വീട്ടുകാരെ ഉപേക്ഷിച്ചു ജിതിന്റെ കൂടെ ഇറങ്ങി വന്നവൾ ആണ് പാറു…

Uncategorized

രചന: sreejith achuz

ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ജിതിൻ ദഹിപ്പിച്ചൊന്നു പാറുവിനെ നോക്കി..

ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ പാറു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു..

നീണ്ട 6 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു ജിതിന്റെ കൂടെ ഇറങ്ങി വന്നവൾ ആണ് പാറു..

ആ വീടിന്റെ വലതുകാൽ വെച്ചു കയറി വരാൻ പറഞ്ഞു നിറഞ്ഞ ചിരിയോടെ തന്നെ സ്വീകരിക്കാൻ നിന്ന അമ്മയെ കണ്ടപ്പോൾ അത് പോലൊരു കുടുംബത്തിലേക്ക് വരാൻ പറ്റിയത് തന്റെ ഭാഗ്യം ആണെന്ന് പാറു കരുതി.

അടുക്കളയിലെ പുക പോലും തന്നെ കൊണ്ടു കൊള്ളിപ്പിക്കാതെ….വീടിന്റെ മുറ്റം പോലും തന്നെ കൊണ്ടു വൃത്തിയാക്കാൻ സമ്മതിക്കാതെ എല്ലാ ജോലിയും അമ്മ ചെയ്യുമ്പോൾ.. അമ്മായിയമ്മ ആയിട്ടല്ല.. എന്റെ സ്വന്തം അമ്മ ആയിട്ടാണ് പാറു കണ്ടിരുന്നത്…

നിസ്സാര കാര്യത്തിനും പോലും ജിതിൻ തന്നോട് ദേഷ്യപ്പെടുമ്പോൾ എന്റെ മോളെ വഴക്കു പറയരുതെന്ന് പറഞ്ഞു ജിതിനോട് ദേഷ്യപ്പെടാറുള്ള അമ്മ തനിക്കു പ്രസവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ആണ് തന്നിൽ നിന്നും അകന്നത്..

മോളെ എന്നുള്ള വിളി മാറ്റി എടി, നീ എന്നൊക്കെ ആക്കിയതും… അവിടെ ഒന്നും കുത്തി ഇരിക്കാതെ നിനക്കെന്നെ സഹായിച്ചൂടെ എന്ന അമ്മയുടെ വാക്കുകൾ കേട്ടു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ പേടി നിറഞ്ഞിരുന്നു..

അമ്മയുടെ കുത്തുവാക്കുകൾ സഹിക്കാൻ വയ്യാതെ മാറി ഇരുന്നു പാറു കരയുമ്പോൾ.. ആദ്യമൊക്കെ എന്റെ കൂടെ ഇരുന്നു എന്നെ ആശ്വസിപ്പിക്കാൻ കൂടെ ഉണ്ടായിരുന്ന ജിതിനും പിന്നെ എപ്പോഴോ എന്നിൽ നിന്നും അകന്നു തുടങ്ങിയിരുന്നു…

രണ്ടാമതൊരു വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചപ്പോൾ ഒടുക്കം ജിതിന്റെ മനസ്സ് മാറിയതറിഞ്ഞു.. കുഞ്ഞിനെ വേണമെങ്കിൽ നമുക്ക് അനാഥാലയത്തിൽ നിന്നും ദത്തെടുത്താൽ മതിയല്ലോ എന്ന പാറുവിന്റെ ചോദ്യത്തിന്.. എനിക്ക് കണ്ടവരുടെ കുഞ്ഞിനെ അല്ല.. സ്വന്തം ചോരയിൽ ഒരു കുഞ്ഞിനെ വേണമെന്നുള്ള ജിതിന്റെ മറുപടി പാറുവിനെ വല്ലാതെ തളർത്തിയിരുന്നു…

ഒരുമിച്ചു ഒരു കട്ടിലിൽ കെട്ടിപിടിച്ചു ഉറങ്ങിയിരുന്ന ഞാനും ജിതിനും….തനിക്കു അച്ഛനാകാൻ പറ്റില്ലെന്ന് അറിഞ്ഞതോടെ എനിക്ക് കിടക്കാൻ ഉള്ള പുതിയ സ്ഥലം ജിതിന്റെ കട്ടിലിനു താഴെ ആക്കിയിരുന്നു…

അമ്മയുടെയും ജിതിന്റെയും കുത്തുവാക്കുകൾ കേട്ടിട്ടും അവിടെ നിന്നു ഇറങ്ങി പോകാതിരുന്ന പാറുവിനോട്… ഈ നാശം ഇനി എങ്കിലും ചത്താൽ മതിയായിരുന്നു എന്ന് ജിതിൻ പറയുന്നത് കേട്ടു 6 വർഷം പ്രണയിച്ച എന്റെ ജിത്തു തന്നെ ആണൊ ഇതെന്ന് പാറു ഒരു നിമിഷം ചിന്തിച്ചു പോയിരുന്നു…

ഒടുവിൽ ഒരു നാൾ ഒരു പേപ്പറിൽ ഒപ്പിടണം എന്ന് പറഞ്ഞു ജിതിൻ കൊണ്ടു വന്ന ഒരു പേപ്പർ ഞാൻ വായിച്ചു നോക്കിയപ്പോൾ ബന്ധം പിരിയാൻ ഉള്ള എന്റെ ഒപ്പാണ് ജിതിനു ആവശ്യം എന്ന് മനസ്സിലാക്കിയ എന്റെ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു…

അവരുടെ മുൻപിൽ വെച്ചു ആ പേപ്പർ കീറി കളഞ്ഞ എന്നെ അന്നാദ്യമായി ജിതിൻ തല്ലിയപ്പോൾ.. ഇവൾക്ക് ഇതൊന്നും കിട്ടിയാൽ പോരാ എന്ന് പറഞ്ഞു മകനെ പിന്തുണയ്ക്കുന്ന അമ്മയെയും കൂടി കണ്ടപ്പോൾ നിശബ്ദമായി ഇരുന്നു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ…

ഒടുവിൽ തന്നോട് പോലും അറിയിക്കാതെ വേറൊരു പെണ്ണിനെ കാണാൻ പോയി ജിത്തു.. എന്നറിഞ്ഞത് മുതൽ ഇനി അവരുടെ മനസ്സിൽ തനിക്കൊരു സ്ഥാനവും ഉണ്ടാവില്ലെന്ന് പാറുവിനു ബോധ്യമായി കഴിഞ്ഞിരുന്നു…

പതിവുപോലെ ഓഫീസിൽ ജോലിക്ക് പോയ ജിതിനോട് ആരോ കാണാൻ വന്നിട്ടുണ്ട് എന്ന് അറ്റൻഡർ വന്നു പറയുമ്പോൾ തന്നെ കാണാൻ വന്ന ആളെ കണ്ടു ജിതിൻ അമ്പരപ്പെട്ടു പോയിരുന്നു..

Dr ദിയ… പാറുവിന്റെ കൂട്ടുകാരി… നിരവധി തവണ ഞാനും പാറുവും ഇവരുടെ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്…പാറുവിനു ഒരമ്മയാകാൻ കഴിയുമെന്നുള്ള വിശ്വാസത്തോടെ ആ ഹോസ്പിറ്റലിലേക്ക് ഓരോ തവണയും കയറി ചെല്ലുമ്പോൾ.. സോറി mr ജിതിൻ.. പാറുവിനു ഗർഭം ധരിക്കാൻ കഴിയില്ല എന്ന ദിയയുടെ വാക്കുകൾ കേട്ടു മനസ്സ് ചത്താണ് അവസാനമായി ആ ഹോസ്പിറ്റലിന്റെ പടി ഇറങ്ങിയത്…..

എന്തിനിപ്പോ എന്നെ കാണാൻ വന്നെന്നുള്ള എന്റെ ചോദ്യത്തിന്… ഞാൻ പറയുന്നത് കേട്ടു താങ്കൾ തളരരുത്… കുഴപ്പം പാറുവിനു അല്ല.. നിങ്ങൾക്കാണ് ജിതിൻ എന്ന് ദിയ പറഞ്ഞത് കേട്ടു ഞാൻ അടിമുടി എരിയുക ആയിരുന്നു..

നിസാര കാര്യത്തിന് പോലും ഓവർ ടെൻഷൻ ആകുന്ന താങ്കൾക്ക് അച്ഛനാകാൻ പറ്റില്ല..കുഴപ്പം നിങ്ങൾക്കാണെന്നു പറയാൻ വന്ന എന്നെ മാറ്റി നിർത്തി.. ജിതിനോട് അങ്ങനെ ഒന്നും പറയരുത്..അത് മാത്രം ആ പാവത്തിന് സഹിക്കാൻ പറ്റില്ല എന്ന് പാറു പറഞ്ഞപ്പോൾ എനിക്ക് അവളുടെ കൂടെ നിക്കേണ്ടി വന്നു…

ഇനിയും ഞാൻ ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ അമ്മയും മോനും കൂടി അവളെ കൊല്ലുമെന്ന് ദിയ പറയുന്നതും കൂടി കേട്ടപ്പോൾ ശരീരം തളർന്നു ഞാൻ അവിടെ ഇരുന്നു പോയി…

ലീവ് എടുത്തു വീട്ടിലേക്കു പോകുന്ന വഴി…ഞാൻ മറ്റൊരു കല്യാണം കഴിക്കുന്നതിനെ പാറു എതിർത്തതിന്റെ കാരണം ഇതായിരുന്നു എന്ന് അപ്പോഴാണ് തനിക്കു മനസ്സിലായത്…

ആ രഹസ്യം താൻ അറിയാതിരിക്കാൻ ആ പാവം അനുഭവിച്ച വേദനകൾ ഓർത്തു വർഷങ്ങൾക്കു ശേഷം എന്റെ പാറുവിനു വേണ്ടി ഞാൻ കണ്ണു നിറച്ചു….

സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വന്ന പാറുവിനോട് ഇറങ്ങി പൊയ്ക്കൂടേ എങ്ങോട്ടെങ്കിലും എന്ന് ഞാനും അമ്മയും മാറി മാറി പറഞ്ഞിട്ടും തല കുനിച്ചു മാത്രം പാറു നിന്നത് പോകാൻ ഒരു ഇടം തനിക്കിനി ഇല്ലെന്നുള്ള അർത്ഥത്തിൽ ആയിരുന്നെന്നു തനിക്കു മനസ്സിലാക്കാൻ മറ്റൊരാളുടെ സഹായം വേണ്ടി വന്നെന്നു ആലോചിച്ചു എന്നെ തന്നെ ഞാൻ വെറുത്തു പോയിരുന്നു..

തളർന്ന മനസ്സോടെ വീട്ടിലേക്കു കയറി ചെന്ന എന്നെ കണ്ടതും പേടിയോടെ മാറി പോകുന്ന അവളെ പാറു എന്നു വിളിക്കാൻ എന്റെ ശബ്ദം പുറത്തു വന്നിരുന്നില്ല..

രാത്രി എനിക്ക് കിടക്കാൻ കിടക്കയൊക്കെ കുടഞ്ഞു വിരിച്ചു ഭംഗി ആക്കി വിരിച്ചതിന് ശേഷം എന്റെ കട്ടിലിന്റെ താഴെ പാറുവിനു കിടക്കാൻ വേണ്ടി പായ വിരിക്കുന്നത് കണ്ടപ്പോൾ നിന്ന നിൽപ്പിൽ താൻ മരിച്ചു പോയാൽ മതി ആയിരുന്നെന്നു എനിക്ക് തോന്നി…

സങ്കടം സഹിക്ക വയ്യാതെ രാത്രി ബാത്‌റൂമിന്റെ പൈപ്പ് തുറന്നിട്ട്‌ താൻ പൊട്ടി കരയുമ്പോൾ ഇത് പോലെ ഒരായിരം തവണ പാറു കരഞ്ഞിട്ടുണ്ടാകുമെന്ന് ആ കരച്ചിലിനിടയിലും എന്റെ മനസ്സിലേക്ക് അക്കാര്യം ഓടി വന്നു…

പിറ്റേന്ന് രാവിലെ നമുക്കൊരിടം വരെ പോകണം എന്നു ഞാൻ പാറുവിനോട് പറഞ്ഞപ്പോൾ അത് അവളോട്‌ തന്നെ ആണൊ പറഞ്ഞതെന്നറിയാൻ അവൾ പുറകിലേക്ക് തല തിരിച്ചു നോക്കിയത് കണ്ടപ്പോഴാണ് ഞാൻ അവളെ എത്ര മാത്രം എന്നിൽ നിന്നും അകറ്റി എന്നു എനിക്ക് മനസ്സിലായത്..

പറഞ്ഞത് നിന്നോട് തന്നെ വേഗം റെഡി ആയി വരാൻ ഞാൻ പാറുവിനോട് പറയുമ്പോൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി നിന്നു…

ഒടുവിൽ കാറിലെ യാത്രക്കിടയിൽ എന്നെ കൊല്ലാൻ കൊണ്ടു പോകുവാണോ.. എനിക്ക് ജിത്തുവിന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല എന്നവൾ പറയുമ്പോൾ അതിനുള്ള മറുപടി ആയിട്ട് ഞാൻ കാറ്‌ നിർത്തിയത് ഒരു ഓർഫനേജിന് മുൻപിൽ ആയിരുന്നു..

പാറുവിനു മനസ്സിലിണങ്ങിയ കുട്ടിയെ തിരഞ്ഞെടുത്തോളാൻ ഞാൻ അവളോട്‌ പറയുമ്പോൾ കെട്ടത് വിശ്വസിക്കാൻ ആകാതെ നിൽക്കുക ആയിരുന്നു പാറു..

ഒടുവിൽ വീട്ടുകാരെ കൂട്ടി വന്നു പാറുവിനു ഇഷ്ട്ടപ്പെട്ട കുട്ടിയെ ഏറ്റെടുക്കാൻ വരാമെന്നു പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ കാണുന്നത് സ്വപ്നം ആണൊ എന്നു ചിന്തിക്കുക ആയിരിക്കും പാറു എന്നു എനിക്ക് അറിയാമായിരുന്നു..

തിരിച്ചു വീട്ടിൽ എത്തി നടന്നതെല്ലാം അമ്മയോട് തുറന്നു പറഞ്ഞു പാറുവിനെ പോലൊരു ഭാര്യയെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയുന്നതിനോടൊപ്പം അവളുടെ കാലിൽ വീണു പൊട്ടി കരഞ്ഞു ചെയ്തതിനെല്ലാം അവളോട്‌ ക്ഷമ ചോദിച്ചു അവളുടെ ആ പഴയ ജിത്തു ആയി മാറണം എന്നു ഞാൻ മനസ്സിൽ ശപഥം ചെയ്തിരുന്നു

രചന: sreejith achuz

Leave a Reply

Your email address will not be published. Required fields are marked *