പെട്രോള്‍ വില 18 രൂപയാകും എന്ന് കേന്ദ്രം ; മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി

മുംബൈ: അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിന് രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ പദ്ധതി പ്രഖ്യാപിക്കുമെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ രാജ്യത്ത് പെട്രോളിന് വലിയ വിലക്കുറവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയില്‍ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോളാണ് ഉപയോഗിക്കുന്നത്. അവിടെ ഒരു ലിറ്റര്‍ പെട്രോളിന് 17 രൂപയോളം മാത്രമാണ് വില. ഇന്ത്യയില്‍ ഏകദേശം 22 രൂപയ്‌ക്ക് ഇത് വില്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വീഡിഷ് വാഹന നിര്‍മാണ കമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക എഞ്ചിന്‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസുകള്‍ ഓടിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

70,000 കോടി രൂപയോളം ചെലവുവരുന്ന പെട്രോള്‍ റിഫൈനറികള്‍ നിര്‍മിക്കുന്നതിനുപകരം ഇക്കാര്യം ആലോചിക്കാന്‍ പെട്രോളിയം മന്ത്രാലയത്തോട് ശുപാര്‍ശചെയ്തിട്ടുണ്ട്. മെഥനോളിന് ആകെ വേണ്ട നിക്ഷേപം ഒന്നരലക്ഷം കോടി മാത്രമാണ്. ഈ വര്‍ഷം രാജ്യത്ത് 22 ശതമാനമാണ് കാര്‍ വില്‍പ്പനയില്‍ വര്‍ധനയുണ്ടായത്. അടുത്ത സാമ്പത്തിക വര്‍ഷം റോഡ് പദ്ധതികള്‍ 20,000 കിലോമീറ്ററിലേക്കെത്തിക്കും. ഇപ്പോഴുള്ളത് 16,000 കിലോമീറ്ററാണ്. ഈ സര്‍ക്കാര്‍ ഇതുവരെ ഏഴു ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *