പ്രണയത്തിനൊടുവിൽ അവൻ താലി ചാർത്തി കുടുംബത്തിൽ കൊണ്ടുവന്നതാണ് മാളവിക എന്ന അഭിയുടെ മാളു.

രചന: കീർത്തന അജിത്ത്

കുഞ്ഞോൾ(ചെറുകഥ)

“മണ്ണ് നന്നായി കിളക്കണം ദേവസ്സി, എന്നാലേ വിത്തിട്ടാൽ വേഗം മുള പൊന്തുള്ളു….”

“എന്റെ ടീച്ചറേ ഇതൊക്കെ എനിക്കറിയുന്നതല്ലേ…. ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ ഇത് തൊടങ്ങീട്ട്…..”

“അല്ല ദേവസ്സി ഞാൻ പറഞ്ഞെന്നെ ഉള്ളു… മാഷ് വന്നാൽ എന്നോട് ഇതൊക്കെ ചോദിക്കുമ്പോ ഞാൻ എന്തേലും തെറ്റു ചെയ്‌തോന്നു കണ്ടെത്താൻ ഇരിക്കുവാ മൂപ്പർ”

മണ്ണു കിളച്ചു വൃത്തിയാക്കുന്നതിനിടയിൽ ഒരു കൊച്ചു പാവ ചെളി പുരണ്ടു നിക്കണത് കണ്ടു, പൊടിയൊക്കെ തട്ടി ദേവസ്സി ചേട്ടൻ അത് നേരെ ദേവകി ടീച്ചർക്ക് നീട്ടി, വിങ്ങി പൊട്ടുന്ന കണ്ണുകൾ നിറച്ചു അവർ ആ പാവ വാങ്ങുമ്പോൾ അറിയാതെ അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു…..’കുഞ്ഞോൾ’

“ടീച്ചറേ ഇത് അഭി കൊച്ചിന്റെ മോളുടെ പാവ ആണോ…..”

“മ്മ്….”

അവർ പതിയെ മൂളുക മാത്രം ചെയ്തു, അപ്പോഴേക്കും അവർ വിങ്ങി വിങ്ങി നിലത്തു ഊർന്നു വീണിരുന്നു……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മേലേടം തറവാട്, ആശ്രിതരായി വരുന്നവർക്ക് വയറു നിറയെ ഭക്ഷണം നൽകി വിശപ്പകറ്റുന്ന കാരണവർ പാരമ്പര്യമുള്ള തറവാട്, ആശ്രിതർക്ക് എന്നും ആ വീട്ടിൽ നിന്നും ഒരു സഹായം ലഭിക്കും,സഹായം അഭ്യർഥിച്ചു വരുന്നവർക്ക് ആ വീട്ടുകാർ എന്നും ഒരു തുണയായിരുന്നു, നാട്ടിലെന്നും അവരുടെ കുടുംബം ഒരു ചർച്ച വിഷയമാണ്. കൊണ്ടും കൊടുത്തും പോരാടി ഇന്നീ നിലയിൽ എത്തിയതാണെന്ന ശ്രുതിയും ഉണ്ട്…. തറവാട്ടിലെ ഇപ്പോഴത്തെ തലമുറയിലെ കാരണവർ ആണ് ഗംഗാധരൻ മാഷ് അദ്ദേഹത്തിന്റെ സഹധർമ്മിണി ദേവകി ടീച്ചറും, അവരുടെ ഒരേയൊരു മകൻ അഭിൻ ഗംഗാധരൻ, സമ്പന്ന കുടുംബത്തിലെ കുട്ടി എന്ന നിലയിൽ വളരാൻ അവൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല, സാധാരണക്കാരിൽ സാധാരണ ആകാൻ ആണ് അവൻ ആഗ്രഹിച്ചത്. അഞ്ചു വർഷത്തെ തീവ്രമായ പ്രണയത്തിനൊടുവിൽ അവൻ താലി ചാർത്തി കുടുംബത്തിൽ കൊണ്ടുവന്നതാണ് മാളവിക എന്ന അഭിയുടെ മാളു. ഏറെ സന്തോഷം നിറഞ്ഞ അവരുടെ ജീവിതത്തിനു കൂടുതൽ മധുരമേകാൻ അവളും കടന്നു വന്നു….’കുഞ്ഞോൾ’, നാട്ടിലെല്ലാർക്കും അവൾ കുഞ്ഞാറ്റയും കുഞ്ഞുമോളും ഒക്കെ ആണെങ്കിലും വീട്ടിൽ അവൾ കുഞ്ഞോൾ ആണ്. കിലുക്കാം പെട്ടി പോലെ ചിരിച്ചും കളിച്ചും കുസൃതി നിറച്ചും ഒക്കെ അവൾ അവിടം ഒരു പൂമ്പാറ്റ പോലെ പാറി കളിച്ചു……….ദൈവത്തിനു പോലും അവരുടെ സന്തോഷത്തിൽ അസൂയ തോന്നിയിട്ടുണ്ടാകാം….. അവരുടെ കളിയും ചിരിയും അത്ര നാൾ നീണ്ടു നിന്നില്ല……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“കുഞ്ഞോളെ, അച്ഛെടെ തങ്കക്കുടം വാ നമുക്ക് അമ്പോറ്റിനെ കാണാൻ പോണ്ടേ… വേഗം വാ, അമ്മ നല്ല കുപ്പാച്ചി ഇതാ കുഞ്ഞോൾക്ക് എടുത്തുവെച്ചിട്ടു…. വേഗം വാ”

