പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങാന്‍ ശ്രമിച്ച പ്രവാസിക്ക് കേരളം കൊടുത്തത്; വര്‍ക്ക്ഷോപ്പ് നിര്‍മ്മാണ സ്ഥലത്ത് പാര്‍ട്ടി കൊടികുത്തി; അന്നം മുടങ്ങിയ പ്രവാസി ജീവനൊടുക്കി

വര്‍ക്ക്ഷോപ്പ് നിര്‍മ്മിക്കുന്നതിനെതിരെ സിപിഐ കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസി ജീവനൊടുക്കി. പത്തനാപുരം ഐക്കരക്കോണം വാഴമണ്‍ ആലന്‍ കീഴില്‍ സുഗതനെ ( 65 ) ആത്മഹത്യ ചെയ്തത്. വയല്‍നികത്തിയ സ്ഥലത്താണ് നിര്‍മ്മാണ പ്രവൃത്തിയെന്നാരോപിച്ചാണ് സിപിഐ കൊടികുത്തിയത്. വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി നിര്‍മ്മിച്ച ഷെഡില്‍ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് സുഗതനെ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരിക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി സംശയിക്കുന്നു.

ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് നടത്തി വന്ന സുഗതന്‍ രണ്ടുമാസംമുമ്പ് മടങ്ങിയെത്തി ഇവിടെ വര്‍ക്ക്ഷോപ്പ് നടത്താനിരിക്കുകയായിരുന്നു. വിളക്കുടി പഞ്ചായത്ത് പരിധിയില്‍ ഇളമ്പല്‍ സ്വാഗതം ജംഗ്ഷനില്‍ സമീപവാസിയായ ഒരാളുടെ സ്ഥലം പാട്ടത്തിനെടുത്ത് ഇവിടെ വര്‍ക്ക്ഷോപ്പിനുള്ള കെട്ടിടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായി ഷെഡ് നിര്‍മ്മിച്ചു. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ പല വയലുകളും നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് കണക്കിലെടുത്തായിരുന്നു പ്രതിഷേധം.

നാല് ദിവസം മുമ്പ് സി. പി. ഐ യുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് കൊടി കുത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനുണ്ടായ തിരിച്ചടി സുഗതനെ ആകെ മനോവിഷമത്തിലാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. ഈ സംഭവം സുഗതനെ ആകെ ഉലച്ചു. സുഗതന്‍ ഇന്നലെയും വര്‍ക്ക്ഷോപ്പിന്റെ ഷെഡില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുന്നിക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഭാര്യ: സരസമ്മ. മക്കള്‍: സുജിത്ത് , സുനില്‍. പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *