ബ്രു കോഫി. 【ചെറുകഥ】

രചന :-Nizar vh.

“സ്നേഹെ,..സ്നേഹെ..” ഉറക്കെവിളിച്ചു. ഇവൾ ഇതെവിടെ പോയികിടക്കുന്നു…? എങ്ങും കാണുന്നില്ലല്ലോ..?

മൊബൈൽ എടുത്തു അവളുടെ ഫോണിലേക്കു വിളിച്ചു.കിച്ചണിൽ ഫ്രിഡ്ജിന്റെ മുകളിൽ അവളുടെ ഫോൺ അനാഥയെ പോലെ വിറയലോടെ നിലവിളിച്ചു.

ഓഫീസ് വിട്ടു വരുമ്പോൾ സാധാരണ ഒരു ബ്രു കോഫി പതിവാണ്. അതു കിട്ടിയില്ല.

സ്റ്റെപ്പുകൾ കയറി ടെറസ്സിൽ എത്തി. പെറ്റു കിടന്നിരുന്ന ഒരു വെള്ള പൂച്ച തന്നെ നോക്കി മുരണ്ടു. മക്കൾ മൂന്നും കുത്തിമറിഞ്ഞു കളിക്കുന്നു. അവളുടെ മുലകളിൽ അറിയാതെ കണ്ണ് ചെന്നതിൽ ആവും ആ മുരൾച്ച ..! അതിനു താൻ തുറിച്ചു നോക്കിയില്ലല്ലോ.. എന്നു മനസ്സിലോർത്തു തിരിച്ചു നടന്നു.

ലിഫ്റ്റിൽ കയറി നേരെ താഴെ എത്തി. തന്നെ കണ്ടു സെക്യൂരിറ്റിസുനിമോൻ ക്യാബിന് വെളിയിൽ വന്നു. അയാളുടെ വയർ ഇപ്പോൾ പൊട്ടും എന്നകണക്കിന് ചാടി പുറത്തു നിൽക്കുന്നു. അടിയിലെ ബട്ടൻസ് രണ്ടെണ്ണം ഇതിനോടകം പൊട്ടി പോയ വിടവിലൂടെ രണ്ടു ലിറ്റർ വെള്ളം കൊള്ളാവുന്ന പൊക്കിൾ പുറമെ കാണാം.. അയാൾ നടന്നു വരുമ്പോൾ അയഞ്ഞു തൂങ്ങിയ ശരീരഭാഗങ്ങളും കുലുങ്ങുന്നുണ്ടായിരുന്നു. ഈ മാംസക്കടയുടെ പേര് ‘സുനിമോൻ’..!! ജനിക്കുമ്പോൾ എന്തു പേര് വേണമെങ്കിലും ഇടാം. വളർന്നു കഴിയുമ്പോൾ ആണ് മറ്റുള്ളവർ പാട് പെടുന്നത്.

“സാർ… മാഡം 7B യിലെ സൂസൻ ആന്റിയുമായി പുറത്തു പോയി.. ”

പറയാതെ പോയതിന്റെ നീരസത്തോടെ തിരിച്ചു കിച്ചണിൽ എത്തി. പതിവ് ബ്രു കോഫി കുടിക്കാത്തതിനാൽ ഒരു ഉഷാർ ഇല്ല. അറിയാവുന്ന പോലെ കോഫി തയ്യാറാക്കി.ഗ്ലാസ്സിലെടുത്ത്‌ ഒരിറുക്കുകുടിച്ചു.. ആഹാ..! അടിപൊളി. അതു പോലെ തന്നെ വാഷ് ബെയ്‌സണിലേക്ക് കമഴ്ത്തി. ബ്രു കോഫി ഇട്ടപ്പോൾ ‘രസം ‘ആയി തീർന്ന അത്ഭുതത്തിനു മുന്നിൽ പകച്ചുപോയി.

