ഒരു ജോലിയും ഇല്ലെങ്കിലും നിന്റെ കൂടെ ജീവിക്കാൻ എനിക്ക് സമ്മതമായിരുന്നു പക്ഷെ…

രചന : തനൂജ

“താൻ നോ എന്ന് പറഞ്ഞാൽ ഇവിടെ പ്രതേകിച്ചു ഒന്നും സംഭവിക്കില്ല…എന്നത്തപോലെ ഈ ദിവസവും കടന്നു പോകും…പക്ഷെ താൻ യെസ് പറഞ്ഞാൽ അതൊരു ചരിത്രം ആകും നാളെ നമ്മുടെ മക്കൾക്ക് എനിക്ക് പറഞ്ഞ് കൊടുക്കാൻ പറ്റുന്ന ഒരു ചരിത്രം”

ഒറ്റ ശ്വാസത്തിൽ കാണാതെ പഠിച്ചത് മുഴുവൻ സിനിമ സ്റ്റൈലിൽ നിന്ന് മഞ്ജുവിനോട് അനന്തു പറയുകയായിരുന്നു…

മഞ്ജു ഒരു നിമിഷം അനന്തുവിനെ നോക്കി നിന്നു.

“ഡയലോഗ് ഒക്കെ കൊള്ളാം…പക്ഷെ ഏറ്റില്ല..”

മഞ്ജു കണ്ണ് ചിമ്മി കാണിച്ചു.

“താൻ എന്താടോ ഇങ്ങനെ…ഞാൻ തന്റെ പുറകെ എട്ടാം ക്ലാസ്സ്‌ മുതൽ നടക്കാൻ തുടങ്ങിയതാണ്…5 വർഷം ആയി…ചെരുപ്പും തേഞ്ഞു ഞാനും തേഞ്ഞു…”

നിരാശ നിറഞ്ഞ മുഖത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്ന അനന്തുവിന്റെ മുഖം മഞ്ജുവിൽ ചിരി ഉണർത്തിയെകിലും അവൾ അത് പുറത്ത് കാണിച്ചില്ല.

“ശരി…താൻ ഈ വർഷകണക്കൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരു കണ്ടിഷൻ…ഡിഗ്രി പരീക്ഷയ്ക്ക് 60 ശതമാനം മാർക്ക് വാങ്ങിയാൽ ഞാൻ തന്നോട് ഇഷ്ടമാണെന്ന് പറയാം…പരീക്ഷയ്ക്ക് ഇനി ആറു മാസം ഉണ്ട്..”

മാറിൽ കൈകൾ കെട്ടി മഞ്ജു ഒരു പുഞ്ചിരിയോടെ അനന്തുവിനെ നോക്കി.

“ഇതിലും ഭേദം ഇഷ്ടമല്ലെന്നു പറയുന്നതായിരുന്നു..”

അനന്തു തല കുനിച്ചു കൊണ്ട് പറഞ്ഞു.

“ശ്രമിക്കാമെങ്കിൽ ഓക്കെ…ഇല്ലേൽ വിട്ടേക്ക്…”

“ഓക്കെ…പിന്നെ വാക്ക് മാറ്റരുത്…”

“എനിക്ക് ഒരു വാക്കേ ഉള്ളൂ”

“ശരി” അനന്തു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

“നീ എന്തിനാ മഞ്ജു ഈ ഊളയോടൊക്കെ സംസാരിക്കാൻ നില്കുന്നെ”

കൂട്ടുകാരി രോഹിണി അവളെ കളിയാക്കി.മറുപടിയായി മഞ്ജു ഒന്ന് ചിരിച്ചു.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു റിസൾട്ട്‌ വന്ന ദിവസം അവൻ മഞ്ജുവിനെയും കാത്ത് അമ്പലനടയിൽ ഉണ്ടായിരുന്നു…മുഖത്ത് നിറഞ്ഞ ചിരിയും ആയി അവൻ അവളുടെ അടുത്തേയ്ക്ക് നടന്നടുത്തു…

“റിസൾട്ട്‌ വന്നു…എന്റെ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്…അപ്പോൾ എങ്ങനെയാ കാര്യങ്ങൾ…?”

