അനക്കങ്ങൾ ഇല്ലാത്ത വീട്…

രചന: ഒളകര മുസ്തഫ ദോഹ

രാവിലെ ഉറക്കം ഉണർന്നപ്പോൾ ആദ്യം ഓടേണ്ടത് എങ്ങോട്ടാണ് എന്നയാൾക്ക് സംശയമായി ഇടത്തോട്ട് തിരിഞ് ബാത്ത് റൂമിലേക്ക് ഓടണോ അതോ വലത്തോട്ട് തിരിഞ് അടുക്കളയിലേക്ക് ഓടണോ . അടുക്കളയിലേക്ക് തന്നെ ഓടി അരിപ്പാത്രത്തിൽ നിന്ന് അരിയെടുത്ത് കുക്കറിൽ ഇട്ട് കഴുകി സ്റ്റവിൽ വെച്ചു . വെക്കാനുള്ള അരി തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ട് വെക്കണം എന്ന് അവൾ പറഞ്ഞത് മറന്ന് പോയി .

ചെറിയ തീയിൽ ഓട്സ് വെച്ചു , ചായ വെക്കുന്നത് ടോയ്‌ലെറ്റിൽ പോയി വന്നിട്ട് മതി ചായ ചതിയനാണ് ഒരു സെക്കന്റ് മാറി നിന്നാൽ ആ സമയം നോക്കി തിളച്ചു മറിഞ്ഞു പുറത്ത് പോകും .

5 മിനുട്ട് കൊണ്ട് ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങി അടുക്കളയിലേക്ക് തിരിഞ്ഞോടി .

ഓഫീസിലേക്ക് കൊണ്ട് പോകാനുള്ള പ്രാതൽ തനിക്കും മകനുള്ളതും ശരിയാക്കി .

മകന് അപ്പോൾ കഴിക്കാനുള്ളതും ചായയും ഡൈനിങ് ടേബിളിൽ എടുത്ത് വെച്ചു ഓഫീസിലേക്ക് കൊണ്ട് പോകാനുള്ളത് പേപ്പർ ബാഗിൽ അവന്റെ ലാപ്ടോപ്പ് ബാഗിന്റെ അടുത്തായി വെച്ചു , അല്ലെങ്കിൽ അതെടുക്കാൻ മറന്ന് പോകും ( അവൾ പറഞ്ഞുള്ള അറിവാണ് ) .

ഫ്രീസറിൽ നിന്നും വറുക്കാനുള്ള മീനും ഉപ്പേരിയുമൊക്കെ എടുത്ത് താഴെ വെച്ചു , അത് മറന്നാൽ ഉച്ചക്ക് തിരിച്ചെത്തിയാൽ അതുമായി മൽപ്പിടുത്തം വേണ്ടി വരും.

രാവിലെ തോർത്തെവിടെ സോക്സ് എവിടെ എന്നൊക്കെ ചോദിച്ച് ഒച്ചയിട്ടിട്ട് കാര്യമില്ലാത്തത് കൊണ്ട് അതൊക്കെ രാത്രി തന്നെ എടുത്ത് വെച്ചു. അവൾ ഉള്ളപ്പോഴും ഇതൊക്കെ ചെയ്യാമായിരുന്നല്ലൊ എന്നയാൾ ഓർത്തു.

പണ്ട് ബാച്ചിലർ അടുക്കളയിൽ ഒരു നോട്ടിസ് പതിച്ചിട്ടുണ്ടാവും, ഓരോ ദിവസവും ഓരോരുത്തരും ഭക്ഷണം ഉണ്ടാക്കണം അത് കഴിഞ്ഞു കിച്ചണും പരിസരവും വൃത്തിയാക്കണം ആഴ്ചയിൽ ഒരിക്കൽ ടോയ്‍ലെറ്റുകൾ കഴുകണം.

ജോലി കഴിഞ്ഞ്‌ എത്താൻ വൈകി ഭക്ഷണം ഉണ്ടാക്കാൻ വൈകിയാൽ പിന്നെ ഉണ്ടാവുന്ന പൊല്ലാപ്പുകൾ പറയേണ്ട.

കറിവേപ്പില ഇല്ലെങ്കിൽ കറിവെക്കില്ല എന്ന് വാശി പിടിച്ചിരുന്ന ഒരു സിദ്ധാർത്ഥൻ ഉണ്ടായിരുന്നു പണ്ട് കൂടെ. ” അന്റെ വേപ്പില ഇല്ലാത്ത കറി ഞങ്ങള് കൂട്ടിക്കോളാ സിദ്ധാർത്ഥാ ഇജ്ജ് കറി വെച്ചൊ” എന്ന് പറഞ്ഞാലൊന്നും ആൾ കൂട്ടാക്കില്ല.

