മരുഭൂമിയില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകനായി ദുബായ് ഭരണാധികാരി; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് രക്ഷിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ മൂവര്‍ സംഘത്തെ

ദുബായ്: മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്ക് സഹായഹസ്തവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മണലില്‍ വാഹനം പുതഞ്ഞുപോയതിനെ തുടര്‍ന്ന് മരുഭൂമിയില്‍ പെട്ടുപോയ സംഘത്തിനാണ് അതുവഴിയെത്തിയ ഷെയ്ഖ് മുഹമ്മദും സംഘവും രക്ഷകരായത്. ഹന്ന കാരന്‍ അരോയോ എന്ന മെക്സിക്കന്‍ വനിതയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചത്.

ഷെയ്ഖ് മുഹമ്മദിന്റെ ഒന്നാം നമ്പരിലുള്ള വെള്ള മെഴ്സിഡീസ് ബെന്‍സ് ജി ക്ലാസില്‍ വടം കെട്ടിയാണ് ഇവരുടെ വാഹനം വലിച്ചുകയറ്റിയത്. ഷെയ്ഖ് മുഹമ്മദിന്റെ വാഹനത്തിന്റെ ചിത്രവും സംഘത്തോടൊപ്പമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനു മുന്‍പും ഇത്തരത്തില്‍ സഹായവുമായി ഷെയ്ഖ് മുഹമ്മദ് എത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പു മരുഭൂമിയില്‍ ക്വാഡ് ബൈക്ക് പുതഞ്ഞുപോയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട വിദേശവനിതയുടെ സഹായത്തിനും അദ്ദേഹമെത്തിയിരുന്നു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇക്കാര്യത്തില്‍ മാതൃകയാണ്. മണലില്‍ ട്രക്ക് പുതഞ്ഞുപോയതിനെ തുടര്‍ന്നു കഷ്ടപ്പെട്ട ഡ്രൈവര്‍ക്കു സഹായവുമായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ലോഡുമായി മരുഭൂമിയില്‍ കുടുങ്ങിയ ട്രക്ക് തന്റെ ജി ക്ലാസ് ബെന്‍സില്‍ വടം കൊണ്ടു ബന്ധിച്ച് വലിച്ചുകയറ്റുകയായിരുന്നു. ഷെയ്ഖ് ഹംദാന്‍ തന്നെയായിരുന്നു കാറിന്റെ ഡ്രൈവിങ് സീറ്റില്‍.

Leave a Reply

Your email address will not be published. Required fields are marked *