക് ചാടിക്കൊണ്ടു വരുന്നേ.

ഞാൻ എന്നാ പറഞ്ഞൂന്നാ ചേടത്തിയെ, ചേടത്തിയല്ലിയോ ഓരോ അർഥം വെച്ചോണ്ട് ഓരോന്ന് പറഞ്ഞു വന്നേ.

അങ്ങനെ ഒന്നും രണ്ടും മൂന്നും നാലും പറഞ്ഞു മോളമ്മേം കിക്കിലി ചേടത്തീം തർക്കം തുടങ്ങി.

മോളമ്മേന്റേം കിക്കിലിച്ചേടത്തിന്റെം കുശലാന്വേഷണം എന്നും ഇതുപോലെ എന്തെങ്കിലും തർക്കത്തിലാവും ചെന്നവസാനിക്ക്യ.

അങ്ങനെയിരിക്കെ ഇന്നത്തെ തർക്കം തീർക്കാൻ പതിവുപോലെ ചേടത്തീനെ പിടിച്ചോണ്ട് പോകാൻ മകൻ ജോർജുട്ടിയും മോളമ്മേന്റെ മോള് ലില്ലിക്കുട്ടിയും വന്നു.

ലില്ലിക്കുട്ടിയും ജോർജ് കുട്ടിയും അമ്മച്ചിമാരുടെ കൂടെ കൂടി തർക്കത്തിന് തൂക്കം കൂട്ടൽ ആണ്‌ സ്ഥിരം പണി.

അങ്ങനെ തൂക്കം കൂടിക്കൂടി രണ്ടാളും പെരുത്ത് ശത്രുക്കൾ ആയിമാറി. ആദ്യമൊക്കെ അമ്മച്ചിമാരടെ തർക്കം കൂടിക്കൂടി പിന്നീട് കുറ്റബോധം തോന്നി രണ്ടാളും ഒന്ന് പരസ്പരം നോക്കി ചിരിക്കുന്നതിലൂടെ ആ വഴക്കൊക്കെ അങ്ങട് മറുവായിരുന്നു.

പക്ഷേ, ഇപ്പൊ പിള്ളേര് തമ്മിൽ ശത്രുക്കളായതോടെ അമ്മച്ചിമാരും വിട്ടുകൊടുത്തില്ല..

ഓരോ തർക്കം കഴിയുമ്പോളും അമ്മച്ചിമാർക്കിടയിലും ചെറിയ ശത്രുക്കൾ കുടികൊള്ളുന്നതായി മോളമ്മക്കും ചേടത്തിക്കും തോന്നിത്തുടങ്ങി.

അങ്ങനെ ഇപ്പൊ രണ്ടു കൂട്ടരും നാട്ടിലെ പേരുകേട്ട ശത്രുകുടുംബങ്ങൾ ആയിമാറി..

ഒരൂസം ലില്ലിക്കുട്ടീടെ പ്രിയപ്പെട്ട കൂട്ടുകാരി അന്നക്കുട്ടീടെ മോൾടെ മാമോദീസായ്ക്ക് ലില്ലിക്കുട്ടിനേം വിളിച്ചു തിരിച്ചു പോകുന്ന വഴി അന്നമ്മ വഴിയിൽ വെച്ച് ജോർജ് കുട്ട്യേ കണ്ടപ്പോ വിശേഷങ്ങൾ തിരക്കി അവിടെ നിൽപ്പായി.

അന്നക്കുട്ടിയും ജോർജ് കുട്ടിയും പണ്ട് സെന്റ്. തെരേസാ കോൺവെന്റിൽ ഒരു ക്യാമ്പിന് പോയപ്പോൾ കണ്ടുമുട്ടിയ പരിചയം പൊടുന്നനെ ഒന്ന് പുതുക്കി.

ഇത് കണ്ട ലില്ലിക്കുട്ടിക്ക് ന്താണെന്നറിയാന്മേല തലയാന്നോ കാലാന്നോ അറീല്ല അങ്ങോട്ട്‌ പെരുത്ത് കേറി.

ലില്ലിക്കുട്ടിടെ ദേഷ്യം കാണാൻ വേണ്ടി തന്നെ മനപ്പൂർവം ജോർജ് കുട്ടിയും ഒട്ടും വിട്ടുകൊടുത്തില്ല.

അന്നമ്മോടെ കയ്യിൽ പിടിച്ചും തലക്കിട്ടൊരു കൊട്ട് കൊടുത്തും കൊറേ കലപില പറഞ്ഞു ചിരിച്ചും ചിരിപ്പിച്ചും പരസ്പരം കൊറേ നേരം അവരവിടെ ചെലവഴിച്ചു.

അമ്മച്ചിമാരുടെ പിണക്കത്തിന്റെ കാഠിന്യം മനപ്പൂർവ്വം കൂട്ടാൻ ജോർജ് കുട്ടി കണ്ടെത്തിയ മാർഗമായിരുന്നു മക്കൾ തമ്മിലുള്ള തർക്കം.

അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല ജോർജ് കുട്ടിക്ക് പണ്ട് സ്കൂളിൽ പഠിക്കണ കാലം തൊട്ടേ ലില്ലിക്കുട്ടിയെ ഇഷ്ടമാരുന്നു.

എന്നാൽ ലില്ലിക്കുട്ടിക്ക് ജോർജ് കുട്ടിയെ ഇഷ്ടമല്ലാരുന്നു.. അത് ലില്ലിക്കുട്ടി ജോർജ് കുട്ടിയെ തന്റെ പെരുമാറ്റം കൊണ്ട് അറിയിച്ചിരുന്നു.

പക്ഷേ, ഒരിക്കലും ഇല്ലാത്തൊരു ദേഷ്യമോ അസ്വസ്ഥതയോ ഇന്ന് അന്നമ്മോട് മിണ്ടണ കണ്ടപ്പോ ലില്ലിക്കുട്ടിക്ക് ജോർജ് കുട്ട്യോട് തോന്നി.

അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും ലില്ലിക്കുട്ടിക്ക് മനസ്സിലായതുമില്ല.

അന്നക്കുട്ടിയെ ബസ് കയറ്റി വിട്ടിട്ട് ലില്ലിക്കുട്ടി തിരിച്ചു വീട്ടിലോട്ട് നടന്ന് പോരുന്ന വഴി ജോർജ് കുട്ടി ലില്ലിക്കുട്ടിയെ തന്നെ നോക്കി നിക്കുന്നത് ലില്ലിക്കുട്ടി ശ്രദ്ധിച്ചതേയില്ല.

മനസ്സിൽ അപ്പൊളുണ്ടായ ആ തോന്നൽ ലില്ലിക്കുട്ടിയുടെ മുഖത്തു പ്രകടമാകുന്നത് ജോർജ് കുട്ടി കാണുന്നുണ്ടായിരുന്നു.

അങ്ങനെ ലില്ലിക്കുട്ടി ഓരോന്നാലോചിച്ചു വീട്ടിൽ ചെന്ന് കേറിയതറിഞ്ഞേയില്ല.. ഓഹ് ന്തോന്നാ ന്റെ ലില്ലിക്കുട്ടിയെ ഇത് മാനത്തേക്ക് നോക്കി നടക്കാതെ നേരെ നോക്കി നടക്കു പെണ്ണേ ഇപ്പൊ വീണേനല്ലോ ഞാൻ.

എന്തോ പോയ ആരെയോ പോലെ എങ്ങോട്ടോ നോക്കി നടന്ന ലില്ലിക്കുട്ടിയുടെ നെറ്റിക്ക് അമ്മച്ചീന്റെ ആ മുഴുത്ത തല വന്നു ഒരിടി തന്നപ്പോളാണ് ലില്ലിക്കുട്ടി വീടിന്റെ പടിക്കലെത്തിയ കാര്യം ഓർത്തത്.

പക്ഷേ അന്നേരവും ലില്ലിക്കുട്ടിക്ക് മ്മടെ വിജയ് അണ്ണൻ കോമയിൽ കിടക്കണ നന്പനോട് പറയണപോലെ എന്തൊക്കെയോ അമ്മച്ചിയും പറയണപോലെ തോന്നി.

ഈ അമ്മച്ചിക്കിതെന്നാ പറ്റി കിളി പോയ ന്നും ചോദിച്ചു ലില്ലിക്കുട്ടി അവിടുന്ന് എസ്‌കേപ്പ് ആയി.

അങ്ങനെ അന്നമ്മോടെ കൊച്ചിന്റെ മാമോദിസ ചടങ്ങിന് ലില്ലിക്കുട്ടിക്ക് മുൻപേ ജോർജ് കുട്ടിയും കിക്കിലി ചേട്ടത്തിയും പള്ളിയിൽ എത്തിയിരുന്നു.

ലില്ലിക്കുട്ടിയും അമ്മച്ചിയും വരുമ്പോൾ കാണുന്നത് അന്നമ്മോടും അവടെ കെട്ട്യോനോടും കിന്നരിച്ചു നിക്കണ ജോർജൂട്ടീനേയാണ്.

ആ കാഴ്ച വീണ്ടും ലില്ലിക്കുട്ടിക്കങ്ങട് പിടിച്ചില്ല. ലില്ലിക്കുട്ടി അമ്മച്ചിയെ മുന്നിൽ നടത്തീട്ട് പിറകിൽ അമ്മച്ചിയുടെ സാരിത്തുമ്പിൽ ചേർന്ന് അന്നമ്മോടെ അടുത്തെത്തി.

അപ്പൊ ദേ എല്ലാരോടെ ലില്ലിക്കുട്ടിയെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി മുലകുടി മാറാത്ത ലില്ലിക്കുട്ടി അമ്മച്ചീന്റെ സാരി തുമ്പേന്നു ഒന്ന് വിട്ട് നിക്കെടി എന്നും പറഞ്ഞ്.

എന്തോ ലില്ലിക്കുട്ടിക്ക് ആ തമാശ അതത്രക്കങ്ങട് ദഹിച്ചില്ല., ലില്ലിക്കുട്ടി അന്നമ്മോടെ കയ്യീന്ന് കൊച്ചിനേം എടുത്തു പുറത്തേക്ക് ഇറങ്ങി കൊച്ചിനെ കളിപ്പിക്കാൻ തുടങ്ങി.

എല്ലാവരും പള്ളി വക ഓഡിറ്റോറിയത്തിൽ പോയി ചോറൂണും കഴിഞ്ഞേച്ച് പോകാൻ റെഡിയായി നിക്കണ നേരം ജോർജൂട്ടി തന്റെ മോട്ടോർ സൈക്കിളിൽ വന്നു ലില്ലിക്കുട്ടിയോട് കയറാൻ പറഞ്ഞു.

ലില്ലിക്കുട്ടി മുഖത്തു കുറച്ച് നല്ലോണം പുച്ഛഭാവം കുത്തി നിറച്ചിട്ട് തിരിഞ്ഞിതിരി ജാഡയോടെ നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും ലില്ലിക്കുട്ടീടെ അപ്പച്ചൻ ലില്ലിക്കുട്ടിയെ പിടിച്ചു നീക്കി നിർതിയിട്ട് ജോർജൂട്ടിടെ സൈക്കിളിൽ കേറി ഇരുന്നിട്ട് വണ്ടി വിട് മോനെന്നൊരു അശരീരിയും.

ഇത്തവണ എന്താണെന്നു കാര്യം മനസ്സിലാക്കിയ ലില്ലിക്കുട്ടിക്ക് അടിമുടി അങ്ങട്ട് അരിച്ച് കേറി.

ലില്ലിക്കുട്ടി അമ്മച്ചിക്കും കിക്കിലി ചേടത്തിക്കും ഓരോ പുച്ഛം വീതം എറിഞ്ഞു കൊടുത്തിട്ട് വലതു തോളിൽ കിടന്ന തന്റെ ചുരുണ്ട കാർകൂന്തൽ എടുത്തു പിന്നോട്ടെറിഞ്ഞിട്ട് ഒരു നടത്താമായിരുന്നു.

ഇതിയാനിതെന്നാ പറ്റി ന്റെ വേളാങ്കണ്ണി മാതാവേ ന്നും ഓർത്ത് മേപ്പോട്ട് നോക്കി പുരികം ചുളിച്ചു മോളിക്കുട്ടിയും ലില്ലിക്കുട്ടീടെ പിന്നാലെ വെച്ചു പിടിച്ചു.

വൈന്നേരം വീട്ടിലെത്തി ചായകുടിയും കഴിഞ്ഞു പൊഴേല് അലക്കാൻ പോയപ്പോൾ അടുത്ത വീട്ടിലെ മറിയക്കുട്ടി ലില്ലിക്കുട്ടിയോടായി പറഞ്ഞു വരുന്ന ഞായറാഴ്ച്ച നമ്മടെ ജോർജൂട്ടി ന്റെ കെട്ടുറപ്പിക്കലാണെന്ന്.

അത്‌ കേട്ടതും ലില്ലിക്കുട്ടിയുടെ മുഖത്തു യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.

ലില്ലിക്കുട്ടി ഉടനടി മറുചോദ്യമായി ഉവ്വോ… എവിടുന്നാടി മറിയാമ്മേ പെണ്ണ്, വല്ല പഠിപ്പും പണിയും ഒള്ളതൊക്കെ ആണോ ന്ന്.. എന്നിട്ടൊരു ചിരിയും കൊടുത്തു അലക്കിയ തുണി ഓരോന്നോരോന്നായി പിഴിഞ്ഞെടുത്തു ബക്കറ്റിൽ വെച്ചു.

ആഹ് പണിയെന്തോ ഉണ്ടെന്നാടി പറയണ കേട്ടെ ന്ന് മറിയക്കുട്ടിയും മറുപടി കൊടുത്തു രണ്ടാളും അലക്കുo കഴിച്ചേച്ച് വീട്ടിലേക്കു മടങ്ങി.

അങ്ങനെ ഒറപ്പീര് ദിവസം തലേന്ന് ജോർജൂട്ടി ബന്ധുമിത്രാതികളെ എല്ലാരേം സൽക്കരിച്ചിരുത്തി വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി അമ്മച്ചീന്റെ കയ്യിന്ന് ഒരു ഗ്ലാസ്‌ വെള്ളോം വാങ്ങി കുടിച്ചേച്ച് ഉറങ്ങാനായി മുറിയിലേക്ക് പോയി.

വാതിലടച്ച് സാക്ഷ ഇടാൻ നേരം ജനലിന്റെ അരികിൽ അലമാരയോട് ചേർന്ന് ഒരു കിരുകിര് ശബ്ദം കേട്ട് വല്ല പല്ലിയോ പാറ്റയോ ആണെന്ന് കരുതി ആദ്യം ഒന്ന് ശ്രദ്ധിച്ചില്ലെങ്കിലും ലൈറ്റണച്ചു കിടക്കാൻ നോക്കുമ്പോൾ കിരുകിര് ശബ്ദത്തിന്റെ കാഠിന്ന്യം കൂടുന്നതെന്നതാന്നറിയാൻ ജനൽ കർട്ടൻ നീക്കി നോക്കുമ്പോളതാ നിൽക്കുന്നു മ്മടെ ലില്ലിക്കുട്ടി.

നീയെന്താ ലില്ലിക്കുട്ടിയെ ഇവിടെ, അതും എങ്ങനെ നീ ഇതിനകത്ത് കേറി ന്നുള്ള ജോർജൂട്ടീന്റെ ചോദ്യത്തിന് ലില്ലിക്കുട്ടിയുടെ മറുപടി ഇങ്ങനാരുന്നു.

അത്‌.. അത്‌ പിന്നെ അന്ന് ജോർജൂട്ടി അന്നമ്മോട് അങ്ങനൊക്കെ ഇടപഴകുന്നത് കണ്ടപ്പോ തൊട്ട് തുടങ്ങീതാ എന്താണെന്നറിയാൻമേല, ആര് ജോർജൂട്ടിയോട് അടുത്തിടപഴകുന്നത് കണ്ടാലും അപ്പൊ നിക്ക് ദേഷ്യം വരും.

ഓഹോ അപ്പൊ അതാണ് കാര്യം.. അല്ലേടിയെ അത്‌ പറയാനാണോ പെണ്ണേ നീ ഈ പാതിരാത്രിയിൽ ഇങ്ങോട്ട് വന്നേ ന്നുള്ള ജോർജൂട്ടിയുടെ ചോദ്യത്തിന് അല്ല ന്നുള്ള അർഥത്തിൽ ലില്ലിക്കുട്ടി തലയാട്ടിക്കൊണ്ട് മറുപടി പറയാനൊരുങ്ങിയതും ജോർജൂട്ടി അടുത്ത ചോദ്യം മുന്നോട്ടു വെച്ചു.

എന്നിട്ട് നീ എന്താ ഞാൻ അന്ന് വിളിച്ചിട്ട് ന്റെ കൂടെ സൈക്കിളിൽ കേറഞ്ഞത് എന്നുള്ള ജോർജൂർട്ടിന്റെ ചോദ്യത്തിന് ലില്ലിക്കുട്ടി തന്റെ മൂക്കിനോട്ടൊരു ഇടി കൊടുത്തായിരുന്നു മറുപടി പറഞ്ഞത്.

അതിന് ഇതിയാൻ എന്നെയാണോ വിളിച്ചേ ന്റെ അപ്പനെയല്ലാഞ്ഞോ.. ! ലില്ലിക്കുട്ടി അങ്ങനെ പറഞ്ഞു നിർത്തിയതും

ആഹ് അത്‌ പിന്നെ നീ വല്ല്യ ജാഡ ഇറക്കിയത് കൊണ്ടല്ലേന്ന് ജോർജൂട്ടിയുടെ മറുപടിയും

എന്നാ ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..ലില്ലിക്കുട്ടി ഒന്നിരുത്തി പറഞ്ഞു.

ജോർജൂട്ടി തെല്ലൊരു സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു ഏതൊക്കെ എന്ന്.. ???

മുഖത്ത് വന്ന നാണം ജോർജൂട്ടിയെ കാണിക്കാതെ ലില്ലിക്കുട്ടി ജോർജൂട്ടിയേം പിടിച്ചു വലിച്ചോണ്ട് എല്ലാരും ഉറങ്ങിയെന്നുറപ്പ് വരുത്തി മുറിക്ക് വെളിയിലേക്ക് ഇറങ്ങി.

എന്നിട്ട് തന്റെ സൈക്കിളും തള്ളിക്കൊണ്ട് അതി വിദഗ്ദ്ധമായി പിന്നാമ്പുറത്തെ പൊക്കം കുറഞ്ഞ മതിൽക്കെട്ടിനു പുറത്തേക്ക് ചാടാൻ തുടങ്ങിയതും

ചാട്ടത്തിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കിയെന്നോണം ജോർജൂട്ടി ആദ്യം ലില്ലിക്കുട്ടിയെ കേറ്റി മതിലില് നിർതിയിട്ട് ഒരു കല്ലെടുത്ത് വീടിന്റെ കിഴക്കേ വരാന്തയിൽ കിടന്നിരുന്ന തന്റെ അപ്പച്ചന്റെ തലേലെക്കൊരേറു കൊടുത്തു.

