ഗുൽമോഹർ പൂക്കുമ്പോൾ…

രചന :-Anu Jayesh Alukkal‎

9 വർഷത്തെ പ്രണയത്തിനൊടുവിൽ നമുക്കു പിരിയാം , കാരണം എന്നോട് ചോദിക്കരുത്, കൊന്നാലും ഞാൻ പറയില്ല…… എന്നവൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അവളെ പിരിഞ്ഞിട്ട് 13 വർഷം കഴിഞ്ഞിട്ടും എനിക്ക് മനസ്സിലാകുന്നില്ല….

കിടന്നിട്ട് ഉറക്കം വരുന്നില്ല. കുടുംബം ആയി കുട്ടികളായി എങ്കിലും ഇടക്ക് ഇടക്ക് മനസ്സിലേക്ക് ആ പഴയ ഓർമകൾ കയറിവരും….

ചുമ്മാതെ ഓർമകളെ ഒന്ന് പുറകോട്ട് കൊണ്ടുപോകാൻ ഒരു മോഹം, ഇന്നെങ്കിലും എന്റെ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് നാളത്തെ ആ വീർപ്പുമുട്ടലുകൾ മാറികിട്ടിയേനെ…..

ഞാനെന്റെ ഓർമകളെ ആ പഴയകാലങ്ങളിലേക്ക് മേയാൻ വിട്ടു….

പള്ളിയിലെ അൾത്താരക്കരികിൽ മെഴുകുതിരിക്കിടയിൽ പെട്ടെന്നെന്റെ കണ്ണൊന്നുടക്കി, മാതാവിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു വെള്ളരിപ്രാവിൽ അന്ന് ആദ്യമായി എന്റെ മനസോന്നുടക്കി….

അവൾ പ്രാർഥിച്ചത്, എന്നെ അവളുടെ ജീവിതത്തിലേക്ക് കിട്ടണം എന്നും, ആ ആഗ്രഹം ഞാൻ സാധിച്ചു കൊടുക്കണമെന്നും മാതാവ് എന്നോട് അപേക്ഷിക്കുന്ന പോലെ തോന്നി. ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് മാതാവിന് ഞാൻ ഉറപ്പുകൊടുത്തു….

അവളുടെ ഓരോ ചലനത്തിലും എന്നെ ആകർഷിക്കുന്ന എന്തോ ഒരു മാസ്മരിക ഭാവമായിരുന്നു, ആ അൾത്താരയിൽ ഞാനും അവളും മാത്രമുള്ള എന്നെനിക്ക് തോന്നി, രൂപത്തിൽ വെയ്ക്കാൻ തന്ന ഒരുകെട്ടു റോസാ പൂവുമായി ഞാൻ അവൾക്കുനേരെ നടന്നു…

“ബെന്നിയെ, നീ ഈ പൂവ് ഏത് രൂപത്തിൽ ചാർത്താൻ പോകുവാ…”

വേഗം പരിസരബോദം തിരിച്ചെടുത്ത ഞാൻ ചുറ്റും നോക്കി

“ഇവിടെ, ഇവിടെ…” എവിടെ നിന്നോ ഒരു അശിരീരി….

“അയ്യോ, അച്ഛൻ….”

“അതേ, നീ ഒന്ന് നന്നായി കുമ്പസാരിക്കുന്നത് നല്ലതാ, കുമ്പസാരകൂട്ടിലേക്ക് വാ…”

ഞാൻ അച്ഛനെ പിൻതുടർന്നു…

മുളയിലെ തന്നെ എല്ലാം അച്ഛൻ പിച്ചിപ്പറിച്ചു കളയും, ഈ അച്ഛനെ ഇപ്പൊ ആരാ ഇങ്ങോട്ട് കൊണ്ടുവന്നത്. ഒരുകണക്കിന് അച്ഛൻ വന്നത് നന്നായി, അല്ലെങ്കിൽ ആ പൂവും കൊണ്ട് പെണ്ണിന്റെ മുന്നിൽ ചെന്നിരുന്നേൽ എന്താകും അവസ്ഥ…

“നിനക്കവളെ ഇഷ്ടമാണോ…?” പെട്ടെന്നായിരുന്നു അച്ഛന്റെ ആ ചോദ്യം.

“അതെ”

“നീ അവളെ കെട്ടുമോ”

“കെട്ടും”

” എങ്കിൽ അവളുടെ പേര് ഡെയ്സി, നല്ല ദൈവവിശ്വാസമുള്ള അടക്കവും ഒതുക്കവുമുള്ള കുട്ടി. ഞാൻ അവളോട് സംസാരിക്കാമെടാ, നിങ്ങളുടെ കല്യാണവും , കൊച്ചുങ്ങളുടെ മാമോദീസയും ഞാൻ നടത്തിതരാമെടാ…”

പള്ളിപ്പെരുന്നളിന് പൊട്ടിക്കാൻ വെച്ചിരുന്ന പടക്കങ്ങളെല്ലാം ഒരുമിച്ചു പൊട്ടിയപോലെ…

എന്റെ മുന്നിൽ അച്ഛൻ ഒരു ദൈവദൂതനെ പോലെ നിന്നു. അച്ഛന് ചുറ്റും ദിവ്യപ്രഭയുള്ളപോലെ തോന്നി.

അങ്ങനെ അച്ഛനും അച്ഛന്റെ പരിവാരങ്ങളുമായി ആഘോഷപൂർവം എന്റെ ഇഷ്ടം അവളെ അറിയിച്ചു…

അവിടെനിന്ന് പച്ചക്കൊടി കിട്ടിയത് മുതൽ എന്നിലെ ഉത്തരവാദിത്തബോധം സടകുടഞ്ഞു എണീറ്റു…

രണ്ടുവീട്ടുകാരുടെയും മൗനാനുമതിയും കിട്ടിയതോടെ ഞാൻ ഉഷാറായി…

ഭാവിയിലേക്കുള്ള ഓരോ കാര്യങ്ങളും പ്ലാൻ ചെയ്യാൻ തുടങ്ങി . പെട്ടെന്നുതന്നെ എനിക്ക് ഗൾഫിലെ ഒരു കമ്പനിയിൽ സ്റ്റോർ കീപ്പർ ആയി ജോലി കിട്ടി. ഞാൻ ഗൾഫ് ലേക്ക് പറന്നു…

ഞങ്ങൾ രണ്ടും രണ്ടിടത്ത് ആയെങ്കിലും അവൾ അയക്കുന്ന കത്തുകൾ ആയിരുന്നു എനിക്കൊരു ആശ്വാസം. മഴകാത്തിരിക്കുന്ന വേഴാമ്പൽ പോലെ എന്ന് പറഞ്ഞാൽ ഒന്നും ആകില്ല. അതിന്റെ ഒക്കെ അപ്പുറമായിരുന്നു ആ കാത്തിരിപ്പുകൾ…

വളരെ ചുരുക്കം ചില വാക്കുകളും വിശേഷം അന്യോഷിക്കലും മാത്രം. എങ്കിലും എനിക്ക് അത് അമൃത് ആയിരുന്നു.

വളരെ ചെറിയ ഒരു ചുറ്റുപാടിൽ ജീവിച്ചത് കൊണ്ടാകാം നല്ലൊരു നിലയിൽ എത്തണം എന്നൊരു വാശി ഉണ്ടായിരുന്നത്. ഉയരണം എന്നൊരു വാശിയിൽ അവളെ മാത്രമല്ല ആ കുടുംബത്തിന്റെ ഭാരം മുഴുവൻ ഞാൻ നെഞ്ചോട് ചേർത്തു.

രണ്ടുവർഷം കൊണ്ട് ഞാൻ വർക് ചെയുന്ന കമ്പനിയുടെ മാനേജർ പോസ്റ്റ് വരെ എനിക്ക് കിട്ടിയത് എന്റെ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്. നടക്കാൻ പറഞ്ഞാൽ ഞാൻ ഓടും, ഓടാൻ പറഞ്ഞാൽ ഞാൻ പറക്കും അതായിരുന്നു എന്റെ ഒരു നിലപാട്. പലപ്പോളും വീട്ടിൽ പോകാതെ നാലും അഞ്ചും ദിവസം ഓഫീസിൽ തന്നെ ജോലിയുടെ ഭാഗമായി കഴിയുമ്പോഴും എനിക്ക് ക്ഷീണം തോന്നിയില്ല, ഈ കഷ്ടപ്പാടുകൾക്ക് ഒടുവിൽ അവളുടെ കൂടെ ഉള്ള ജീവിതം ഞാൻ സ്വപ്നം കണ്ടു…

ബുദ്ധിമുട്ടിയാലും ഞാൻ സ്വന്തമായി സ്ഥലം വാങ്ങി, വീട് വെച്ചു. ഒരു മകളുടെ കാര്യത്തിൽ ഒരു സമാദനം അവളുടെ അപ്പച്ചൻ തോന്നി എന്നത് വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി….

അവൾ നഴ്‌സിങ് പഠനത്തിനായി കണ്ണൂർ പോയ സമയം. ഇടക്ക് ഇടക്ക് അവളെ വിളിക്കുക എന്നത് എനിക്കൊരു ദിനചര്യ പോലെ ആയിരുന്നു.

അവിടെ അവളുടെ ലോക്കൽ ഗാഡിയൻ ആയിരുന്നു ജസ്റ്റിൻ എന്ന അവളുടെ ഒരു അകന്ന ബന്ധു. പലപ്പോലും സമയം തെറ്റിയുള്ള അവളുടെ വീട്ടിൽ പോക്കും, തിരിച്ചു ഹോസ്പിറ്റലിൽ വരുന്നതിനും അയാൾ അവളെ സഹായിച്ചിരുന്നു. എനിക്ക് അതൊരു ആശ്വാസമായിരുന്നു.

ഞങ്ങൾക്കിടയിലെ നിത്യ സംസാര വിഷയമായിരുന്നു അവളുടെ ജസ്റ്റിൻ ചേട്ടൻ. അവൾക്കും വലിയ കാര്യമായിരുന്നു ചേട്ടനെ. ഈ സമയമില്ല സമയങ്ങളിലെ യാത്രകളിൽ അവളെ സുരക്ഷിതമായി നോക്കുന്നതിൽ എനിക്ക് അയാളോട് വലിയ സ്നേഹം തോന്നി.

അവളുടെ പഠനത്തിന് ശേഷം അവൾ ഡൽഹിയിൽ ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യാൻ പൊയ്ക്കോട്ടെ എന്ന് ചോദിച്ചു. അവിടെതന്നെയാണ് ജസ്റ്റിൻ ചേട്ടനും ജോലി ചെയ്യുന്നത് എന്നും പറഞ്ഞു. പോകാൻ ഞാൻ സമ്മതിച്ചു.

മൊബൈൽ ഫോൺ പ്രാബല്യത്തിൽ വന്ന സമയം ആയിരുന്നു. ഇടക്ക് ഇടക്ക് ഞാൻ അവളെ വിളിക്കും . അവൾക്ക് ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തത് കൊണ്ട് വളരെ കുറച്ചു സംസാരം മാത്രം.

ഒരിക്കൽ രാവിലെ മുതൽ ഞാനവളെ വിളിക്കുന്നതാണ്, ഒരു അനക്കവും ഇല്ല. ഉച്ചകഴിഞ്ഞു, രാത്രി ആകാറായി ഞാൻ വീണ്ടും വിളിച്ചു. അവൾ ഫോൺ എടുത്തു. എവിടെ പോയി എന്ന് ഞാൻ ചോദിച്ചു, ജസ്റ്റിൻ ചേട്ടന്റെ കൂടെ പുറത്തു പോയിരുന്നു എന്ന് പറഞ്ഞു. പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോകായിരുന്നോ എന്ന് ഞാൻ ചോദിച്ചു. മറന്നുപോയി എന്നവൾ പറഞ്ഞു…

എന്നെ പലപ്പോളായി അവളില്നിന്ന് മാറ്റി നിർത്തുന്നുണ്ടോ എന്നൊരു തോന്നൽ, അത് ശക്തമാകുമ്പോൾ ഞാൻ കൂടുതൽ കൂടുതൽ അടുക്കാൻ ശ്രെമിക്കും, നിരന്തരമായി അവളെ വിളിച്ചുകൊണ്ടിരിക്കും. ഇടക്കൊക്കെ അവൾ ഫോൺ എടുക്കും. സംസാരിക്കും.

എന്റെ അവളിലേക്കുള്ള ഇടിച്ചുകയറൽ അവളെ നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് തോന്നി. എങ്കിലും പിന്മാറുന്ന ലക്ഷണമില്ലായിരുന്നു എനിക്ക്. എനിക്കവളെ വേണം , അവൾ എന്റെ എന്നൊരു തോന്നൽ മാത്രമായിരുന്നു മനസ്സിൽ. അവളോടുള്ള സ്നേഹം എന്നെ ഉന്മദത്തിന്റെ ഉച്ചിയിൽ എത്തിച്ചു.

മൂന്ന് കൊല്ലം കൂടുമ്പോൾ ആണ് നാട്ടിൽ വരുന്നത്. അങ്ങനെ ഇക്കൊല്ലത്തെ വരവിൽ ഞങ്ങളുടെ ഇംഗജ്‌മെന്റ് കഴിഞ്ഞു. വളരെ സന്തോഷത്തോടെ അവൾ ഡല്ഹിയിലേക്കും ഞാൻ ദുബായ് ലേക്കും പറന്നു…

വീണ്ടും അവൾ പഴയപടിയായി, ചോദിക്കുന്നതിന് മാത്രം ഉത്തരം പറയും. മിക്കവാറും ഉള്ള ഫോണ് വിളിയിൽ അവൾ ആകെ സംസാരിക്കുന്നത് “ഉം ഉം ഉം” എന്ന മൂളലുകൾ മാത്രം…

ഒരിക്കൽ ഞാൻ വിളിച്ചപ്പോൾ അവൾ കുളിക്കുവാണ് എന്ന് അവളുടെ കൂട്ടുകാരി പറഞ്ഞു. അപ്പോൾ തന്നെ അവൾ പുറത്ത് ഇറങ്ങിയപ്പോൾ ആ ഫോൺ കൂട്ടുകാരി അവൾക്ക് കൊടുത്തു, “ജസ്റ്റിൻ ചേട്ടാ, ഒരു 5 മിനിറ്റ് ഞാൻ ഇപ്പോൾ റെഡി ആയി വരാം…” എന്നവൾ പറഞ്ഞു. “ഇത് ഞാനാണ് ബെന്നി, ജസ്റ്റിൻ അല്ല…” എന്ന് ഞാൻ പറഞ്ഞു. “അയ്യോ” എന്നവൾ പറഞ്ഞു. ഫോൺ വെച്ചു….

അവളുടെ മൗനം എന്നെ വട്ടുപിടിപ്പിച്ചു. ഫോൺ വിളിച്ചാൽ എടുക്കില്ല, എടുത്താലും സംസാരിക്കാൻ ഒന്നുമില്ല അവൾക്ക്. ഈ അവസ്ഥ എന്നെ വല്ലാതെ വട്ടുപിടിപ്പിച്ചു.

അടുത്ത ഫ്ലൈറ്റ് ന് ഞാൻ നാട്ടിൽ എത്തി. അവളുടെ അപ്പച്ചനെ കണ്ടു, കല്യാണം എന്ന് നടത്താം എന്ന് ഞാൻ ചോദിച്ചു. പെട്ടെന്ന് ഒരു ദിവസം വെളുപ്പിന് ചെന്ന് കല്യാണം എപ്പോൾ നടത്താം എന്ന് ചോദിച്ചാൽ ആരായാലും അന്തംവിടും. ഞാൻ കാര്യങ്ങൾ പറഞ്ഞു. അയാൾ അവളെ ഫോൺ വിളിച്ചു. അയാൾ അവളോട് ചൂടാകുന്നത് കണ്ടു. “ഈ കല്യാണം നടന്നില്ലെങ്കിൽ ഞാൻ ജീവനോടെ ഉണ്ടാകില്ല” എന്നയാൾ ഫോണിലൂടെ പറയുന്നത് കേട്ടു. കല്യാണം ഡിസംബറിൽ നടത്താം എന്നയാൾ പറഞ്ഞു. ഞാൻ ദുബായ് ക്ക് പറന്നു…

ഞാൻ അവളെ contact ചെയ്യാൻ ശ്രമിച്ചു. അവൾ കാൾ എടുക്കുന്നില്ല. കുറെ കുറെ വിളിക്കും, അവസാനം ഫോൺ എടുക്കും. “ഉം ഉം ഉം” മാത്രം കേൾക്കാം…

അവൾ എന്നെ എത്രത്തോളം അകറ്റാൻ ശ്രമിക്കുന്നോ അതിന്റെ പതിന്മടങ്ങ് ഞാൻ അവളിലേക്ക് അടുക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു. എന്റെ ക്ഷമ അതിന്റെ അത്യുന്നതിയിൽ എത്തിയിരുന്നു. ഇനിയും ക്ഷമിച്ചിരുന്നാൽ ഞാൻ മനുഷ്യൻ അല്ലാതെ വല്ല ദൈവവും ആയിത്തീരും…

പിടിച്ചു അടുത്ത ഫ്ലൈറ്റ് നാട്ടിലേക്ക്, നേരെ അവളുടെ വീട്ടിലേക്ക്.അപ്പച്ചൻ ഫോൺ വിളിക്കുന്നു,കല്യാണം നടന്നില്ലെങ്കിൽ മരിക്കുമെന്ന് പറയുന്നു, അന്ന് നടന്നതെല്ലാം വീണ്ടും ആവർത്തിച്ചു. ഡിസംബറിൽ തീർച്ചയായും നിങ്ങളുടെ കല്യാണം നടക്കും എന്ന് അവളുടെ അപ്പച്ചൻ എനിക്കുറപ്പ് തന്നു.

അങ്ങനെ ഞാൻ വീണ്ടും ദുബായ് ക്ക്, അവിടെ ചെന്നതിന് ശേഷം ഞാനവളെ കുറെ വിളിച്ചു അവൾ എടുത്തില്ല. ഒരു ദിവസം മുഴുവൻ വിളിച്ചു. അവളെ കിട്ടിയില്ല. പിറ്റേന്ന് രാത്രി അവളെ കിട്ടി. ” നമ്മുക്ക് പിരിയാം, എന്താണ് കാര്യമെന്ന് എന്നോട് ചോദിക്കരുത്, ഞാൻ ചത്താലും പറയില്ല…” “ശരി, പിരിയാം…” ഞാനും സമ്മതിച്ചു.

അത്രയും നാൾ ഉള്ളത് പോലെ അല്ലായിരുന്നു പിന്നത്തെ എന്റെ അവസ്ഥ. പിരിഞ്ഞതിന് ശേഷമുള്ള അവസ്ഥ അത് മരണത്തെക്കാൾ ഭീകരമാണ്. അഴുക്കുവെള്ളത്തിൽ കിടക്കുന്ന മീനിനെ പോലെ ശ്വാസം കിട്ടാതെ പിടഞ്ഞു ഞാൻ, ഇടക്കിടെ കിട്ടുന്ന നേരിയ ശ്വാസമെടുപ്പ് കാരണം മരിക്കുന്നുമില്ല, വല്ലാത്തൊരു അവസ്ഥ, അതങ്ങനെ ഒരുവർഷം തുടർന്നു….

മകന്റെ പോക്ക് ശരിയല്ല എന്ന് മനസ്സിലാക്കിയ അപ്പച്ചനുംഅമ്മച്ചിയും അവർക്ക് ഇഷ്ടപ്പെട്ട ഒരു പെണ്ണിനെ കണ്ടുപിടിച്ച് വിവാഹം നടത്തി.

അതിനിടയിൽ ഡെയ്‌സിയുടെ വിവാഹം കഴിഞ്ഞിരുന്നു അവളുടെ ജസ്റ്റിൻ ചേട്ടനുമായി….

ഇന്നത്തെ കുട്ടികൾ പറയുന്നപോലെ തേച്ചെന്നോ, പറ്റിച്ചെന്നോ പറഞ്ഞു ഞാൻ എന്റെ സ്നേഹത്തെ കളങ്കപ്പെടുത്തുനില്ല, അവളുടെ സാഹചര്യത്തെയും മനസ്സിനെയും ഉൾകൊള്ളാൻ ശ്രമിക്കുന്നു…

എങ്കിലും എനിക്ക് എവിടെയാണ് തെറ്റിയത്? എന്റെ സ്‌നേഹത്തിന് എന്തുകുറവാണ് ഉണ്ടായത്? ഈ ഒൻപത് വർഷത്തിൽ ആകെ മൂന്ന് തവണയെ കാണാൻ കഴിഞ്ഞോള്ളൂ എന്നതാണോ കാരണം. അല്ലെങ്കിൽ ബലമായി എന്നിലേക്ക് അവളെ അടുപ്പിച്ചെന്നു തോന്നിയിരുന്നോ ആവോ…..! അവളുടെ നിഴലിനെ പോലും തൊട്ട് അശുദ്ധമാക്കിയിട്ടില്ല ഞാൻ.

ഓരോ സ്നേഹവും അത് അനുഭവിക്കാൻ അർഹത ഉള്ളവരെ ഈശ്വരൻ നേരത്തേ നിശ്ചയിച്ചിട്ടുണ്ട്, എന്റെ സ്നേഹം അനുഭവിക്കാൻ അര്ഹതയുള്ളവൾ എന്റെ കൂടെ ഉണ്ട്…. അങ്ങനെ ഞാൻ വിശ്വസിക്കുന്നു.

രചന :-Anu Jayesh Alukkal‎

Leave a Reply

Your email address will not be published. Required fields are marked *