അമ്മയുടെ പ്രണയം

രചന :- സഞ്ജു കാലിക്കറ്റ്‌

“നിങ്ങളിൽ എത്ര പേർക്ക് സ്വന്തം അമ്മക്ക് ഒരാളോട് പ്രണയം ഉണ്ടെങ്കിൽ അത് ഉൾകൊള്ളാൻ സാധിക്കും ”

“ക്ലാസ്സിൽ മൂകത.. ആരും തമ്മിൽ പോലും നോക്കുന്നില്ല.. ചിലരുടെ മുഖത്ത് അമർഷം തെളിഞ്ഞു കാണാം.. ”

“ആർക്കും പറ്റില്ല അല്ലേ ”

“പെട്ടന്ന് പുറകിലെ ബെഞ്ചിൽ നിന്ന് ഒരു കൈ ഉയർന്നു.. ”

“എനിക്ക് പറ്റും സർ ”

ക്ലാസ്സിലെ.. മിടുക്കൻ മാരുടെ മത്സരത്തിൽ എന്നും പുറകിൽ ആയി പോയവരിൽ ഒരാൾ .. അല്ല ഞാനടക്കമുള്ള അധ്യാപകർ ബോധപൂർവം ഒഴിവാക്കിയവർ എന്ന് പറയുന്നത് ആവും ശരി

“എന്താ ഫിറോസ്‌ നിനക്ക് പറ്റുമോ ”

ഞാൻ പുച്ഛത്തോടെ ചോദിച്ചു

“മം.. ” അവൻ ചെറുതായി മൂളികൊണ്ട് തലയാട്ടി

“മിടുക്കൻ… “…എന്റെ മറുപടിയിൽ ക്ലാസ്സ്‌ ഇളകി ചിരിച്ചു..

“എന്റെ ഉമ്മ പ്രണയിക്കുന്ന ഒരാൾ എന്റെ ബാപ്പയല്ലേ.. പിന്നെന്താ പ്രശ്നം.. ”

അവന്റെ അലസമായ മറുപടിയിൽ.. ഇല്ലാതായത് ഞാൻ തന്നെ ആണ്‌..

ക്ലാസ്സിലെ… കുട്ടികളുടെ ചിരി മാഞ്ഞു . എല്ലാവരും അത്ഭുതത്തോടെ അവനെ തിരിഞ്ഞു നോക്കി

ഞാൻ കണ്ട ഉത്തരം അതായിരുന്നെങ്കിലും . എന്നിലെ ഞാൻ അത് അംഗീകരിക്കാൻ തയ്യാറായില്ല..അവന്റെ മുന്നിൽ ഞാൻ തോറ്റു പോകാൻ പാടില്ല..

“ഓഹോ.. ഇവിടെയുള്ള എല്ലാവർക്കും ഞാൻ ചോദിച്ച ചോദ്യം മനസ്സിലായി.. നിനക്കെന്താ മനസ്സിലാവാത്തെ.. ബാപ്പയുടെ കാര്യം അല്ല ഞാൻ ഉദ്ദേശിച്ചത്.. ”

“മം “അവൻ വീണ്ടും മൂളി

“ഇല്ലെങ്കിലും കുഴപ്പമില്ല മാഷേ.. ഞാൻ ജനിച്ചു മൂന്ന് വയസ്സുള്ളപ്പോൾ നാട് വിട്ടതാണ് ബാപ്പ..എന്നെ ഇത്രയും ആക്കിയത് ഉമ്മ വേറെ വീട്ടിൽ വീട്ടു ജോലി ചെയ്താണ്..കഷ്ടപ്പെട്ടാണ്.. ഉമ്മാക്ക് അങ്ങനെ ഒരാളോട് ഇഷ്ടം തോന്നിയാൽ.. എനിക്ക് കുഴപ്പമില്ല.. ഉമ്മക്കും ഒരു മനസ്സ് ഉണ്ടാവില്ലേ.. ഇഷ്ടങ്ങൾ ഉണ്ടാവില്ലേ ”

മുഖം അടച്ചു അടികിട്ടിയ പ്രതീതി ആയിരുന്നു എനിക്ക്… പറഞ്ഞതിനെ ഖണ്ഡിക്കാനാവാതെ ഞാൻ നിന്ന് വിയർത്തു

“നീ ഇങ്ങോട്ട് വാ…അല്ലെങ്കിൽ ആ ബെഞ്ചിൻറെ മുകളിൽ കയറി നില്ക്കു ഒന്ന് കാണട്ടെ.. എല്ലാവരും .വിശാല മനസുള്ള ഒരാളെ ”

അവൻ പതിയെ ബെഞ്ചിലേക്ക് കയറിയതും ക്ലാസ്സിൽ.. തിരപോലെ ചിരി അലയടിക്കാൻ തുടങ്ങി..

അവന്റെ കണ്ണിന്റെ കോണിൽ കൂടി കണ്ണുനീർ ഒഴുകാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് ഒരു തെല്ല് ആശ്വാസം കിട്ടിയത്

അപ്പോഴാണ് ബെൽ മുഴങ്ങിയത്… ഞാൻ വാച്ചിലേക്ക് നോക്കി ഒന്നും പഠിപ്പിക്കാതെ ഒരു പീരിയഡ് പോയിരിക്കുന്നു… നാശം

“ഇനി ബെഞ്ചിൽ നിന്ന് ഇറങ്ങിക്കോ.. “ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പുറത്തിറങ്ങി…

അടുത്ത ക്ലാസും എനിക്കായിരുന്നു..സ്റ്റാഫ്‌ റൂമിൽ നിന്നും ക്ലാസ്സിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് തുണിന് ചാരി നിൽക്കുന്ന ഫിറോസിനെ കണ്ടത്

“എന്തേ നിനക്ക് ക്ലാസ്സ്‌ വേണ്ടേ ”

അവൻ പെട്ടന്ന് ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു എന്നെ നോക്കി..

“വേണം ”

അവൻ എന്റെ അരികിലൂടെ നടന്നു.. ക്ലാസ്സിലേക്ക് കയറി…

പെട്ടന്ന് എന്തോ ഓർത്തപോലെ നിന്നു…. പിന്നെ തിരിഞ്ഞു എന്റെ അടുത്തേക്ക് നടന്നു..

“മാഷേ ഞാൻ വെറുതെ പറഞ്ഞത് അല്ല.. കഴിഞ്ഞ മാസമാണ് എന്നെ വിട്ട് ഉമ്മ വേറെ ഒരാളുടെ കൂടെ പോയത്.. എനിക്ക് അങ്ങനെ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെയാ മാഷെ… ജീവിക്കാൻ പറ്റുക ഉമ്മയെ ജീവിക്കാൻ സമ്മതിക്കാൻ പറ്റുക.. ”

ഞാൻ..നെഞ്ചു പിളരുന്ന വേദനയോടെ അവനെ നോക്കി… ജീവിതത്തിൽ ആദ്യമായി എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി

. മനസ്സ് കൊണ്ട് മാപ്പിരന്നു അവനെ നെഞ്ചോടു ചേർത്ത്.. കുറച്ചു നേരം നിന്നു…

സ്നേഹ പൂർവ്വം

രചന :- സഞ്ജു കാലിക്കറ്റ്‌

Leave a Reply

Your email address will not be published. Required fields are marked *