അനിയത്തി

രചന: സനൽ SBT

കിച്ചൂ ഒന്നിങ്ങ് വേഗം ഇറങ്ങിയെ സമയം എത്രയായെന്ന് അറിയോ?

ഇതാ വരുന്നു ഏട്ടാ.

കട്ടിലിൽ കിടന്നിരുന്ന ഷാൾ തോളിലേക്കിട്ട് അവൾ വാതിൽ വലിച്ചടച്ച് ഹാളിലേക്ക് ഇറങ്ങി.

കഴിഞ്ഞില്ലേ അമ്മേ ഇത്?

കഴിഞ്ഞൂ ഈ കടുമാങ്ങ അച്ചാറു കൂടി ഒന്ന് വെച്ചോട്ടെ.

അച്ചാറൊന്നും വേണ്ടമ്മേ കഴിഞ്ഞ പ്രാവശ്യം കൊണ്ടുപോയത് മൊത്തം എന്റെ ഡ്രസ്സിൽ ആയി 2ചുരിദാറാണ് പോയത് അറിയോ?

അല്ലാ ഇതേതാ ഈ ചുരിദാറ് ഇങ്ങനെ ഒന്ന് നിനക്കില്ലല്ലോ?

ഓ അതൊക്കെ എന്റെ ഫ്രണ്ട്സിന്റെ ആണ് അമ്മേ ഇത്രയൊക്കെ മതി ഞാൻ ഇറങ്ങട്ടെ.

കിച്ചൂ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇനി ബസ്സ് അതിന്റെ വഴിക്ക് പോകുവേ.

കഴിഞ്ഞു ഏട്ടാ ഞാൻ ഈ ബാഗ് ഒന്ന് എടുക്കട്ടെ.

ഉം അതോക്കെ ഞാൻ എടുത്തോളാം നീ വേഗം ഓട്ടോയിൽ കയറ്.

മോളെ കാച്ചിയ എണ്ണ വെച്ചില്ലേ അതിൽ.

വെച്ചു അമ്മേ ഞാൻ പോയിട്ട് വരാം.

ഓട്ടോ കൺമുൻപിൽ നിന്നും അകലുന്നവരെ ശാരദമ്മ ഉമ്മറത്ത് നോക്കി നിന്നു.

ആ ചേട്ടാ ഇവിടെ നിർത്തിയാൽ മതി.

വേഗം ഇറങ്ങ് ബസ്സ്പോയോന്ന് നോക്കട്ടെ

ഉം. ശരിയേട്ടാ

ഹാവൂ ഭാഗ്യത്തിന് ബസ്സ് പോയിട്ടില്ല.

ഞാൻ പറഞ്ഞില്ലേ ഏട്ടാ സമയം ഉണ്ടെന്ന്.

ഉം. ഇനി എന്നാ നീ വരുന്നത്.

ഒരു മൂന്ന് മാസം കഴിയും ഏട്ടാ എക്സാം അടുത്ത് വരുവാ.

ആ പിന്നെ അവശ്യമില്ലാതെ കൂട്ടുകാരുടെ കയ്യിൽ നിന്ന് ഒന്നും മേടിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ? നിനക്ക് ചുരിദാറ് വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ?

അയ്യോ ഏട്ടാ ഇതെന്റെ ബർത്ഡേക്ക് കൂട്ടുകാരി മേടിച്ച് തന്നതാണ്.

അപ്പോൾ ഈ ഫോണോ?

അത് ഒരു ഫ്രണ്ടിന്റെ അഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്നപ്പോൾ എനിക്ക് തന്നതാണ്.

കിച്ചൂ നിനക്ക് എന്തേലും വേണമെങ്കിൽ എന്നോട് പറയണം നീ ആരുടെ മുൻപിലും കൈ നീട്ടുന്നത് എനിക്ക് ഇഷ്ട്ടമല്ല.

എന്റെ ഏട്ടാ എന്നെ പഠിപ്പിക്കാൻ പെടുന്ന കഷ്ട്ടപ്പാട് എനിക്ക് അറിയാം.ഇത് ഫ്രീ ആയിട്ട് കിട്ടിയപ്പോൾ മേടിച്ചു അത്രള്ളൂ.

ഉം ശരി എന്നാൽ ഇനി നേരം വൈകണ്ട ബസ് ഇപ്പോൾ പുറപ്പെടും നീ പോയി ഇരുന്നോ.

പോക്കറ്റിൽ നിന്നും കുറച്ച് കാശ് എടുത്ത് ഉണ്ണി കിച്ചുവിനെ നേരെ നീട്ടി.

ഇപ്പോൾ പൈസ ഒന്നും വേണ്ട ഏട്ടാ എന്റെ കയ്യിൽ ഉണ്ട്.

ഞാൻ തരുന്ന പൈസ അല്ലേ നിന്റെ കയ്യിൽ കാണൂ ഏട്ടനറിയാം നിനക്ക് ആവശ്യങ്ങൾ കാണില്ലേ ഇത് വെച്ചോ.

അവൾ മനസ്സില്ലാ മനസോടെ പൈസ വാങ്ങി ബസിൽ കയറി ഇരുന്നു.ബസ് പതുക്കെ മുൻപോട്ട് നീങ്ങാൻ തുടങ്ങി അവൾ ജാലകത്തിലൂടെ ഉണ്ണിയെ കൈ വീശി കാണിച്ചു. ആരും കാണാതെ അവൻ കണ്ണുകൾ തുടച്ച് തിരിഞ്ഞ് നടന്നു.

ഡാ ഉണ്ണി

ഹാ ഇതാരാ പ്രമോദോ.

എന്താടാ ഇവിടെ?

ഞാൻ കിച്ചുവിനെ ബസ് കയറ്റി വിടാൻ വന്നതാടാ.

ഇപ്പോഴും ബാംഗ്ലൂർ അല്ലേ കോഴ്‌സ് ഇനിയും തീർന്നില്ലേടാ ?

ഇല്ലെടാ ഇത് അവസാന വർഷമാണ് ഇതുകൂടി കഴിഞ്ഞിട്ട് വേണം ഒരാളുടെ കയ്യിൽ പിടിച്ച് കൊടുക്കാൻ .

അപ്പോൾ നീ ഇത്രയും കഷ്ട്ടപ്പെട്ട് പഠിപ്പിച്ചിട്ട് ജോലിക്ക് ഒന്നും വിടുന്നില്ലേടാ ?

ആ ഒരു ജോലി ആയിട്ട് മതി വിവാഹം എന്നാ അവളും പറയുന്നത് എന്നാലും അഛന്റെ സ്ഥാനത്ത് ഞാനല്ലേടാ ഉള്ളൂ എല്ലാം സമയത്ത് നടത്തണ്ടേ.

ഒക്കെ ശരിയാവുമെടാ പിന്നെ അമ്മക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്.?

തണുപ്പ് കാലം വന്നാൽ പേടി ആടാ ശ്വാസംമുട്ടൽ അപ്പോൾ കൂടുതലാ.

ടാ ആയുർവേദം ഒന്ന് നോക്കായിരുന്നില്ലേ?

ഇനി ഒന്നും നോക്കാൻ ബാക്കിയില്ല കാശ് കുറെ പോയി എന്നല്ലാണ്ട്.

നിന്റെ അമ്മാവന്മാര് വല്ല്യ സ്ഥിതിയിലല്ലേ കാറും വീടും ബിസിനസും ഒക്കെ ആയിട്ട് അവരൊന്നും സഹായിക്കില്ലേ?

നല്ല ടീമാണ് അഛന്റെ മരണവും പത്താം ക്ലാസ് പരീക്ഷയും ഒരുമിച്ചായിരുന്നു എന്നിട്ടും ഫസ്റ്റ് ക്ലാസ് മേടിച്ചാണ് ഞാൻ പാസ്സായത് പഠിച്ച് അല്ലേലും കലക്ടർ ഒന്നും ആവാൻ പോണില്ല കൂലി പണിക്ക് പോയാൽ മൂന്ന് നേരം കഞ്ഞി കുടിച്ച് കഴിയാം എന്ന് പറഞ്ഞ ആളുകളാണ്.

ഉം. അടിപൊളി

അന്ന് ഇറങ്ങിയതാ ഞാൻ കൂലി പണിക്ക് അതു കൊണ്ട് കിച്ചുവിനെ ഒരു കുറവും വരാതെ പഠിപ്പിക്കാൻ പറ്റി ഇനി അവൾ ഒരു നേഴ്സ് ആയി കണ്ടാൽ മതി എനിക്ക്.

നിന്നെ സന്മതിക്കണം നീ ഒറ്റക്ക് ഇത്രയും ഒക്കെ കൊണ്ട് എത്തിച്ചില്ലേടാ.

എനിക്ക് അവൾ അല്ലേടാ ഉള്ളൂ.

നിങ്ങളുടെ സ്നേഹം കാണുമ്പോഴാണ് എനിക്ക് അസൂയ തോന്നുന്നത്. എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം ഞാൻ ഒരു വക പറഞ്ഞാൽ കേൾക്കില്ല ഭദ്രകാളി.

അവൾ അതിന് കൊച്ച് കുട്ടിയല്ലേടാ.

ടാ നീ അമ്പല കമ്മറ്റിയിലെ ചിട്ടി വിളിച്ചോ?

ആടാ ഇപ്രാവശ്യം ഞാൻ വിളിച്ചു. കിച്ചുവിന് ഒരു ആക്ടീവ മേടിച്ച് കൊടുക്കാൻ വേണ്ടി അവൾ എപ്പോഴും പറയും എല്ലാ ഫ്രണ്ട്സിന്റെയും വീട്ടിൽ വണ്ടി ഉണ്ടെന്ന് അവൾക്ക് ഇനി അതിന്റെ ഒരു കുറച്ചിൽ വേണ്ട.

ടാ അപ്പോൾ ഇനി അവൾക്ക് ഒരു കല്ല്യാണമൊക്കെ വന്നാലോ?

ഗ്രാമീണ ബാങ്കിൽ അവളുടെ പേരിൽ കുറച്ച് പൈസ ഇട്ടിട്ട് ഉണ്ടെടാ പിന്നെ രണ്ട് LIC യും ഉണ്ട് പക്ഷേ ഇതൊന്നും അവർക്ക് അറിയില്ലാട്ടോ. ഉറുമ്പ് അരി മണി ശേഖരിക്കുന്ന പൊലെ ഉണ്ടാക്കിയതാടാ

എനിക്ക് അറിയാടാ നിന്റെ കഷ്ട്ടപ്പാട് ചെറുപ്പം മുതൽ ഞാൻ നിന്നെ കാണുന്നതല്ലേ.

ഉം. എല്ലാം ശരിയാവും.

ടാ പിന്നെ മറ്റന്നാൾ ന്യൂയർ പാർട്ടി ഉണ്ട് ഒരാൾക്ക് 300 രൂപ വയർ നിറച്ച് ഫുഡും കള്ളും നീ ക്ലബ്ബിൽ വരില്ലേ?

300 രൂപയോ ഞാനില്ല മോനെ അത് ഉണ്ടെങ്കിൽ ഒരു മാസത്തെ വീട്ടിലെ ചിലവ് കഴിയും

പിന്നെ 300 രൂപക്ക് എന്ത് ചിലവ് നടത്താനാണ് .

വീട്ടില് ഞാനും അമ്മയും റേഷൻ അരിയാണ് വെയ്ക്കുന്നത് കിച്ചു വരുമ്പോൾ മാത്രമേ നല്ല അരി മേടിക്കൂ 20 രൂപയുടെ മത്തിയോ പച്ചക്കറിയോ ഉണ്ടെങ്കിൽ ഒരാഴ്ച പോകും അപ്പോൾ ഈ 300 തന്നെ ധാരാളം അല്ലേടാ

എന്റെ അമ്മോ മനുഷ്യനായാൽ ഇങ്ങനെ പിശുക്കാൻ പാടില്ല നിന്നെ സമ്മതിച്ചു.

ഒന്ന് പോടാ

ഉം. നീ പൈസ ഒന്നും തരണ്ട എന്തായാലും മറ്റന്നാൾ വാ

ഞാൻ നോക്കട്ടെ പറ്റിയാൽ വരാം.

ഉണ്ണി തിരിച്ച് വീട്ടിലേക്ക് നടന്നു. രാവെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്ത് കിട്ടുന്ന പൈസയെല്ലാം അവൻ കിച്ചു വിന് വേണ്ടി സ്വരൂപിച്ച് വെച്ചു. മാസങ്ങൾ കടന്നു പോയി കിച്ചു വിന്റെ വരവിനായി ഉണ്ണി ഒരു ആക്ടീവയും മേടിച്ച് വെച്ച് അവളെ കാത്തിരുന്നു ഒരു സർപ്രൈസ് കൊടുക്കാൻ.

ഹലോ ഉണ്ണിയല്ലേ?

അല്ല അമ്മയാണ് ഇതാരാണ്.

ഞാൻ വിനോദ് ആണമ്മേ

ആ എന്താ മോനെ അവൻ കുളിക്കുകയാണ്.

എന്നാൽ എന്നേ ഒന്ന് തിരിച്ച് വിളിക്കാൻ പറഞ്ഞാൽ മതി.

ശരി മോനെ.

ആരാമ്മേ അത്.

വിനോദാണ് നിന്നോട് ഒന്ന് തിരിച്ച് വിളിക്കാൻ പറഞ്ഞു അവൻ.

ആ ഞാൻ വിളിച്ചോളാം.

ഹലോ എന്താടാ വിനൂ.

നീ വേഗം നന്മുടെ ക്ലബിലേക്ക് ഒന്ന് വായോ ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്.

എന്താടാ കാര്യം പറ.

നീ ഇങ്ങ് വാ എന്നിട്ട് പറയാം.

ഉം. ശരി ഇപ്പോ വരാം.

ഉണ്ണി കാര്യമറിയാതെ വേഗം ക്ലബ്ബിലേക്ക് നടന്നു.

എന്താടാ വിനൂ ഇവിടെ ആരും ഇല്ലല്ലോ? എന്താ കാര്യം.

നീ ഇപ്പോഴും ഈ മണ്ട ഫോണാന്നോ ഉപയോഗിക്കുന്നത്.

ഇത് പറയാനാണോ നീ വിളിച്ച് വരുത്തിയത്.

അതല്ല ടാ ഞാനൊരു കാര്യം പറയാം നീ ടെൻഷൻ ആവരുത്.

എന്താച്ചാൽ പറഞ്ഞ് തുലയ്ക്കടാ നീ.

നന്മുടെ കിച്ചു വിന്റെയും വെറെ ഒരു പയ്യന്റെയും കുറച്ച് ഫോട്ടോസ് വാട്സാപ്പിൽ വന്നിട്ടുണ്ട്. രണ്ട് ദിവസം ആയി അത് കിടന്ന് ഇവിടെ കളിക്കുന്നു. നിനക്ക് ഈ വാട്ട്സ്ആപ്പും ഫേസ് ബുക്കും ഒന്നും ഇല്ലാത്തതു കൊണ്ടാണ്.

ഹേയ് അത് കിച്ചു ആവില്ലെടാ വേറെ വല്ലവരും ആരും നിനക്ക് തോന്നിയതാണ്.

അല്ലെടാ ഇപ്പോൾ നാട്ടിൽ ഉള്ള എല്ലാ ചെക്കൻമാരുടെ കയ്യിലും ഇത് ഉണ്ട്.

എന്റെ കിച്ചു അങ്ങിനെ ചെയ്യില്ല. എന്റെ ഈ നെഞ്ചിൽ ഇട്ടാ ഞാൻ അവളെ വളർത്തിയത്. ഇത് ആരേങ്കിലും ഫോട്ടോ വെട്ടി ഒട്ടിച്ചതാവും.

ഉണ്ണി ടാ നീ ഇവിടെ ഇരിക്ക് പിന്നെ ഫോട്ടോയുടെ കൂടെ രണ്ട് മൂന്ന് വീഡിയോസും ഉണ്ടെടാ.

ഉണ്ണിയുടെ നെഞ്ചിൽ കൂടി ഒരു കൊള്ളിത്തീൻ പാഞ്ഞൂ കണ്ണിൽ ഇരുട്ട് കയറുന്ന പൊലെ തോന്നി. വിനുവിന്റെ കയ്യിൽ നിന്നും അവൻ ആ ഫോൺ പിടിച്ചു വാങ്ങി. ഗാലറി തുറന്ന് നോക്കി കിച്ചു വിന്റെ അർത്ഥനഗ്ന ശരീരം കണ്ട് അവന് അവന്റെ കണ്ണുകളെ വിശ്വാസിക്കാനായില്ല. രണ്ട് കൈകളും തലക്ക് വെച്ചവൻ പൊട്ടിക്കരഞ്ഞു. വിനുവിന്റെ സമാധാന വാക്കുകൾ ഒന്നും അവൻ കേട്ടില്ല .കിച്ചു വിന്റെ പുതിയ ഡ്രസ്സുകളും ഫോണും വാച്ചുമെല്ലാം അവന്റെ കണ്ണിലൂടെ മിന്നി മറഞ്ഞു.

ധാരയായി ഒഴുകുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അവൻ പതിയെ എഴുന്നേറ്റ് ക്ലബ്ബിന്റെ ഗോവണിപ്പടി ഇറങ്ങി നടന്നു.

പുറകിൽ നിന്നും വിനു എത്ര വിളിച്ചിട്ടും അവൻ വിളി കേട്ടില്ല. ഇത്രയും കാലും കിച്ചു തന്നോട് കാണിച്ച വിശ്വാസ വഞ്ചന ഒരു കാട്ടു തീ പൊലെ അവന്റെ സിരകളിൽ പടർന്നു. സ്വന്തം പെങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച തനിക്ക് കിട്ടിയ കൂലി ഇതാണല്ലോ എന്ന് ഓർത്തപ്പോൾ അവന്റെ നെഞ്ച് പിളരുന്നുണ്ടായിരുന്നു. സ്വന്തം സുഖ സൗകര്യങ്ങൾക്ക് വേണ്ടി തങ്ങളെ മറന്ന അവളെ ഇനി തനിക്കും വേണ്ട എന്ന ഉറച്ച നിലപാടായിരുന്നു അവന്റെ ഉള്ളിൽ.

പതിവില്ലാതെ കടയിൽ നിന്നും ബിരിയാണി വാങ്ങി വന്ന ഉണ്ണിയോട് ചോദിച്ചു എന്താ ഇന്ന് വിശേഷം ബിരിയാണിയൊക്കെ.

ഒന്നും ഇല്ല അമ്മേ ചുമ്മാ വാങ്ങിച്ചതാണ്.അമ്മ വാ എന്നിട്ട് എനിക്ക് ഒരു പിടി വാരിത്തായോ.

ഇതെന്ത് പറ്റി ഈ ചെക്കന് .

അമ്മ ഒന്ന് വന്നേ എന്നിട്ട് ഇവിടെ ഇരിക്ക്.

ഉണ്ണി അമ്മയ്ക്കു മുന്നിൽ പൊതികെട്ടഴിച്ച് വെച്ചു.

അമ്മ അവനെ ഓരോ പിടിവാരി നൽകുമ്പോഴും ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

ഉം. മതി അമ്മേ ഇനി ഞാൻ അമ്മയ്ക്ക് വാരിത്തരാം.

അവൻ ഓരോ ഉരുളയും ഉരുട്ടി അമ്മയുടെ വായിലേക്ക് വെച്ചു കൊടുത്തു.

ഇതിന് എന്താടാ ഒരു രുചി വ്യത്യാസം?

നേരം കുറെ ആയില്ലേ അതുകൊണ്ടാവും അമ്മ കഴിച്ചോ അവൻ ആരും കാണാതെ ആ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് നീക്കി പതിയെ മുറ്റത്തേക്ക് ഇറങ്ങി കൈ കഴുകി. ബെഡ്റും ലക്ഷ്യമാക്കി നടക്കുമ്പോഴേക്കും അവന്റെ വായിലൂടെ രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *