നല്ലതേ വരൂ….

രചന :-Shamsudheen Cm‎

‘ ഇക്കാ..

നിങ്ങളെന്നെ മനസ്സിലാക്കി… ഞാൻ സത്യം തന്നെയാ പറയുന്നേ.. ‘

‘ ഞാൻ കുറെ നേരമായി ചോദിക്കുന്നു… ഇനി നിർബന്ധിക്കാൻ വയ്യ.. നിനക്ക് പറയാൻ ഒക്കുവാണേൽ പറ… അല്ലേൽ വേണ്ടതാനും.. ‘

‘ നിങ്ങളെന്താ എന്നെ മനസ്സിക്കാത്തെ.. എന്നെ നിങ്ങക്ക് വിശ്വാസമില്ലേ… ‘

സഫ തന്റെ ഭാഗം ന്യായീകരിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. കഷ്ടപ്പാടുകളെല്ലാം വിഫലമായി പോവുകയാണ്.. ഭർത്താവൊന്നും വില കല്പിക്കുന്നില്ല.. സംശയം തന്നെ…

‘ ഹോ.. അങ്ങനെയാണേൽ ശെരി.. വേറെ ഒന്നും പറയാനില്ല…’

ഇനിയും നിർബന്ധിക്കുന്നത്‌ ശെരിയെല്ലെന്നു തോന്നി കാണും.. കുറെ നേരമായി ഇത് തന്നെയാണ് പണി… അവൾക്കും ക്ഷമ നശിച്ചു കാണും… ഇടവേളയില്ലാത്ത തന്റെ ചോദ്യങ്ങൾ ഏതൊരു മനുഷ്യന്റെ ക്ഷമയും തകർക്കാൻ ശേഷിയുള്ളത് തന്നെയാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു..

കൂടുതലൊന്നും ചോദിക്കാതെ അയാൾ മുന്നിലേക്ക് നോക്കി വണ്ടിയോടിച്ചു.. റേഡിയോയുടെ ശബ്ദമൊഴിച്ചാൽ വണ്ടിയിൽ മൂകത മാത്രം.. ഒന്നും സംസാരിക്കാതെ മുന്നോട്ട് നീങ്ങുമ്പോൾ അവൾ സ്വസ്ഥത കണ്ടെത്തുന്ന പോലെ.. എന്നാൽ തന്റെ ഭർത്താവിന്റെ മനസ്സിന് മങ്ങലേല്പിച്ചു കൊണ്ടുള്ള സ്വസ്ഥതയേക്കാൾ നല്ലത് സമാധാനക്കേട് തന്നെയാണെന്ന ചിന്ത സഫയുടെ നാവിനെ വീണ്ടും ചലിപ്പിച്ചു..

‘ ഇക്കാ.. ‘

സംസാരം തുടങ്ങി വെക്കുകയായിരുന്നു. നല്ലൊരു തുടക്കത്തിനായി കൊതിച്ച അവൾക്ക് നിരാശയായിരുന്നു ഹുസൈൻ സമ്മാനിച്ചത്.. സ്നേഹം ചാലിച്ച വിളിക്ക് ഉത്തരം മൗനം തന്നെ.. സ്റ്റിയറിങ്ങിൽ നിന്നും കൈകളെടുക്കാതെ ശ്രദ്ധയെ റോഡിലേക്ക് മാത്രം കൊണ്ട് വന്നു.. ഒന്നും സംസാരിക്കാതെ മുന്നോട്ടുള്ള യാത്ര സഫയെ നന്നായി വിഷമിപ്പിച്ചു കാണും… പിന്നീടുള്ള പ്രവർത്തിക്കും ഫലം നിരാശ തന്നെയാണല്ലോ..

‘ ഇക്കാ..’

‘ ഹാ.. എന്താടീ പെണ്ണേ.. പറ.. ‘

ഇത്തവണ അവളുടെ കരങ്ങൾ ഹുസൈനിന്റെ ചുമലിൽ കൊണ്ടെത്തിച്ചു.. റോഡിലും ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളിലും മാത്രം കേന്ദ്രീകരിച്ച ശ്രദ്ധയെ തിരികെ കൊണ്ടു വരാനുള്ള ഒരു തന്ത്രമായിരുന്നു അത്..

എന്നാൽ ഒരു ചെറു ചിരിയും സ്നേഹം കലർന്ന വാക്കുകളും അദ്ദേഹം മറുപടിയായി നൽകി.. അത് പതിവുള്ളതാണ്.. മനസ്സിൽ ഉടലെടുത്ത ദേഷ്യം മറക്കാനുള്ള ഒരു തരം അടവായിരുന്നു ആ ചിരിയും സ്നേഹം കലർന്ന സംസാരവും.. ദേഷ്യത്തിനൊപ്പം നടന്നു മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമോ എന്ന ഭയം… അതാണ് ഹുസൈനിൽ നിന്നുമുള്ള നല്ല പെരുമാറ്റത്തിനു കാരണം.. അത് വ്യക്തമായി അറിയുന്നവൾ തന്നെയായിരുന്നു സഫ.. കാലം കുറച്ചായല്ലോ അദ്ദേഹത്തോടൊപ്പം ജീവിതം നയിക്കാൻ തുടങ്ങിയിട്ട്..

‘ നിങ്ങളെന്താ കൊച്ചു പിള്ളേരെ പോലെ.. പെട്ടെന്ന് പിണങ്ങുന്നു.. ‘

‘ അതിനു ഞാൻ പിണങ്ങിയെന്നു ആരാ പറഞ്ഞേ.., നിനക്ക് തോന്നുന്നതാവും.. ‘

‘ ഹഹ.. കാലം കുറച്ചായില്ലേ ഞാൻ നിങ്ങളെ കാണാൻ തുടങ്ങിയിട്ട്.. നിങ്ങടെ മുഖത്ത് നോക്കി മനസ്സ് വായിക്കാൻ എനിക്ക് കഴിയും..’

‘ അതൊക്കോ നിന്റെ തെറ്റിദ്ധാരണകൾ അല്ലെ… എന്റെ മുഖത്ത് നോക്കി നിനക്കെങ്ങനെ മനസ്സ് വായിക്കാൻ കഴിയും..’

‘ അതിനും കാരണമുണ്ട്. ഞാൻ നിങ്ങടെ ഭാര്യായത് കൊണ്ട്.. നിങ്ങടെ ചൂടും ചൂരും അനുഭവിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായില്ലേ.. അതു പോലെ നിങ്ങടെ മനസ്സും മുഖവും ഞാൻ കാണുന്നുമുണ്ട്.. പടിക്കുന്നുമുണ്ട്.. ‘

സഫയുടെ വാക്കുകൾക്ക് വീണ്ടും ഒരു പുഞ്ചിരി മറുപടിയായി നൽകി.. മൗനം സ്വീകരിച്ചു.. ചിരി മുഖത്ത് നിന്നും മായാതെ മുന്നോട്ട് തന്നെ..

‘ നിങ്ങൾ എന്തേലും പറയി..’

‘ എന്ത് പറയാൻ.. ഇത്രയും നേരം ചോദിച്ചതിന് നല്ലൊരു മറുപടി ഇല്ലാലോ.. ഇനിയും സംസാരിക്കുന്നതിൽ എന്തർത്ഥം..?

ശബ്ദം അല്പം തായ്ത്തിയാണേലും ഹുസൈൻ പറഞ്ഞു തീർത്തു.. ഇനിയും ആ വിഷയം ആവർത്തിക്കണമെന്നു ആഗ്രഹിച്ചതല്ല.. എങ്കിലും ..

‘ നിങ്ങളെന്താ ഇക്കാ ഞാൻ പറഞ്ഞിട്ട് വിശ്വസിക്കാത്തെ.. എന്നെ നിങ്ങൾക്ക് തീരെ വിശ്വാസമില്ലേ.. ?’

അല്പം ദേഷ്യം പ്രകടമായ വാക്കുകൾ ഹുസൈനിന്റെ മനസ്സിൽ തറച്ച പോലെ.. വണ്ടി പതിയെ സൈഡിലേക്ക് ഒതുക്കി..

‘ ഞാൻ എങ്ങനെ വിശ്വസിക്കണമെന്നാണ്.. എന്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കണമെന്നാണ്.. ഞാൻ നിന്നോട് ചോദിച്ചത് വേറെ വല്ല തെറ്റായ കാരണങ്ങൾ ഒന്നുമല്ല.. നിന്റെ മുഖത്ത് കണ്ട വിഷമത്തിനുള്ള കാരണം…

കുറഞ്ഞ ദിവസം മുന്നേ നീ എന്റെ മുന്നിൽ കെഞ്ചി ചോദിച്ച കാര്യമായിരുന്നു ഈ ദിവസത്തെ പരിപാടി.. കഴിഞ്ഞു പോയ സ്കൂൾ ജീവിതം ഓർമിക്കാൻ.. വീണ്ടും ഒരൊത്തു കൂടലിലൂടെ ഓർമകൾ പങ്കു വെക്കാൻ.. ഒടുവിൽ എന്റെ സമ്മതം വാങ്ങിയെടുക്കുമ്പോൾ നിന്റെ മുഖത്ത് എല്ലാം നേടിയവളുടെ ചിരിയുണ്ടായിരുന്നു.. എന്നെ ഭർത്താവായി കിട്ടിയതിൽ നീ അഭിമാനിക്കുന്നുവെന്നും…

ഒടുവിൽ നിന്നെയിന്ന് രാവിലെ സ്കൂളിന് മുന്നിൽ ഇറക്കി വിട്ടപ്പോൾ നന്ദി സൂചകമായി തന്ന മുത്തത്തോടപ്പം നീ വേറൊന്ന് കൂടെ പറഞ്ഞിരുന്നു.. വൈകിട്ട്‌ വന്നാൽ മതിയെന്ന്.. ഇതിപ്പോ ഉച്ച ആകുന്നതിന് മുന്നേ എന്നെ വിളിച്ചു വീട്ടിൽ പോകാമെന്ന് പറഞ്ഞപ്പോൾ സ്വാഭാവികമായും സംശയം വന്നു.. കൂടെ നിന്റെ മുഖത്ത് കണ്ട വിഷമവും..

ഇനി നിന്റെ മുഖത്ത് വിഷമം ഒന്നും ഇല്ലായെന്നാണ് പറയുന്നതെങ്കിൽ എനിക്ക് പറയാനുള്ളത് നീ പറഞ്ഞ അതേ വാക്കുകളാണ്.. നീ എന്റെ ചൂടും ചൂരും അനുഭവിച്ച പോലെ തന്നെ ഞാൻ നിന്നെയും അറിഞ്ഞിട്ടുണ്ട്.. മനസ്സിലാക്കിയിട്ടുണ്ട്.. നിന്റെ മുഖവും മനസ്സും വായിച്ചെടുത്തിട്ടുണ്ട്.. പല വട്ടം.. അതൊന്നും മതിയായില്ലെങ്കിൽ ഞാൻ നിന്റെ ഭർത്താവ് കൂടിയാണ്.. ‘

വാക്കുകളിൽ മാന്യത വരുത്തുമ്പോഴും ദേഷ്യം അടക്കി നിർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു… തന്റെ മനസ്സിൽ കുറിച്ചിട്ട വാക്കുകൾ അവൾക്ക് മുന്നിൽ മൊഴിയുകയായിരുന്നു.. സങ്കടങ്ങളും അതിൽ വ്യക്തമായി കണ്ടിരുന്നു.. വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധ്യമായിരുന്നു..

‘ ഇനിയും നിനക്ക് പറയാൻ ബുദ്ധിമുട്ടാണേൽ ഒരു ഭർത്താവ് കേൾക്കാൻ പാടില്ലാത്ത കാര്യമാണെന്ന് കരുതി ഞാൻ ആശ്വസിച്ചോളാം.. ‘

വീണ്ടും തുടർന്ന ഹുസൈന് മറുപടിയായി സഫ നൽകിയത് കണ്ണീരായിരുന്നു.. അത്രയും നേരം വാക്കുകളെല്ലാം കേട്ട് സഹിച്ചിരിക്കുമ്പോൾ അടക്കി നിർത്തുന്നത് സങ്കടമായിരുന്നു.. ക്ഷമ നശിച്ചത് പെട്ടെന്നാണ്.. അതോടെ കണ്ണുനീരും കൂട്ടിനെത്തി..

കണ്ടു നിന്ന ഹുസൈന്റെ മനസ്സലിഞ്ഞത് കൊണ്ടാവാം ; അവളെ ചേർത്തു പിടിച്ചത്.. കണ്ണീരിൽ കുതിർന്ന അവളുടെ കവിളിനെ തലോടാൻ തന്റെ പുത്തൻ ഷർട്ട് തന്നെ ഉപയോഗിച്ചത്.. മുടിയിയകളിൽ തലോടി..

‘ മോളെ.. നീയെന്താടി ഇങ്ങനെ.. ഞാൻ വല്ലതും അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു ന്ന് വെച്ച് നീയതെല്ലാം കാര്യമാക്കിയോ.. ‘

‘ അല്ല… എന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്… ഇക്ക ചോദിച്ചപ്പോൾ തന്നെ പറഞ്ഞാൽ മതിയാർന്നു..’

‘ അതിനു മാത്രം എന്താ അവിടെ സംഭവിച്ചത്..’

ഹുസൈന്റെ നീണ്ട നേരത്തെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനൊരുങ്ങി… ഒരു നേർക്കാഴ്ച പോലെ നടന്ന സംഭവങ്ങൾ ഓരോന്നായി വിവരിക്കാൻ തുടങ്ങി..

*****

‘ എന്നെ ഓർക്കുന്നുണ്ടോ… ?’

കൂട്ടുകാരികളോട് കിന്നാരം ചൊന്നിരിക്കുമ്പോഴാണ് ആ യുവാവ് സഫയെ ലക്ഷ്യമാക്കി വന്നതും ചോദിച്ചതും.. കൂട്ടുകാരികളും നന്നേ മാറിയിരിക്കുന്നു… കണ്ട എല്ലാവരുടെയും കൈകളിലായി ഓരോ കുരുന്നുകൾ ഉണ്ട്.. പലരെയും പറഞ്ഞറിയുമ്പോൾ അത്ഭുതമായിരുന്നു.. ശരീരത്തിൽ വന്ന മാറ്റം കുറച്ചൊന്നുമല്ല..

‘ ഇല്ല… ആരാ.. ‘

ചോദ്യം ആരാഞ്ഞ താടിക്കാരനോട് കാര്യം തുറന്നു പറഞ്ഞു.. താടി മാത്രമല്ല.., മീശയും നല്ല കട്ടിയിൽ തന്നെയായിരുന്നു.. ഒറ്റ നോട്ടത്തിൽ ഒരു മധ്യവയസ്‌കനെപോലെ.. എല്ലാം കൊണ്ടും സമ്പൂർണനായ ഒരു യുവാവായിരുന്നു സത്യത്തിൽ അത്.. മനസ്സിലായില്ലെന്നു തുറന്നു പറഞ്ഞിട്ടല്ലേ കാര്യമുള്ളു.. ഇല്ലെന്ന് ഒറ്റ വാക്കിൽ പറഞ്ഞത് കൊണ്ടാവാം അവനൊന്നു നടുങ്ങി…

‘ ഹഹ.. എന്തായാലും എനിക്ക് നിന്നെ മനസ്സിലായിട്ടൊ.. അല്ലേലും അത്ര വേഗം മറക്കാൻ പറ്റുന്ന മുഖമല്ലല്ലോ ഇത്.. ‘

ആക്ഷര്യപ്പെട്ടു നിൽക്കുന്ന അവളോടായി വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു.. ഉറപ്പിക്കാനെന്നോണം..

‘ സഫയല്ലേ.. ?’

‘ അതെ… പക്ഷെ എനിക്കങ്ങോട്ട്..’

‘ ഹാ.. പറഞ്ഞു തരാം.. ഞാൻ ശബീർ..’

ആ പേര് കേൾക്കുമ്പോൾ തന്നെ മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി അപ്രത്യക്ഷ്യമായിരുന്നു.. ധൈര്യം ചോർന്നു പോയ പോലെ.. മനസ്സിന് തീരെ ശക്തി കിട്ടുന്നില്ല.. ഒന്നും പറയാൻ സാധിച്ചില്ല.. ഒന്ന് പുഞ്ചിരിക്കാൻ പോലും..

