രചന :-ഗോവിന്ദൻ
“എന്ത് ഭംഗിയാണ് അവനെയിന്ന് കാണാൻ ഒരു കാമുകിയുടെ കല്യാണത്തിന് വരേണ്ടത് ഇങ്ങിനെയാണോ…? ഹേയ്, ഒരിക്കലും അല്ല. നിറയെ താടി വളർത്തി ചീകാത്ത മുടിയിൽ വെളിച്ചെണ്ണയില്ലാതെ ആകെ നിരാശ ലുക്കിൽ അല്ലേ വേണ്ടേ? ഇതിപ്പോ ഇവിടെയിരിക്കുന്ന എല്ലാ പെൺകുട്ടികളുടെയും നോട്ടം അവന്റെ മേലാണ്. നാശം.”
“കുട്ടി ആ മാല വരന്റെ കഴുത്തി ലേക്ക് ഇട്ടോളൂ”
ശാന്തി പറയുന്നത് ഞാൻ എവിടെയോ കേട്ടു അതുപോലെ ചെയ്യുകയും ചെയ്തു, അപ്പോഴും അവൻ മാത്രം ചിന്തയിൽ.
“വലതു ഭാഗത്തു കൂടി എടുത്ത് താലി അണിയിക്കണം”
ശാന്തി പിന്നെയും പറയുന്നുണ്ടായി, കുറച്ചു നേരം മുൻപ് വരെ അവനോട് തോന്നിയ ദേഷ്യം ഇല്ലാതായത് പോലെ. എവിടെ നിന്നോ അവനോട് ഒത്തിരി സ്നേഹം തോന്നുന്നു,
‘അവൾ താലി പറിച്ചെറിഞ്ഞ് ഈ കൂടിയിരിക്കുന്ന ആൾ കൂട്ടത്തിനു നടുവിലൂടെ ഇറങ്ങിയോടി’
“ഇനി രണ്ടുപേരും മൂന്നു പ്രാവശ്യം വലം വച്ചോളൂ”
ശാന്തി നിർദേശങ്ങൾ തന്ന് കൊണ്ടിരിക്കുന്നു, എന്റെ ഭർത്താവിന്റെ കൈ പിടിച്ച് ഞാൻ മൂന്ന് വലം പൂർത്തിയാക്കി.
ഞാൻ അവനെ എല്ലായിടവും നോക്കി. അവനെ അവിടെയെങ്ങും കണ്ടില്ല, തിരക്കുകളൊക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് കൈ കഴുകാൻ നിന്നപ്പോൾ അവൻ അതാ കയ്യും കഴുകി ഒരു ഏമ്പക്കവും വിട്ട് വളിച്ച ചിരി ഒരെണ്ണം ഫിറ്റും ചെയ്ത് എനിക്ക് എതിരെ നടന്നു വരുന്നു. ഞാൻ ചുറ്റിലും ഒന്ന് നോക്കി. കൈ കഴുകാൻ പോകുന്ന ഇടുങ്ങിയ ആ വഴിയിൽ എന്നെയും അവനെയും ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായി, കൈ കഴുകാൻ ടാപ്പ് തിരിച്ചു കൈ വച്ചപ്പോൾ അധികം ഒന്നുമുണ്ടായില്ല കഴുകി കളയാൻ അവളുടെ കയ്യിൽ. ആഞ്ഞുവീശി അവന്റെ മുഖത്തടിച്ചപ്പോൾ അവളുടെ കൈയിലെ എച്ചിലിന്റെ ഭൂരിഭാഗവും അവന്റെ കവിളിൽ പറ്റിയിരുന്നു. ആദ്യരാത്രിയും രണ്ടാമത്തെ രാത്രിയും അങ്ങിനെ പല രാത്രികളും അവളിൽ നിന്ന് ഇറങ്ങി പോയി അവനെ പോലെ.
രണ്ടാഴ്ചകൾക്ക് ശേഷം ശിവയുടെ കോൾ വന്നു. എന്റെയും അവന്റെയും നല്ല സുഹൃത്താണ് ശിവ. ഞാൻ കോൾ എടുത്തു പ്രതീക്ഷിച്ച പോലെ ഒരു കളിയാക്കല്ലോ തമാശ പറച്ചിലോ അവനിൽ നിന്നും ഉണ്ടായില്ല. വളരെ സീരിയസ് ആയിരുന്നു അവന്റെ വാക്കുകൾ,
“നാളെ വൈകീട്ട് ഒന്ന് കാണണം അളിയനെ കൂട്ടരുത്. എപ്പോൾ വരാൻ പറ്റും നിനക്ക് നമ്മുടെ പതിവ് കോഫീ ഷോപ്പ് മതി” വളരെ തിരക്കിൽ എന്നപോലെ അവൻ സംസാരിച്ചു.
“നാളെ വൈകുംനേരം നാലുമണി ആവുമ്പോ മതി. ഞാൻ വരാം”
ഞാൻ പറഞ്ഞു തീരുന്നതിന് മുന്നേ കോൾ കട്ട് ആയി കഴിഞ്ഞിരുന്നു. നാലു മണിക്ക് മുന്നേ ഞാൻ കോഫീ ഷോപ്പിന്റെ സ്ഥിരം സീറ്റ് പിടിച്ചു. മിക്കവാറും ഹാരിസും കാണും ശിവയുടെ ഒപ്പം. അന്ന് ഞാൻ കൊടുത്ത അടിയുടെ വേദനയിൽ ഹാരിസിന്റെ കണ്ണിൽ നിന്നും വെള്ളം വന്നത് ഞാൻ കണ്ടിരുന്നു. ആ വേദനയെകുറിച്ച് ഇന്നെനിക്ക് അവനോട് ചോദിക്കണം. എന്റെ മനസ്സിൽ ഉള്ള അവനെ തിരികെ അവന് തന്നെ നൽകണം. അവന് വേറെ ബന്ധം ഉണ്ടെന്ന് എന്റെ പല കൂട്ടുകാരികളും എന്നോട് പറഞ്ഞതാണ് എന്നിട്ടും ഞാൻ അവനെ അവിശ്വസിച്ചിരുന്നില്ല പക്ഷെ അന്ന് ശിവ കൂടി പറഞ്ഞതോടെയാണ് ഞാൻ അവനെ വെറുക്കാൻ തുടങ്ങിയത്. ഡോർ തുറന്ന് ശിവ കയറി വരുന്നത് ഞാൻ കാണുന്നുണ്ട് കൂടെ ഞാൻ പ്രതീക്ഷിച്ച അവൻ ഇല്ല. അത് മനസ്സിലയപ്പോൾ എന്നിൽ എന്തോ നിരാശ വന്നത് പോലെ. അവന്റെ മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവഭാവം നിഴലിച്ചു. എന്റെ മുന്നിലെ കസേര വലിച്ചു നീക്കിയിട്ട് അവൻ ഇരുന്നു. അത്ര ആത്മാർഥതയില്ലാത്ത ഒരു ചിരി അവൻ പാസ്സാക്കി
“നീ വന്നിട്ട് കുറേ ആയോ”
“ഒരു പത്ത് മിനിറ്റ് കഴിഞ്ഞു കാണും” ഞാൻ അവനു മറുപടി നൽകി.
“നിന്റെ ചങ്ക് ഹാരിസ് എവിടെ കുറേ പറയാൻ ഉണ്ടായിരുന്നു അവനോട്, അന്ന് കല്യാണത്തിനു വന്ന് പോയപ്പോ അവന്റെ ഇടത്തേ കവിളിൽ നീ ഒരുപാട് കണ്ടിരുന്നോ എന്റെ എച്ചിൽ കൈന്റെ മണമുണ്ട് ആ പാടിന്. കണ്ണിൽ നിന്നും വന്ന കണ്ണീരിന്റെ അളവ് അടിയുടെ ശക്തി മനസ്സിലാക്കി തന്നിട്ടുണ്ട്.”
ശിവ എന്നെ നോക്കി ഒന്ന് ചിരിച്ചു. “ഹിമേ, നീ ആഗ്രഹിച്ചിരുന്നതു പോലെ ഒരു കല്യാണമല്ലേ നിനക്ക് നടന്നത്. അച്ഛന്റെയും അമ്മയുടെയും മറ്റു മുതിർന്ന വരിൽ നിന്നും അനുഗ്രഹമെല്ലാം വാങ്ങി നിന്റെയും അനിയന്റെയും കൂട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഒരുമിച്ച് ഒരാഘോഷമാക്കിയിരു ന്ന ഒരു കല്യാണമായിരുന്നില്ലേ നിന്റേത്?”
“ഞാൻ ഹാരിസിനോട് പറഞ്ഞ എന്റെ സ്വപ്നം നീ എങ്ങിനെ അറിഞ്ഞു.” ഞങ്ങളുടെ സ്വകാര്യ സംഭാഷണം അവനോട് കൂടി പങ്കുവെച്ചതിൽ എനിക്ക് തെല്ലമർഷം തോന്നി.
അവൻ പിന്നെയും ഒന്ന് ശബ്ദമില്ലാതെ ചിരിച്ചു. “നിനക്ക് അറിയമായിരുന്നോ എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നത്.” “നീ എന്താണ് ഇപ്പോ ഇങ്ങിനെയൊക്കെ പറയുന്നത് നമ്മൾ അവസാനം കണ്ടപ്പോൾ അല്ലേ അവളുടെ കല്യാണമുറപ്പി ച്ചതിനെ കുറിച്ചു പറഞ്ഞത്.” ഞാൻ ഒരു അന്യയായത് പോലെ തോന്നി അവന്റെ ചോദ്യത്തിൽ, അത് എന്നെ ചൊടിപ്പിച്ചു.
“ആ കല്യാണമൊന്നും നടന്നില്ലടി ഞങ്ങളെയും ഞങ്ങളുടെ ഇഷ്ടങ്ങളും വേണ്ടെന്ന് വച്ച് അവൾക്കിഷ്ടമുള്ള മറ്റൊരാളുമായി ജീവിക്കുക യാണിപ്പോൾ. ഒരിക്കൽ പോലും അവൾ ആ ബന്ധത്തെക്കുറിച്ച് എന്നോട് സൂചിപ്പിച്ചിരുന്നില്ല അങ്ങിനെ ഉണ്ടായിരുന്നുവെങ്കിൽ ഞാനും അച്ഛനും അമ്മയും അവളുടെ കല്യാണത്തെകുറിച്ച് വലിയ മനകോട്ടകൾ ഒന്നും കെട്ടില്ലായിരുന്നു. ആരോടും ഒന്നും പറയാതെ അവൾ പോയി കഴിഞ്ഞപ്പോൾ എനിക്കും വീട്ടുകാർക്കും ഉണ്ടായ വിഷമവും മാനസിക സംഘർഷങ്ങളും നേരിട്ട് അറിഞ്ഞവനാണ് ഹാരിസ്. അന്ന് അവൻ ചോദിച്ചിട്ടുണ്ട് നീ അവനോടൊപ്പം ചെല്ലുന്ന ദിവസം നിന്റെ വീട് ഇതുപോലെ ആയിരിക്കില്ലേ എന്ന്, ആ നാളുകളിലാണ് നീ നിന്റെ സ്വപ്നത്തെക്കുറിച്ചു അവനോട് പറയുന്നത്. കോളേജിൽ അവനുണ്ടായിരുന്ന നീ തെറ്റിദ്ധരിച്ച ആ സൗഹൃദം അവന്റെ ബാല്യകാല സുഹൃത്താണ്. അവൻ മനപൂർവം സൃഷ്ടിച്ച കെട്ടു കഥകളാണ് പാണൻമാർ പാടി നിന്റെ ചെവിയിൽ എത്തിച്ചത്.”
“അപ്പോൾ നീയും കൂടി അറിഞ്ഞുകൊണ്ടാണല്ലേ എല്ലാം മനപ്പൂർവ്വം നീ ഉണ്ടാക്കി അയച്ചതായിരുന്നു അല്ലേ എനിക്ക് ആ മെസ്സേജുകൾ.” തീക്ഷണതയോടെ അവന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കി.
“ആ മെസേജുകൾ അയച്ചത് ഞാൻ അല്ല, എന്റെ ഫോണിൽ നിന്ന് അവനാണ് അതയച്ചത്.”
ഞാൻ കരയാൻ തുടങ്ങിയിരുന്നു.
“ഈ കത്ത് നിന്നെ എൽപ്പിക്കണമെന്ന് മാത്രമേ അവൻ എന്നോട് പറഞ്ഞിരുന്നുള്ളൂ. അന്ന് അവന്റെ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ നീ അടിച്ചത് കൊണ്ടുണ്ടായതല്ല. അവൻ ശരിക്കും കരഞ്ഞത് തന്നെയായിരുന്നു. അത് പക്ഷേ നിനക്ക് മനസ്സിലായിലെന്ന് മാത്രം, അന്ന് പിരിയുന്നതിന് മുന്ന് ഈ ദിവസം നിനക്ക് നൽകാൻ അവൻ ഏൽപ്പിച്ചതാണ് ഈ കത്ത്.”
ഞാൻ അത് തട്ടിപറിച് വാങ്ങി തുറന്ന് നോക്കി
‘പോകുന്നു, നിന്നിൽ നിന്നും നിന്റെ ജീവിതത്തിൽ നിന്നും ഒത്തിരി ദൂരത്തേക്ക്’
നിന്റെ സ്വന്തം ഹാരിസ്.
എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാലൊഴുകുന്നതിന്റെ ശക്തി കൂടി വന്നു. “ഇതൊന്നും ഒരിക്കലും നീ അറിയരുതെന്നാണ് അവൻ എന്നോട് പറഞ്ഞിരുന്നത്.പക്ഷെ ആര് ചീത്തയായി കണ്ടാലും അവനെ നീ അങ്ങനെ കാണരുതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്.” അത് പറഞ്ഞപ്പോൾ ശിവയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ശിവ നടന്നകന്ന് പോകുന്ന നിഴലിനിക്ക് കാണാമായിരുന്നു.
രചന :-ഗോവിന്ദൻ