അനന്തുവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.

“കാര്യങ്ങൾ ഒക്കെ പറഞ്ഞ പോലെ തന്നെയാണ്…പക്ഷെ ചെറിയ ഒരു വ്യത്യാസം ഉണ്ട്”

“ഇനി എന്ത് വ്യത്യാസം…?”

അനന്തു സംശയത്തോടെ മഞ്ജുവിനെ നോക്കി.

“നിന്നെ ഞാൻ ഇഷ്ടമാണെന്ന് പറയാം…പക്ഷെ കല്യാണം നടക്കണമെങ്കിൽ…”

“നടക്കണമെങ്കിൽ…?” അനന്തു മഞ്ജുവിനെ തന്നെ നോക്കി നിന്നു.

“നടക്കണമെങ്കിൽ നിന്നെ ഊളെ എന്ന് വിളിപ്പിക്കുന്നവരെ കൊണ്ട് സാറെ എന്ന് വിളിപ്പിക്കണം…”

കണ്ണും മിഴിച്ചു ആകെ ഉണ്ടായിരുന്ന കിളിയും പോയി നിൽക്കുന്ന അനന്തുവിനെ ഒന്നുടെ നോക്കി മഞ്ജു തിരിഞ്ഞു നടന്നു..

**

“എടാ….ഊളെ…?”

“സ്ഥലം എസ്.ഐയെ ആണോടി കുരുപ്പേ ഊളെ എന്ന് വിളിക്കുന്നത്…നിന്നെ അറസ്റ്റ് ചെയ്തു വിലങ്ങു വെച്ചിരിക്കുന്നു…”

ഒരു കയ്യാൽ മഞ്ജുവിനെ ചേർത്ത് പിടിച്ചു മറുകയ്യാൽ അവളുടെ കഴുത്തിലെ താലിയിൽ പിടിച്ചു കൊണ്ട് കണ്ണിറുക്കി അനന്തു പറഞ്ഞു…

“നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല…നീ നിന്റെ വാശിയിൽ ഉറച്ചു നിന്നത് കൊണ്ടാണ് ഇന്ന് ഈ നാടും നാട്ടാരും എന്നെ വിലമതിക്കുന്നത്…”

“ആഹാ…എനിക്ക് നിന്നെ പ്രേമിച്ചിട്ട് അവസാനം അവസാനം കരയണ്ടായിരുന്നു…ഒരു ജോലിയും ഇല്ലെങ്കിലും നിന്റെ കൂടെ ജീവിക്കാൻ എനിക്ക് സമ്മതമായിരുന്നു…പക്ഷെ അത് പോരല്ലോ എന്റെയും നിന്റെയും വീട്ടുകാർ മനസ്സ് നിറഞ്ഞു തന്നെ നമ്മളെ ചേർത്തു വെയ്ക്കണമായിരുന്നു…അതിന് ഒന്നും തടസ്സമാകാൻ പാടില്ലായിരുന്നു…പ്രണയം നമ്മളെ സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചാൽ പോരല്ലോ ഉയരെ പറക്കാനും പഠിപ്പിക്കണം…”

അവൾ പറഞ്ഞ ഓരോ വാക്കും മനസ്സ് കൊണ്ട് അംഗീകരിച്ചു അവളെ തന്നിലേക്ക് അടുപ്പിക്കുമ്പോൾ അവനും ഉള്ളിൽ അവളെ ഓർത്തു അഭിമാനിക്കുകയായിരുന്നു.

വെറും ഊളയായിരുന്ന തന്നെ സ്നേഹം കൊണ്ട് മാറ്റിയതിന്…ആ സ്നേഹം കൊണ്ട് തന്നെ വളർത്തിയതിനു….ഒടുവിൽ വിട്ടു പോകാതെ ആ സ്നേഹത്തോടെ തന്റെ ഒപ്പം കൂടിയതിനു… ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

രചന : തനൂജ

Leave a Reply

Your email address will not be published. Required fields are marked *