പെട്ടെന്നാണ് വാതിൽ തുറന്ന് സ്നേഹ കടന്നു വന്നത്. അവളുടെ വേഷം കണ്ടു ഞെട്ടി. ഇറുകിയ ട്രാക്ക് പാന്റും, ബനിയനും.കാലിൽ സ്‌പോർട്സ്‌ ഷൂ വും.മുടി ഉയർത്തി കെട്ടി വച്ചിരിക്കുന്നു.ജോഗിങ്ങി ന് പോയി വരികയാണ് എന്നു വ്യക്തം. അവൾ പതിയെ ഓടി അടുത്ത്‌ വന്നു.ചിരിച്ചു കൊണ്ട് വയറിൽ ഒരിടി.

“എന്തുവാ, ഷാൻ ഇതു..ചീക്ക വയറ്ആണല്ലോ.?” വേദന എടുത്തെങ്കിലും കടിച്ചു പിടിച്ചു നിന്നു.

“നീ പറയാതെ, എവിടെ പോയിരുന്നു..?” കോപം നടിച്ചു കൊണ്ടു ചോദിച്ചു.

“സില്ലി, മാൻ.. ഞാനും, സൂസനുമായി ജോഗിങ്ങിനു പോയിരുന്നു..”അവളുടെ സംസാരം കേട്ടു കണ്ണു മിഴിച്ചു.കുറച്ചു നേരം സൂസനുമായി നടന്നതെയുള്ളൂ അപ്പോഴേക്കും സൂസനെഅനുകരിക്കാൻ ശ്രമിക്കുന്നു.

“ആരോഗ്യമുള്ള കുടുംബത്തിന് ആരോഗ്യമുള്ള ശരീരം വേണം. ആരോഗ്യമുള്ള ഒരു ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം..”മോഹൻലാലിനെ അനുകരിച്ചു കൊണ്ടു സ്നേഹ ,തന്നെയും,തന്റെ ശരീരത്തെയും പുച്ഛത്തോടെ നോക്കുന്നത് കണ്ടപ്പോൾ വിഷയം മാറ്റാൻ വേണ്ടി.

“നീ എന്താ കോഫി ഇടാതിരുന്നത്..?”

“ഒരു കോഫി ഇടാൻ പോലും പുരുഷൻമാർക്കു പറ്റില്ല…!ഞങ്ങൾ സ്ത്രീകൾ എന്താ നിങ്ങളുടെ അടിമയാണോ..? എന്നു ഈ പുരുഷമേധാവിത്വം അവസാനിക്കുന്നുവോ അന്നേ, പാവം സ്ത്രീകൾരക്ഷപെടൂ..”അവൾ തലയിൽ കൈ വച്ചു കൊണ്ടു മൊഴിഞ്ഞു. ഇവൾക്ക് സത്യത്തിൽ എന്തു പറ്റിയാവോ?

‘സ്നേഹ ‘ആരാണ് ഇവൾക്കീ പേരിട്ടത് ..? അയാളെ കയ്യിൽ കിട്ടിയാൽ മൂക്ക് ഇടിച്ചു പരത്തണം..

അന്ന് രാത്രിയിൽ ടേബിളിൽ വിളമ്പി വച്ചിരുന്ന ഗോതമ്പ് ചപ്പാത്തിയും ,വെജിറ്റബിൾകുറുമയും കണ്ടു. സ്നേഹയെ വിളിച്ചു. ‘ മു്..’ എന്ന ഞരക്കം മാത്രം ബെഡ്റൂമിൽ നിന്നും കേട്ടു.

“ഷാനു കഴിച്ചോട്ടോ എനിക്ക് തീരെ വയ്യ..” വേദന കടിച്ചമർത്തി സ്നേഹയുടെ വാക്കുകൾ.

“എന്തു പറ്റി ..നിനക്ക്‌..പറയൂ.. ഹോസ്പിറ്റലിൽ പോകണോ..?” നെറ്റിയിൽ തൊട്ടു നോക്കി ചോദിച്ചു.