‘ നമുക്കൊന്ന് തനിച്ചിരുന്നു സംസാരിച്ചാലോ.. ‘

ആ വാക്കുകൾ മനസ്സിൽ വീണ്ടും ഭയമുളവാക്കി.. കൂടുകാരികളുടെ മുഖത്തും ആക്ഷര്യം നിറഞ്ഞു നിന്നിരുന്നു.. ” നീയാകെ മാറി പോയല്ലോ ” എന്ന സ്ഥിരം വാചകം അവരെല്ലാവരും മൊഴിയുന്നുണ്ട്.. എന്നാൽ അതൊന്നും സഫയുടെ ചെവികളിലേക്കെത്തുന്നില്ല.. ഒരു കള്ള ചിരിയോടെ സുഹൃത്തുക്കൾ സമ്മതം നൽകി.. ആ കൂട്ടം മറ്റൊരിടം തേടി.. അവർ നിന്നിരുന്ന സ്ഥലത്തു സഫയും ശബീറും മാത്രം..

‘ പിന്നെ എന്തൊക്കൊ.. കുടുംബ ജീവിതം ഒക്കെ എങ്ങനെ പോകുന്നു..’

‘ സുഖം തന്നെ.. ‘

എങ്ങനെയോ വാക്കുകൾ പറഞ്ഞൊപ്പിച്ചു.. നാവ് ചലിക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്..

‘ എന്നെ ശെരിക്കും മനസ്സിലായില്ലേ.. പഴയ അതേ ശബീർ തന്നെ ട്ടോ.. മൂന്ന് വർഷത്തെ ആത്മാർത്ഥ പ്രണയത്തിന് മുന്നിൽ തോറ്റ് പോയ അതേ ശബീർ.. ‘

ആ വാക്കുകൾ മറ്റു പലതിനുമുള്ള ഒരു തുടക്കമായിട്ടാണ് തോന്നിയത്.. സഫയുടെ മനസ്സ് വീണ്ടുമൊന്ന് പിടഞ്ഞു.. അവന്റെ വാക്കുകൾ പൂർണമായും സത്യം തന്നെയാണ്.. പഠന കാലത്തെ ആ പ്രണയം മനസ്സിലൊന്ന് ഓർത്തു നോക്കി… ഒടുവിൽ വീട്ടിൽ അറിയുമ്പോൾ തല്ല് വാങ്ങാനായി മാത്രം ശരീരം മാറ്റി വെക്കുകയായിരുന്നു.. ശരീര വേദനകൾക്ക് മുന്നിൽ തീരുമാനം മാറ്റപ്പെട്ടില്ല.. ആത്മാർത്ഥ പ്രണയം നശിച്ചില്ല.. ഒടുവിൽ ഉപ്പയുടെ ആത്മഹത്യ ശ്രമം… അതാകെ തളർത്തുകയായിരുന്നു.. മനസ്സില്ലാ മനസ്സോടെ മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു..

‘ നിന്റെ അവസാന വാക്കുകൾ ഞാനിപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്… ” രണ്ടു പേർക്കും നല്ലതേ വരൂ.. നടക്കുന്നതെല്ലാം നല്ലതിന് വേണ്ടിയായിരിക്കും” ന്നു..

ഞാൻ സത്യത്തിൽ ആ വിഷയങ്ങൾ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് നിന്നോട് സംസാരിക്കാൻ ഒരുങ്ങിയത്.. നീയന്ന് പറഞ്ഞ കാര്യം എന്റെ കാര്യത്തിൽ സത്യം തന്നെയാ.. എനിക്ക് നല്ലത് വന്നു.. നീയെന്ന മാരണം തലയിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ ഞാനും ആത്മഹത്യക്കായി ഒരുങ്ങിയിരുന്നു.. എന്നാൽ പിന്നീട് തേടി വരുന്നതെല്ലാം നല്ലത് മാത്രം..

