ആരെയും ഭ്രമിപ്പിക്കാൻ കഴിവുള്ളവുള്ളവളായിരുന്നു അവൾ. ആരും നോക്കി പോകുന്ന വശ്യമായ സൗന്ദര്യം. ശിലയിൽ കൊത്തിയെടുത്തെന്നോണം മേനിയഴക് തുളുമ്പുന്നൊരു പെണ്ണ്…
പക്ഷേ, പെട്ടെന്നവൾ മുന്നിൽ നിന്നപ്രത്യക്ഷമായി… ഒരു നിമിഷം കൊണ്ടെങ്ങോട്ട് മറഞ്ഞു ന്നു പോലും കണ്ടില്ല.. പകർത്തിയ ചിത്രങ്ങളിലേക്കയാൾ ഒന്നുകൂടി കണ്ണോടിച്ചു…താൻ പകർത്തിയ മറ്റൊരു ചിത്രങ്ങളിലുമില്ലാത്തൊരുതരം പ്രത്യേക ഭംഗി.
അവളിലെന്തൊക്കെയോ കെട്ടിപ്പിണഞ്ഞു കിടക്കുന്നതുപോലൊരു തോന്നൽ… എന്നാലും അവൾ എവിടെപ്പോയി?
ഒരിക്കൽ കൂടി അവളെയൊന്നു കാണാൻ സാധിച്ചിരുന്നുവെങ്കിൽ ന്നു തോന്നി… പക്ഷെ എന്ത് ചെയ്യാനാ, ക്യാമറയിൽ പകർത്തിയ ഈ ചിത്രങ്ങളല്ലാതെ ആ രൂപത്തെപ്പറ്റി ഒന്നുമറിയില്ല.
ഏതായാലും ഉച്ചക്ക് കഴിക്കാൻ കേറുമ്പോ ആരോടെലും ചോദിക്കാം…
തനിക്കു മുന്നിൽ കണ്ണെത്താദൂരത്തു നീണ്ടുകിടക്കുന്ന കാഴ്ചകൾ ഉണ്ടെങ്കിലും മനസ്സിൽ മൊത്തം ആ രൂപമായിരുന്നു.
അങ്ങനെ കിട്ടിയാതൊക്കെ ക്യാമറയിലാക്കി ഹരി നടന്നു.. ഇനി എന്തെങ്കിലും കഴിച്ചിട്ടാകാം.
കുറച്ചകലെ നാലും കൂടുന്നൊരു കവലയുണ്ട്…! എന്തെങ്കിലും കഴിക്കാൻ കിട്ടുമെങ്കിൽ അവ്ടേയ്യുള്ളൂ… സമയം കളയണ്ട ഇനി അങ്ങോട്ട് നടക്കാം… വിശപ്പ് എന്നതിലുപരി തന്റെ ക്യാമറയിൽ പതിഞ്ഞ ആ രൂപത്തെകുറിച്ച് അറിയാനുള്ള തിടുക്കമായിരുന്നു ഹരിക്ക്.
കുറച്ചു നേരത്തെ നടപ്പിനു ശേഷം കവലയിൽ എത്തി. ചിത്രങ്ങളിലെയും കഥകളിലേയുമൊക്കെപോലെ തോത്തിക്കും വിധം എന്തൊക്കെയോ ഓർമിപ്പിക്കുന്ന ഒരു കവല… വലിയ തിരക്ക് ഉള്ളപോലെ തോന്നിയില്ല.. ഒരുപക്ഷെ മുംബൈ നഗരം നൽകിയ തിരക്കുകൾ കണ്ടിട്ടാവണം ഇവിടെ മൊത്തം ശാന്തമാണെന്നൊരു തോന്നൽ.
കണ്ണിൽ ആദ്യം കണ്ട കട ലക്ഷ്യം വച്ച് നടന്നു. അതിവിടുത്തെ ഒരു പ്രധാന ഹോട്ടൽ ആണെന്ന് തോന്നുന്നു.
കഴിക്കാൻ എന്താ ചേട്ട ഉള്ളെ…? ഊണുണ്ടോ?
ഊണില്ല ല്ലോ സാറെ, ഉച്ചക്കത്തേക്ക് സാധാരണ ഇവിടെ പതിവില്ല.. പിന്നെ ആരെങ്കിലും നേരത്തെ കൂട്ടി പറഞ്ഞാൽ തയാറാക്കും…!
അല്ല, സാറെവിടുന്ന?
ഞാനൊരല്പം ദൂരെ ന്ന, സിറ്റിയിൽ ഒരാവശ്യത്തിനു വന്നതാ, അപ്പൊ പിന്നെ ഇവിടെയൊക്കെ ഒന്ന് കണ്ടിട്ട് പോകാന്നു കരുതി ഇറങ്ങീത.
ഉച്ചയ്ക്ക് ഊണ് കിട്ടാൻ ഇവിടെ കുറച്ചു പ്രയാസാ, രാവിലത്തെ നാലു ദോശയുണ്ട്.. മതിയെങ്കിൽ അത് കഴിക്കാം..
ദോശയെങ്കിൽ ദോശ, അതെടുതോ ചേട്ട…!
കഴിക്കുമ്പോഴും ചിന്ത മുഴുവൻ ആ ചിത്രത്തെ പറ്റിയായിരുന്നു..