ഉന്നത്തിൽ ജോർജൂട്ടി പണ്ടേ മുന്നിലായിരുന്നോണ്ട് കല്ല് ജനൽ ചില്ല് തകർത്തു അകത്തു കിടന്ന കിക്കിലിച്ചേടത്തിയുടെ തലമണ്ടേല് കൊണ്ടപ്പോളേക്കും വീട് മുഴുവൻ എൽ ഇ ഡി കത്താൻ തുടങ്ങി.

അപ്പളേക്കും ലില്ലിക്കുട്ടീടെ പദ്ധതി ഏതാണ്ടൊക്കെ പൊട്ടിപ്പാളീസ് ആയി തുടങ്ങിയിരുന്നു.

അങ്ങനെ പാതി ചമ്മിയ ലില്ലിക്കുട്ടി മൊത്തത്തിൽ ചമ്മി പ്ലിങ്ങണെന് മുൻപ് ജോർജൂട്ടി ലില്ലിക്കുട്ടിടെ കൈക്ക് പിടിച്ചു താഴേക്ക് വലിച്ചു തലക്കിട്ടൊരു കൊട്ട് കൊടുത്തിട്ട് പറഞ്ഞു ദേഡി ലില്ലിക്കുട്ടിയെ ഇവര് കാണാതിരിക്കാൻ അല്ലിയോ നീ മതില് ചാടാൻ നോക്കുന്നേ ഇനിയിപ്പോ ബാ ഞാൻ ഗേറ്റ് തുറന്നു തരാം നേരെ പൊയ്ക്കോ എന്ന്.

ചമ്മി പണ്ടാരടങ്ങി നിക്കുന്ന ലില്ലിക്കുട്ടിക്ക് ജോർജൂട്ടിയോട് അന്നേരം ഉണ്ടായ കലിയുടെ ഭാവം അതൊന്നു വേറെ തന്നെയായിരുന്നു.

ക്ലോക്കിൽ അപ്പൊൾ സമയം വെളുപ്പിന് 4:50 കഴിഞ്ഞിരുന്നു.

അപ്പളേക്കും ബഹളം കേട്ട് വന്ന മോളമ്മ ഒന്നും മനസ്സിലാകാത്ത വണ്ണം ജോർജൂട്ടിയേം ലില്ലിക്കുട്ടിയേം മാറിമാറി നോക്കുന്നുണ്ടായിരുന്നു.

അപ്പോൾ പിന്നിൽ നിന്നും വർഗീസച്ചൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു വെറുതെയല്ലെടി മോളമ്മേ നമ്മടെ മോളെപ്പോഴും പറയുന്നത് ” അല്ലേലും കൊറേ പഠിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ലെന്ന് ” അല്ല്യോടി ലില്ലിക്കുട്ടിയെ ന്ന്.

വീണ്ടും നല്ലോണം ഒന്ന് ചമ്മി ബ്ലിങ്കസ്സ്യ ആയി നിൽക്കുന്ന ലില്ലിക്കുട്ടി ജോർജൂട്ടിന്റെ കയ്യും പിടിച്ചു തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ഒളി കണ്ണിട്ട് പള്ളിമുറ്റത്ത് നിന്ന് ജോർജൂട്ടിയെ തന്നെ നോക്കി നിക്കുന്ന ലില്ലിക്കുട്ടിയുടെയും ജോർജൂട്ടിയുടെയും ഫോട്ടം സപ്തവർണ്ണങ്ങളാൽ പുറത്തെ ജനലിനോട് ചേർന്ന് ഭിത്തിയിൽ നിന്നങ്ങനെ തിളങ്ങുന്നതായിരുന്നു..

രചന : AmMu Malu AmmaLu

Leave a Reply

Your email address will not be published. Required fields are marked *