ഇന്ന് ഞാൻ സമ്പന്നനാണ്.. നല്ല ജോലി, നല്ല വരുമാനം., എല്ലാത്തിലുമുപരി നല്ലൊരു ഭാര്യ…

ഒരുപക്ഷേ അന്ന് നീയെന്നെ വിട്ടു പോയില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്നും അതേ നിലയിൽ തന്നെ ആയിരിക്കും.. എന്നെ വിട്ട് പോയതിന് നന്ദി പറയാനും കൂടിയാണ് ഞാൻ വന്നത്.. ‘

വാക്കുകൾ പറഞ്ഞു തീർത്തു അവൻ ഒരു അട്ടഹാസവും നൽകി നടന്നു നീങ്ങുമ്പോൾ സഫയുടെ മനസ്സാകെ തളർന്നിരുന്നു.. ഇതിനിടയിൽ പിന്നിൽ നിന്നും ഒളിഞ്ഞു കേട്ട സുഹൃത്തുക്കളുടെ പൊട്ടിചിരിയും..

*****

‘ ഹഹ… നീയതിനാണോ കരഞ്ഞത്… ഇതിനാണോ ഇത്ര നേരം ടെൻഷനടിച്ചേ.. ‘

‘ അത്.. ശെരിക്കുമെനിക്ക് സങ്കടം വന്നിരുന്നു.. പിന്നെ എല്ലാവരുടെയും ചിരികളും മറ്റും..

ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ എന്റെ പ്രണയ കാലം.. അതിലെ എന്റെ നിസ്സഹായവസ്ഥ നിങ്ങൾക്കും അറിയാവുന്നത് അല്ലെ… ഞാൻ എന്തു ചെയ്യാനാണ്.. ‘

കണ്ണുനീർ വറ്റിയിട്ടില്ല.; വീണ്ടും കവിളിനെ മുത്തം വെക്കുന്നുണ്ട്.. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ തുടച്ചു മാറ്റി ഒരു ചെറു മുത്തം അവൾക്കായി സമ്മാനിച്ചു…

‘ ഹഹ.. നീയെന്ത് പൊട്ടി പെണ്ണാടി.. അപ്പൊ കൊടുക്കേണ്ട അവന് മറുപടികൾ.. നീ അവസാനം പറഞ്ഞ വാക്കുകൾ എന്തുവാ .. ” രണ്ടു പേർക്കും നല്ലതേ വരൂ എന്നല്ലേ… എന്നിട്ട് അവനിക്ക് മാത്രമാണോ നല്ലത് വന്നേ..

നീ ഒരുപക്ഷേ ആ പ്രണയം തുടർന്നിരുന്നേൽ നിനക്ക് എന്തായിരിക്കും ലഭിക്കുക.. സങ്കടങ്ങൾ നിറഞ്ഞ ജീവിതം… നിനക്ക് സന്തോഷം നിറഞ്ഞ ജീവിതം ലഭിക്കുമായിരുന്നു.. സ്നേഹം പകർന്നു നൽകാൻ രണ്ടു കുഞ്ഞുങ്ങളെ ദൈവം തരുമെന്നതിൽ ഉറപ്പിക്കാൻ പറ്റുമായിരുന്നോ.. ഇതുപോലെ വില കൂടിയ കാറിൽ സഞ്ചരിക്കാൻ പറ്റുമായിരുന്നോ… എല്ലാത്തിലുമുപരി നിനക്ക് ഞാനെന്ന നല്ല ഭർത്താവിനെ ലഭിക്കുമായിരുന്നോ..

ഇനി പറ.. പ്രണയം നഷ്ടപ്പെട്ടത് കൊണ്ട് ആർക്കാ ശെരിക്കും പ്രയോജനം.. ‘

കണ്ണുനീർ ഒലിച്ചിറങ്ങിയ കവിളുകൾ ചിരി തൂകി.. തനിക്ക് ലഭിച്ച അതേ മുത്തം സ്നേഹ സമ്മാനമായി നൽകി…

‘ ഞാൻ തന്നെയാ ഭാഗ്യവതി.. എനിക്ക് പടച്ചവൻ നിങ്ങളെ ഭർത്താവായി നൽകിയല്ലോ…’

രചന :-Shamsudheen Cm‎

Leave a Reply

Your email address will not be published. Required fields are marked *