മാളൂന്റെ കൈയിൽ നിന്നും ഓടി അവൾ അച്ഛെടെ ചുറ്റും ഒരു വട്ടം ഓടി, കിതച്ചെത്തിയ കുഞ്ഞിപെണ്ണു അവന്റെ മാറോടു ഒട്ടിച്ചേർന്നു നിന്നു, പുത്തനുടുപ്പും ഇട്ട് മുടി കെട്ടി വെച്ചു അവളുടെ നെറുകയിൽ ഒരു ചുംബനം നൽകുമ്പോൾ അവൾ ചിണുങ്ങി ചിരിച്ചു കൊണ്ട് അമ്മയ്ക്കും അച്ഛനും നിറഞ്ഞ പുഞ്ചിരിയാൽ അവരുടെ മുഖം കുഞ്ഞോളുടെ കുഞ്ഞി ആധാരങ്ങളാൽ നിറഞ്ഞു നിന്ന ചുംബനങ്ങൾ അർപ്പിച്ചു…..

ഉത്സവ പറമ്പിൽ കുഞ്ഞോൾ അവളുടെ അച്ചേടയും അമ്മേടയും കൈ പിടിച്ചു നടക്കുമ്പോൾ ആ കുഞ്ഞു മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറയുന്നത് കണ്ടു, കച്ചവടത്തിന് നിരത്തി വെച്ച കളിപ്പാട്ടങ്ങൾ നോക്കി അവളുടെ കണ്ണുകൾ തിളങ്ങുന്ന കണ്ട മാഷും ടീച്ചറും അവൾക്കു ആവശ്യമുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ അവളെയും കൈയ്യിലേന്തി അവിടേക്ക് ചുവടു വെച്ചു, നല്ല പോലെ തിരക്കും ഒക്കെ ഉള്ളതിനാൽ ടീച്ചർ അവളുടെ കൈ മുറുകെ പിടിച്ചിരുന്നു.

കളിപ്പാട്ടങ്ങളും എല്ലാം കൈൽ പിടിച്ചു ഗമയിൽ വരുന്ന കുഞ്ഞോളെ കണ്ടു ആ അച്ഛനും അമ്മയും മുഖത്തു പുഞ്ചിരി നൽകി അവളെ മാറോട് ചേർത്തണച്ചു.

തിരികെ വരുന്ന വഴിയിൽ എല്ലാം അവൾക്കു അവളെ പോലെ കുഞ്ഞി ഉടുപ്പും ഇട്ടു പുഞ്ചിരിക്കുന്ന പാവയെ വർണിക്കുന്ന തിരക്കിലായിരുന്നു, വീട്ടിൽ എത്തി ഉറങ്ങാൻ കിടക്കുമ്പോഴും ഒക്കെ അവൾ ആ പാവയെ തന്റെ മാറോടു ചേർത്തി കൊഞ്ചിച്ചു കഥകൾ പറഞ്ഞു കൂടെ ഉറങ്ങി……. ഇതൊക്കെ ഒരു കൗതുകം പോലെ അഭിയും മാളുവും നോക്കി നിൽക്കുകയായിരുന്നു…….. പുറത്തെ നിലാവിന്റെ പ്രഭയിൽ അവരുടെ കുഞ്ഞോൾക്ക് കൂടുതൽ ഭംഗി വന്നപോലെ അവർക്കും തോന്നി.

അങ്ങനെ നാളുകൾ ഓരോന്നും കടന്നു പോയി അവൾ ഉണ്ണുമ്പോൾ, ഉറങ്ങുമ്പോൾ അങ്ങനെ എപ്പോഴും ആ പാവയും………. പെട്ടെന്ന് ഒരു രാത്രി ചുട്ടു പൊള്ളുന്ന അവളെ കണ്ടു ഞെട്ടി ഉണർന്ന മാളവിക അഭിയെയും വീട്ടിൽ ഉള്ള എല്ലാവരെയും കൊണ്ടു ആശുപത്രിയിലേക്ക് പോയി, ശ്വാസം വിലങ്ങുന്ന പോലെ അവൾ ശ്വാസം വലിച്ചെടുക്കുമ്പോഴും അവിടെ ഉള്ള എല്ലാവരിലും ഒരേ വികാരം കടന്നു പോയി…….ഐ സി യൂ ലേക്ക് അവളെ കൊണ്ടു പോകുമ്പോൾ അവളുടെ ആ കുഞ്ഞിളം കൈൽ നിന്നും ആ പാവ നിലത്തേക്ക് ഉതിർന്നു വീണു, ഓടിപ്പിടിച്ചു മാളു ആ പാവ നെഞ്ചോടു ചേർത്തു വിങ്ങുമ്പോൾ അഭിക്ക് എന്തു ചെയ്യണമെന്നറിയാതെ ശങ്കിച്ചു നിൽക്കുകയായിരുന്നു…… അര മണിക്കൂറിനു ശേഷം ഐ സി യൂ വാതിൽ തുറന്നു വരുമ്പോൾ വെള്ള പുതപ്പിച്ച ഒരു ശരീരമായിരുന്നു……. അതിനടുത്തേക്ക് പോകാൻ തുനിഞ്ഞ മാളു പെട്ടെന്ന് ബോധം കെട്ടു അവിടെ വീണു, അവളെയും കൊണ്ട് പരിശോദനക് പോകുമ്പോൾ അഭിയുടെ മുഖം നിരവികാരമായി എന്നപോലെ ചലിക്കാത്ത പാവ കണക്കെ നിശ്ചലമായി നിന്നു, പരിശോധനക്ക് ശേഷം ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു,

“മാളവിക പ്രെഗ്നൻറ് ആണ്”

കേട്ട വാർത്ത സന്തോഷം നിറഞ്ഞതാണെങ്കിലും അവരേവരെയും ഒരേ സമയം അത് സങ്കടത്തിലും ആയ്തി, ഒരു ജീവൻ എടുത്തു മറ്റൊരു ജീവൻ നൽകുമ്പോൾ ദൈവം എത്ര കൗശലക്കാരനായ വിധി നടപ്പിലാക്കുന്നവനാണെന്നു അവർ ഒരു സമയം ചിന്തിച്ചു പോയി.

കുഞ്ഞോളുടെ ശരീരം ചിതയിൽ വെക്കുമ്പോൾ അവിടം നിരന്നു നിന്ന ഏവരും പൊട്ടി പൊട്ടി കരയുമ്പോഴും ആ മാതൃ ഹൃദയം മാത്രം നിശ്ശബ്ദമായിരുന്നു…. അവൾ ആ പാവ നെഞ്ചോടു ചേർത്തു എന്തൊക്കെയോ പുലമ്പി കൊണ്ട് നിന്നു…… അവളുടെ ഉദരത്തിലെ ജീവനെ പോലും അവൾ ഓർക്കുന്നില്ല, ഏവരിലും അത് നൊമ്പരം നിറയിച്ചു….

സമനില തെറ്റിയവളെ പോലെ അവൾ എന്നും ആ പാവയുമായി അവിടെ വന്നു എന്തൊക്കെയോ പുലമ്പുമായിരുന്നു……. ഒന്നും ആലോചിക്കാതെ അവളെയും കൊണ്ട് അഭിക് അവിടെ നിന്നും പോകാൻ തീരുമാനം എടുക്കേണ്ടി വന്നു, ആ പാവയെ തന്റെ മകൾക്ക് നൽകി അവൻ അവളെയും കൊണ്ടു പോകുമ്പോൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു അവന്റെ മനം……. ആർത്തിരമ്പി വരുന്ന മഴയെ പോലും അത് തോല്പിക്കുമായിരുന്നു….. ഇട തടവില്ലാതെ വരുന്ന കുഞ്ഞോളുടെ ചുമയൊക്കെ ആരും ഗൗനിച്ചില്ല, കഷായകൂട്ടുകൾ നൽകി അതിനു ഒരു തൽക്കാല ശമനം നൽകി, അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അറിഞ്ഞു ന്യൂമോണിയ ആയിരുന്നു, അതിന്റെ അവസാന സ്റ്റേജും…………. ഓർക്കാൻ ആഗ്രഹിക്കാത്ത ഓർക്കുമ്പോൾ ഹൃദയം കുത്തി നോവിക്കുന്ന ആ ഓർമകൾ അവിടെ അടച്ചു മാളുന്റെ താളം തെറ്റിയ മനസ്സുമായി അവൻ അമേരിക്കയിലേക്ക് പറന്നു, അവിടെ ഒരു മാനസിക ആരോഗ്യ വിദഗ്ധരുടെ ഇടയിൽ അവൾ കഴിഞ്ഞു,കുഞ്ഞോളെ പോലെ ഒരു സുന്ദരി പെണ്കുട്ടിയെ അവൾ പ്രസവിച്ചു…….. ഇന്നും ആ അമ്മയ്ക്ക് അറിയില്ല അത് അവളുടെ രണ്ടാമത്തെ മകൾ ആണെന്ന്, ആരും അത് തിരുത്താനും നിന്നില്ല, അവളെ വീണ്ടും തകർന്ന നിലയിൽ കാണാൻ ആർക്കും ആഗ്രഹമില്ലായിരുന്നു…. മാളൂന്റെയും അഭിയുടെയും കുഞ്ഞോൾ ആയി അവൾ വളരുകയ…………….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

വിങ്ങി വീർത്ത കണ്പോളകൾ തുറക്കാൻ പാടുപെട്ടു അവർ വലിച്ചു തുറക്കുമ്പോൾ അവരുടെ മുന്നിൽ മാളവിക ആ കുഞ്ഞിപെണ്ണിനെയും കൂട്ടി ഒരു സംശയം പോലെ ആ പാവ എടുത്തു ചോദിക്കുന്നുണ്ടായിരുന്നു….പറയാൻ ഏറെ ഉണ്ട് അവർക്ക് ആ കുഞ്ഞിപെണ്ണിനോടും അവളുടെ അമ്മയോടും, പറയാൻ കഴിയാതെ കുഞ്ഞിപെണ്ണിന്റെ ചിരിക്കുന്ന ശബ്ദം അവരെ കൊണ്ട് വീണ്ടും ആ പേരു ഉരുവിടിപ്പിച്ചു…..”കുഞ്ഞോൾ……..”

അവസാനിച്ചു.

ഇഷ്ടപ്പെട്ടാൽ രണ്ടുവരി എനിക്കായി….

രചന: കീർത്തന അജിത്ത്

Leave a Reply

Your email address will not be published. Required fields are marked *