കൂട്ടത്തിൽ പുതിയതായി നാട്ടിൽ നിന്നും വന്ന ആൾക്ക് കുക്കിങ്ങിൽ എല്ലാവരെയും സഹായിക്കുന്ന ജോലി കൊടുത്തു. ചിറക് മുളച്ചപ്പോൾ അവൻ പറഞ്ഞു, ഇനി എന്നെ ഹെൽപ്പറാക്കണ്ടാ എനിക്ക് ഒരൂസം ഒഴിവില്ല ഉള്ളി നന്നാക്ക് കോഴി നന്നാക്ക്‌ മീൻ നന്നാക്ക്‌ അത് മാണ്ട ഇങ്ങളെ പോലെ ഒരീസം ഞാനും ണ്ടാക്കിക്കോള”

ഓരോരുത്തർക്കും ഓരോ രുചി എന്ന വാശി ഒന്നും ബാച്ചിലർ അടുക്കളയിൽ നടപ്പില്ല. കെട്ട്യോളുമാരുടെ അല്ലെങ്കിൽ അമ്മമാരുടെ അടുക്കളയിലെ വാശികൾ നടപ്പാവൂ.

പെണ്ണനക്കമില്ലാത്ത വീടിന്റെ ലക്ഷണങ്ങൾ അവൾ നാട്ടിൽ പോയത് മുതൽ പ്രകടമാണ് . മകൻ കഴിച്ച പ്ലെയിറ്റും ഗ്ലാസ്സുമെല്ലാം ഡൈനിംഗ് ടേബിളിൽ ഉണങ്ങി കിടപ്പുണ്ട് അത് കഴുകി വെക്കുന്ന ജോലി അവനുള്ളതല്ലല്ലോ .

ഷൂവും ചെരിപ്പുമെല്ലാം സിറ്റിംഗ് റൂമിൽ അങ്ങിങ് ചിതറി കിടപ്പുണ്ട് . വീടിന് നിറം മങ്ങി തുടങ്ങിയിരിക്കുന്നു . അടുക്കളയിൽ സിങ്ക് നിറയെ പാത്രങ്ങൾ ആകെ രണ്ട്‌ പേരാണ് കഴിക്കാനുള്ളത് ഇതിന് മാത്രം പാത്രങ്ങൾ എങ്ങിനെയാണ് കഴുകാൻ ഉണ്ടാവുന്നത് . ആൾ ഉള്ളപ്പോൾ പാത്രം കഴുകാനൊക്കെ ഒന്ന് സഹായിക്കാമെന്ന് വെച്ചാൽ സമ്മതിക്കില്ല കിച്ചൺ ആകെ നനച്ച് വൃത്തികേടാക്കുമത്രേ .

എങ്ങിനെ കഴുകി ഒതുക്കിയിട്ടും എന്തൊക്കെയോ പോരായ്കകൾ .

കുറെ ദിവസത്തേക്കുള്ള കറികളും ഉപ്പേരിയുമൊക്കെ ആൾ തയാറാക്കി വെച്ചിട്ടുണ്ട് . പരമാവധി ഡ്രെസ്സുകൾ മകന്റെയും എന്റെയും അലക്കി തേച്ച് വെച്ചിട്ടുണ്ട് .

ഓഫീസിൽ നിന്നും എത്തിയാൽ ഡൈനിംഗ്‌ ടേബിളിൽ കാത്തിരിക്കുന്ന ചോറും കറികളും ഇനി ഉണ്ടാവില്ല വന്ന് എല്ലാം എടുത്തൊന്ന് ചൂടാക്കി കഴിക്കാൻ ഇരിക്കുമ്പോൾ ഭക്ഷണം കാത്തിരുന്ന് മടുത്ത വിശപ്പ് പിണങ്ങിപ്പോയിരിക്കും .

അറുബോറൻ ദിവസങ്ങൾ …..

ഇതാ ഇന്ന് വീണ്ടും വീടിന്റെ അടുക്കും ചിട്ടയും തിരിച്ച് വന്നിരിക്കുന്നു . ചെറിയ മരുമകൾ നാട്ടിൽ നിന്നും എത്തിയിരിക്കുന്നു . ദിവസങ്ങളായി അലക്കി സ്റ്റാന്റിൽ വിരിച്ചിട്ടിരുന്ന ഡ്രെസ്സുകൾ അതാതിന്റെ സ്ഥാനം പിടിച്ചിരിക്കുന്നു . അടുക്കള കാണാൻ തന്നെ നല്ല മൊഞ്ചായിരിക്കുന്നു . ഷൂവും ചെരിപ്പുമെല്ലാം മര്യാദ പഠിച്ചിരിക്കുന്നു . സെറ്റിയിലെ കുഷ്യനും വിരിപ്പുമെല്ലാം നേരെ കിടന്നിരിക്കുന്നു . വീടിനെ മാറ്റി മറിക്കുന്ന പെണ്ണനക്കങ്ങൾ

കുറഞ്ഞ ദിവസത്തേക്കായാലും ആ അനക്കങ്ങൾ ഇല്ലാതായാൽ മൗനം ഉറങ്ങുന്ന അറകൾ മാത്രമായി വീട് മാറിപ്പോകും. ഒന്ന് കൂടെ നിന്ന് ആ പെണ്ണനക്കങ്ങൾ നമുക്ക് നില നിർത്താം. ആ വിളക്കുകൾ തെളിയട്ടെ കൂടുതൽ…കൂടുതൽ ശോഭയോടെ. ലൈക്ക് കമന്റ് ചെയ്യണേ…

രചന: ഒളകര മുസ്തഫ ദോഹ

Leave a Reply

Your email address will not be published. Required fields are marked *