ഈ പുള്ളിയോടൊന്നു തിരക്കിയാലോ? അല്ലേൽ വേണ്ട പുള്ളി, കുറച്ചു ബഹുമാനം ഒക്കെ തന്ന ഇത്രയും നേരം സംസാരിച്ചേ.. അതില്ലാതാക്കണ്ട…!
കഴിച്ചിട്ടിറങ്ങാൻ നേരം ഒരു നിമിഷം കൂടി ആലോചിച്ചു, ചോദിച്ചു നോക്കണോ, ഇവിടെ ആണേൽ വേറെ പരിചയക്കാർ ഇല്ലാതാനും.
അല്ല,സാർ ഇനി എങ്ങോട്ടാ?
ഏയ് അങ്ങനെ ഒന്നും ഇല്ല, ഇവിടെയൊക്കെയൊന്നു ചുറ്റി കാണണം അത്രയേ ഉള്ളു…
ആഹാ, അതിനൊരു ദിവസം ഒന്നും മതിയാവില്ല സാറെ, കാഴ്ചകൾ അങ്ങനെ നീണ്ടു കിടക്കുവല്ലേ.
പിന്നെ ചേട്ട, ഹരി ന്ന എന്റെ പേര്.. ഈ സാർ വിളി ഒന്ന് ഒഴിവാക്കി കിട്ടിയിരുന്നേൽ വലിയ ഉപകാരം..
ഹ ഹ, അതിപ്പോ വായിൽ അങ്ങ് വന്നു പോണത, ഇവിടേക്ക് വരുന്നോരെ ഒക്കെ അങ്ങനെ വിളിക്കാറാ പതിവ്… കാണാൻ ആണേൽ ഒറ്റയ്ക്ക് പോവാൻ നിൽക്കണ്ട, പരിചയക്കാർക്കു പോലും വഴി തെറ്റുന്ന സ്ഥലാ… കുറച്ചു നേരം കാത്ത് നിൽക്കാമെങ്കിൽ സജി ഇപ്പൊ വരും.
അതാരാ ചേട്ടാ, സജി?
സാധാരണ ഇങ്ങനെയൊക്കെ വരുന്നവരുടെ കൂടെ നാട് ചുറ്റിക്കാണിക്കാൻ അവനാണ് പോവാറു… അവനറിയാത്ത മുക്കും മൂലയും ഇല്ല ഇവിടെ…
ആഹ്, ആണോ… എങ്കിൽ പിന്നെ അയാളോട് ചോദിക്കാം, അതാകുമ്പോൾ കുഴപ്പമില്ല … ഹരി മനസ്സിൽ ഓർത്തു…
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ എത്തി, കാണാൻ ഒക്കെ തന്റെ പ്രായം തന്നെ ഉള്ളു… സമാധാനം ആയി…
ഇതെത്ര നേരായി സജീ നിന്നെ കാക്കുന്നു?
എന്താ ചേട്ട, എന്തെങ്കിലും അത്യാവശ്യം ഉണ്ടോ..
ദാ ഇത്, ഹരി.. മൂപ്പര് കുറച്ചു ദൂരെ ന്ന, ഇവിടൊക്കെ ആൾക്കൊന്നു കാണണം അപ്പൊ ഞാനാ പറഞ്ഞെ നിന്നെ പറ്റി, നിന്നെ കാത്തു നിൽകാർന്നു..
ആഹാ അങ്ങനെ,
“ഹെലോ, ഞാൻ ഹരി… ഹെലോ ഞാൻ സജീവ്..”
എങ്കി നമുക്കിറങ്ങിയാലോ??
അങ്ങനെ അവർ നടന്നു, നടപ്പിന്നിടയിൽ ഒരു പരിചയ സംഭാഷണം ആയി… അവർ രണ്ടാളും പെട്ടെന്ന് കൂട്ടായി…
സജിയിൽ നിന്നും, ആ നാടിനെ പറ്റിയുള്ള ഏകദേശ ധാരണ കിട്ടി. എവിടെയൊക്കെയോ വായിച്ചു മറന്ന കാവും,കാട്ടാറും അതിലുപരി ഇടതൂർന്നു നിൽക്കുന്ന വനഭംഗിയുമൊക്കെക്കെ ഹരിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു…
ഹരീ, ദേ ആ കാണുന്നതാണ് മനങ്കുട്ടിയാറ്… അതിനപ്പുറം ഒരു കാവാണ്… അങ്ങോട്ടേക്ക് സാധാരണ ആരും പോകാറില്ല…
അവിടെ ഒരുതരം പാരിജാതപ്പൂവുണ്ട്… രാത്രിയിൽ മാത്രം സുഗന്ധം പൊഴിക്കുന്നവ… പൂർണ നിലാവുള്ളപ്പോൾ, അവ പൂക്കൾ പൊഴിക്കും… പക്ഷെ ആ സമയങ്ങളിൽ ആരും അതുവഴി പോകാറില്ല… കേട്ടുകേൾവി എല്ലാം ഭയപ്പെടുത്തുന്ന കഥകളാ… ഒരുപക്ഷെ അതുകൊണ്ടാവും…
അങ്ങനെ കുറെയൊക്കെ ക്യാമറയിൽ പകർത്തി തിരികെ നടക്കുമ്പോൾ ആ ചിത്രത്തിലെ ആളെ പറ്റി ഒന്ന് ചോദിച്ചു നോക്കിയാലോ എന്ന് ഹരി ചിന്തിച്ചു…
എടൊ തൻ എനിക്ക് ഒരു സഹായം ചെയ്യോ…
എന്താ ഹരീ…
അതുപിന്നെ… !
എന്താടോ എന്തുപറ്റി , താൻ കാര്യം പറ…
എടോ രാവിലെ യാദൃശ്ചികമായി ഒരു ചിത്രം എന്റെ ക്യാമറയിൽ പതിഞ്ഞു… പക്ഷെ ആ ആളെ നേരിട്ടൊന്നു കാണാൻ കഴിഞ്ഞില്ല… പെട്ടെന്ന് എങ്ങോട്ടോ മാഞ്ഞു… ഒന്ന് സംസാരിച്ചാൽ കൊള്ളാം എന്നുണ്ട്… നടക്കോ..?
ആഹ് ഇത്രേ ഉള്ളോ?? എവിടെ ആ ഫോട്ടോ കാണിച്ചേ…
ഹരി താൻ പകർത്തിയ ആ ചിത്രം എടുത്തു കാണിച്ചു… അത് കണ്ടതും സജിയൊന്നു ചിരിച്ചു, സജിയുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ….
അറിയോ തനിക്ക്… ഹരി ആകാംശയോടെ ചോദിച്ചു,
പിന്നെ അറിയാതെ, സാവിത്രിയെ അറിയാത്ത ആരാ ഉള്ളത്…
സാവിത്രി…! കെട്ടിട്ടുള്ളത്തിൽ നിന്നും എന്തൊക്കെയോ വ്യത്യസ്തത തോന്നി ആ പേരിനു…
താൻ എന്താ ഇങ്ങനെ ചിരിക്കുന്നെ?
അത് പിന്നെ സാവിത്രിയെ കാണണേൽ പകൽ സാധ്യമല്ല, പിന്നെ കാണണം ന്നു അത്ര താല്പര്യം ആണേൽ നമുക്ക് വഴിയുണ്ടാക്കാം…
താൻ എന്തൊക്കെയാടോ ഈ പറയുന്നേ…?
ഹരി വാ, നേരം ഇരുട്ടിയിട്ടുണ്ട്… ഇനി ഇവിടെ നിൽക്കണ്ട… നമുക്ക് വൈകിട്ട് നോക്ക… ?
എന്ത് നോക്കാ ന്നു….!
താൻ വാ… !
സജിയുടെ മുന വച്ചുള്ള സംസാരത്തിൽ നിന്ന് എന്തൊക്കെയോ മനസ്സിലാകുന്നുണ്ടായിരുന്നു ഹരിക്ക്…
അങ്ങനെ സമയം ഏകദേശം ഒൻപതു കഴിഞ്ഞപ്പോൾ സജി ഹരിയോട് പറഞ്ഞു… എങ്കിൽ പോയാലോ നമുക്ക്…
എങ്ങോട്ട്… ?
താനല്ലേ വൈകിട്ട് പറഞ്ഞതു ആരെയോ കാണണം ന്നോ, സംസാരിക്കണം ന്നോ ഒക്കെ…
ഈ സമയത്തോ…??
തനിക്ക് കാണണം ന്നു ഉണ്ടേൽ ഈ സമയത്തു പോയാലെ നടക്കു…
ഹരിയേം കൂട്ടി സജി നടന്നു… കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ഒരു ചെറിയ അരുവി കണ്ടു… അതിനു മുകലൂടെ ഒരു മുളപ്പാലം അതിനുമപ്പുറം ഒരു വീട്….
ഹാവു, വിളക്കുണ്ട് അപ്പൊ ഒറ്റക്കാണ്, സജി പിറു പിറത്തു…
ഹരീ, ദേ താൻ അന്വേഷിച്ച ആളുടെ വീടാ അത്… ഞാൻ അങ്ങോട്ടേക്ക് ഇല്ല… എന്നെ കണ്ടാൽ ശരിയാവില്ല… താൻ ചെല്ലു…
നന്നായി സംസാരിച്ചിട്ടു വന്ന മതി, ഞാൻ കവലയിലെ ആ ഏറുമാടത്തിൽ കാണും… എല്ലാം കഴിഞ്ഞു താൻ അങ്ങോട്ട് വാ…
ഞാൻ ഒറ്റക്ക് പോകണോ സജീ, അതും ഈ സമയത്തു…
താൻ ചെല്ലു, ബാക്കി പിന്നെയല്ലേ…ഇതും പറഞ്ഞു ഹരിയെ നോക്കി ഒരു ചിരിയും പാസാക്കി സജി തിരികെ നടന്നു…
താൻ ഇപ്പൊ എന്താ ചെയ്യുക എന്ന പരിഭ്രാന്തിയിലാണ് ഹരി, എന്തായാലും വന്നതല്ലേ അങ്ങോട്ടേക്ക് ഒന്ന് പോയി നോക്ക…
അയാൾ നടന്നു… നെഞ്ചിൽ എന്തൊക്കെയോ ഒരു കിതപ്പ്… വാതുക്കൽ കത്തിച്ചു വച്ചിരിക്കുന്ന കുന്തിരിക്കത്തിന്റെ സുഗന്ധം ഹരിയുടെ മൂക്കിലേക്ക് തുളച്ചു കയറി… എങ്ങും വല്ലാത്തൊരു നിശബ്ദത…. കാൽപ്പെരുമാറ്റം കേട്ടിട്ടവണം ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു… കണ്ണിമ വെട്ടാതെ ഹരി ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി… ദൂരേ നിന്നുമാത്രം ക്യാമറയിൽ പകർത്തിയ ആ രൂപം തന്റെ മുന്നിൽ… ഒരു കയ്യകലെ…
കണ്ണുകളിൽ ഒരല്പം കരിയുണ്ട്, കുങ്കുമം ചുമക്കുന്ന നെറ്റിത്തടം… താഴേക്കഴിച്ചിട്ട മുടിതുമ്പുകൾ…. കോലായിൽ തൂക്കിയ റാന്തൽ വെളിച്ചത്തിൽ ആ കണ്ണുകൾ തിളങ്ങുന്ന പോലെ…
ആരാ, ഇവിടെയെങ്ങും ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ… സ്വപ്നത്തിൽ എന്ന പോലെ ഹരി ഞെട്ടിയുണർന്നു വാക്കുകൾക്ക് വേണ്ടി പരതി…
ഞാൻ… ഞാൻ….!
എനിക്ക്…!
പറയാൻ വരുന്നതെല്ലാം മറന്നു പോകും പോലെ…
ഒരു നേടുവീർപ്പ് ഇട്ട ശേഷം ഹരി തുടർന്നു… ഞാൻ ഇവിടെ പുതിയത… ഇന്ന് രാവിലെ എത്തിയതെ ഉള്ളു… രാവിലെ എന്റയീ ക്യാമറയിൽ പതിഞ്ഞ മുഖത്തെ ഒന്ന് നേരിൽ കാണാൻ വന്നതാ…
ഓ, അപ്പൊ ഇയാൾ ആയിരുന്നു അല്ലെ ആ ഫോട്ടോ എടുത്തതു..
അത് പിന്നെ… ! ഞാൻ ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ…
മം… നിന്ന് താളം ചവിട്ടണ്ട… എന്തായാലും കാണാൻ വന്നതല്ലേ അകത്തേക്ക് വാ…
ഇത്രയും പറഞ്ഞു ആ റാന്തലും എടുത്തു അവർ അകത്തേക്ക് കയറി…
എന്താ ഇപ്പ ചെയ്യുക, അകത്തേക്ക് കേറണോ… ഹരിയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു… ഒടുവിൽ രണ്ടും കല്പിച്ചു അയാൾ അകത്തേക്ക് കയറി…
ഒറ്റക്കാണോ ഇവിടെ..? അല്ല എനിക്ക് അറിയില്ലേ…! അതാ ചോദിച്ചത്…
അതെ…! ഒറ്റക്കാണ്….!
ഒറ്റക്കെങ്ങനെയ ഇവിടെ, ആരും ഇല്ലാണ്ട്…
ആ ചോദ്യത്തിന് തുറിച്ചൊരു നോട്ടം മാത്രമായിരുന്നു മറുപടി…
ഇയാളെങ്ങനെ വീട് വരെയെത്തി… ??
അതുപിന്നെ, ഒരാൾ കൊണ്ടുവന്നാക്കിതാ…?
എന്നിട്ടു കൊണ്ടാക്കിയ ആൾ ഇതൊന്നും പറഞ്ഞു തന്നില്ലേ…
പേര് പറഞ്ഞു… സാവിത്രി ന്നു…!
മം….
ഇങ്ങനെയൊരു പേര് ഞാൻ ആദ്യയിട്ട ട്ടോ കേൾക്കണെ.. കൊള്ളാം…!
ഇയാൾ ഇവിടിരിക്കു ഞാൻ കുടിക്കാൻ എടുക്കാം..
വേണ്ട, ഇപ്പോൾ ഒന്നും വേണ്ട…
സത്യം പറയാലോ… രാവിലെ മുതൽ ഞാൻ ഫോട്ടോയിലെ ആളെ തേടുകയായിരുന്നു… അപ്രതീക്ഷിതമായി ക്യാമറയിൽ പതിഞ്ഞു… പിന്നെ എങ്ങോട്ടു പോയി ന്നു കണ്ടില്ല… ഒടുവിൽ അത് ഇവിടെയെത്തി… എന്തൊക്കെയാ ചോദിക്കണം ന്നു ഉണ്ട് പക്ഷെ…
എന്ത് പക്ഷെ… ?? ഇയാൾ എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ… സംസാരിക്കാനോ….?
ഉം…!
കുറച്ചു നേരം ഹരിയെ നോക്കിയിട്ടവൾ പറഞ്ഞു..
ഇയാൾക്ക് ഇറങ്ങാം…
ആ കണ്ണുകളിൽ ദേഷ്യത്തിന്റെ ഒരംശം പൊടിയുന്ന പോലെ തോന്നി… റാന്തൽ എടുത്തു അവൾ വീണ്ടും ഉമ്മറത്തേക്ക് നടന്നു… പഴയപോലെ തൂകി…
പിന്നാലെ ഹരിയും ഇറങ്ങി… എടൊ, ഞാനൊരു കാര്യം ചോദിച്ചോട്ടെ…
ഇനിയുമെന്താ അറിയാൻ..?.
അയാൾ വിക്കി വിക്കി ചോദിച്ചു…
ഞാൻ…
ഞാൻ തന്റെയൊരു ചിത്രം കൂടി എടുത്തോട്ടെ…
ആദ്യം മുഖം ഒന്ന് തുറിച്ചെങ്കിലും അതൊരു സമ്മതമായി തോന്നി പിന്നീട്…
ഹരി തന്റെ ക്യാമെറയെടുത്തു റാന്തൽ നു പിറകിൽ നിൽക്കുന്ന അവളെ ചിത്രത്തിലാക്കി…
നേരിൽ കാണുന്നതിനേക്കാൾ ഭംഗി ആ ചിത്രത്തിനുണ്ടെന്നു തോന്നി… അയാൾ ആ ക്യാമറ അവൾക്ക് നേരെ നീട്ടി…
നോക്ക്…. എന്ത് ഭംഗിയാ തന്നെ കാണാൻ…
ആദ്യം നോക്കാൻ കൂട്ടാക്കിയില്ലെങ്കിലും മനസ്സില്ലാ മനസ്സോടെ അവൾ ആ ചിത്രത്തിലേക്ക് നോക്കി…
കുറെ നേരം ആ ചിത്രത്തിലേക്ക് തന്നെ നോക്കി നിന്നു…
ഒരുനിമിഷം വായിൽ നിന്നും അറിയാതെ വീണു….
ഞാൻ…..!
ആ കണ്ണുകളിൽ കുറെ നാളുകൾക്ക് ശേഷം വിലപ്പെട്ടതെന്തോ കണ്ടപോലെയുള്ള തിളക്കമായിരുന്നു…
കുറെ നേരം അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിയ ശേഷം അവൾ പറഞ്ഞു… ഈ ചിത്രം എനിക്ക് തരാൻ പറ്റുമോ… ! കണ്ണിലെ ദേഷ്യം മാറി വിനയം വന്നപോലെ….
എന്ത് പറയണമെന്ന് അറിയാതെ ഹരി അങ്ങനെതന്നെ നിന്നു…
അയാൾ പകൽ എടുത്ത ആ ചിത്രവും അവൾക്ക് കാട്ടി കൊടുത്തു… അതിൽ ഇതിലും ഭംഗിയുള്ളപോലെ….
പെട്ടെന്നായിരുന്നു അവളുടെ ചോദ്യം…
ഇയാൾ ശരിക്കും എവിടുന്ന… എന്തിനാ ഇങ്ങോട്ടു വന്നേ… ?
ഞാൻ പറഞ്ഞു ല്ലോ… കുറച്ചു ദൂരെ ന്ന… രാവിലെ ഇവിടെയൊക്കെ ചുറ്റുമ്പോഴാണ് തന്റെ ചിത്രം ഈ ക്യാമറയിൽ പതിഞ്ഞത്… ആ ആളെ നേരിൽ കാണാനുള്ള ഒരു ആകാംഷയായിരുന്നു പിന്നീട്…
തന്നെയൊന്നു കാണണം, സംസാരിക്കണം എന്ന് തോന്നി…
ഇടക്കെപ്പോഴോ ആ കണ്ണുകളിൽ ഒരു നീരുറവ പൊടിയുന്നുണ്ടായിരുന്നു…
എന്താ….എന്ത് പറ്റി….
ഏയ് ഒന്നുമില്ല…
ഇല്ല എന്തോ ഉണ്ട്… പറയു… എന്താ ഈ ആലോചിക്കുന്നെ?
പറ്റില്ലേൽ വേണ്ട കേട്ടോ…
അവൾ പറഞ്ഞു തുടങ്ങി…
ഇയാളോട് എന്താ പറയണ്ടേ എന്നെനിക്കറിയില്ല…പക്ഷെ ഒന്നറിയാം… ഞാൻ കണ്ടവരൊക്കെയും എന്റെ ശരീരത്തെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂ… പല ഭാഗങ്ങളെ പറ്റി… അതും പല വിധത്തിൽ… ഇയാൾ എന്താ എന്നോടിതൊന്നും പറയാതെ എന്ന് ആലോചിച്ചു പോയതാ…
കുറച്ചു നേരം അവിടെ മൗനത്തിനു സ്ഥാനമേറി…
മൗനത്തെ മറ നീക്കികൊണ്ടു ഹരി തുടർന്നു..
താൻ മനങ്കുട്ടിയാറിനടുത്തു പോയിട്ടുണ്ടോ… ?
അവൾ ഹരിയെ ഒന്ന് നോക്കി… !
താൻ പോയിട്ടുണ്ടോ ന്നു…
ഇല്ല…. ! എന്തെ
അവിടെ ഒരു കാവില്ലേ…
ഉണ്ടല്ലോ…
വൈകിട്ട് അതിനിപ്പുറം വരെ പോയിഞങൾ… അങ്ങോട്ടേക്ക് പോയില്ല… രാത്രിയിൽ അവിടെ ഒരുതരം പാരിജാത പൂക്കൾ വിടരുമെന്നു പറയുന്നേ കേട്ടു… കാണാൻ നല്ല ഭംഗി ആവും അല്ലെ…?
ആ…. എനിക്കറിയില്ല…. പണ്ടേപ്പോഴോ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്… ഞാൻ പോയിട്ടില്ല…
താൻ എന്റൊപ്പം വരാമോ… നമുക്ക് ഒന്ന് പോയി നോക്കാം…
ഇപ്പോഴോ…? ഇയാൾക്ക് തലക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ…
അതെന്താ ഇപ്പോൾ പോയാൽ… എങ്കിലല്ലേ ആ പാരിജാതപൂക്കൾ പകർത്താനാകു…
ഞാനില്ല… ഇയാൾ ഒറ്റക്ക് അങ്ങ് പോയ മതി…
താൻ ഇതുവരെ കണ്ട ഒരാളല്ല, ഞാനെന്നു മനസ്സിലായില്ലേ… അതോ എന്നെ ഇനിയും പേടിയാണോ..
അതുകൊണ്ടല്ല…
പിന്നെന്താ കാരണം…?
എന്നും തനിക്ക് ഒരേ രാത്രികൾ അല്ലെ… ഇന്നൊരു ദിവസം….. അതൊന്നു മാറ്റിക്കൂടെ.. താനും കൂടി ഉണ്ടേൽ എനിക്കൊരു കൂട്ടുമാവും…
കുറെ ആലോചിച്ച ശേഷം ഒരു മറുപടിയെന്നോണം അവൾ തലയാട്ടി…
കോലായിൽ തൂക്കിയ റാന്തൽ അണച്ച് അവൾ അകത്തേക്ക് വച്ച്…
അതെന്തിനാ എടുത്തു മാറ്റിയെ… അവിടെ കിടന്നോട്ടെ.. ഒരു വെളിച്ചമാവുമല്ലോ…
എന്തെന്നറിയില്ല എന്റെ വാക്കുകളെ അവൾ ഗൗനിച്ചതേയില്ല…
ആ റാന്തൽ നും എന്തെങ്കിലും പറയാനുണ്ടാകുമോ….???
ക്യാമറയും കയ്യിൽ തൂകി ഹരി നടന്നു… പിന്നാലെ അവളും… മുന്നിലുള്ളതെല്ലാം ചെറിയ കൈ വഴികളും കൂറ്റൻ പാറകഷ്ങ്ങളും… വഴികാട്ടാൻ നല്ല നിലവെളിച്ചം ഉണ്ട്…
പക്ഷെ അവരെ നിശബ്ദത വിഴുങ്ങിയപോലെ…
ഹരിക്കെന്തൊക്കെയോ ചോദിക്കണം ന്നു ഉണ്ട്… പക്ഷെ ഒന്നും തോന്നുന്നില്ല…
പെട്ടെന്ന് അവൾ പറഞ്ഞു… എനിക്ക് പേടിയില്ല കേട്ടോ…
എന്താ… ? ഹരി മൂളി
അതുപിന്നെ, എന്നോട് ചോദിച്ചില്ലേ ഒറ്റക്ക് എങ്ങനെയാ അവിടെ ന്നു…
ഉം… ചോദിച്ചു…
ഒരിക്കൽ ഒറ്റക്കായി പോയപ്പോ ഒരുപാട് പേടിച്ചു കരഞ്ഞിരുന്നു… കണ്ണീരു ഒപ്പാൻ ഒരുപാടു ആൾക്കാരും ഉണ്ടായിരുന്നു… പക്ഷെ അവരൊക്കെ മറ്റു പലതും തേടിയായിരുന്നു കണ്ണീരൊപ്പിയത്… ഒരു പെണ്ണിന് എതിർക്കാൻ കഴിയാതെ പോയ നിമിഷങ്ങൾ… ഒരാളായി, നാലാളായി… അങ്ങനെ യങ്ങനെ… ! നാണത്തെ ഞാൻ മറന്നു തുടങ്ങി… ഒടുവിൽ ,മറച്ചു പിടിക്കാൻ ഒന്നുമില്ലാത്തവളായി…
എല്ലാത്തിനും ഒരു മൂളൽ മാത്രമായിരുന്നു ഹരിയുടെ മറുപടി…
എടൊ…!
എന്താ…? ഇയാൾക്ക് മടുപ്പ് തോന്നിയോ… ഇവളെയും കൊണ്ട് ഇറങ്ങേണ്ടായിരുന്നു തോന്നുന്നുണ്ടോ…
ഏയ് … ഇല്ലടോ…
പിന്നെ… ?
എന്റെ മുന്നിൽ ഞാൻ ഇന്ന് പകർത്തിയ മനോഹരമായൊരു ചിത്രമാണ് താനെപ്പോഴും…
അതൊക്കെ പോട്ടെ, ഈ പേര് ആരാ ഇട്ടതു… സാവിത്രി…!
അത്…. എന്റെ കുഞ്ഞു നാളിൽ അച്ഛമ്മ യുടെ മുഖച്ഛായ ആയിരുന്നത്രെ എനിക്ക്… അങ്ങനെ സാവിത്രി കുട്ടി ന്നു വിളിച്ചു തുടങ്ങിയത… അതൊരു പേരായി ഒടുവിൽ…
കൊള്ളാം… എനിക്കിഷ്ടയി…
മം….!
നടന്നുനടന്നവർ മനങ്കുട്ടിയാറിന്റെ കരയിലെത്തി…
സംസാരിച്ചു നടന്നപ്പോൾ സമയം പോയതറിഞ്ഞതെയില്ല… !
ഇത്രയും പോരെ… ഇനിയും പൊണോ അങ്ങോട്ട്…?
തനിക്ക് പേടിയുണ്ടോ… ??
ചെറുതായിട്ടു…!
ഇങ്ങനെ പേടിച്ചാലോ…
ഈ ആറ് കടന്നു അപ്പുറത്തു എത്തണം… താൻ വാ…
വെള്ളം വളരെ കുറവാണ്… പോരാത്തതിന് വലിയ പാറക്കൂട്ടങ്ങളും… അതുകൊണ്ടു അപ്പുറം കടക്കാൻ പ്രയാസമില്ല…
ഹരി വെള്ളത്തിലേക്ക് ഇറങ്ങി… എന്നിട്ടവൾക്ക് നേരെ കൈ നീട്ടി…. ഹരിയുടെ കയ്യിൽ പിടിച്ചു അവൾ വെള്ളത്തിലേക്കിറങ്ങി…
വിരൽ മുറിഞ്ഞു പോണ തണുപ്പ്…
പതുക്കെ അവർ നടന്നു… ഉള്ളംകാൽ മുതൽ ഉച്ചി വരെ തണുപ്പ് തുളച്ചു കയറുന്ന പോലെ… അവൾ അയാളുടെ കൈകളിൽ മുറുകെ പിടിച്ചു… നിലാവ് വെള്ളത്തിലേക്ക് പുഞ്ചിരിക്കുന്ന പോലെ…. ഓരോ ചുവടെടുത്തു വയ്ക്കുമ്പോഴും വെള്ളത്തിൽ നിന്നും നീർപ്പോളകൾ അവരുടെ കാലുകൾക്ക് വട്ടം ചുറ്റി വെള്ളത്തിലേക്ക് തന്നെ അലിഞ്ഞു ചേർന്നു കൊണ്ടേയിരുന്നു…. മറുകരയോടടുക്കുന്തോറും മൂക്കിലേക്ക് തുളച്ചു കയറുന്ന മനോഹാരമായ സുഗന്ധം….. പാരിജാതം പൂക്കൾ പൊഴിക്കാൻ തുടങ്ങിയിരിക്കുന്നു…
കരയിലേക്ക് അവർ കാലെടുത്തു വച്ചു… കണ്ണുകൾക്ക് മുന്നിൽ ഒരു മായലോകം തീർത്തപോലെ… ആയിരം പൂർണ ചന്ദ്രന്മാർ അവിടെക്കിറങ്ങി വന്നപോലെ… കാറ്റ് പോലും അവരെ വരവേൽക്കാനൊരുങ്ങി നിൽക്കും പോലെ…
ഹരി തന്റെ ക്യാമറക്കണ്ണുകളെ അവിടെക്കിറക്കി വിട്ടു…
സജി പറഞ്ഞതു ശരിയാണ്… അടുത്തൊരു കാവുണ്ട്… ദീപങ്ങൾ ഒന്നും തെളിഞ്ഞിട്ടില്ല… പക്ഷെ, എന്ത് തേജസ്സാണ് അവിടം കാണാൻ… പാരിജാതം പൂക്കൾ പൊഴിച്ചുകൊണ്ടേയിരിക്കുന്നു. മറ്റാരുമില്ലാത്ത പ്രകൃതിയോടിണങ്ങി ചേർന്ന് ശാന്തമായൊരു സ്ഥലം…
ഹരി പെട്ടെന്ന് അവളെ നോക്കി… എല്ലാം മറന്നു കണ്ണടച്ചു നിൽക്കുന്ന സാവിത്രി… !
ഇതുവരെ കാണാതെ പോയ അറിയാതെ പോയ,ഒരു പെണ്ണിന്റെ പുഞ്ചിരിയാവാം അവളുടെ ചുണ്ടുകൾക്ക്… എന്തൊക്കെയാ, മനസ്സ് തുറന്നു പറയുവാൻ ഉള്ളതുപോലെ അവൾക്ക്…
ഹരി തന്റെ ക്യാമറ അവൾക്ക് നേരെ നീട്ടി… നിലാവിൽ അവളിനിയും സുന്ദരിയായപോലെ… അയാളുടെ കണ്ണിൽ അവൾക്ക് മറ്റാർക്കുമില്ലാത്തൊരു ഭംഗി തോന്നി…
അവളെ ശല്യപ്പെടുത്താതെ അയാൾ അവിടെയുള്ള പാറക്കു മുകളിലേക്കിരുന്നു… കുറച്ചു നേരത്തിനു ശേഷം അവൾ കണ്ണ് തുറന്നു… ദീർഘമായ ഒരു ശ്വാസത്തിനു ശേഷം ഹരിയുടെ അടുത്തേക്ക് നടന്നു… ആഞ്ഞു വീശിയ തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ പാറി പറത്തി…
പെണ്ണിന് സൗന്ദര്യം ഇത്രെയേറെയോ…! ഹരി മനസ്സിൽ ഓർത്തു…
ഇത്രയും മനോഹരമായൊരു രാത്രി സമ്മാനിച്ചതിനു ഒരു ചിരി മാത്രമായിരുന്നു അവളിൽ കണ്ടത്…ഒരുപക്ഷെ അതിൽ എല്ലാമുണ്ടായിരുന്നു…
രാത്രിയുടെ യാമങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു… ഒരുപാട് നേരം എന്തൊക്കെയോ സംസരിച്ചിരുന്നു… കണ്ണുകൾ അടയുമ്പോൾ ഹരിയുടെ നെഞ്ചിലേക്ക് അവൾ വഴുതി വീണിരുന്നു… അയാളുടെ താടി രോമങ്ങൾ അവളുടെ ചുണ്ടുകളെ കവർന്നെടുത്തു… ഒട്ടും ശക്തമല്ലാതെ രണ്ടു കൈകൾ അവളെ വാരിപുണരുന്ന പോലെ തോന്നി.. അവർക്കു മേൽ പരിജാതപൂക്കൾ ഓരോന്നായി കൊഴിഞ്ഞു വീണു…
നേരം പുലർന്നു തുടങ്ങുന്നു… കുയിൽ ഉറക്കെ കൂവിക്കൊണ്ടു അവർക്ക് മീതെ പറന്നകന്നു… ഉറക്കത്തിൽ നിന്നും അവൾ ചാടിയെഴുന്നേറ്റു…
ഇന്നവൾക്ക്, വസ്ത്രങ്ങൾക്കു വേണ്ടി പരതേണ്ടി വന്നില്ല… എല്ലാം ശരീരത്തു തന്നെയുണ്ട്… നെറ്റി തടത്തിലെ സിന്ദൂരം മാഞ്ഞിട്ടില്ല… ശരീരമെങ്ങും നീറ്റലുമില്ല….
അവൾ അയാളെ തട്ടിയെഴുനേല്പിച്ചു… ഇന്നാദ്യം കണ്ടതവളുടെ മുഖമായിരുന്നു… കുറച്ചു നേരം അവർ മുഖത്തോടു മുഖം നോക്കി….
കിഴക്കിന്റെ മുഖത്ത് കുങ്കുമവർണം പരന്നു തുടങ്ങിയപ്പോഴേക്കും അവർ തിരിച്ചു വീട്ടിൽ എത്തിയിരുന്നു… കയറി വന്ന മുളപ്പാലത്തിനരികെയെത്തി ഹരി നിന്നു.. ഒരുനിമിഷം അവൾ ഹരിയെ നോക്കി…
എപ്പോഴാ പോണേ…?
ഇന്ന് പോവോ….?
ഇനി എന്ന ഇവിടേക്ക്?
അങ്ങനെ ഒരായിരം ചോദ്യങ്ങൾ അവളുടെ മനസിൽ അലയടിച്ചു… പക്ഷെ ഒന്നും പുറത്തേക്കു വരതെ ഒന്നും മിണ്ടാതെ അവൾ നടന്നു…!
എടൊ തനിക്കാ ചിത്രങ്ങൾ വേണ്ടേ…
മം…! അവളിൽ നിന്നും ഒരു മൂളൽ മാത്രം…
കുറച്ചു നേരം അവളെ നോക്കിയ ശേഷം അയാൾ പറഞ്ഞു… ആ റാന്തൽ ഇനി തെളിയിക്കേണ്ട കേട്ടോ….
ഇത്രയും പറഞ്ഞു ഹരി നടന്നു…. !
ആ നാട് ഉണർന്നു വരുന്നതേയുള്ളൂ…. കവലയിൽ ആള് കൂടി വരുന്നുണ്ട്… പെട്ടെന്നാണ് അവടൊരു ആൾക്കൂട്ടം അയാൾ ശ്രദ്ധിച്ചത്… എന്താന്നറിയാൻ അങ്ങോട്ടേക്ക് നടന്നു…
പെട്ടെന്നാണ് സജിയുടെ വിളി ….
ഹരീ… താൻ ആള് കൊള്ളാല്ലോ…!
എല്ലാം കഴിഞ്ഞു ഇങ്ങു എത്തിയേക്ക ന്നു പറഞ്ഞിട്ട് അവ്ടെയങ് കൂടി അല്ലെ… ?
ഉം…!
അവ്ടെന്ത ഒരു ആൾക്കൂട്ടം…
അതൊന്നും പറയണ്ട… നമ്മൾ ഇന്നലെ കണ്ടില്ലേ, മനങ്കുട്ടിയാറ്… രാത്രി തേൻ എടുക്കാൻ പോയവർ അവിടെ ഇന്നലെ ആരുടെയോ രണ്ടു രൂപങ്ങൾ കണ്ടു ത്രേ…… അത് കണ്ടു പേടിച്ചു അവർ തിരിച്ചു പോരുന്നു… കണ്ടരൂപങ്ങൾ യക്ഷിയാണെന്നു ഗന്ധർവ്വൻ ആണെന്നും ഒക്കെയാ ഇപ്പൊ പറച്ചിൽ… രാവിലെ തന്നെ അടുത്തൊരു തിരുമേനിയെ കൊണ്ട് പ്രശ്നവും വപ്പിച്ചു…
എന്നിട്ടു…?
പനയോല കൊണ്ടമ്പലം കെട്ടി നൂറ്റൊന്നു ദിവസം വിളക്ക് തെളിയിക്കണം ന്ന തിരുമേനി പറഞ്ഞെ…! അതിന്റെ ചർച്ച യാ അവിടെ…
സജി പറഞ്ഞു തീർത്തതും ഹരി ചിരിച്ചതും ഒരുമിച്ചായിരുന്നു
എന്താടോ…? എന്താ ചിരിക്കുന്നെ…?
ഏയ് ഒന്നുമില്ല…!
ഒരു ചായ കുടിച്ചിട്ട് തിരിക്കണം… കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അങ്ങ് ചെന്ന്…
ഇത്രയും പറഞ്ഞു ഹരി ധൃതിയിൽ ഇന്നലെ കയറിയ ചയക്കടയിലേക്ക് നടന്നു… പിന്നാലെ സജിയും…..!
കടപ്പാട്: ക്ലാരയുടെ കാമുകൻ