വീണ്ടും ഒരു വസന്തം

Uncategorized

രചന: Manu Reghu

” ഹലോ, ഞാനാ അമ്മേ. എന്തു ചെയ്യുന്നു. അച്ഛൻ എവിടെയാ. ”

” മോനെ, അച്ഛൻ പുറത്തേക്കു പോയതാ. മോനു സുഖമാണോ. ഭക്ഷണം കഴിച്ചോ.? ”

” ഇവിടെ എന്തു സുഖം, ഇങ്ങനെ അങ്ങ് പോകുന്നു. ഭക്ഷണം കഴിക്കാൻ പോകുവാ. അമ്മു മോളെവിടെ. ? “അവൾ സുജയുടെ അടുത്താ. ചോറ് കഴിക്കുവാ. വിളിക്കാം ”

( അമ്മുക്കുട്ട്യേ… ദേ മോളുടെ അച്ഛൻ വിളിക്കുന്നു. വേഗം വാ. )

” അമ്മുസേ, അച്ഛന്റെ വാവക്ക് സുഖാണോ. മോളു ചോറ് കഴിച്ചോ.” ” അച്ഛാ…… അച്ഛനെപ്പോഴ വരുന്നേ.. അമ്മുമോൾക്ക് അച്ഛനെ കാണണം. അച്ഛൻ അമ്മയെ കാട്ടിത്തരാം എന്നു പറഞ്ഞിട്ടോ.. ”

“അച്ഛൻ വന്നിട്ട് നമുക്ക് രണ്ടുപേർക്കും കൂടി അമ്മയെ കാണാൻ പോവാട്ടോ. ഫോൺ അച്ഛമ്മക്കു കൊടുക്കു.”

” മോനെ, ഈ കുഞ്ഞിന്റെ കാര്യം ഓർത്തിട്ടെങ്കിലും നിനക്ക് എല്ലാം മതിയാക്കി നാട്ടിൽ വന്നു നിന്നുടെ, അത്യാവശ്യം ജീവിക്കാൻ ഉള്ള വക ഇവിടുണ്ടല്ലോ. ”

” ഞാൻ ആലോചിക്കുന്നുണ്ട് അമ്മേ. കുറച്ചു കൂടി കഴിയട്ടെ. ”

“മോനെ ഇന്നെങ്കിലും സുജയോട് എന്തെങ്കിലും സംസാരിച്ചു കൂടെ..

” അമ്മേ ഞാൻ വെക്കുവാ. വേറെ വിശേഷം ഒന്നും ഇല്ലല്ലോ. നാളെ വിളിക്കാം.” (ഞാൻ വേഗം ഫോൺ കട്ട് ചെയ്തു. ) എന്നും ഇങ്ങനെയാ. സുജയുടെ കാര്യം പറയുമ്പോൾ ഞാൻ ഫോൺ കട്ട്‌ ചെയ്യും. സുജ അമ്മാവന്റെ മകളാണ്.. തൊട്ടടുത്ത താമസം. കുട്ടിക്കാലം തൊട്ടേ എന്റെ വാലിൽ തൂങ്ങിയാണ് നടന്നിരുന്നതു. എന്നെ അവൾക്കു അത്ര ഇഷ്ടമായിരുന്നു. പക്ഷേ അവളുടെ ഇഷ്ടം ഞാൻ തിരിച്ചറിഞ്ഞില്ല. അല്ല കാര്യമാക്കിയില്ല.

ഞാൻ ആദിത്യൻ. എല്ലാരും കിച്ചു എന്നു വിളിക്കും. ഒരു നാട്ടിന് പുറത്തുകാരൻ. നാട്ടിൽ നല്ല നിലയിൽ ഉള്ള ഒരു കുടുംബമായിരുന്നു എന്റേതു. ഞാൻ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു . അതു കൊണ്ട് തന്നെ എനിക്കു നല്ല ഒരു ജോലി വിദേശത്ത് ശരിയായി. സ്വന്തമായി ജോലി ഒകെ കിട്ടി നല്ല വരുമാനവും സാമ്പത്തികവും ഒക്കെ ആയപ്പോൾ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പോലെ കല്യാണം കഴിക്കാൻ തീരുമാനിച്ചു.

പുതിയ സ്റ്റാറ്റസ്നും ജീവിതരീതിക്കും ചേർന്ന ഒരു പെണ്ണിനെ തന്നെ വീട്ടുകാർ കണ്ടെത്തി. സുജ തന്റെ ഇഷ്ടം പറയാൻ ശ്രമിച്ചപ്പോഴോക്കെ ഞാൻ അവളെ ഒഴിവാക്കി. കിട്ടാൻ പോകുന്ന പുതിയ ജീവിതം എന്നെ സ്വാർത്ഥനാക്കി.

അരുണിമ. അതായിരുന്നു അവളുടെ പേര് . ഒരു ബിടെക് കാരി മോഡേൺ പെൺകുട്ടി. എല്ലാം പെട്ടന്ന് തന്നെ നടന്നു. പെണ്ണുകാണലും കല്യാണവും എല്ലാം. രണ്ടു വയസ് ഇളയതാണെങ്കിലും അവൾ എന്നെ ആദി എന്നാ വിളിച്ചിരുന്നത്. വളരെ താമസിയാതെ തന്നെ അമ്മു മോളും ജനിച്ചു. ജീവിതം സന്തോഷകരമായി മുന്നോട്ടു പോയി. അവൾ എന്നോടൊപ്പം ഗൾഫിൽ വരണം, അവിടെ സെറ്റിൽ ആകണം എന്നൊക്കെ പറയുമായിരുന്നു. പക്ഷേ എനിക്കു ഇഷ്ടമല്ല. അച്ഛനും അമ്മയും നാട്ടിൽ ഒറ്റക്കല്ലേ എന്ന ചിന്ത എന്നെ തടുത്തു. മോൾക്ക് ഒരു വയസ് തികഞ്ഞപ്പോൾ അരുണിമക്കു ജോലിക്ക് പോകണം എന്നു വാശി പിടിച്ചു. ആദ്യമൊക്കെ ഞാൻ എതിർത്തു. പിന്നെ അവളുടെ നിർബന്ധം കാരണം സമ്മതിച്ചു.

പതിയെ അവളുടെ സ്വഭാവം മാറി വന്നു. മോളുടെ കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞു, ഫോൺ വിളിച്ചാൽ അധികം സംസാരിക്കില്ല, എല്ലാരോടും കയർത്ത് സംസാരിക്കാൻ തുടങ്ങി. നമ്മൾ മാനസികമായി അകന്നു തുടങ്ങി. ഒരു ദിവസം അമ്മയുടെ കാൾ കണ്ടു തിരിച്ചു വിളിച്ചു. അമ്മയുടെ ശബ്ദം വളരെ ഗൗരവം ഉള്ളപോലെ തോന്നി.

” എന്താ അമ്മേ, എന്തു പറ്റി.”

“മോനെ ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം. എടുത്തു ചാടരുത്. ”

“അമ്മ കാര്യം പറ ”

“മോനെ അരുണിമയുടെ രീതികൾ ഇപ്പോൾ അത്ര ശരിയല്ല. വീട്ടിലെ കാര്യങ്ങൾ അവൾ ശ്രദ്ധിക്കുന്നില്ല. മോളുടെ കാര്യങ്ങളിൽ പോലും അവൾക്കു ഒരു ശ്രദ്ധയില്ല. ജോലി കഴിഞ്ഞു വന്നാൽ മുറി അടച്ചു ഇരുപ്പാണ്. എപ്പോഴും മൊബൈലിൽ നോക്കി ഇരിക്കുന്നത് കാണാം. ”

“അതു ജോലി കഴിഞ്ഞു വരുന്നതല്ലേ. ക്ഷീണം കൊണ്ടാകും. “അമ്മ അതൊന്നും കാര്യമാക്കണ്ട. ഞാൻ അവളോട്‌ സംസാരിക്കാം. ”

” അതല്ലാ മോനെ. ഒരു ചെറുപ്പക്കാരന്റെ കൂടെയാ പോകുന്നതും വരുന്നതും. ആരൊക്കെയോ കണ്ടു അച്ഛനോട് പറഞ്ഞിരുന്നു. ഇന്നലെ അച്ഛൻ കണ്ടു..”

(ഞാൻ ഒന്നു ഞെട്ടിയെങ്കിലും പുറത്തു കാണിച്ചില്ല. )

“അത് അവളുടെ കൂടെ ജോലി ചെയ്യുന്ന ആളാണ്. എന്നോട് പറഞ്ഞിട്ടുണ്ട്. ”

(അമ്മക്ക് ദേഷ്യം വന്നു. ) ” നീ അറിഞ്ഞതായിരിക്കും. പക്ഷെ നാട്ടുകാർക്കു അതറിയില്ല . വെറുതെ അവരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്. അച്ഛനെ വെറുതെ വിഷമിപ്പിക്കരുത്. അവളെ പറഞ്ഞു വിലക്കിയാൽ നിനക്കു നല്ലത്. ”

അമ്മ ഫോൺ കട്ട് ചെയ്തു. വൈകുന്നേരം ഞാൻ അരുണിമയെ വിളിച്ചു. അവൾ ഒരു താല്പര്യം ഇല്ലാതെ സംസാരിക്കാൻ തുടങ്ങി. ഞാൻ അവളോട്‌ കാര്യങ്ങൾ ചോദിച്ചു. ഒടുവിൽ അവളും ഞാനും അതിന്റെ പേരിൽ തമ്മിൽ വഴക്കായി. പിന്നെ രണ്ടു ദിവസം ഞങ്ങൾ തമ്മിൽ വിളിച്ചില്ല, സംസാരിച്ചില്ല.

മൂന്നാമത്തെ ദിവസം പതിവില്ലാതെ അച്ഛന്റെ കാൾ കണ്ടു ഞാൻ തിരിച്ചു വിളിച്ചു.

“അച്ഛാ. എന്താ പതിവില്ലാതെ. എന്തുപറ്റി. ”

” കിച്ചു , അരുണിമയെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ല. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല. അവളുടെ വീട്ടിലൊക്കെ അന്വേഷിച്ചു. അവിടെയും ചെന്നിട്ടില്ല. പോലീസിൽ അറിയിക്കണം. അതിനു മുൻപ് നിന്നോട് ചോദിക്കാം എന്നു കരുതി വിളിച്ചതാ. ”

“അവൾ എവിടെ പോകാനാ. വല്ല കൂട്ടുകാരുടെയും വീട്ടിൽ പോയതാകും. ഞാൻ ഒന്നു വിളിച്ചു നോക്കട്ടെ. അമ്മു മോളെവിടെ.”

“അവൾ അമ്മയുടെ അടുത്തുണ്ട് .”

ഫോൺ കട്ട് ചെയ്തു ഞാൻ അവളെ വിളിച്ചു. പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു. ഞാൻ കുറച്ച് നേരം ഞാൻ ആലോചിച്ചു നിന്നു. എന്തു ചെയ്യണം എന്നറിയില്ല. നാട്ടിലേക്ക് പോകാം എന്നു കരുതി ഓഫീസിൽ വിളിച്ചു പത്തു ദിവസം ലീവ് ചോദിച്ചു. ജോലി തിരക്ക് കുറവായിരുന്നു. അതുകൊണ്ട് ലീവ് കിട്ടി. ഞാൻ അച്ഛനെ വിളിച്ചു.

“പോലീസിൽ അറിയിക്കണം. ഞാൻ നാട്ടിലേക്കു വരുന്നുണ്ട് .”

അന്ന് രാത്രി തന്നെ ഞാൻ നാട്ടിൽ എത്തി. അമ്മു കരച്ചിൽ തന്നെയായിരുന്നു. അവളെ ഒന്ന് സമാധാനിപ്പിക്കാൻ അമ്മ നന്നേ കഷ്ടപ്പെട്ടു. പിറ്റേന്ന് അരുണിമയുടെ വീട്ടിൽ പോയി. ദേഷ്യവും സങ്കടവും കൊണ്ട് വല്ലാത്തൊരു അവസ്ഥ. അവരൊക്കെ വല്ലാത്ത വിഷമത്തിൽ ആയിരുന്നു. അവർ ഞങ്ങളെ കുറ്റപ്പെടുത്തി. അച്ഛനു വല്ലാതെ വിഷമായി. അതും കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ പോയി. അവളുടെ വിവരങ്ങൾ ഒക്കെ പറഞ്ഞു. അന്വേഷണം തുടങ്ങി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്റ്റേഷനിൽ നിന്നും കാൾ വന്നു. “അരുണിമയെ കണ്ടെത്തി. നാളെ 10 മണിക്ക് വരണം” എന്നു. പിറ്റേ ദിവസം ഞങ്ങൾ സ്റ്റേഷനിൽ എത്തി. ഞങ്ങളോട് കാത്തിരിക്കാൻ പറഞ്ഞു. അരുണിമയുടെ അച്ഛനും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ഒരു xuv കാർ വന്നു നിന്നു. അതിൽ നിന്നും അരുണിമ ഇറങ്ങി വന്നു. ഞാൻ അവളെ കണ്ടു പുറത്തേക്കു ചെന്നു. എന്നാൽ അവളോടൊപ്പം ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അവളെ കണ്ടതും അമ്മുമോൾ വാവിട്ടു കരയാൻ തുടങ്ങി. പക്ഷേ കുഞ്ഞിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അകത്തു കയറിപ്പോയി. കുറച്ചു കഴിഞ്ഞു ഞങ്ങൾ രണ്ടു കൂട്ടരെയും വിളിപ്പിച്ചു. അവിടെ വെച്ച് അരുണിമ എന്നോടൊപ്പം ജീവിക്കാൻ കഴിയില്ലെന്നും അവൾക്കു ആ ചെറുപ്പകാരനൊപ്പം ജീവിക്കണം എന്നു പറഞ്ഞു. ഞാനാകെ തളർന്നു പോയി. അവളോട്‌ ഞാൻ ചോദിച്ചു ….. “ഞാൻ എന്തു തെറ്റാ നിന്നോട് ചെയ്തത്. നിനക്ക് എന്തെങ്കിലും കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ. നീ നമ്മുടെ മോളെ കുറിച്ചെങ്കിലും ഓർക്കുന്നുണ്ടോ. ”

“നിങ്ങളോടൊപ്പം ജീവിക്കാൻ തന്നെയാ കല്യാണം കഴിച്ചത്. പക്ഷെ ഇങ്ങനെയുള്ള ഒരു ജീവിതം ഞാൻ ഇഷ്ടപ്പെടുന്നില്ല. എനിക്കു താല്പര്യമില്ല. നിങ്ങൾ അവിടെയും ഞാൻ ഇവിടെയും. അങ്ങോട്ട്‌ കൊണ്ടുപോകാൻ പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒറ്റക്കാണ്, അവരുടെ കാര്യങ്ങൾ നോക്കണം. അങ്ങനെ ജീവിതം നശിപ്പിക്കാൻ ഞാനില്ല. രാജീവ്‌ നിങ്ങളെക്കാൾ എന്നെ സ്നേഹിക്കുന്നു. എനിക്കു രാജീവിനൊപ്പം ജീവിച്ചാൽ മതി. ഞങ്ങൾ ഉടനെ us ലേക്ക് പോകും. അതാണ് ഞാൻ ആഗ്രഹിച്ച ജീവിതം. പിന്നെ മോൾ. അങ്ങനെ ഒരു ബാധ്യത ഏറ്റെടുക്കാൻ രാജീവ്‌ തയ്യാറല്ല. പിന്നെ മോളെന്റേത് മാത്രമല്ലല്ലോ. ”

അവളുടെ വാക്കുകൾ എന്റെ നെഞ്ച് തുളഞ്ഞു കയറി. മറുപടി പറയാൻ വാക്കുകൾക്ക് ഞാൻ ബുദ്ധിമുട്ടി. മൂന്നു വയസ്സ് പോലും തികയാത്ത എന്റെ മോളെ ഞാൻ നെഞ്ചോടു ചേർത്ത് പിടിച്ചു. എന്റെ സങ്കടം എന്റെ കണ്ണുകളിൽ നീർ തുള്ളികളായി നിറഞ്ഞു. വേദനയോടെ ആണെങ്കിലും ഇനി അവൾ എന്റെ ജീവിതത്തിൽ വേണ്ട എന്നു തീരുമാനിച്ചു. അതിനു വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ഞാൻ വീട്ടിൽ എത്തിയത്.

കരഞ്ഞു തളർന്നു അമ്മയും ഒന്നും മിണ്ടാതെ അച്ഛനും ഇരിക്കുന്നു. അമ്മുമോൾ ഉറങ്ങിയിരുന്നു.

“സാരമില്ല അമ്മേ. അവൾ പൊക്കോട്ടെ. ഞാൻ വളർത്തും എന്റെ മോളെ. അത് കേട്ട് അമ്മ പൊട്ടി കരഞ്ഞു.”

ഞാൻ റൂമിൽ എത്തിയതും അച്ഛൻ വിളിച്ചു. താഴേക്കു ചെന്നപ്പോൾ അമ്മക്ക് സുഖമില്ല. നെഞ്ചുവേദന. അമ്മയെയും കൊണ്ട് ഞങ്ങൾ ആശുപത്രിയിൽ പോയി. അമ്മയെ icu ലേക്ക് മാറ്റി. അറ്റാക്ക് ആയിരുന്നു.പിറ്റേന്ന് വിവരം അറിഞ്ഞു അമ്മാവനും സുജയും വന്നു. എനിക് സുജയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അപ്പോഴേക്കും മോൾ ഉണർന്നു കരയാൻ തുടങ്ങി. കരച്ചിൽ നിർത്താൻ ഞാൻ ബുദ്ധിമുട്ടുന്നത് കണ്ടു സുജ കുഞ്ഞിനെ വാങ്ങി. വിശക്കുന്നുണ്ടാകും കിച്ചുവെട്ടാ. ഇങ്ങു താ, എന്നിട്ട് പോയി കുറച്ചു പാല് വാങ്ങിയിട്ട് വാ..

അമ്മ ഡിസ്ചാർജ് ആകുന്നതു വരെ മോളു അവളുടെ കയ്യിൽ തന്നെ ആയിരുന്നു. അമ്മ സ്വന്തം കുഞ്ഞിനെ നോക്കുന്ന പോലെ തന്നെ ആയിരുന്നു… എനിക്കു വല്ലാത്തൊരു കുറ്റബോധം ഉണ്ടായിരുന്നു. ഞാൻ അവളെ അവഗണിച്ചു, എന്നിട്ടും എന്റെ മോളെ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിക്കുന്നു. അമ്മ വീട്ടിൽ വന്ന ശേഷവും അവൾ തന്നെ മോളുടെ കാര്യങ്ങൾ ഒക്കെ നോക്കിയത്. ഒടുവിൽ എനിക്കു തിരിച്ചു പോകാനുള്ള സമയം അടുത്തു. ഒരു കാര്യം മനസ്സിൽ ഒരു നീറ്റലായി നിന്നു. മറ്റൊന്നും അല്ല സുജയുടെ കാര്യം തന്നെ. കുറ്റബോധം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇതിനിടയിൽ അരുണിമയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തി. കുഞ്ഞിനെ അവൾ വേണ്ട എന്നു തീർത്തു പറഞ്ഞു. (കൊടുക്കാൻ ഞനും തയ്യാറല്ലായിരുന്നു ) ആ ഒരു കാര്യത്തിൽ എനിക്കു അവളോട്‌ നന്ദിയുണ്ട്.

അരുണിമയുമായി പിരിഞ്ഞിട്ട് ഇപ്പൊ മൂന്നു വർഷം കഴിഞ്ഞു. അമ്മാവൻ മരിച്ചതിനു ശേഷം സുജ വീട്ടിലേക് താമസം മാറി. അമ്മുമോൾക്ക് സുജയെ ജീവനായിരുന്നു. ഒരുപക്ഷേ എന്നെക്കാളും. ഇപ്പോൾ അമ്മക്ക് ഒരു ആഗ്രഹം മാത്രെമേ ഉള്ളു. അത് എന്റെയും സുജയുടെയും വിവാഹം ആയിരുന്നു. എന്റെ മനസ്സറിഞ്ഞു വേണം അവളോട്‌ സംസാരിക്കാൻ.

അമ്മുമോൾക്ക് ഒരു അമ്മയാണ് ഇപ്പോൾ അവൾ. പക്ഷെ എന്നെ ഒരു ഭർത്താവായി സ്വീകരിക്കാൻ തയ്യാറാകുമോ ????. അവളുടെ സ്നേഹം അവഗണിച്ചു, മറ്റൊരുത്തിയെ വിവാഹം ചെയ്തവൻ ആണ് ഞാൻ. ഇത്തരം തോന്നലുകൾ അമ്മക്ക് മറുപടി നൽകാൻ എന്നെ അനുവദിച്ചില്ല.

കമ്പനിയിലെ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഞാൻ ജോലി രാജി വെച്ച് നാട്ടിൽ വന്നു. ഇനി അച്ഛനും അമ്മയ്ക്കും ഒപ്പം നാട്ടിൽ കൂടാൻ തീരുമാനിച്ചു. നാട്ടിൽ എന്തെങ്കിലും ബിസിനസ്‌ തുടങ്ങണം എന്നു മനസ്സിൽ ഉറപ്പിച്ചു.

വീട്ടിൽ ആകെ ഒരു മേളം തെന്നെയാണ്. അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായി. അമ്മുമോൾ ഒരു നേരം നിലത്തു നിന്നില്ല. ഞാൻ കൊണ്ട്കൊടുത്ത കളിപ്പാട്ടങ്ങക്ക് പിറകെ ആണെപ്പോഴും.. സുജ എല്ലായിടത്തും ഉണ്ട്. പക്ഷേ നമ്മൾ തമ്മിൽ കാര്യമായി ഒന്നും സംസാരിച്ചില്ല. ഇപ്പോൾ മോളുടെ കാര്യവും ഒപ്പം എന്റെ കാര്യങ്ങളും സുജ ചെയ്യുന്നു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു പരിചയക്കാരൻ വഴി ഒരു വെഡിങ് സെന്ററിനു വില പറഞ്ഞു. വില കുറച്ചു കൂടുതൽ ആയിരുന്നു പക്ഷെ അത് വിട്ടുകളയാൻ മനസ്സ് വന്നില്ല. അങ്ങനെ അതു ഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു. രെജിസ്ട്രേഷൻ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. കുളിയൊക്കെ കഴിഞ്ഞു മുറ്റത്തെ വരാന്തയിൽ ഇരുന്നു. സുജ അകത്തു അമ്മുമോൾക്കു ചോറ് കൊടുക്കുന്നത് എനിക്കു കാണാമായിരുന്നു. അവളെ അവൾ അറിയാതെ ഞാൻ ശ്രദ്ധിച്ചു. മുഖത്തു ഒരു വിഷാദം ഉള്ളപോലെ. പഴയ കാര്യങ്ങൾ ഒരു സിനിമ പോലെ മനസ്സിൽ തെളിഞ്ഞു തുടങ്ങി. ഞാൻ ആ ഓർമകളിലൂടെ യാത്ര ചെയ്യാൻ തുടങ്ങി.

“കിച്ചുവേട്ട, കഴിക്കാൻ എടുത്തു വെക്കട്ടെ.. നേരം ഒത്തിരിയായി. ” സുജയുടെ ശബ്ദം ആയിരുന്നു.

“മോളുറങ്ങിയോ സുജേ”

“മോളും അമ്മായിയും അമ്മാവനും എല്ലാരും ഉറങ്ങി.”

“നീയെന്താ ഉറങ്ങാതെ ”

“കിച്ചുവേട്ടൻ ഇങ്ങനെ ഇരിക്കുമ്പോൾ എനിക്കു കിടന്നാൽ ഉറക്കം വരില്ല . എണീറ്റു വാ കിച്ചുവേട്ട, പുറത്തു നല്ലത് തണുപ്പുണ്ട്. വല്ല പനിയോ മറ്റോ വരും. അകത്തു വാ. ” സുജ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.

” സുജേ നീ എന്തിനാ എന്നെ ഇപ്പോഴും ഇങ്ങനെ സ്നേഹിക്കുന്നത്. നിന്റെ സ്നേഹത്തിനു ഞാൻ അർഹനല്ല. നിന്നോട് ചെയ്ത തെറ്റിന് ദൈവം എനിക്കു തന്ന ശിക്ഷയാണ് അരുണിമ.”

” കിച്ചുവേട്ടൻ എന്തൊക്കെയാ പറയുന്നത്. എന്നോട് എന്തു തെറ്റാ കിച്ചുവേട്ടൻ ചെയ്തത്. എനിക്ക് എന്നും കിച്ചുവേട്ടന്റെ ഇഷ്ടങ്ങൾ ആണ് വലുത്. അന്നെനിക്ക് വിഷമം ഉണ്ടായിരുന്നു. പിന്നെ ഞാൻ അതൊക്കെ മറന്നു. പക്ഷേ… ”

അവൾ ഒന്ന് നിർത്തി. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

“നിനക്കെന്നോട് വെറുപ്പ് തോന്നിയിട്ടില്ലേ. ഒരിക്കൽ പോലും.”

“ഒരിക്കലും ഇല്ല കിച്ചുവേട്ട. വെറുക്കാൻ എനിക്കു കഴിയുമെന്ന് തോന്നുണ്ടോ ?.”

“സ്വന്തം അമ്മ പോലും ഇട്ടെറിഞ്ഞു പോയ എന്റെ കുഞ്ഞിനെ അവളുടെ അമ്മയെക്കാൾ നീ സ്നേഹിക്കുന്നു. എന്നോടുള്ള പ്രതികാരം ആണോ ?? ”

“കിച്ചുവേട്ട, ഇങ്ങനെ എന്നോട് പറയാൻ എങ്ങനെ മനസ്സ് വന്നു. ഞാൻ പ്രസവിചില്ല എങ്കിലും അമ്മു എന്റെ മോളു തന്നെയാ. എന്റെ കിച്ചുവേട്ടന്റെ മകൾ. ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

“ഇതിനൊക്കെ ഞാൻ എന്തു ചെയ്താൽ പകരമാകും. നീ തന്നെ ഒന്ന് പറഞ്ഞുതാ. ” “പകരമായി ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല, ആവിശ്യപ്പെടുന്നില്ല. അല്ലെങ്കിലും അതിനുള്ള ഭാഗ്യം ദൈവം എനിക്കു പണ്ടേ നിഷേധിച്ചതാ.”

ഞാൻ അവളുടെ കലങ്ങി മറിഞ്ഞ കണ്ണുകളിൽ നോക്കി, അതിൽ ഇപ്പോഴും എന്നോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ കടൽ എനിക്കു കാണാമായിരുന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു. നെറുകയിൽ മൃദുവായി ചുംബിച്ചു. അവളുടെ കണ്ണുനീർ എന്റെ നെഞ്ചിൽ പടർന്നിറങ്ങി.

“സുജേ, ദൈവം ഇതുവരെ നിനക്ക് നിഷേധി്ച്ചു എന്നു നീ വിശ്വസിക്കുന്ന ആ ഭാഗ്യം ഇനിമുതൽ എന്നും നിനക്കൊപ്പം ഉണ്ടാകും. എന്നാൽ ശെരിക്കും ഭാഗ്യം കിട്ടിയത് എനിക്കല്ലേ . ഞാനല്ലേ ശെരിക്കും ഭാഗ്യവാൻ. ”

“കിച്ചുവേട്ട, എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല. ”

“സത്യമാണ്. അർഹിക്കാത്തവൾക്കു സ്നേഹവും കരുതലും കൊടുത്ത വിഡ്ഢിയാണ് ഞാൻ. ഇനി എന്റെ ജീവിതത്തിൽ വസന്തകാലമാണ്. നീയും ഞാനും എന്റെ മോളും. ”

“നമ്മുടെ മോൾ, എനിക്കു അതാണ് ഇഷ്ടം. എനിക്കു ഒത്തിരി സന്തോഷമായി കിച്ചുവേട്ട..”

നേരം വെളുക്കുവോളം ആ വരാന്തയിൽ എന്റെ മടിയിൽ തല വെച്ച് അവൾ കിടന്നു. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ ഞാൻ അവളെ എന്നെന്നേക്കുമായി എന്റെ സ്വന്തമാക്കി. അമ്മുമോൾക്കു ഒരു അമ്മയെ കൊടുത്തു. (അല്ലെങ്കിലും സുജ അവൾക്കു അമ്മ തന്നെയായിരുന്നല്ലോ )…..

വസന്തവും ശിശിരവും ശരത്തും ഹേമന്തവുമെല്ലാം മാറി മാറി വന്നുകൊണ്ടിരിന്നു . പക്ഷെ എനിക്കു എപ്പോഴും വസന്തമായിരുന്നു. ആ വസന്തത്തിന്റെ ഭംഗി കൂട്ടാൻ പുതിയൊരു പുഷ്പം കൂടി കടന്നു വരുന്നുണ്ട്. നമ്മുടെ അമ്മുമോൾക്ക് ഒരു ” കുഞ്ഞാവ. ”

“”ഇപ്പോൾ ഹാപ്പി ആണ് എല്ലാരും “””

രചന: Manu Reghu

Leave a Reply

Your email address will not be published. Required fields are marked *