പ്രണയിനി, ഈ കഥ ഒന്നു വായിച്ചു നോക്കൂ….

Uncategorized

രചന: Vibin K V Velayudhan

‘ഏട്ടാ…’ അനൂപിന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ട് രേണുക വിളിച്ചു. അവൾ അവന്റെ തോളിൽ തലച്ചായ്ച്ച് കിടക്കുകയായിരുന്നു. ‘ഉം പറ…..’

അന്ന് ഞായറാഴ്ച്ച ആയതിനാൽ അമ്മയും അച്ഛനും കുടുംബ ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. രേണുകക്ക് തലവേദനയായതുകൊണ്ട് അമ്മയാണ് പറഞ്ഞത് അവൾ അവിടെ ഇരുന്നോട്ടെ, കൂട്ടിന് അനൂപും എന്ന്.

‘ഞാനൊരു കാര്യം ചോദിച്ചാൽ ഏട്ടൻ സത്യം പറയോ???.’

‘ഉം…’

‘എനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നറിഞ്ഞിട്ടും ഏട്ടനെങ്ങനെയാ ഇത്രക്കെന്നെ സ്നേഹിക്കാൻ കഴിയുന്നത്???……’

‘ഏട്ടനെനോട് ഒരു ദേഷ്യം പോലുമില്ലേ???….’ ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അവൾക്കൊരു പ്രണയമുണ്ടായിരുന്നെന്ന്‌ കല്യാണത്തിന് മുൻപേ അവൾ എന്നോട് പറഞ്ഞിരുന്നു. ഏറെ പ്രണയിച്ചിട്ടും അവസാനം ഒരുമിക്കാനാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ച പ്രണയം. അനൂപ് അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു. അവളുടെ മുടിയിഴകളിൽ വിരലുകളോടിച്ചു. ‘ഏട്ടനൊന്നും പറഞ്ഞില്ല….’

അവളുടെ സ്വരം ഇടറുന്നത് അവനറിഞ്ഞു. ‘നമ്മുടെ കുട്ടികാലത്ത് അച്ഛനമ്മമാർ നമുക്ക് വേണ്ടി പലതരം കളിപ്പാട്ടങ്ങൾ വാങ്ങി കൊണ്ടുവരാറില്ലേ???? അവർക്ക് അത് ഒരുപാട് ഇഷ്ട്ടമായത്കൊണ്ടും, നമുക്ക് ഇഷ്ട്ടമാവും എന്നുള്ളതുകൊണ്ടുമാകാം അവരത് നമുക്ക് സമ്മാനിക്കുന്നത്. കളിപ്പാട്ടത്തെ കാണുമ്പോ തന്നെ പകുതി സ്നേഹിക്കും. അതിനോടൊത്ത് ഒരു വേർപിരിയനാകാത്ത ബന്ധമുണ്ടാവും. അത് നമ്മുടെ ജീവനായിട്ടുണ്ടാകും. എന്നാലും നമ്മളാലോചിക്കില്ല, നമുക്ക് മുൻപ് എത്രപേർ ആ കളിപ്പാട്ടത്തെ ഇഷ്ടപ്പെട്ടിരുന്നു ? എത്രപേർ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നെന്ന്? എന്നിട്ടും അത് മറ്റാർക്കും ലഭിക്കാതെ നമുക്ക് മാത്രമായി ദൈവം കൊണ്ടുതരുമ്പോൾ സ്നേഹിക്കാനല്ലാതെ വേറെന്തിന് കഴിയും???…..’

അവൻ പറഞ്ഞു തീർന്നതും അവൾ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് കരയുകയായിരുന്നു. ‘അയ്യേ….ന്താ…. ഇത്…. ന്റെ രേണു കരയുവാണോ???…..’ ‘ഇത് സന്തോഷം കൊണ്ടുള്ള കരച്ചിലാ…..’

‘ന്നാ….. അങ്ങനെ സന്തോഷിക്കാൻ വരട്ടെ….’ ‘ന്താ???….’

അവൾ അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തികൊണ്ട് ചോദിച്ചു. ‘നീയാദ്യം സത്യം പറയാൻ പറഞ്ഞപ്പോ….’

‘പറഞ്ഞപ്പോ……’ ‘ഞാൻ കരുതി ….’

‘എന്ത്???…..’ ‘നീ ചോദിക്കാൻ പോകുന്നത് എനിക്ക് വേറെ ഭാര്യയും കുട്ടിയും ഉണ്ടോ എന്നായിരിക്കും എന്ന്.’ അവൾ ഒന്നും മനസ്സിലാകാത്തതുപോലെ അവനെ നോക്കി. ‘അതെങ്ങാനും നീ ചോദിച്ചിരുന്നെങ്കിൽ സത്യം പറയാനാകാതെ ഞാൻ കുഴങ്ങിയേനെ……’ ‘ദുഷ്ടാ….. അപ്പോ….’

അവൾ തലയിണ എടുത്ത് അവനെ ഓങ്ങി. അവളെ കിടക്കയിലേക്ക് തള്ളിയിട്ടുകൊണ്ട് അവനിറങ്ങിയോടി. ‘ടാ…. നിക്കെടാ ……. ചതിയാ…..’ ‘നിക്കില്ലെടി…..’

‘തേനേ പാലേ എന്ന് വിളിച്ചുകൊണ്ട് അവളുടെ അടുത്ത് പോയാ മതി. എന്റടുത്ത് വന്നാൽ ശരിയാക്കി തരുന്നുണ്ട് ഞാൻ.’

‘എന്നാൽ ഞാൻ അവളുടെ അടുത്ത് പോകുവാ…’ ‘കാത്തിരിക്കുകയാണല്ലേ ആ വാക്ക് കേക്കാൻ, പോയെന്നെങ്ങാനും ഞാനറിഞ്ഞാൽ നിങ്ങളേം കൊല്ലും ഞാനും ചാവും….’

‘ദൈവമേ ഏത് നേരത്താണാവോ ഇതിനെയൊക്കെ കെട്ടാൻ തോന്നിയത്????…..’ ‘എന്തെങ്കിലും മൊഴിഞ്ഞാവോ അവിടന്ന്???…..’

‘ഒന്നുമില്ലേ…. ഒന്നു കുളിക്കണം എന്ന് പറഞ്ഞതാ….’ ‘എന്നാൽ പോയി കുളിക്കാൻ നോക്കു മനുഷ്യാ…അമ്മയും അച്ഛനും ഇപ്പോ വരും….’ ‘ദേ …. പോയി കുളിക്കാൻ….’

രചന: Vibin K V Velayudhan

Leave a Reply

Your email address will not be published. Required fields are marked *