പാലിയേക്കര ടോള്‍ പിരിവ് പദ്ധതി രേഖയില്ലാതെ; ടോൾ കമ്പനിക്ക് നേട്ടം മുടക്കുമുതലിന്റെ ആറു മടങ്ങ് !!

ദേശീയപാത പാലിയേക്കരയില്‍ ആറുവര്‍ഷമായി ടോള്‍ പിരിക്കുന്നതു പദ്ധതിരേഖയില്ലാതെയെന്നു വിവരാവകാശ രേഖ. ഈ നിലയില്‍ പിരിവു തുടര്‍ന്നാല്‍ ടോള്‍ കമ്പനിക്കു ലഭിക്കുക മുടക്കുമുതലിന്റെ ആറു മടങ്ങ്. 725.82 കോടിയാണു മണ്ണുത്തി – അങ്കമാലി ആറുവരിപ്പാതയുടെ നിര്‍മാണച്ചെലവ്.

കരാര്‍ പ്രകാരം 2028 ജൂണ്‍ 21 വരെയാണു ടോള്‍ പിരിക്കാന്‍ അനുമതി. ഇക്കാലത്തിനിടെ കമ്പനി പിരിച്ചെടുക്കുക 4461 കോടി രൂപ! ഇത് ദേശീയപാത നിര്‍മ്മാണ ചെലവിന്റെ ആറുമടങ്ങുവരും. വിവരാവകാശ നിയമപ്രകാരം ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ നല്‍കിയ പിരിവിന്റെ വിവരമനുസരിച്ചാണു കണക്കുകള്‍.

പ്രോജക്ട് എസ്റ്റിമേറ്റ് തയാറാക്കാതെ ടോള്‍ പിരിവിന് അനുമതി നല്‍കിയതിലൂടെ കരാര്‍ കമ്പനിക്കു കൊള്ളലാഭം കിട്ടും. നിര്‍മ്മാണ ചെലവും സ്വാഭാവിക ലാഭവും ലഭിച്ചാലും കരാര്‍ കലാവധി തീരും വരെ ടോള്‍ പിരിക്കാമെന്ന വ്യവസ്ഥ കമ്പനിക്ക് അനുകൂലമായി ഉണ്ടാക്കിയതാണ് എന്നതു വ്യക്തം. ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ മറുപടി പ്രകാരം ടോള്‍പിരിവ് ആരംഭിച്ച് ആറു വര്‍ഷത്തിനുള്ളില്‍ 540 കോടി രൂപ കമ്പനി പിരിച്ചു കഴിഞ്ഞതായി പറയുന്നു.

ഇപ്പോഴത്തെ ജീവിത നിലവാരസൂചികയും വരാനിരിക്കുന്ന ടോള്‍നിരക്ക് വര്‍ധനയും അനുസരിചചു തൃശൂര്‍ സെന്റ് തോമസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി വി.എം. ചാക്കോയുടെ നേതൃത്വത്തില്‍ നടത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതുപ്രകാരം 2020-ല്‍ 1002 കോടി 19 ലക്ഷം രൂപയും, 2023-ല്‍ 1952 കോടി 36 ലക്ഷം രൂപയും കമ്പനി പിരിച്ചെടുക്കും.

പ്രോജക്ട് എസ്റ്റിമേറ്റ് ഇല്ലാതെ ടോള്‍ പിരിക്കുന്നതു കമ്പനിക്ക് വന്‍ ലാഭമുണ്ടാക്കാനാണെന്നും കരാര്‍ കാലാവധി സംബന്ധിച്ച് പുനപരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും തൃശൂര്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരാര്‍തുക പിരിച്ചു കഴിഞ്ഞ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ ടോള്‍പിരിവ് നിര്‍ത്തലാക്കിയ സര്‍ക്കാര്‍, ദേശീയപാതയിലെ ടോള്‍ പ്രശ്‌നത്തില്‍ നിയമനടപടിക്ക് തയാറാകണമെന്നും ടാജറ്റ് ആവശ്യപ്പെട്ടു. ഇതുപോലെ ഗുഡ്ഗാവിലും നോയിഡയിലും ദേശീയ പാതയിലെ ടോള്‍പിരിവ് സുപ്രീം കോടതി നിര്‍ത്തലാക്കിയിരുന്നു.

ടോള്‍ പിരിക്കുന്ന നിര്‍മാണക്കമ്പനിയുടെ കരാര്‍ ലംഘനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായി ആറുമാസം കഴിഞ്ഞിട്ടും ദേശീയപാതയിലെ അനുബന്ധ സംവിധാനങ്ങളൊരുക്കാന്‍ കമ്പനി തയാറായിട്ടില്ല. ഹൈക്കോടതിയില്‍നിന്ന് കമ്പനി നേടിയ അനുകൂല വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞ മന്ത്രി ജി. സുധാകരന്‍ വാക്കുപാലിക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *