സ്നേഹമർമ്മരം…ഭാഗം-53

ഭാഗം 53

ധ്രുവ് കുഞ്ഞാറ്റയുമായി കളിയാണ്……എല്ലാവരും പോയ നേരം മുതൽ തുടങ്ങിയ കളിയാണ്…..

“ആഹാ…….ഈ കുറുമ്പിയ്ക്ക് ഇന്ന് ഉറങ്ങുവൊന്നും വേണ്ടേ……”

മുറിയിലേക്ക് വന്ന ജാനി അവരുടെ കളി കണ്ട് കുസൃതിയോടെ ചോദിച്ച് അവരുടെ അരികിലായി വന്നിരുന്നു……

“ഇന്ന് അച്ഛേടെ കൂടെ കളിയാണ്……….അല്ലേടാ പൊന്നേ…..

അവളുടെ സന്തോഷം കണ്ടില്ലേ ജാനീ………

എത്ര ദിവസമായി എന്റെ കുഞ്ഞൊന്ന് ചിരിക്കുന്നത് കണ്ടിട്ട്…….”

നേരിയ നോവോടെയുള്ള അവന്റെ സ്വരം ഇടറിപ്പോയിരുന്നു…..

ജാനിയ്ക്കും മനസ്സ് നിറഞ്ഞു അവരുടെ കളി കണ്ട്……

പക്ഷെ…… ഇടയിൽ മാധവന്റെ ഓർമകൾ അവളുടെ മിഴികളെ ഈറനാക്കി……..

അച്ഛനോടൊപ്പം കൈ പിടിച്ച് നടന്നതും……ചിരിച്ചതും കളിച്ചതും…… അവളുടെ ഓർമകളിൽ വേദന സമ്മാനിച്ച് കടന്നു പോയി……..

ചോദിക്കാതെ തന്നെ എന്റേം അമ്മൂന്റേം ഇഷ്ടങ്ങളൊക്കെ നടത്തിത്തന്നിരുന്നു…….

എപ്പോഴും സംരക്ഷണത്താൽ ഞങ്ങളെ പൊതിഞ്ഞു പിടിച്ചിരുന്നു…….

പക്ഷെ………എപ്പോഴാണ് അച്ഛൻ മാറി തുടങ്ങിയത്……..കഴിഞ്ഞ രണ്ടുവർഷങ്ങളിലായി എന്തോ മാറ്റം തോന്നിയിരുന്നു…..

ഒറ്റയ്ക്ക് എങ്ങൊട്ടും വിടില്ല…….ഏത് നേരവും ഭയം……..കിടപ്പ് വരെ തന്റെ റൂമിന്റെ വാതിൽക്കൽ….

ചോദിക്കുമ്പോൾ ഓരോ കാരണങ്ങൾ പറയും….. എങ്കിലും ഞങ്ങളെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല……

ആകെയുള്ള ആശ്വാസം കുഞ്ഞാറ്റയാണ്……. ചതിയാണെങ്കിലും അവളെ പോലൊരു മാലാഖകുഞ്ഞിനെ വളർത്താൻ കിട്ടിയല്ലോന്നുള്ള സന്തോഷവും…….

പക്ഷെ…..അച്ഛൻ………ഇത്രയും മാറാൻ എങ്ങനെ കഴിഞ്ഞു………മറ്റൊരാളെ ഇത്രയും വേദനിപ്പിക്കാൻ മാത്രം അച്ഛന്റെ മനസ്സിന് കരുത്തുണ്ടോ……….

ധ്രുവിന്റെ കഴിഞ്ഞ കാര്യങ്ങളോർത്ത് അവളുടെ മനസ്സൊന്നു വിറച്ചു…….

“ജാനീ………വിഷമിക്കാതെ പെണ്ണേ…..”

അവളുടെ കഴുത്തിൽ കൂടി കൈചുറ്റി ധ്രുവ് അവളെ ചേർത്ത് പിടിച്ചു……

അവന് മനസ്സിലായി അവളുടെ സങ്കടം……

ഒരാശ്വാസം പോലെ ജാനി ധ്രുവിന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു………അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി………

“എല്ലാം ശരിയാകുമെടോ…….നിന്റെ അച്ഛനെ പഴയ മാധവനായിത്തന്നെ നമുക്കു തിരിച്ചു പിടിക്കാമെടോ……

അപ്പോളത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി പ്രതികാരം തീർക്കാനൊന്നും ഞാനില്ല……

അങ്ങനെ ചെയ്താൽ ധ്രുവും മാധവനും തമ്മിൽ എന്ത് വ്യത്യാസം…….

എനിക്കെന്റെ മോളെ വേണമായിരുന്നു……… കൂടെ ജീവിതം പങ്ക് വയ്ക്കാൻ തന്നെയും……”

ജാനി നിറകണ്ണുകൾ ഉയർത്തി ധ്രുവിന്റെ നനഞ്ഞ കണ്ണുകളിലേക്ക് നോക്കി……..

ആശ്വാസമാണ് പരസ്പരമുള്ള ചെറിയ നോട്ടം പോലും…….

“എന്നാലും ചന്തുവേട്ടാ…….അച്ഛേടെ മാറ്റം സഹിക്കാൻ പറ്റുന്നില്ല………ഇത്രയും തെറ്റ് ചെയ്തിട്ടും തരിമ്പ് പോലും കുറ്റബോധമില്ലാതെ….”

വിങ്ങലുകളിൽ വാക്കുകൾ മുങ്ങി….

“എന്റെ അച്ഛനും വല്ലാതെ മാറിപ്പോയി ജാനീ……

തടങ്കലിലാക്കി വളർത്തിയെടുത്ത മനസ്സിന്റെ വേദന മനസ്സിലാക്കാൻ അച്ഛനും കഴിഞ്ഞിട്ടില്ല……”

ധ്രുവ് വേദനയോടെ പറഞ്ഞു…….

“ച്ഛേ…….ച്ഛേ……”

കുഞ്ഞാറ്റ അവന്റ കൈകളിൽ പിടിച്ചു വലിച്ചു…….ചിന്തകളിൽ നിന്നുണർന്നു രണ്ടുപേരും കുഞ്ഞാറ്റയിൽ മുഴുകി….

പൊട്ടിപ്പോയ കളിപ്പാട്ടം കാട്ടി കുഞ്ഞിച്ചുണ്ട് പിളർത്തി കുറുമ്പി വിതുമ്പുവാണ്………

“അച്ചോടാ……ചക്കരേടെ കളിപ്പാട്ടം പൊട്ടിയോ…..”

വാത്സല്യത്തോടെ അവൻ കുറുമ്പിയെ മടിയിൽ പിടിച്ചിരുത്തി…….

പൊട്ടിയ കളിപ്പാട്ടം കൈയിൽ വാങ്ങി ശരിയാക്കി കൊടുത്തു……

“മോള് എല്ലാം പൊട്ടിച്ച് കളയരുത് കേട്ടോ….. ഉടൻതന്നെ മോൾക്ക് കളിക്കാൻ അനിയനോ അനിയത്തിയോ വരും😜…..

രണ്ടുപേർക്കും പിന്നെ ഒരുമിച്ച് കളിക്കാലോ……”

ധ്രുവ് കുസൃതിയോടെ പറയുമ്പോൾ ജാനി അമ്പരന്നു കൊണ്ട് മിഴിച്ച് നോക്കി……

“എന്താടീ ഉണ്ടക്കണ്ണീ……..കണ്ണുരുട്ടുന്നത്……..

ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ..😁…..”

അവന്റെ സന്തോഷം കണ്ട് സത്യത്തിൽ ജാനിയുടെ മനസ്സ് നിറഞ്ഞു…….. എങ്കിലും മുഖത്ത് കപടഗൗരവം കലർത്തി കൂർപ്പിച്ചൊന്ന് നോക്കിയവനെ…….

“അയ്യടാ………ദേ ഇതിനെ ആദ്യം മര്യാദയ്ക്ക് വളർത്ത്…… ചിലപ്പോളൊക്കെ അങ്ങേരെ സ്വഭാവം നല്ലത് പൊലെയുണ്ട് ഇവൾക്ക്…..

വാശി തുടങ്ങിയാൽ പിന്നെ സാധിക്കാതെ നിർത്തില്ല……😤…”

ധ്രുവ് അത് കേട്ട് പൊട്ടിച്ചിരിച്ചു………..

“നീയും കുറവൊന്നുമില്ലല്ലോ……സെയിം പ്രൊഡക്ഷൻ അല്ലേ..😜…”

“ആഹാ………..കൊല്ലും ഞാൻ…….”

ജാനി കളിയായി അവന്റ കയ്യിലേക്ക് പതിയെ അടിച്ചു……….

ധ്രുവ് ചിരിയോടെ തന്നെ അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു………. ജാനി കുതറിയെങ്കിലും ധ്രുവ് വിടാതെ അവളെ നോക്കി എങ്ങനുണ്ടെന്ന ഭാവത്തിൽ അവളെ നോക്കി……

ഇപ്പുറത്ത് കുഞ്ഞിക്കൈകൾ ജാനിയുടെ മേൽ പതിക്കുന്നത് കണ്ട് രണ്ടുപേരും ഒരു നിമിഷം അന്തംവിട്ട് പോയി…….

കുഞ്ഞാറ്റ ജാനിയെ അടിക്കുവാണ്………. ധ്രുവിനെ ജാനി ഉപദ്രവിക്കുന്നത് കണ്ട് കൊച്ച് തെറ്റിദ്ധരിച്ചു…😜😜

“കണ്ടോടീ……..പൊഡ്യൂസർ വേറെയാണെങ്കിലും ഇവളേ എന്റെ മോളാ…… എന്റെ പ്രാണൻ…….”

ധ്രുവ് കുഞ്ഞാറ്റയെ വാരിയെടുത്തു തെരുതെരാ ഉമ്മ വച്ചു…….അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു…….

“അമ്പടീ……..അച്ഛയെ കിട്ടിയപ്പോൾ അമ്മയെ മറന്നല്ലേ…….

ഇനി വാ പാപ്പം തിന്നാൻ😏………”

ജാനി കപടപരിഭവത്തിൽ തിരിഞ്ഞിരുന്നു…….

“അച്ചോടാ……..അമ്മ പാവമല്ലേ…..നമുക്ക് അമ്മേം കൂട്ടാം……”

ധ്രുവ് കൊഞ്ചലോടെ പറഞ്ഞപ്പോൾ ചെറുതായി ഉയർന്ന് വന്ന കുഞ്ഞരിപ്പല്ലുകൾ കാട്ടി ഒരു കള്ളച്ചിരിയോടെ ധ്രുവിന്റെ തോളിലേക്ക് ചായ്ഞ്ഞു…….

ജാനി ഒരു സൈഡിലായി ജാനിയെയും ഒരു സൈഡിൽ കുഞ്ഞാറ്റയെയും ചേർത്ത് പിടിച്ചു………

കുറച്ചു നേരം കൂടി കളിച്ച് ധ്രുവിന്റെ നെഞ്ചിൽ തന്നെ കുഞ്ഞാറ്റയുറങ്ങി…….

അവളെ അങ്ങനെത്തന്നെ ചേർത്ത് പിടിച്ച് ധ്രുവ് കട്ടിലിലേക്ക് നിവർന്ന് കിടന്നു…..

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു……….

എത്ര ദിവസമായി മോളെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ട്……..ഓരോ ദിവസവും കാണാതെ താനനുഭവിച്ച വേദന…… ജനിച്ച അന്നുമുതൽ തന്റെ നെഞ്ചിൽ കിടത്തി വളർത്തിയതല്ലേ…… അവളും ഞാനും മാത്രമുള്ള ലോകമായിരുന്നില്ലേ ജാനി വരുന്നത് വരെ…….

ആത്മബന്ധം കൊണ്ടും അച്ഛനാവാൻ കഴിയും……….. സ്നേഹമെന്ന കൊടുക്കൽവാങ്ങലിൽ ആത്മാർത്ഥത കൊണ്ട് ജീവിതം ജയിക്കാൻ കഴിയാത്തവർ ഉണ്ടാവില്ല……

“ചന്തുവേട്ടാ………എല്ലാം കഴിഞ്ഞില്ലേ……. എന്റെ ഏട്ടൻ ജയിച്ചില്ലേ……ഇനിയും ഈ കണ്ണുകൾ ഇങ്ങനെ നിറക്കല്ലേ….. കാണുമ്പോൾ സങ്കടം വരുന്നു…..”

അവന്റെ അരികിലായി ചേർന്ന് കിടന്ന് ……ആ മിഴികൾ അവൾ തുടച്ചു…..

“ഏയ്……..ഒന്നുമില്ല……..ഞാൻ വെറുതെ ഓരോന്ന്……..