“വേണ്ട,ശരീരംവേദനയുടെഗുളികകഴിച്ചു. ഷാനുഭക്ഷണംകഴിച്ചു കിടന്നോ.. ഒന്നുറങ്ങിയാൽ ശരിയാവും..ശരീരം വേദനയാ”

ആദ്യമായി ശരീരം ഇളകിയതിന്റെ ക്ഷീണമാവും. സ്നേഹ ചരിഞ്ഞു കിടക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടു പഴയതു പോലെ കിടന്നു. ആ കിടപ്പു കണ്ടപ്പോൾ ഉള്ളിൽ ചിരിച്ചു കൊണ്ടു

“അയ്യോ… കഷ്ട്ടമായല്ലോ..”മുഖത്തു സങ്കടം വരുത്തി കൊണ്ടു അറിയിച്ചു.

ജോഗിങ്ങിന് പോയിവന്നപ്പോൾഎന്തായിരുന്നു…? ആരോഗ്യമുള്ള ഭാരതം, പുരുഷമേധാവിത്യം.. അമ്പും, വില്ലും… കിടക്കണകിടപ്പു കണ്ടാൽ. പെറ്റതള്ള സാഹിക്കൂല്ല..! പുതപ്പ് എടുത്തു സ്നേഹയെ പുതപ്പിച്ചു കൊണ്ടു ഹാളിലെ സോഫയിലേക്കു നടന്നു.

മൊബൈൽ പതിവ് പോലെ അതി രാവിലെ തന്നെ വിളിച്ചുണർത്തി. മുഖം കഴുകി കിച്ചനിൽ എത്തി. സ്നേഹയില്ല. ബെഡ്‌റൂമിൽ ഞരങ്ങിയും,മൂളിയും അവൾ കിടക്കുന്നു.

“ഒട്ടും, വയ്യ ഷാനുവേട്ടാ,കൈ ഉയർത്താൻ പോലും പറ്റണില്ല..”

‘ ഷാനുവേട്ടാ’ എന്ന വിളി ശ്രദ്ധിച്ചു.ഒരു ക്ഷീണം വന്നപ്പോൾ തന്നെ ആള് ആകെ മാറി. അവളുടെ അവസ്ഥ കണ്ടപ്പോൾ ചിരിക്കാൻ തോന്നിയില്ല. പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു ബാത്റൂമിലെ ത്തിച്ചു. കുട്ടികളെ പല്ലു തേപ്പിക്കുംപോലെ ബ്രെഷ് എടുത്തു പല്ലു തേപ്പിച്ചു മുഖം കഴുകിച്ചു. അപ്പോൾ ഞാൻ അച്ഛനും, അവൾ എന്റെ മകളും ആയി മാറിയിരുന്നു.

മെല്ലെ വീണ്ടും കട്ടിലിലെത്തിച്ചു.അപ്പോഴേക്കും കിതച്ചു പോയിരുന്നു.

“ഇനിപറ,പുരുഷമേധാവിത്വംഅവസാനിപ്പിക്കണോ…?” അവൾ തല തിരിച്ചു എന്നെ നോക്കി “ശവത്തിൽ കുത്തല്ലേഷാനു വേട്ടാ..”അവൾ ദയനീയമായ്‌ മുഖം തിരിച്ചു.

“ശരി,നിനക്കു കോഫിയല്ലേ… ഇപ്പോൾ കൊണ്ടു വരാം..”മസിൽ പിടിച്ചു കൊണ്ട് കിച്ചണിലേക്കു നടന്നു. “രസം വേണ്ട,കോഫി മതിട്ടോ.”പിന്നിൽ നിന്നും ദയനീയമായ ശബ്ദംകേട്ടു നിന്നു.

‘ഇവളെങ്ങിനെ ആ കാര്യം അറിഞ്ഞു.? ചമ്മ ലോടെ തിരിഞ്ഞു നോക്കി.

“ഗ്ലാസ്സിൽ അല്പംബാക്കി ഉണ്ടായിരുന്നു. ..!” അവൾ പൂരിപ്പിച്ചു. “എല്ലാ ബോട്ടിലിലുംഎല്ലാ സാധനത്തിന്റെ യും പേര് കൃത്യമായിഎഴുതിവച്ചിട്ടുണ്ട്കേട്ടോ”

“ഓ…”

തിരിഞ്ഞു നോക്കാതെ നടന്നു..

ശുഭം.

രചന :-Nizar vh.

Leave a Reply

Your email address will not be published. Required fields are marked *