ഐതിഹാസിക വിജയത്തിന് ശേഷം അവര്‍ മടങ്ങി; ശാന്തരായി, അച്ചടക്കത്തോടെ [ചിത്രങ്ങള്‍]

മുംബൈ: ഐതിഹാസിക സമരത്തിന്റെ വിജയത്തിലും അത്യാഘോഷങ്ങളില്ലാതെ ശാന്തരായി അവര്‍ മടങ്ങി. അഖിലേന്ത്യാ കര്‍ഷക സഭയുടെ നേതൃത്തത്തില്‍ ജാഥയ്‌ക്കെത്തിയ കര്‍ഷകര്‍ തിരിച്ചു പോവാന്‍ അവര്‍ക്കനുവദിച്ച ട്രൈയിനിന് തിരക്ക് കൂട്ടാതെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

 

മുംബൈ സി.എസ്.എം.ടി സ്‌റ്റേഷന്‍ മുതല്‍ ഭുസവല്‍ വരെ 8.50 നും 10 മണിക്കുമായി രണ്ട് ട്രൈയിനുകളാണ് സമരത്തിനെത്തിയ കര്‍ഷകര്‍ക്ക് തിരിച്ചു പോവാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

മുപ്പതിനായിരത്തോളം കര്‍ഷകരാണ് ജാഥയിലുണ്ടായിരുന്നത്. 180 കിലോമീറ്ററുകള്‍ താണ്ടിയാണ് കര്‍ഷകര്‍ മുംബൈയിലെത്തിയത്. തിരിച്ചു പോവാന്‍ സ്‌റ്റേഷനിലെത്തിയ ഇവര്‍ തിരക്ക് കൂട്ടാതെ, അലക്ഷ്യമായി നടക്കാതെ ശാന്തരായി തങ്ങള്‍ക്ക് പോവാനുള്ള ട്രെയിന്‍ കാത്ത് സ്‌റ്റേഷനിലിരിക്കുന്ന ചിത്രമാണ് ട്വീറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്.

 


‘എനിക്കവരെ അറിയില്ല, ഞാനവരെ കണ്ടിട്ട് പോലുമില്ല, പക്ഷേ അവര്‍ പോവുന്നതില്‍ വിഷമമുണ്ട്. എത്രത്തോളം ശാന്തരാണവര്‍, അവരുടെ ആത്മാഭിമാനം കൊണ്ട് നമ്മുടെ മനം കവര്‍ന്നിരിക്കുന്നു’ – എന്നാണ് ബോളിവുഡ് തിരക്കഥാകൃത്ത് നീരജ് ഗയ്വാന്‍ ട്വീറ്ററില്‍ കുറിച്ചത്.

I don’t know them. I’ve never met them. But it feels so sad to see them go away. They quietly came in and stirred something inside us with their dignity. pic.twitter.com/OBNmh4anis

I’m awed at the sheer discipline. I mean have you ever seen an Indian railway station look so organised? https://twitter.com/ANI/status/973232415635394560 

അമാനുഷര്‍ക്കു മാത്രം പുലര്‍ത്താന്‍ കഴിയുന്ന ഉന്നതമായ അച്ചടക്കബോധമാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക ജാഥയുടെ ഏറ്റവും വലിയ കരുത്തെന്ന് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് സമര ശേഷവും കര്‍ഷകരുടെ പ്രവൃത്തി.

 


ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിക്കുന്നത്. ആദ്യമൊന്നും മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാതിരുന്ന മാര്‍ച്ചും പ്രക്ഷോഭവും പിന്നീട് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനാണ് അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം രാജ്യം സാക്ഷ്യം വഹിച്ചത്.


200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ലക്ഷം ജനത മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്നലെ വൈകീട്ടോടെ മുംബൈ നഗരത്തില്‍ പ്രവേശിച്ച മാര്‍ച്ചിനെ നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.


സമരം ചെയ്യുന്ന കര്‍ഷകരില്‍ വലിയൊരു വിഭാഗവും ദളിത് ജനതയാണ്. നാസിക്, താനെ പല്‍ഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

 


ഇന്നലെ വൈകുന്നേരത്തോടെ സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക ആവിശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നതോടെയാണ് സമരം നിര്‍ത്തിയത്. ആദിവാസികളുടെ ഭൂമി പ്രശ്നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഫട്നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ആദിവാസി മേഖലയില്‍ വിവാദമായഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചക്കായിരുന്നു കര്‍ഷക നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *