രചന: റഷീദ് എം ആർ ക്കെ – സലാല
” നൗറിൻ… നൗറീ .. ഇവിടെ വന്നേ… ” എന്നുള്ള എന്റെ വിളി കേട്ടാണ് ” ഇക്കയെന്നെ വിളിച്ചോ..?” എന്നും ചോദിച്ച് അവൾ റൂമിലേക്ക് വന്നത്.. ” ഇതെന്താ ഇവിടെ അഴിച്ചു വെച്ചിരിക്കുന്നത്.. ?” എന്ന് ചോദിച്ച് ജനലിനരികിൽ ഊരി വെച്ച മോതിരം എടുത്തു കാണിച്ചപ്പോഴാണ് അപ്പോൾ ഓർമ്മ വന്ന പോലെ ” അതെ ഞാന് അകത്ത് ക്ളീൻ ചെയ്യുമ്പോൾ ഇവിടെ ഊരി വെച്ചതാ.. ” എന്നും പറഞ്ഞ് അവളത് വാങ്ങി വിരലിലിട്ടു.
ദാമ്പത്യ ജീവിതത്തിന്റെ സുന്ദര നിമിഷങ്ങൾ കടന്നു പോയി കൊണ്ടിരിക്കുന്നതിനിടയിൽ പിന്നെയും പലവട്ടം അവളുടെ മോതിരം പലയിടത്ത് നിന്നായി ഞാൻ കാണുകയും അവളോട് ചോദിക്കുകയും ചെയ്ത് കൊണ്ടിരുന്നു. അപ്പോഴും അവളോരോ കാരണങ്ങൾ പറഞ്ഞ് ഊരി കൊണ്ടിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഞാൻ കുളിക്കാൻ കുളിമുറിയിൽ കേറിയപ്പോൾ സോപ്പിനരികിൽ മോതിരം ഊരി വെച്ചത് കാണുന്നത്. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നും ചിന്തിച്ച്. മോതിരവുമായി “, നൗറീ.. ഡീ നൗറീ ” എന്നും ഉച്ചത്തിൽ വിളിച്ച് അവളുടെ അടുത്തേക്ക് ചെന്ന് ” ഇതെന്താ.. ?” എന്ന് ദേഷ്യത്തോടെ ചോദിച്ചു. ഒരുപാട് വട്ടം മൂപ്പര് വാണിംഗ് തന്നതാണ് ഇനി ഉടായിപ്പ് പറയാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു ” ചൂടായിക്കോളി.. ” ക്ഷമ പോയി ചൂടാവാൻ വന്ന എന്നോട് അവളാ വർത്താനം പറഞ്ഞപ്പോൾ ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ ഗൗരവത്തിൽ പറഞ്ഞു ” ഇത് ലാസ്റ്റ് വാണിംഗ് ആണ് മോളെ ഇനി ഞാനീ മോതിരം എങ്ങാനും എവിടെയെങ്കിലും ഇരിക്കുന്നത് കണ്ടാ ഈ റഷീദ് ആരാന്നു നീ അറിയും..!” എന്ന് പറഞ്ഞ് വീണ്ടും ഞാൻ പിറുപിറുത്തു. ” മനുഷ്യൻമാരായാൽ പറഞ്ഞാ ഒരു പേടി ഉണ്ടാവും ഇവൾക്ക് ന്റെ സ്വഭാവം അറിയില്ല അതാണ് ഇനി കാണട്ടെ ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരണ്ട് ” എന്ന് പറഞ്ഞ് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.
കരയാനും ചിരിക്കാനും കഴിയാതെ നിൽക്കുന്ന അവളെ കൂടുതൽ നോക്കി നിന്നാൽ എനിക്ക് ചിരി വരുമെന്ന് പേടിച്ച് ഞാൻ വേഗം തോർത്തും തലയിൽ ചുറ്റി കുളിക്കാൻ പോയി.
ദിവസങ്ങൾ മുന്നോട്ട് പോയി കൊണ്ടിരുന്നു. പിന്നീട് കാണുന്നിടത്തെല്ലാം മോതിരം ഊരി വെക്കുന്ന അവളുടെ സ്വഭാവം കാണാഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി. “എന്റെ ചൂടാവൽ കേട്ട് പാവം നല്ലോണം പേടിച്ചിരുന്നു കണ്ടാ കണ്ടാ അനുസരണ ” എന്നൊക്കെ ചിന്തിച്ച് ചൂടാറിയില്ല അകത്തേക്ക് കയറിയപ്പോൾ മേശപുറത്ത് അതാ ഇരിക്കുന്നു അവളുടെ അതേ മോതിരം .. !!
ഇവളോട് ചൂടായിട്ടൊന്നും ഒരു കാര്യവും ഇല്ലെന്ന് ഉറപ്പായ ഞാൻ ബുദ്ധിപരമായ ചില നീക്കങ്ങൾ നടത്തിയേ തീരൂ എന്നും ചിന്തിച്ച് മോതിരം എടുത്ത് എന്റെ പേർസിൽ വെച്ചു.
അവളോട് മോതിരം ഞാൻ എടുത്ത കാര്യമോ, മോതിരം കണ്ട കാര്യമോ പറഞ്ഞില്ല . അന്ന് മുതൽ ഞാനവളെ അവളറിയാതെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
മോതിരം പോയ കാര്യം അവൾക്ക് മനസ്സിലായിട്ടുണ്ടെന്ന് മുഖത്തനുഭവപ്പെടുന്ന പേടി കാണുമ്പോൾ വ്യക്തമായിരുന്നു. എന്നോട് പറഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന പേടി കാരണം പറയാനും വയ്യാന്ന് അറിയാമായിരുന്നു.