ജാനീ………….

ഞാനൊരു എനിക്കൊരു സംശയം………”

ജാനി മുഖമുയർത്തി ചോദ്യഭാവത്തിൽ അവനെ നോക്കി…….

“അത് കിച്ചൂം അമ്മൂം തമ്മിൽ………”

അവൻ അർദ്ധോക്തിയിൽ നിർത്തിയപ്പോൾ ജാനിയ്ക്ക് ചിരി വന്നു…..

“അവര് തമ്മിൽ ചേർച്ചയല്ലേ ഏട്ടാ……. കിച്ചുവിനെ എനിക്ക് നന്നായറിയാം…… അവനെ പോലെ ഒരാളുടെ കൂടെ എന്റെ അനിയത്തി സുരക്ഷിതയായിരിക്കും എന്നെനിക്ക് ഉറപ്പാണ്……

കിച്ചൂന് അമ്മൂനെ കൊടുക്കണമെന്നാ എന്റെ ആഗ്രഹം……..”

ജാനി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ ധ്രുവ് അദ്ഭുതത്തോടെ അവളെ നോക്കി…..

“ആഹാ…..അപ്പോ എന്തോ ഉണ്ടല്ലേ…….

എനിക്ക് തോന്നി…..അവന്റെ ഒരു കെയറിങ്ങ് കണ്ടപ്പോൾ……. എനിക്ക്…..സമ്മതക്കുറവൊന്നുമില്ല ജാനീ….. പക്ഷെ നിന്റെ അച്ഛൻ………”

“ഇനി അച്ഛന്റെ തീരുമാനമൊന്നും ഞങ്ങൾക്ക് വേണ്ട……..

അതിനുള്ള യോഗ്യതയൊന്നും അച്ഛക്കില്ല…..”

ജാനി ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു…..

“അങ്ങനല്ല ജാനീ………അമ്മുവിനെ വളർത്തിയതും പഠിപ്പിച്ചതും ജാനിയുടെ അച്ഛനാണ്……

അപ്പോൾ മകളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും നിന്റെ അച്ഛൻ തന്നെയാണ്……

അമ്മുവിന്റെ കാര്യത്തിൽ നിന്റെ അച്ഛന്റെ സമ്മതമില്ലാതെ നമ്മളൊന്നും ചെയ്യില്ല…… അത് ശരിയല്ല……

കുഞ്ഞാറ്റയോട് കാണിച്ച പോലെ നിങ്ങളോട് കാണിച്ചില്ലല്ലോ….നിങ്ങളെ രണ്ടുപേരെയും ഇത്രയും കാലം സംരക്ഷിച്ചില്ലേ…..”

ജാനി അദ്ഭുതത്തോടെ അവനെ നോക്കി…….

“ഏട്ടൻ കുറച്ചു നേരമായല്ലോ അച്ഛനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നു…..

ഇത്രയും ചെയ്തു കൂട്ടിയതൊക്കെ ഏട്ടൻ മറന്നു പോയോ……

സംരക്ഷിച്ച മക്കളെ തന്നെയാ അച്ഛൻ വേദനിപ്പിച്ചത്……..സ്വന്തം മക്കളെ മറന്ന് മറ്റൊരു…….”

അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…..

“ഞാൻ സപ്പോർട്ട് ചെയ്തതല്ല ജാനീ………

ഇപ്പോൾ മധുസാറിന്റെ അവസ്ഥ ഓർക്കുമ്പോൾ സങ്കടം തോന്നി അത്രേയുള്ളൂ…..

സ്നേഹിച്ചവരൊക്കെ അകന്നുപോകുമ്പോൾ ഉണ്ടാകുന്ന നീറ്റൽ എനിക്ക് മാത്രമേ അറിയൂ……

ഒറ്റപ്പെട്ടിട്ടും പ്രതികാരബുദ്ധിയോടെ ചിന്തിക്കുന്ന നിന്റെ അച്ഛനോട് എനിക്ക് ദേഷ്യം തന്നെയാണ്…..

പക്ഷേ………..കുടുംബം നഷ്ടപ്പെട്ട ആ മനുഷ്യനോട് സഹതാപം തോന്നുന്നു……..”

“അച്ഛൻ കാരണമല്ലേ കുടുംബം നഷ്ടപ്പെട്ടത്…..

ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണ്ടേ ചന്തുവേട്ടാ……..”

“മ്………ഇനി അതും പറഞ്ഞ് നമ്മള് തമ്മിൽ പിണങ്ങണ്ട………

നിന്റെ അച്ഛനെ ശരിയിലേക്ക് കൊണ്ട് വരാൻ നമുക്ക് ശ്രമിക്കാം…..

പ്രതികാരം കൊണ്ട് മാധവൻ ഏത് വരെ പോകുമെന്ന് നോക്കട്ടെ…..”

ധ്രുവ് പറഞ്ഞു കൊണ്ട് ജാനിയെ ഒരു കൈ കൊണ്ട് പൊതിഞ്ഞ് പിടിച്ചു…..

പങ്കുവും രവിയും ടിവി കാണുകയാണ്……..

രാത്രി ഭക്ഷണത്തിന് ശേഷം കുറച്ചു സമയം ടിവി കാണുന്നത് പതിവാണ്……

ഇടയ്ക്ക് നിമ്മി വന്ന് അവരുടെ അരികിലായിരുന്നു……

അമ്മയും ലെച്ചുവും അടുക്കള ഒതുക്കുന്ന തിരക്കിലാണ്………

പങ്കു നിമ്മിയെയൊന്ന് പാളി നോക്കി……..

ടിവി കാണുന്നെങ്കിലും ഇടയ്ക്കിടെ ഫോണിലേക്ക് പാളി നോക്കുന്നുണ്ട്…..

“എന്താ നിമ്മീ…..ഫോണിൽ തന്നെ നോക്കിയിരിക്കുന്നെ……..”

പങ്കു ചോദിച്ചത് കേട്ട് നിമ്മി പെട്ടെന്ന് ഫോൺ മാറ്റി വച്ച് പങ്കുവിനെ നോക്കി ഇല്ലെന്ന് തലയാട്ടി……

“ആണോ……….അതേയ്…….ഞാനൊരു കാര്യം ചോദിക്കാൻ മറന്നു……”

പങ്കു പറഞ്ഞപ്പോൾ നിമ്മി ചോദ്യഭാവത്തിൽ അവനെ നോക്കി…..രവിയുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു…….

“നിനക്ക് കിച്ചുവിനെ ഇഷ്ടമാണെന്ന് നീ പറഞ്ഞു……പക്ഷെ കിച്ചുവിന് നിന്നെ ഇഷ്ടമാണോന്ന് പറഞ്ഞില്ലല്ലോ……”

ശാന്തമെങ്കിലും ദൃഢമായ അവന്റെ ശബ്ദത്തിൽ നിമ്മി പതറി……

“അത്……ഇഷ്…..ഇഷ്ടമാ…ണ്….”

എങ്ങനെയൊക്കെയോ നിമ്മി പറഞ്ഞൊപ്പിച്ചു….

“അതെന്താ നിനക്കൊരു പതർച്ച…….

ഒരു ഉറപ്പില്ലാത്ത പോലെ…..”

ഇത്തവണ പങ്കുവിന്റെ സ്വരത്തിൽ ഗൗരവം കലർന്നിരുന്നു……

“എന്താ പങ്കാ…………..കിച്ചു വല്ലതും പറഞ്ഞോ നിന്നോട്…………”

രവി പങ്കുവിന്റെ ഗൗരവം കണ്ട് സംശയത്തിലാണ് ചോദിച്ചത്…..

“ഒന്നുമില്ല അച്ഛാ………കിച്ചുവിനോട് ഇതിനെപ്പറ്റി നമ്മളൊന്നും ചോദിച്ചിട്ടില്ലല്ലോ…….

അതാ ഇവളോട് ചോദിച്ചത്……”

നിമ്മിയുടെ മുഖഭാവം സൂക്ഷമമായി വീക്ഷിച്ചു കൊണ്ട് അവൻ രവിയോട് പറഞ്ഞു….

“നിമ്മി പറഞ്ഞല്ലോ അവർക്ക് പരസ്പരം ഇഷ്ടമാണെന്ന്…….നീയല്ലേ പറഞ്ഞത് ഇവര് എപ്പോഴും മെസേജ് അയക്കാറുണ്ടെന്ന്…….”

“അതൊക്കെ ശരിയാ……പക്ഷെ….നമുക്ക് കിച്ചുവിനോട് കൂടി ഒന്ന് ചോദിക്കാം…..”

നിമ്മി സംശയഭാവത്തിൽ നോക്കിയിരിക്കുമ്പോൾ പങ്കു ഫോണെടുത്ത് കിച്ചുവിന്റെ നമ്പറിലേക്ക് വിളിച്ചു…..

“ഹലോ…….എന്താ പങ്കൂ…….”

പങ്കു ഫോൺ സ്പീക്കർ മോഡിലാക്കി…..

“നീ ഉറങ്ങിയില്ലേ കിച്ചൂ……….”

അപ്പുറത്ത് കിച്ചുവിന്റെ ശബ്ദം കേട്ട് നിമ്മിയുടെ ഹൃദയമിടിപ്പ് കൂടി….നെറ്റിയിൽ വിയർപ്പു കണങ്ങൾ തിളങ്ങി……..പേടി കൊണ്ട് അവൾ വിറച്ചു….

രവിയും അവരുടെ ഫോൺ സംഭാഷണം ശ്രദ്ധിച്ചു…..അടുക്കളയിൽ നിന്ന് ലെച്ചുവും രേണുവും അവിടേക്ക് വന്നു……

“നീ നാളെ കോളേജിൽ പോകുന്നുണ്ടോ കിച്ചൂ……”

“മ്….ചിലപ്പോൾ പോകും……എന്തേ……”

“അത് നിമ്മിയെ ഒന്ന് സ്കൂളിൽ വിടാനായിരുന്നു…….എനിക്ക് വേറൊരു കാര്യമുണ്ട്……”

“അതിനെന്താ പങ്കൂ……നിമ്മിയെ ഞാൻ വിട്ടോളാം…………..ഞാൻ വരാം…..”

“നിനക്ക് ബുദ്ധിമുട്ടാവുമോ കിച്ചൂ……..നിമ്മിയെ കൊണ്ടാക്കാൻ …..”

“എന്ത് ബുദ്ധിമുട്ട്……..നിമ്മി എന്റെ ഏറ്റവും നല്ലൊരു സൃഹൃത്താണ്…….പങ്കുവിന് നിമ്മി എങ്ങനെയാണോ അതു പോലെ തന്നെയാണ് എനിക്കും……

അതുകൊണ്ട് നിമ്മിയെ കൊണ്ടാക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല………അവള് എന്റെയും സഹോദരിയല്ലേ…..”

കൂരമ്പ് പോലെ ആ വാക്കുകൾ നിമ്മിയുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി……….അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…….

“ശരി കിച്ചൂ……ബൈ…..”

പങ്കു ധൃതിയിൽ ഫോൺ കട്ട് ചെയ്ത് നിമ്മിയെ ഒരു കൈയാലേ തൂക്കിയെടുത്തു…….

“പറയെടീ……..എന്താ നിങ്ങള് തമ്മിലുള്ള ബന്ധം………കിച്ചുവിന് നിന്നോട് ഏത് തരത്തിലുള്ള ഇഷ്ടമാടീ…..😡😡”

പങ്കു ദേഷ്യം കൊണ്ട് അലറുകയായിരുന്നു……

നിമ്മി പേടിച്ച് കരഞ്ഞു കൊണ്ട് സഹായത്തിനായി രവിയെ നോക്കി…..

“നീ എന്നെ നോക്കണ്ട നിമ്മീ……..അവൻ പറയുന്നതിന് മറുപടി കൊടുക്ക്…..”

രവിയും കൈയൊഴിഞ്ഞപ്പോൾ നിമ്മി നിസ്സഹായതയോടെ പങ്കുവിനെ നോക്കി…..

“പറ നിമ്മീ…………

ഈയിടെയായി നിന്റെ സ്വഭാവം വളരെ മോശമാണെന്ന് എനിക്കറിയാം…….

ജാനിയുടെ പ്രശ്നങ്ങളിൽ പെട്ട് പോയപ്പോൾ പലപ്പോഴും നിന്നെ ശ്രദ്ധിക്കാൻ ഞാൻ മറന്നു പോയി……..

പറയാതെ നിന്നെ ഞാൻ വിടില്ല നിമ്മീ…….ഇല്ലെങ്കിൽ ഈ രാത്രി തന്നെ കിച്ചുവിന്റെ അടുത്തേക്ക് നിന്നെ ഞാൻ കൊണ്ട് പോകും…..

അവിടെ വച്ച് പറയിപ്പിക്കും നിന്നെ ഞാൻ…..😡”

അത് കേട്ടതും നിമ്മി പേടിച്ചു………കിച്ചുവിന്റെ മുന്നിൽ തന്റെ മുഖംമൂടി അഴിയുന്നതോർത്ത് അവളുടെ മനസ്സ് പിടച്ചു….

“ഞാൻ……ഞാൻ….പറ….യാം……”

പതറി പറഞ്ഞു കൊണ്ട് നിമ്മിയൊന്ന് ഏങ്ങി…….

പങ്കു നിമ്മിയെ വിട്ട് സോഫയിലേക്കിരുന്നു…….കേൾക്കാൻ തയ്യാറായത് പോലെ…….

“എനിക്ക് കിച്ചുവേട്ടനെ കണ്ടനാൾ മുതൽ ഇഷ്ടമാണ്…….പക്ഷെ കിച്ചുവേട്ടന്റെ കണ്ണുകൾ അമ്മുവിന് പുറകേയായിരുന്നു…..

ഞാൻ എത്രയൊക്കെ ഒരുങ്ങിയിട്ടും കിച്ചുവേട്ടൻ എന്നെയൊന്ന് നോക്കിയത് പോലുമില്ല……

പക്ഷെ…….എന്നും അമ്മുവിനെ കാണാൻ സ്കൂളിന്റെ മുന്നിൽ നിൽക്കും….

അതൊക്കെ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു……

അമ്മു മറ്റൊരു പയ്യനെ പ്രണയിക്കുന്നുവെന്ന് വരുത്തി തീർക്കാൻ അമ്മു എന്ന വ്യാജേന ഞാൻ കിച്ചുവേട്ടന് മെസേജ് അയച്ചു……

അങ്ങനൊരു പയ്യനെ കാശ് കൊടുത്ത് കിച്ചുവേട്ടന്റെ മുന്നിൽ ഞാൻ അവതരിപ്പിച്ചു……

എങ്കിലും കിച്ചുവേട്ടൻ പിൻമാറിയില്ല………എന്നെ കൂട്ട് പിടിച്ച് അമ്മുവിലേക്കടുക്കാനുള്ള വഴിയാണ് കിച്ചുവേട്ടൻ നോക്കിയത്……

എനിക്ക് മെസേജ് അയക്കുന്നതും വിളിച്ച് തിരക്കുന്നതുമെല്ലാം അമ്മുവിനെ പറ്റിയിട്ടാണ്…..

ഞാനെന്റെ സ്നേഹം എങ്ങനെയൊക്കെ പ്രകടിപ്പിക്കാൻ നോക്കിയിട്ടും കിച്ചുവേട്ടന് മനസ്സിലായില്ല…..

കിച്ചുവേട്ടന്റെ വിശ്വാസം പിടിച്ച് പറ്റാൻ അമ്മുവിനോട് എല്ലാം പറഞ്ഞെന്നും…..അമ്മു കാത്തിരിക്കാൻ പറഞ്ഞന്നും കിച്ചുവേട്ടനോട് പറഞ്ഞത് ഞാനാ………പതിയെ ആ സ്നേഹം പിടിച്ചെടുക്കാമെന്ന് വിചാരിച്ചു…..”

പറഞ്ഞു തീരും മുൻപേ രവി നിമ്മിയെ പിടിച്ച് കവിളത്ത് ആഞ്ഞൊരെണ്ണം പൊട്ടിച്ചു…….

“നീ ഇത്രയും തരംതാണ് പോയല്ലൊ നിമ്മീ😡……..”

അയാൾ ദേഷ്യം കൊണ്ട് വിറച്ചു……. ലെച്ചുവും രേണുവും പകച്ചു നിൽക്കയാണ്……. നിമ്മിയുടെ സ്വഭാവം ലെച്ചുവിന് അറിയാമെങ്കിലും രേണു ആദ്യം കാണും പോലെ അതിശയിച്ചു…….

“നിമ്മീ………അവർക്ക് തമ്മിൽ തോന്നിയ പ്രണയം ബലമായി പിടിച്ചെടുത്താൽ നിലനിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ………

ഉണ്ടെങ്കിൽ നീ ശ്രമിക്ക്……….ഞാൻ നിനക്ക് വിട്ട് തന്നിരിക്കുന്നു…….

പക്ഷെ……..അത് കള്ളം പറഞ്ഞു കൊണ്ടാവരുത്………….നേരായ മാർഗ്ഗത്തിൽ നീ ശ്രമിച്ചു നോക്ക്…..

കിച്ചു നിന്റെ വഴിയേ വരുവാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ കല്യാണം നടത്തിത്തരാം……ഇല്ലെങ്കിൽ …..അറിയാലോ നിനക്ക് എന്നെ….”

പങ്കു പറഞ്ഞത് കേട്ട് രവി മുഖം ചുളിച്ച് ചോദ്യഭാവത്തിൽ അവനെ നോക്കി……

“പങ്കാ…..അത്…..”

“അതല്ല അച്ഛാ…….സ്നേഹബന്ധം എന്താണെന്ന് ഇവളിത് വരെ പഠിച്ചിട്ടില്ല…….ഇവൾക്കത് മനസ്സിലാവില്ല…….

പ്രണയമെന്നാൽ വിട്ട് കൊടുക്കൽ കൂടിയാണെന്ന് ഇവൾക്കറിയില്ല…..”

അവസാന വാചകം പറയുമ്പോൾ പങ്കുവിന്റെ സ്വരമിടറി……

രവിയ്ക്കും ലെച്ചുവിനും ആ വാക്കുകൾ മനസ്സിലായി……..

എന്തോ കൂടുതലൊന്നും കേൾക്കാനും പറയാനും നിൽക്കാതെ പങ്കു മുറിയിലേക്ക് പോയി…..

നിമ്മിയെ കനത്തിലൊന്ന് നോക്കി രവിയും രേണുവും അകത്തേക്ക് പോയി……

“നിനക്ക് സന്തോഷമായി അല്ലേടീ…😡…..

നിമ്മിയെ തോൽപ്പിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല……നിന്നെയും ഞാൻ പുറത്താക്കും….😡”

തന്നെ സഹതാപത്തോടെ നോക്കി നിൽക്കുന്ന ലെച്ചുവിന് നേരെ നിമ്മി അലറി…..

ലെച്ചു കറങ്ങിയൊന്ന് നോക്കി……എല്ലാവരും മുറിയിലാണ് ആരുമില്ല…..

പാഞ്ഞു വന്ന് കരണം പുകച്ചൊന്ന് കൊടുത്തു നിമ്മിയുടെ മറ്റേ കവിളിൽ…..

“ഒരു കവിളിൽ മാത്രം ചുവന്ന് കിടന്നാൽ നാളെ എല്ലാവരും ചോദിക്കില്ലേ……അതാ ഞാൻ നോക്കി നിന്നത്…..

ഇപ്പൊ ശരിയായി……എന്നാൽ പോകട്ടെ…..

ഗുഡ് നൈറ്റ്…..”

നിമ്മിയെ നോക്കി ചിറികോട്ടി ഒന്നു പുച്ഛിച്ചു കൊണ്ട് ലെച്ചു അകത്തേക്ക് നടന്നപ്പോൾ….

കവിളിൽ കിട്ടിയ അടിയിൽ നിമ്മി തരിച്ച് നിന്നു……..

തുടരും……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കൂയ്…….ആരും സമാധാനിക്കണ്ട…..അടുത്ത ബോംബുമായി രഘുറാം ബോംബെയിൽ നിന്ന് വണ്ടി കയറിയിട്ടുണ്ട്…….

വണ്ടി വഴിയിൽ പഞ്ചറായാൽ ഭാഗ്യം…..😤….

സൗമ്യ ചേച്ചി പറഞ്ഞു ….കഥാസന്ദർഭം അതേ ഫീലോടെ വായനക്കാരിൽ എത്തിക്കുവാൻ എനിക്ക് കഴിഞ്ഞെന്ന്…..എന്റെ എഴുത്ത് നല്ല രീതിയിൽ മെച്ചെപ്പെട്ടുവെന്ന്….ഈ വാക്കുകൾ എനിക്ക് കിട്ടിയ ഓസ്കാർ തന്നെയാണ് ചേച്ചീ….

നിങ്ങളുടെ റിവ്യൂ മാത്രം മതി പിള്ളേരെ എനിക്ക് എഴുതാനുള്ള ഊർജ്ജം തരാൻ……

Leave a Reply

Your email address will not be published. Required fields are marked *