രചന :- ആവണി കൃഷ്ണ
എന്റെ പ്രിയതമ മൂന്നാം തവണയും ഗർഭിണിയായപ്പോൾ ഉള്ളിൽ അളവറ്റ ആനന്ദമായിരുന്നു ഉണ്ടായിരുന്നത്
ആദ്യത്തെ രണ്ടെണ്ണം ചുണക്കുട്ടന്മാരായതുകൊണ്ടും ഒരു കുറുമ്പിക്കുഞ്ഞിപ്പെണ്ണിനെ താലോലിക്കാനുള്ള ഉള്ളിലെ അതിയായ മോഹമുണ്ടായതു കൊണ്ട് ഇതൊരു പെൺകുഞ്ഞ് തന്നെയായിരിക്കണെയെന്ന് കാവിലമ്മയോടെന്നും ഉള്ളുരുകി പ്രാർത്ഥിക്കാറുണ്ട് ഞാൻ
പതിവുപോലെയാ നിറവയറിലൊരുമ്മയും കൊടുത്ത് ഓഫീസിലേക്കിറങ്ങുമ്പോഴും നിനക്കിനിയും മതിയായില്ലേ എന്ന മട്ടിലച്ഛനെന്നെയൊന്നു നോക്കി
ആ മുഖത്ത് ഞാൻ കണ്ടത് ദിനംപ്രതി കൂടി വരുന്ന പച്ച മാങ്ങയുടെ വിലയെക്കുറിച്ചുള്ള ആതിയായിരുന്നു
ജീവിതത്തിലത്രയും നാണം തോന്നിയ നിമിഷം വേറെയുണ്ടായിട്ടില്ലന്നെനിക്ക് തോന്നിയപ്പോ അച്ഛനു നേരെ കള്ളച്ചിരി പാസ്സാക്കി ഞാനിറങ്ങി
മടങ്ങി വരുമ്പോൾ അവൾക്കിഷ്ട്ടപ്പെട്ട ചിക്കൻ ബിരിയാണിയും ഒപ്പം പിടിച്ചാൽ വട്ടമെത്താത്ത പാകത്തിലൊരു ബൊമ്മക്കരടിയേയും വാങ്ങാനും മറന്നില്ല
അവൾക്ക് പാവകളെ ഭയങ്കര ഇഷ്ട്ടമാണ് ബിരിയാണിക്കൊപ്പം അവൾക്കു നേരെയാ പാവയെ നീട്ടിയപ്പോളവൾ ചോദിച്ചു ഇതെനിക്കു വേണ്ടിയാണോ കണ്ണേട്ടാ എന്ന്
ഏയ് ഇത് നിനക്കു വേണ്ടിയല്ല നിന്റെ വയറ്റിൽക്കിടക്കുന്ന എന്റെ കുറുമ്പിക്കുവേണ്ടിയാണെന്നു ഞാൻ പറഞ്ഞപ്പോൾ ആനന്ദത്താലവളുടെ മിഴികൾ നിറഞ്ഞിരുന്നു
കിടക്കാന്നേരത്ത് എന്റെ ചങ്കിലൊട്ടിക്കിടന്നിരുന്ന അവളുടെ മനസ്സാകെ വിഷാദ മൂകമായിരുന്നു.
” കണ്ണേട്ടാ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു”
ആ പറച്ചിലിൽ നിന്നുമെനിക്ക് മനസ്സിലായി കഴിഞ്ഞയാഴ്ച കൃഷ്ണൻകണിയാന്റെ വാക്കുകൾ തറച്ചത് അവളുടെ ഹൃദയത്തിലായിരുന്നെന്ന്
ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെങ്കിൽ കുടുംബത്തിന്റെ സമ്പദ് സമൃതിയെയത് ബാധിക്കുമെന്ന് കണിയാൻ ഗണിച്ചു പറഞ്ഞപ്പോൾ എന്റെ പെറ്റമ്മയുടെ ഉള്ളൊന്ന് ആളിയത് ഞാനും കണ്ടതാണ്.
നീ കൂടുതലൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട വരുന്നിടത്തു വച്ചു കാണാമെന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ വട്ടം കൂട്ടിപ്പിടിച്ച അവളുടെ കൈകൾക്ക് ഇറുക്കം കൂടി
പിറ്റേ ദിവസം അയലത്തെ ശാരദേടത്തിയവും വണ്ണമുള്ളയവളുടെയാ നിറവയറുനോക്കിപ്പറഞ്ഞു
“ശാന്തമ്മേ വയറു കണ്ടിട്ടു തോന്നണത് പെണ്ണാണെന്നാണ് ട്ടാ”
അമ്മയുടെ വാടിയ മുഖം കണ്ടപ്പോൾ അവളെന്നെ ദയനീയ ഭാവത്തിലൊന്നു നോക്കി തിരിച്ചൊരു നോട്ടം കൊണ്ടവളെ ഞാനാശ്വസിപ്പിക്കുമ്പോഴും എന്റെയുള്ളിൽ എരിയുന്ന തീക്കനലിന്റെ ചൂട് ഞാൻ പുറത്തു കാണിച്ചില്ല
പ്രസവ ദിനം അടുക്കും തോറും ഉളളിൽ വല്ലാത്ത ടെൻഷനായിരുന്നു പേരക്കിടാവിനു മുൻകൂട്ടി സമ്മാനങ്ങൾ വാങ്ങിക്കാനുള്ള മുത്തശ്ശന്റെ തിരക്ക് കണ്ടപ്പോൾ ഉള്ളിലൊരൽപ്പം ആശ്വാസമുണ്ടായിരുന്നു
പക്ഷെ ശോകമൂകമായ അമ്മയുടെയും അവളുടെയും മുഖം കാണുമ്പോഴോക്കെ നെഞ്ചിനകത്ത് പെരുമ്പറത്താളം മുഴങ്ങാറുണ്ട്
ഡെയ്റ്റ് അടുത്ത് വേദന കൊണ്ടവൾ പുളഞ്ഞപ്പോൾ മുൻപൊന്നും തോന്നിയിട്ടില്ലാത്ത ടെൻഷനെന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു
ലേബർ റൂമിന്റെ ഉമ്മറത്തെ ബെഞ്ചിലിരുന്നമ്മ നെഞ്ചുരുകി പ്രാർത്ഥിക്കുന്നതു കണ്ടപ്പോൾ എന്റെ മിഴികളിൽ ഞാനറിയാതെത്തന്നെ നനവു പടർന്നുകൊണ്ടിരുന്നു
എനിക്കൂഹിക്കാമായിരുന്നു ഉടയ തമ്പുരാനു നേരെ നീട്ടിക്കുപ്പിയ ആ കൈകൾ ഉരുവിടുന്നത് ആൺകുഞ്ഞിനു വേണ്ടിയുള്ള നീണ്ട പ്രാർത്ഥനയായിരിക്കുമെന്ന്
ഒരു നിമിഷത്തേക്ക് ഞാനും ആഗ്രഹിച്ചു ആ മുഖത്തെ തെളിച്ചം കാണണമെന്ന് അമ്മയുടെ യാ മുഖം ഭീതിയില്ലാതെ കാണണമെന്ന്.
ലേബർ റൂമിന്റെ വാതിൽ തുറന്ന് വെള്ളക്കുപ്പായമണിഞ്ഞയാ സിസ്റ്റർ പുറത്തേക്കിറങ്ങി വന്നപ്പോൾ തിടുക്കത്തിലമ്മ അവരുടെയരികിലേക്ക് ചെന്നു
പിറന്നതൊരു പെൺകുഞ്ഞാണെന്നവർ പറഞ്ഞപ്പോൾ ആ മുഖത്തേക്ക് മടിച്ചു മടിച്ചാണ് ഞാൻ നോക്കിയത്
എന്റെ ഉൾഭയത്തെ കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു അമ്മയുടെ മറുപടി
“എന്റെ മോള്, അവൾക്കു കുഴപ്പമൊന്നുമില്ലല്ലോലേ?”
അതു ചോദിക്കുമ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു
എനിക്കു നേര നീട്ടിയ എന്റെ കുറുമ്പിപ്പെണ്ണിനെ അമ്മയുടെ കൈകളാണ് ആദ്യമായ് ഏറ്റുവാങ്ങിയത്
അഭിമാനത്തോടെയമ്മയെന്റെ മകളെ നെഞ്ചോരം ചേർത്തിയപ്പോൾ ബെഡിൽ കുത്തിയ എന്റെ കൈകളിലെന്റെ പ്രിയതമ ശക്തിയോടെ കുട്ടിപ്പിടിച്ചു
അമ്മയവളെ താരാട്ടിക്കൊണ്ടാ ചോരച്ചുണ്ടിൽ മുത്തം നൽകിയപ്പോൾ എന്റെ പ്രിയതമയുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയത് ആനന്ദവർഷമായിരുന്നെന്ന് മനസ്സിലാക്കാനെനിക്ക് അധികം സമയം വേണ്ടി വന്നില്ല
ആ കുഞ്ഞിക്കണ്ണിലേക്ക് നോക്കിക്കൊണ്ടമ്മ അവളെ അമ്മിണിക്കുട്ടീ എന്നു നീട്ടി വിളിച്ചു കൊണ്ട് പറഞ്ഞു
നാല് പറക്ക് നിലവും മാസാമാസം മുത്തശ്ശന്റ പെൻഷൻ കാശും വരുമാനമുള്ള നമ്മടെ കുടുമ്പത്തിന് നീ കാരണം ഇത്തിരി സമ്പദ് സമൃതി കുറഞ്ഞാൽ ഈ അമ്മാമയത് സഹിക്കാൻ തയ്യാറാണ് ട്ടോ, ഇനിയിപ്പൊ അങ്ങനെയല്ലങ്കിൽ തന്നെ വരുന്നിടത്ത് വെച്ച് നേരിടും ഈ ശാന്തമ്മ
കാരണം അച്ചുട്ടനെയും ആദിക്കുട്ടനേയും പോലെ നീയും ഞങ്ങടെ സമ്പാദ്യമാണ് എന്ന്, ഒപ്പം ഇനി മുതൽ നീയാണീ വീടിന്റെ നിലവിളക്ക് അമ്മിണിക്കുട്ടിയേ എന്ന്
രചന :- ആവണി കൃഷ്ണ