ഒന്നു രണ്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഞാൻ സംഭവം പുറത്തു വിട്ടില്ല. അവളുടെ സംസാരത്തിൽ വന്ന കുറവുകളും, സമയം കിട്ടിയാൽ വീട് മൊത്തം എന്തോ തിരഞ്ഞു നടക്കുന്നതും ഞാനിടക്കിടക്ക് ശ്രദ്ധിച്ചു കൊണ്ടിരുന്നു . ഇടക്ക് ഞാൻ ” ഇജന്തെത്താപ്പോ ഈ തപ്പുന്നത് കുറെ ദിവസം ആയല്ലോ ..? ” എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയായിരുന്നു ” തപ്പേ.. എന്ത് തപ്പാൻ ഇങ്ങക്ക് വട്ടാ.. !”
സംഗതി മനസ്സിലായിട്ടും കൂടുതൽ ആ വിഷയം സംസാരിക്കാതെ ഞാൻ അകത്തേക്ക് നടന്നു. സംഭവം ഞാൻ അറിഞ്ഞാൽ ബദർ യുദ്ധം വീട്ടിൽ നടക്കുമെന്ന് ഭയന്നിട്ടാണ് ആരോടും സൂചിപ്പിക്കാതെ ഇങ്ങനെ നടക്കുന്നത് എന്ന് ഊഹിച്ചു നോക്കിയതും, റൂമിലെ പെർഫോമൻസിൽ വന്ന ഏറ്റ കുറച്ചിലുകളും കണ്ടപ്പോൾ ഇനി പേടിപ്പിക്കണ്ട അവസാനം എന്തെങ്കിലും സംഭവിച്ചാൽ ആ കായി ഞാൻ തന്നെ ഇറക്കേണ്ടി വരും എന്നോർത്തപ്പോൾ കൊടുക്കാമെന്നു വിചാരിച്ച് പിറ്റേന്ന് രാവിലെ മോതിരം കട്ടിലിനടിയിലേക്കിട്ട് ഞാൻ പുറത്തേക്ക് പോയി..
പുറത്തേക്കിറങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ ഫോൺ കണ്ടതും എടുത്തു നോക്കി… എവിടെയാണ് ഉള്ളതെന്നും മറ്റും ചോദിച്ച് കൂടെ പറഞ്ഞു “വരുമ്പോൾ പള്ളിയിലേക്ക് ഒരു രണ്ടായിരം രൂപ കൊടുക്കണം എന്ന്…!”
സംഗതി മനസ്സിലാവാതെ കാര്യം ചോദിച്ചപ്പോൾ വന്നിട്ട് പറയാം കൊടുക്കാതെ വരല്ലേ എന്ന് പറഞ്ഞപ്പോൾ കൊടുക്കാമെന്ന് വാക്ക് കൊടുത്തു..
വരുന്ന വഴിക്ക് പള്ളിയിൽ കയറി അവൾ പറഞ്ഞ പൈസയും ഏൽപ്പിച്ച് വീട്ടിലെത്തി രണ്ടായിരത്തിന്റെ കാര്യം തിരക്കിയപ്പോൾ മറുപടി കേട്ട് ന്റെ നെഞ്ചിലൊരു മിന്നലാണ്ട് പാഞ്ഞു.. അവൾ പറഞ്ഞു ” ന്റെ ഈ മോതിരം ണ്ടല്ലോ മൂന്നീസായിരുന്നു കാണാതായിട്ട്.. ഇനി ഇവിടെ തപ്പാൻ ഒരു സ്ഥലം ബാക്കിയില്ല.. എവിടെ വെച്ചെന്നാണെങ്കി ഒരോർമ്മയും ഇല്ല.. ങ്ങളോട് പറഞ്ഞാൽ ന്താ ണ്ടാവാന്ന് അറിയാത്തോണ്ട് മോതിരം കിട്ടാൻ പള്ളിയിലേക്ക് രണ്ടായിരം രൂപ നേർച്ചയാക്കിയിരുന്നു .. ഇന്ന് കട്ടിലിന്റെ താഴേന്ന് മോതിരം കിട്ടി.. ” അവളുടെ മറുപടി കേട്ട് ഒരു കാര്യവും ഇല്ലാതെ രണ്ടായിരം പോയ ചിന്ത കേറി നെടുവീർപ്പിട്ട് ഞാൻ പറഞ്ഞു ” നേർച്ച അഞ്ചൂറ് ഉറുപ്പ്യ മതിയായിരുന്നു ” എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞ മറുപടിയാണ് ” ഇന്നും കിട്ടീലെങ്കി അയ്യായിരം നേർച്ചയാക്കാൻ വിചാരിച്ചതാ.. !”
അവളോട് ഒന്നും പറയാൻ കഴിയാതെ മൂഞ്ചി പോയ അടവിന്റെ ഓർമ്മകളുമായി ഞാൻ പതുക്കെ അകത്തേക്ക് നടന്നു.. അല്ലാതെന്തെയ്യാനാ..!
ഒലക്കമ്മലെ ഐഡിയ ആയി പോയി.. 😅
സ്നേഹത്തോടെ
രചന: റഷീദ് എം ആർ ക്കെ – സലാല