പതിയെ അവളുടെ തോളിൽ കയ്യിട്ട് ആരും കാണാതെ അകത്തോട്ട് കൊണ്ട് പോയപ്പോൾ….

Uncategorized

രചന: Jishanth Konolil

ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ അവളുടെ മുഖം വല്ലാതെ വാടിയതുപോലെ തോന്നി.

പതിയെ അവളുടെ തോളിൽ കയ്യിട്ട് ആരും കാണാതെ അകത്തോട്ട് കൊണ്ട് പോയപ്പോൾ പാവം എന്റെ കാന്താരി മാറിൽ തല ചാഴിച് പൊട്ടി കരയുകയാണുണ്ടായത് “എന്തിനാ ഏട്ടാ ഇതൊക്കെ…………..”

അപ്പഴും ആരും കാണാതെ അവളെ തലോടി ഉള്ളിലെ സങ്കടം ഒരു തുള്ളി കണ്ണുനീരാൽ പോലും പുറത്തുകാണിക്കാതെ കടിച്ചുപിടിക്കുകയായിരുന്നു ഞാൻ.

അവള് പോയെപ്പിന്നെ വല്ലാത്തൊരു ഒറ്റപ്പെടലാണ്.ഏറെ കഷ്ട്ടം അമ്മയുടെ കാര്യമാണ്.നേരം വെളുത്ത് സന്ധ്യയാകുംവരെ പാവം ഒറ്റക്കാണ് വീട്ടിൽ.

പെട്ടന്നായിരുന്നു അളിയൻ റൂമിലേക്ക് വന്നത്. “അളിയൻ എപ്പോ വന്നു..വാ എന്റെ ഫ്രണ്ട്‌സ് ഒക്കെ ഇപ്പൊ ചോദിച്ചേ ഉള്ളു.”

എന്റെ കയ്യിൽ പിടിച്ച് അളിയൻ തറവാട്ടിലെ ചായ്പ്പിലേക്കു പോയപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി.

എന്തൊക്കെയോ സംസാരിച്ചു കൊണ്ട് അവിടെ ഒരുപാട് പേരുണ്ടായിരുന്നു. കൂട്ടത്തിൽ ഒരുത്തൻ ഗ്ലാസ്സിൽ ഒഴിച്ച മദ്യം എനിക്ക് നേരെ നീട്ടി പറഞ്ഞു. “കുടിക്കളിയാ…” “വേണ്ട ഞാൻ കുടിക്കാറില്ല”

അളിയൻ ചെവിയിൽ സ്വകാര്യമായി പറഞ്ഞു. “ഞാൻ നിൽക്കുന്നത് നോക്കണ്ട ഞാൻ രണ്ടെണ്ണം ഇട്ടാണ് നിൽക്കുന്നത്. അളിയൻ വാങ്ങി കുടി” “ശീലമില്ല അതുകൊണ്ടാ…”

തുടർന്നുള്ള സംസാരത്തിന്‌ വഴിയൊരുക്കാതെ തിരികെ നടന്നപ്പോഴും മനസ്സ് സ്വയം പറഞ്ഞു. സ്വന്തം വീട്ടുകൂടൽ അല്ലെ കൂട്ടുകാരുടെ കൂടെ ആകുമ്പോൾ തലേദിവസം ഇതൊക്കെ പതിവാണല്ലോ.

പിറ്റേന്ന് പരിപാടിയെല്ലാം കഴിഞ്ഞ് വൈകുന്നേരമായിട്ടും തലേന്ന് ഉണ്ടായിരുന്ന വെള്ളമടി കമ്പനിക്കാർ അവിടെത്തന്നെ ഉണ്ടായിരുന്നു. ഇറങ്ങാൻ നേരം ഞാൻ ആളിയനോട് തമശാ രൂപേണ പറഞ്ഞു.

“അതേയ് ഇന്ന് ഓവർ ആക്കണ്ട ട്ടോ.ഞങ്ങള് എല്ലാവരും പോവുകയാണ്.”

ഒരാഴ്ച കഴിഞ്ഞു. പാറുവിനെ കാണാൻ അമ്മയെയും കൂട്ടി അവിടെ ചെന്നപ്പോൾ അവൾ ആകെ ശീണിതയായിരുന്നു. അന്ന് പനി ആണെന്നും അതിന്റെ ബുദ്ധിമുട്ടാണെന്നും അവൾ പറയുമ്പോൾ മുഖത്ത് നോക്കാത്ത ആ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാമായിരുന്നു എല്ലാം.

വിവാഹത്തിന് മുൻപ് അവൾ വിഷ്ണു എന്നൊരു പയ്യനുമായി പ്രണയത്തിലായിരുന്നു. എല്ലാവർക്കും അത്‌ അറിയാമായിരുന്നെങ്കിലും ഒരു പ്രൈവറ്റ് കമ്പനിയിൽ തുച്ഛമായ വരുമാനമുള്ള അവന് എന്റെ പെങ്ങളെ കെട്ടിച്ചുകൊടുക്കില്ല എന്നുള്ളത് എന്റെ വാശിയായിരുന്നു.

അതിന് വേണ്ടി അന്നവൾ കരഞ്ഞു കാലുപ്പിടിച്ചെങ്കിലും അന്ന് അവളുടെ ഭാവിയാണ് ഞാൻ നോക്കിയത്.

നല്ലൊരു ജോലിയുള്ള ഒരുത്തനെ അവളെക്കൊടുക്കൂ എന്ന് ഞാൻ അവനോട് തീർത്തു പറഞ്ഞു.

ഇനിയും പിറകെ നടന്നാൽ ആ കാല് ഞാൻ തല്ലിയൊടിക്കും എന്നുവരെ ഭീഷണിപ്പെടുത്തി.

ആഗ്രഹംപോലെ ഒരു ആലോചന വരികയും ചെയ്തു. പതിയെ കുടുംബമായി പൊരുത്തപ്പെട്ടുവരുമ്പോൾ അവൾ എല്ലാം മറന്നോളും എന്നും വിശ്വസിച്ചു.

അന്നും അവിടെ നിന്ന് ഞാനും അമ്മയും അവളെ ഒരുപാട് ഉപദേശിച്ചാണ് ഇറങ്ങിയത്. എനിക്കൊരു കുഴപ്പവുമില്ല. ഞാൻ സന്തോഷവതിയാണ് എന്നും പറഞ്ഞ് അവൾ ഞങ്ങളെ യാത്രയാക്കി.

ഇടക്കിടെ ഫോണിൽ സംസാരിക്കുമ്പോഴും എനിക്ക് തോന്നി അവൾ എല്ലാം മറക്കാൻ പഠിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി വന്ന ഫോൺ കാൾ അവളുടെ സമീപവാസിയുടേതായിരുന്നു. എത്രയും പെട്ടന്ന് വീട്ടിൽ എത്തണം എന്നുമാത്രം പറഞ്ഞാണ് വെച്ചത്.

പരിഭ്രാന്തനായി ബൈക്ക് ഓടിച്ച് അങ്ങോട്ട് പോകുന്ന വഴിക്ക് മനസ്സിൽ പല ചിന്തകളായിരുന്നു. “ഈശ്വരാ എന്റെ കുട്ടിക്കൊന്നും വരുത്തരുതെ…” സകല ദൈവങ്ങളെയും വിളിച്ചു ഞാൻ പ്രാർത്ഥിച്ചു.

പക്ഷേ ദൈവം ആ വിളികളൊന്നും കേട്ടില്ല. കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളുടെ ശരീരമായിരുന്നു.

തളം കെട്ടിനിൽക്കുന്ന രക്തത്തിൽ നിന്നും അവളുടെ ചേതനയറ്റ ശരീരം കോരിയെടുക്കുമ്പോൾ എന്റെ ഹൃദയം പിളരുകയായിരുന്നു.

ജോലിയും തറവാട് മഹിമയും നോക്കി പെങ്ങളെ പിടിച്ചു കൊടുത്തത് കള്ളും കഞ്ചാവും ശീലമാക്കിയ ഒരുവനായിരുന്നു എന്ന് അവസാന നിമിഷം പോലും എനിക്ക് മനസ്സിലായില്ല.

പിറ്റേ ദിവസം രാവിലെ കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് നിൽക്കുമ്പോൾ അവിടെ ഏങ്ങിയേങ്ങി കരയുന്ന ഒരു മുഖം ഞാൻ കണ്ടു. “വിഷ്ണു”.

എല്ലാവരും പോയി അവൻ മാത്രം അവിടെ തന്നെയുണ്ട്… ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. പതിഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചു…വിഷ്‌ണു.

അവന്റെ ഉള്ളിലെ സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങി. അവസാനം അവൻ ചോദിച്ച ഒരു ചോദ്യമുണ്ട്…”ഒന്ന് സമ്മദിച്ചുകൂടായിരുന്നോ ഏട്ടന്…..! ഏട്ടന്റെ സമ്മതം ഇല്ലാതെ ഞാൻ ഇറങ്ങി വരില്ല. എനിക്കത്തിന് കഴിയില്ല എന്ന് കരഞ്ഞു പറഞ്ഞിട്ടാണ് അവൾ അവസാനം എന്റെ കണ്മുമ്പിൽ നിന്നും പോയത്. പിന്നീടൊരിക്കലും ഞാൻ അവളുടെ കണ്ണുകൾക്ക് പിടികൊടുത്തിട്ടില്ല.”

എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല അവനോട്. എന്നും എന്നെ അനുസരിച്ചിട്ടെ ഉള്ളു അവൾ. ആരുടെ മുന്നിലും അവളുടെ ഏട്ടൻ തോൽക്കുന്നത് അവൾക്കിഷ്ടമല്ല. അവസാനം അവൾതന്നെ എന്നെ തോല്പിച്ചുകളഞ്ഞു.

ഉള്ളിലെ സ്വാർത്ഥത ഒന്ന് കുറച്ചിരുന്നെങ്കിൽ അവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്നും അവൾ ഏട്ടന്റെ അനിയത്തിക്കുട്ടിയായി പുഞ്ചിരിതൂക്കി കൂടെ ഉണ്ടായേനെ……

എത്രയെത്ര മനോഹരമായ ജീവിതങ്ങളാണ് നാം സ്വർത്ഥരായി പണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ തച്ചുടച്ചുകളയുന്നത്.

ഫോട്ടോ കടപ്പാട്: Dhruvan Cpy 😊

രചന: Jishanth Konolil

Leave a Reply

Your email address will not be published. Required fields are marked *